21 November Thursday

കൗമാര കേരളത്തിന്റെ
 ഒളിമ്പിക്സ്

വി ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ മന്ത്രിUpdated: Monday Nov 4, 2024

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മഹാരാജാസ് കോളേജ് മെെതാനത്ത് കായിക മേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നു

ഒളിമ്പിക്സിനോളം ചരിത്രവും പാരമ്പര്യവും ബഹുസ്വര കാഴ്ചപ്പാടും അവകാശപ്പെടാൻ കെൽപ്പുള്ള മറ്റൊരു കായിക മേളയുമില്ല. ഒളിമ്പിക്സ് മുന്നോട്ടുവയ്ക്കുന്ന ഉദാത്തമായ ആശയങ്ങളെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് ഈ വർഷത്തെ സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

കൗമാര കായികതാരങ്ങളുടെ പങ്കാളിത്തംകൊണ്ട് ലോകത്തെ ഏറ്റവും വലിയ കായിക സംഗമ വേദികളിലൊന്നാണിത്. കേരളപ്പിറവിമുതൽ ആരംഭിച്ച ഈ സംരംഭം ഓരോ അക്കാദമിക വർഷവും വളരെ കൃത്യതയോടെയാണ് നടന്നുവരുന്നത്. മുൻവർഷംവരെ വ്യത്യസ്ത കാലയളവിൽ ഇതര മത്സര വേദികളിൽ നടന്നിരുന്ന കായികമേള ഒരേ കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ജില്ല കേന്ദ്രീകരിച്ചുകൊണ്ട് നടത്തുന്നുവെന്നതാണ് ഈ വർഷത്തെ പ്രധാന പ്രത്യേകത. ഓരോ വർഷവും സംസ്ഥാനത്തൊട്ടാകെ അഞ്ചു ലക്ഷത്തിലധികം വിദ്യാർഥികൾ മേളയുടെ ഭാഗമാകുന്നുണ്ട്. 2016ൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരാണ് കായികമേളയെ ‘കായികോത്സവം' എന്ന നിലയിലേക്ക് പരിവർത്തനപ്പെടുത്തിയത്. ഇത്തവണമുതൽ ഓരോ നാലുവർഷം കൂടുമ്പോഴും ഒളിമ്പിക്സ് മാതൃകയിൽ ഒരു ജില്ല കേന്ദ്രീകരിച്ച് ‘കേരള സ്കൂൾ കായികമേള' എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഒളിമ്പിക്സ് മാതൃകയിൽ വളരെ സമഗ്രവും വിശാലവുമായ രീതിയിൽ കായികമേള സംഘടിപ്പിക്കുന്നത്.

സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക മത്സരമായ ഇൻക്ലൂസീവ് സ്‌പോർട്സും (ഭിന്നശേഷി കായികമേള) മേളയുടെ ഭാഗമാണ്. ഭിന്നശേഷിക്കുട്ടികൾ ഉൾപ്പെടെ കാൽലക്ഷത്തോളം കൗമാര താരങ്ങളാണ് കൊച്ചിയിൽ തിങ്കളാഴ്‌ച മുതൽ 11 വരെ നീണ്ടുനിൽക്കുന്ന വാശിയേറിയ കായിക മാമാങ്കത്തിൽ അണിനിരക്കുന്നത്. സ്കൂൾ കായിക മത്സര ചരിത്രത്തിൽ ആദ്യമായി ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിക്കുന്ന ആറു വിദ്യാലയങ്ങളിലെ എട്ടുമുതൽ 12 വരെ ക്ലാസുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട യുവകായിക പ്രതിഭകൾകൂടി മേളയുടെ ഭാഗമാകുന്നു. അത്‌ലറ്റിക്സ് നടക്കുന്ന മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ ദേശീയ നിലവാരമുള്ള 17 വേദികളാണ് മത്സരസജ്ജമാക്കിയിട്ടുള്ളത്.

വൈവിധ്യത്താൽ സമ്പന്നം

ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ- റോളിങ്‌ സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകും. ഒളിമ്പിക്സിൽ മത്സരം സംഘടിപ്പിക്കുന്നതിന് സമാനനിലയിൽ സ്ഥിരം ലോഗോ, ഭാഗ്യചിഹ്നം, പ്രൊമോ വീഡിയോ, ബ്രാൻഡ് അംബാസഡർ തുടങ്ങിയവയും പ്രത്യേകതയാണ്. ഹോക്കി താരം പി ആർ ശ്രീജേഷ്‌ ആണ് ബ്രാൻഡ് അംബാസഡർ.
പ്രധാന ഉദ്ഘാടന വേദി മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ്. പകൽ സമയത്തെ അതികഠിനമായ ചൂടുകാരണം മത്സരം രാവിലെയും രാത്രിയുമായി ഫ്ലഡ്‌ലൈറ്റിലാണ് സംഘടിപ്പിക്കുന്നത്. മത്സരം നടക്കുന്ന എല്ലാ വേദിയിലും ഡിജിറ്റൽ ബോർഡും പ്രത്യേക വീഡിയോ സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും. നിർമിത ബുദ്ധിയുടെ സാധ്യതകൾ മത്സരവിധി നിർണയത്തിനും മത്സരഫലങ്ങളുടെ കൃത്യതയ്‌ക്കുംവേണ്ടി  ഉറപ്പാക്കിയിട്ടുണ്ട്.

ഭാഗ്യചിഹ്നം തക്കുടു


പ്രഥമ കേരള സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം ‘തക്കുടു’ എന്ന അണ്ണാറക്കണ്ണനാണ്. കായികമേളയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഭാഗ്യചിഹ്നം. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ജീവിയെന്ന നിലയിൽ തക്കുടുവിനെ കേരളം ഏറ്റെടുത്തു കഴിഞ്ഞു.
നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്ന ജല കായിക മത്സരയിനങ്ങൾ, അത്‌ലറ്റിക്സ് മത്സരങ്ങൾ, വിവിധ ഗെയിംസ്‌ ഇനങ്ങൾ, ഇൻക്ലൂസീവ് സ്‌പോർട്സ് തുടങ്ങിയവയെല്ലാം പ്രതിനിധാനം ചെയ്യുന്ന നിലയിൽ മേളയുടെ ലോഗോയും തയ്യാറാക്കിയിട്ടുണ്ട്.

മെഡൽ ജേതാക്കൾക്ക്‌ 
പ്രത്യേക കിരീടം


ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കായികമേളയിൽ വിജയിക്കുന്ന താരങ്ങൾക്ക് ഒളിമ്പിക്സ് സമ്മാനവിതരണ രീതിയിൽ കിരീടധാരണംകൂടി ഉണ്ടാകും. കണ്ണൂർ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വർക്ക് എഡ്യൂക്കേഷൻ പ്രൊഡക്ഷൻ യൂണിറ്റ് വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് കിരീടത്തിന്റെ മാതൃക രൂപകൽപ്പന ചെയ്തത്. ഒന്നാം സ്ഥാനക്കാർക്ക് മെറൂൺ കിരീടവും രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം നീല, ഓറഞ്ച് കിരീടവും നൽകും. 5700 കിരീടങ്ങളാണ് ആകെ തയ്യാറാക്കിയത്.

എല്ലാവരെയും ഉൾക്കൊള്ളുന്ന മേള

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് അവരുടെ പരിമിതിയുടെ തലത്തിൽനിന്ന്‌ മത്സരത്തിൽ പങ്കെടുക്കാൻ മേളയിൽ അവസരമുണ്ട്. ഇതിനായി ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്വൽ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി കേരളമാണ് സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികൾക്കായി പ്രത്യേക മാന്വൽ തയ്യാറാക്കി നടപ്പാക്കുന്നത്. ഇൻക്ലൂസീവ് സ്‌പോർട്‌സിൽ 14 ജില്ലയുടെ പ്രതിനിധികളായി 1700 ഓളം കായികതാരങ്ങൾ പങ്കെടുക്കും. ഈ കുട്ടികൾക്ക് മത്സരശേഷം കൊച്ചിയുടെ നഗരക്കാഴ്ച കാണാനും അനുഭവിച്ചറിയാനുമുള്ള അവസരംകൂടി സംഘാടകർ ഒരുക്കിയിട്ടുണ്ട്. അവർക്ക്‌ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക മെമന്റോ വിതരണം ചെയ്യും.

കായിക സ്‌കൂളിൽ പ്രത്യേക
പാഠ്യപദ്ധതി

സ്കൂൾതലത്തിൽനിന്ന്‌ കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ച് രാജ്യാന്തര നിലവാരമുള്ള മികച്ച താരങ്ങളായി വളർത്തിയെടുക്കുകയെന്നതാണ് കായിക സ്കൂളുകളിലൂടെ പ്രധാന ലക്ഷ്യം. ഇതിന്‌ സഹായകമായ ഭൗതിക സൗകര്യങ്ങളും പഠനാനുഭവങ്ങളും പിന്തുണാ സംവിധാനവും സംസ്ഥാന സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. കായിക മികവ് പരിപോഷിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധയും സമയവും ആവശ്യമാണ്‌. അതിന്‌ അക്കാദമിക വിഷയങ്ങൾ ലഭ്യമായ സമയത്തിന് ആനുപാതികമായി ക്രമീകരിക്കണം. ഇതിനായി എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ കേരള കായിക സ്കൂൾ പാഠ്യപദ്ധതി രൂപീകരണ പ്രവർത്തനം നടന്നുവരികയാണ്. ഇതിന്റെ ആദ്യഘട്ടമായ കേരള കായിക സ്കൂൾ പാഠ്യപദ്ധതി സമീപന രേഖ പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രകാശിപ്പിച്ചിട്ടുണ്ട്.

സവിശേഷമാണ് മേള

കായികമേളയുടെ ഭാഗമായി എറണാകുളത്ത് എത്തുന്ന താരങ്ങൾക്കും ടീം അംഗങ്ങൾക്കും പൊതുജനങ്ങൾക്കും കാണാനായി കൊച്ചി കാർണിവലിന്റെ പുനരാവിഷ്‌കാരം ഉൾപ്പെടെയുള്ള വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. കൊച്ചിയുടെ തനതായ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരവും 4000 കുട്ടികൾ പങ്കെടുക്കുന്ന മെഗാ പ്രദർശനവും സമാപന സമ്മേളനത്തിൽ 2000 വനിതകളെ അണിനിരത്തിയുള്ള മെഗാ തിരുവാതിരയും ഉണ്ടായിരിക്കും. 12 പ്രധാന കേന്ദ്രങ്ങളിലാണ് താരങ്ങൾക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നത്. ഓരോ കേന്ദ്രത്തിനും കൊച്ചിയുടെ തനതായ രീതിയിലുള്ള പേരുകളും നൽകിയിട്ടുണ്ട്.
എല്ലാ വേദിയിലും വളന്റിയർമാരെയും കായികതാരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ലഹരിക്കെതിരായ പ്രതിജ്ഞ സംഘടിപ്പിക്കുന്നുണ്ട്. ‘ഒരു ലക്ഷം- ഒരു ലക്ഷ്യം' എന്ന പേരിൽ നേത്രദാന ക്യാമ്പയിനും ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട 52 വിദ്യാലയങ്ങളിലാണ് കുട്ടികൾക്ക് ആവശ്യമായ താമസസൗകര്യം ക്രമീകരിച്ചിട്ടുള്ളത്. താമസസ്ഥലം, മത്സരവേദി, ഭക്ഷണ വിതരണ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് കെഎസ്‌ആർടിസിയുടെ ലോ ഫ്ലോർ ബസുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.

കേരളത്തിന്റെ കായിക മികവിന്റെ പ്രകാശഗോപുരമായി നിലകൊള്ളുന്ന മഹത് സംരംഭമാണ് കേരള സ്കൂൾ കായികമേള. സംസ്ഥാനത്തുടനീളമുള്ള മികച്ച കായിക പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്ന മത്സരവേദി കൂടിയാണിത്. കായികമേളയിൽനിന്ന്‌ ഉയർന്നുവന്ന നിരവധി ദേശീയ, അന്തർദേശീയ താരങ്ങൾ രാജ്യത്തിന്റെ അഭിമാനമായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ മേളയുടെ വിജയത്തിനുവേണ്ടി കഴിഞ്ഞ കുറെ മാസങ്ങളായി നിരവധി ജീവനക്കാരുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനമാണ് നടന്നുവരുന്നത്. ആയിരക്കണക്കിന് താരങ്ങളുടെ കായിക ശക്തിയും സംസ്ഥാനത്തിന്റെ ഐക്യവും ഒത്തുചേരുന്ന സംഗമഭൂമിയായി കൊച്ചിയിലെ ഓരോ വേദിയും മാറും. പുതുകാഴ്ചപ്പാടോടെയും വ്യക്തമായ ലക്ഷ്യത്തോടെയും ഒത്തുചേരുന്ന താരങ്ങൾക്ക് പ്രതീക്ഷയ്ക്കതീതമായ നിലയിലുള്ള നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top