26 December Thursday

വിജ്ഞാനവ്യാപനത്തിന് ‘സയൻസ് സ്ലാം’

മനോജ് കെ പുതിയവിളUpdated: Monday Nov 4, 2024

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മഹാരാജാസ് കോളേജ് മെെതാനത്ത് കായിക മേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നു

വിജ്ഞാന സമൂഹമായി കേരളം മാറുന്നതിന് വിജ്ഞാനത്തിന്റെ ഉൽപ്പാദനംപോലെതന്നെ പ്രധാനമാണ് അതിന്റെ വ്യാപനവും. ആധുനികവിജ്ഞാനം മിക്കതും താരതമ്യേന ലളിതമല്ല. അതുകൊണ്ട്, അവയുടെ വ്യാപനം സുഗമമല്ല. വിജ്ഞാനത്തിന്റെ ഉടമസ്ഥതയും നിയന്ത്രണവും അതുസംബന്ധിച്ച നയാവിഷ്‌കാരവും ആരുടെ കൈവശമാണോ അതിനനുസരിച്ചാകും വിജ്ഞാനം പ്രയോഗിക്കപ്പെടുക. വിജ്ഞാനം എങ്ങനെയെല്ലാം പ്രയോഗിക്കണം എന്ന വിവേചനബോധമാണ്, ലളിതമായി പറഞ്ഞാൽ ശാസ്ത്രബോധം.

വിജ്ഞാനം കൈവശമുള്ളവർ അതു ബഹുജനങ്ങളിലേക്കു പകരാൻ തയ്യാറാകണം. വിജ്ഞാനവ്യാപനത്തിനുള്ള വേദികളും സംവിധാനങ്ങളും ഒരുക്കണം. അവയിലൂടെ വിജ്ഞാനം ജനങ്ങൾക്കു പകർന്നുനൽകാനുള്ള പാടവം ശാസ്ത്രസമൂഹത്തിനു സ്വായത്തമാകണം. ഒപ്പം, അത്‌ സ്വീകരിക്കാൻ സമൂഹത്തെയും പ്രാപ്തമാക്കണം. അതിനു ഗവേഷണം കൂടുതൽ ജനോന്മുഖം ആകണം. ഇതിനെല്ലാമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് തുടക്കം കുറിക്കുന്ന പരിപാടിയാണ് ‘കേരള സയൻസ് സ്ലാം 2024’.

സയൻസ് സ്ലാം 2024

സ്ലാമിനു വിവിധ ഡിക്ഷ്‌ണറികൾ നൽകുന്ന അർഥങ്ങളിൽ ഇവിടെ സംഗതമായത് To set or slap down violently or noisily എന്നതാണ്. വലിയ ശബ്ദത്തോടെ നിലത്തെറിഞ്ഞ് ഉടയ്ക്കുക. നമുക്കൊന്നും പ്രവേശനമില്ലാത്ത മഹാസൗധങ്ങളിൽ കോട്ടും സ്യൂട്ടുമിട്ട ശാസ്ത്രജ്ഞർ സങ്കീർണമായ സംവിധാനങ്ങൾ ഉപയോഗിച്ചു കൈകാര്യം ചെയ്യുന്ന സയൻസ് ധാരണ ജനങ്ങൾക്കു മനസ്സിലാകുന്നതല്ല എന്ന പൊതുധാരണയാണ് സയൻസ് സ്ലാം എറിഞ്ഞുടയ്ക്കുന്നത്. നമ്മുടെ നികുതിപ്പണംകൊണ്ടു പടുത്ത ആ സംവിധാനങ്ങളിൽ എന്തൊക്കെ നടക്കുന്നു എന്നറിയാനും എന്തു നടക്കണം എന്ന തീരുമാനത്തിൽ പങ്കുചേരാനും നമുക്ക് അവകാശം ഉണ്ടാകണം. അതിനായി, സമൂഹത്തിൽ നിലനിൽക്കുന്ന ദന്തഗോപുര സങ്കൽപ്പംകൂടിയാണ് സയൻസ് സ്ലാം എറിഞ്ഞുടയ്ക്കുന്നത്.

ഈ ഉടയ്ക്കൽ അർഥവത്താകണമെങ്കിൽ ശാസ്ത്രവിജ്ഞാനങ്ങൾ ജനങ്ങളിൽ എത്താനുള്ള സംവിധാനങ്ങളും ശേഷികളും വികസിപ്പിക്കേണ്ടതുണ്ട്. അതാണു സയൻസ് സ്ലാമിന്റെ ലക്ഷ്യം. ശാസ്ത്രഗവേഷകസമൂഹത്തിൽ ശാസ്ത്രവിനിമയ മികവ് (Science communication skill) വളർത്തുകയാണ് അതിൽ പരമപ്രധാനം. ആ ശേഷിയിൽ ആത്മവിശ്വാസം ഉണ്ടായാൽ ശാസ്ത്രകാരൻ സമൂഹവുമായി സംവദിക്കാൻ തയ്യാറാകും. അവർതന്നെ അതിനുള്ള വേദികൾ ഒരുക്കാൻ മുന്നോട്ടുവരും. ശാസ്ത്രസാഹിത്യപരിഷത്തുതന്നെ ഇതിനുള്ള മികച്ച സാക്ഷ്യം.

സയൻസ് സ്ലാം എങ്ങനെ


പുതിയ സയൻസ് കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും സാധാരണജനങ്ങളിലേക്ക് എത്തിക്കാനും അവ ലളിതവും സരസവും ആകർഷകവുമായി അവതരിപ്പിക്കാനുള്ള മികവ് ഗവേഷകരിലും ശാസ്ത്രജ്ഞരിലും ഗവേഷണവിദ്യാർഥികളിലും വളർത്തിയെടുക്കാനും ഉദ്ദേശിച്ച് സംഘടിപ്പിക്കാറുള്ള പരിപാടിയാണ് സയൻസ് സ്ലാം. വിജ്ഞാനസമൂഹത്തിന് അനിവാര്യമായ സയൻസ് സ്ലാമുകൾ പക്ഷേ ഇതുവരെ കേരളത്തിൽ നടന്നിട്ടില്ല. പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയുടെ മുൻകൈയിലാണ് സയൻസ് സ്ലാം സംസ്‌കാരത്തിനു തുടക്കം കുറിക്കുന്നത്. പരിഷത്തിന്റെ യുവസമിതിയും സയൻസ് കേരള ചാനലും ഒപ്പമുണ്ട്. ശാസ്ത്രവിദ്യാഭ്യാസ സംരംഭമായ ക്യൂരിഫൈ (Curiefy)യും പങ്കാളിയാണ്.

കണ്ണൂർ സർവകലാശാല, കലിക്കറ്റ്‌ സർവകലാശാലയിലെ എം എസ് സ്വാമിനാഥൻ ചെയർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രം (C-SiS - Science in Society), തിരുവനന്തപുരം സർക്കാർ വനിതാ കോളേജ്, പാലക്കാട് ഐഐടി എന്നീ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പിന്തുണയോടെ ഈ സ്ഥാപനങ്ങളിലാണ്‌ സയൻസ് സ്ലാമുകൾ.
നാലു മേഖലകളായി നടത്തുന്ന ആദ്യഘട്ടം സ്ലാമുകൾ നവംബർ ഒമ്പതിന് കൊച്ചിയിലും 16-ന്‌ തിരുവനന്തപുരത്തും 23-ന്‌ കോഴിക്കോട്ടും 30-ന് കണ്ണൂരും നടക്കും. സമാപന സ്ലാം ഡിസംബർ 14ന് പാലക്കാട് ഐഐടിയിലാണ്. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്.

വളരെ രസകരമായ പരിപാടിയാണ് സയൻസ് സ്ലാം. തെരുവുകളിൽ സാധാരണക്കാരോട് അവരുടെ ഭാഷയിൽ സയൻസ് പറയൽ. വ്യവസ്ഥകളുണ്ട്; പത്തു മിനിറ്റാണ് ഒരു അവതരണത്തിന്. പ്രേക്ഷകരെ അവതരണത്തിലുടനീളം പിടിച്ചിരുത്തണം, അവരെ എൻഗേജ് ചെയ്യിക്കണം, പറഞ്ഞതെല്ലാം അവർക്കു മനസ്സിലാകണം. സ്ലൈഡും വിവരണമുള്ള വീഡിയോയും ഒന്നും പാടില്ല. സരസവും ലളിതവുമായ സംഭാഷണം. അത് ആകർഷകമാക്കാൻ അഭിനയമോ മിമിക്രിയോ മാജിക്കോ പാട്ടോ കളിയോ മറ്റു കലാപ്രകടനങ്ങളോ പ്ലക്കാർഡിന്റെയോ പോസ്റ്ററിന്റെയോ രൂപത്തിൽ കൊണ്ടുവന്ന ചിത്രങ്ങൾ കാണിക്കലോ ഒക്കെ ആകാം. തെരുവിന്റെ പരിമിതിയിൽ പറ്റുന്ന കാര്യങ്ങൾ മാത്രം.

പ്രേക്ഷകരാണ്‌ വിധികർത്താക്കൾ. ഒപ്പം, ആധികാരികത വിലയിരുത്താൻ അവതരണവിഷയങ്ങളിലെ വിദഗ്‌ധരും ഉണ്ടാകും. സാധാരണക്കാർക്കും വിദ്യാർഥികൾക്കും പ്രേക്ഷകരാകാം. വിധികർത്താക്കളാകുന്ന പ്രേക്ഷകർ അതതു സ്ലാമിൽ ഉടനീളം പങ്കെടുക്കണം. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ഉദ്ദേശിക്കുന്നത്. ഓരോ കേന്ദ്രത്തിലും 25 അവതരണം. സ്ലാമിലേക്ക് 11 വൈജ്ഞാനിക വിഭാഗങ്ങളിലായി 227 പേർ രജിസ്റ്റർ ചെയ്തു. അതിൽനിന്നും ലഘു അവതരണത്തിലൂടെ തെരഞ്ഞെടുക്കുന്ന 100 പേരാണ്‌ സ്ലാമിൽ മാറ്റുരയ്ക്കുക. ഈ കേന്ദ്രങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കുന്ന 20 പേരാകും ഫൈനലിൽ.

വരുംവർഷങ്ങളിൽ പങ്കാളിത്തം വിപുലമാക്കണമെന്നാണ് ആലോചന. പ്രേക്ഷക രജിസ്ട്രേഷനിൽ പൊതുജനങ്ങളും വിദ്യാർഥികളും വലിയ താൽപ്പര്യമാണു കാട്ടുന്നത്. വൈകുന്നേരം കലാപരിപാടിയും നടക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും https://scienceslam.in/ എന്ന വെബ്സൈറ്റുണ്ട്.മക്കളെ ചേർക്കാൻ മാത്രം ജനങ്ങൾ പോകുന്ന ഉന്നതവിദ്യാലയങ്ങളിൽ സയൻസ് കേൾക്കാൻ ബഹുജനങ്ങൾ എത്തുന്നു എന്നതും സ്ലാമിന്റെ സാധ്യതയാണ്. അതുൾപ്പെടെയുള്ള ഘടകങ്ങളെല്ലാം ശാസ്ത്രവിജ്ഞാനവ്യാപനരംഗത്ത് ഗുണാത്മകമാറ്റങ്ങൾ സൃഷ്ടിക്കും;
വിജ്ഞാനസമൂഹസൃഷ്ടി വേഗത്തിലാക്കും.

(ലൂക്ക സയൻസ് പോർട്ടൽ പത്രാധിപസമിതി 
അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top