21 December Saturday

ജനാധിപത്യത്തെ പരാജയപ്പെടുത്തുന്നവർ

സാജൻ എവുജിൻUpdated: Friday Aug 30, 2024

 

ഭരണഘടനാസ്ഥാപനങ്ങളെയും പദവികളെയും എത്രത്തോളം തരംതാഴ്‌ത്താം എന്നതിൽ ഗവേഷണം നടത്തുകയാണ്‌ സംഘപരിവാറും അവരുടെ  രാഷ്‌ട്രീയ ഉപകരണമായ ബിജെപിയും. മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നീ തത്വങ്ങളിൽ അധിഷ്‌ഠിതമായ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുകയെന്നതാണ്‌ ഇവരുടെ ആത്യന്തിക ലക്ഷ്യമെങ്കിലും  താൽക്കാലിക രാഷ്‌ട്രീയ ഉദ്ദേശ്യങ്ങളും ഇതിന്‌  പിന്നിലുണ്ട്‌. ഈ രണ്ട്‌ ലക്ഷ്യത്തോടെയും ബിജെപി നടത്തുന്ന നീക്കത്തിന്‌  ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ഡൽഹി സർക്കാരിനെതിരെ ലഫ്‌. ഗവർണർ വിനയ്‌ കുമാർ സക്‌സേന എഴുതിയ രാഷ്‌ട്രീയ ലേഖനം. ‘എന്റെ സർക്കാർ’ എന്നാണ്‌ ഗവർണർമാരും ലഫ്‌. ഗവർണർമാരും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഭരണഘടനാപരമായി വിശേഷിപ്പിക്കേണ്ടത്‌.  ഡൽഹി സർക്കാർ ജനങ്ങൾക്ക്‌ പേടിസ്വപ്‌നമായി മാറിയെന്ന്‌ ആരോപിച്ച്‌ ലേഖനം എഴുതിയശേഷവും  ലഫ്‌. ഗവർണർ സക്‌സേന തൽസ്ഥാനത്ത്‌ തുടരുന്നത്‌ വിചിത്രമാണ്.

ക്രമസമാധാനം സംബന്ധിച്ച്‌ പരാമർശിക്കാതെ മറ്റെല്ലാ മേഖലയിലും  ആംആദ്‌മി പാർടി (എഎപി) സർക്കാർ പരാജയമാണെന്ന്‌ ആക്ഷേപിക്കുകയാണ്‌ ലഫ്‌. ഗവർണർ.
ഡൽഹി സർക്കാരിന്റെ ദൈനംദിന പ്രവർത്തനം അടക്കം തടസ്സപ്പെടുത്താൻ  കേന്ദ്രം ശ്രമിച്ചുവരികയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തുടർച്ചയായി പരാജയപ്പെടുന്നതിന്റെ പക വീട്ടാനാണിതെന്ന്‌ ഏവർക്കുമറിയാം. സംസ്ഥാനത്തെ സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരുടെ നിയന്ത്രണം പാർലമെന്റിൽ നിയമം കൊണ്ടുവന്ന്‌ ലഫ്‌. ഗവർണർക്ക്‌ കൈമാറി. 2022ൽ സക്‌സേന   സ്ഥാനത്തുവന്നശേഷം ജനാധിപത്യസർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണ്‌. വൈദ്യുതി സബ്‌സിഡി ബിൽ, ശമ്പള ബിൽ, ആരോഗ്യകേന്ദ്രങ്ങൾക്കുള്ള ഫണ്ട്‌ എന്നിവയടക്കം  ലഫ്‌. ഗവർണറുടെ ഓഫീസ്‌ പിടിച്ചുവച്ചു. സംസ്ഥാന സർക്കാരിനും എഎപിക്കും എതിരായി ജനവികാരം ഇളക്കിവിടാൻ, രണ്ട്‌ വർഷം മുമ്പ്‌ ഡൽഹി മുനിസിപ്പൽ കോർപറേഷൻ (ഡിഎംസി) തെരഞ്ഞെടുപ്പിനു മുന്നോടിയായി ലഫ്‌. ഗവർണർ തുടർച്ചയായി ഇത്തരം നടപടികളിൽ വ്യാപൃതനായി. എന്നിരുന്നാലും  ഡിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു. തുടർച്ചയായി 15 വർഷം ഭരിച്ച കോർപറേഷൻ അവർക്ക്‌ നഷ്ടപ്പെട്ടു.

ഇപ്പോൾ, അടുത്ത വർഷം ഡൽഹി നിയമസഭാ  തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ രാജ്യതലസ്ഥാനം മെച്ചപ്പെട്ട ഭരണം അർഹിക്കുന്നുവെന്ന്‌ ആഹ്വാനംചെയ്‌ത്‌ ലഫ്‌. ഗവർണർ ലേഖനം  എഴുതിയത്‌. ഡൽഹിയിൽ ജലക്ഷാമം ഉണ്ടായാലും പ്രളയം ഉണ്ടായാലും സംസ്ഥാനസർക്കാർ ഹരിയാനയെ പഴിക്കുന്നുവെന്ന്‌ അദ്ദേഹം ആക്ഷേപിക്കുന്നു. വായുമലിനീകരണം, ജനസംഖ്യാപ്പെരുപ്പം, സ്ഥലപരിമിതി തുടങ്ങി ഡൽഹി നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം ഡൽഹി സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്‌ ലഫ്‌. ഗവർണർ. കാലാകാലങ്ങളിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നയങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും പരിണതഫലമാണ്‌ ഡൽഹി നേരിടുന്ന മിക്കവാറും പ്രശ്‌നങ്ങൾ. നിലവിലെ സർക്കാരിനും സ്വാഭാവികമായി ഉത്തരവാദിത്വമുണ്ട്‌. എന്നാൽ,  രാഷ്‌ട്രീയ അവസരവാദനിലപാടിന്റെ ഭാഗമായി എഎപി സർക്കാരിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയാണ്‌ ലഫ്‌. ഗവർണർ.

ഡൽഹി നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നമായ ക്രമസമാധാന തകർച്ചയെക്കുറിച്ച്‌ ലഫ്‌. ഗവർണർക്ക്‌ മൗനമാണ്‌. 2022ലെ ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ റിപ്പോർട്ട്‌ പ്രകാരം, ലക്ഷം പേരിൽ 1,800 എണ്ണം എന്നതാണ്‌ ഡൽഹിയിലെ കുറ്റകൃത്യ നിരക്ക്‌. രാജ്യത്ത്‌ ഏറ്റവും ഉയർന്ന നിരക്കാണിത്‌. സ്‌ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും എതിരായ അതിക്രമങ്ങളിൽ ഡൽഹി മുന്നിലാണ്‌. മോഷണം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌താലും പ്രയോജനമില്ല. അന്വേഷണ മികവിൽ ഡൽഹി പൊലീസിന്റെ സ്ഥിതി പരിതാപകരം. ആകെ കേസുകളിൽ 30 ശതമാനത്തിൽ മാത്രമാണ്‌ കുറ്റപത്രം സമർപ്പിക്കുന്നത്‌. ഇത്‌ രാജ്യത്ത്‌ ഏറ്റവും കുറഞ്ഞ നിരക്കാണ്‌. അധോലോക സംഘങ്ങൾ വ്യാപാരികളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത്‌ നടപ്പുശീലമായി. തോക്ക്‌ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലുകളും ആവർത്തിക്കുന്നു. രാജ്യതലസ്ഥാനത്തെ ദയനീയമായ ക്രമസമാധാന നിലയിൽ ലഫ്‌. ഗവർണർക്ക്‌ ആശങ്കയില്ല.  ഇവിടെ  40  ശതമാനം പേരും അനധികൃത കോളനികളിലാണ്‌ പാർക്കുന്നതെന്ന്‌ തന്ത്രപ്രധാനമായ ഡൽഹി വികസന അതോറിറ്റി (ഡിഡിഎ)യുടെ  ചെയർമാൻ കൂടിയായ ലഫ്‌. ഗവർണർ കണ്ണീർ വാർക്കുന്നത്‌ ആരെ കബളിപ്പിക്കാനാണ്‌. ആവശ്യത്തിന്‌ സൗകര്യങ്ങൾ കിട്ടാതെ വ്യാപാരികളും വ്യവസായികളും ഡൽഹി വിട്ടുപോവുകയാണെന്ന്‌ സക്‌സേന ആരോപിക്കുമ്പോൾ അദ്ദേഹം സ്വന്തം പരാജയം സമ്മതിക്കുകയാണ്‌. ഡിഡിഎയുടെ മാസ്‌റ്റർ പ്ലാനിലെ അപാകങ്ങളെ ഈയിടെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.  ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ അധികാരം ഒഴിയുകയാണ്‌  ലഫ്‌. ഗവർണർ ചെയ്യേണ്ടത്‌.

താൻ വഹിക്കുന്ന ഭരണഘടനാപരമായ പദവിയുടെ  അന്തസ്സ്‌ മാനിക്കാതെ രാഷ്‌ട്രീയക്കളിയിൽ അഭിരമിക്കുകയാണ്‌ മറ്റ്‌ പല ഗവർണർമാരെയും പോലെ സക്‌സേന. എല്ലാ അതിരും ലംഘിച്ച്‌ രാഷ്‌ട്രീയനോട്ടീസ്‌ എഴുതാൻ മടിയില്ലാത്ത നിലയിൽ എത്തുന്ന ഗവർണർമാർ ജനാധിപത്യസംവിധാനത്തിന്‌ അപമാനകരമാണ്‌. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുനേരെയുള്ള നഗ്‌നമായ വെല്ലുവിളിയാണ്‌ ‘നൈറ്റ്‌മെർ ഫോർ ആംആദ്‌മി’ (സാധാരണക്കാർക്ക്‌ പേടിസ്വപ്‌നം) എന്ന തലക്കെട്ടിൽ സക്‌സേന എഴുതിയ ലേഖനം. സത്യത്തിൽ ഗവർണർമാരുടെ ഇത്തരം നടപടികളാണ്‌ ജനാധിപത്യവിശ്വാസികളായ സാധാരണക്കാർക്ക്‌ പേടിസ്വപ്‌നം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top