21 December Saturday

കടലാമക്കുരുക്കിൽ ചെമ്മീൻമേഖല

എസ് ശര്‍മUpdated: Tuesday Jul 30, 2024

കടലാമ സംരക്ഷണത്തിന്റെ പേരിൽ അമേരിക്ക ചെമ്മീനുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും മത്സ്യവ്യവസായത്തിനും കടുത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. കടലാമകളുടെ വംശനാംശം സംഭവിക്കുമെന്ന പേരിലാണ് അമേരിക്കയുടെ വിലക്ക്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടാകുക. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജോലി നഷ്ടപ്പെടും. പ്രതിവർഷം ഏകദേശം 67,000 കോടി രൂപയുടെ മത്സ്യ ഉൽപ്പന്നങ്ങളാണ് ഇന്ത്യയിൽനിന്ന്‌ കയറ്റുമതി ചെയ്യുന്നത്. 2000 കോടിയും ചെമ്മീനിൽ നിന്നാണ്‌. അതിൽ 1500 കോടിയുടെ കയറ്റുമതി കേരളത്തിന്റേതാണ്.

അമേരിക്കയുടെ നിരോധനം മുതലെടുത്ത് ഇന്ത്യയിൽനിന്ന് ചെമ്മീൻ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ  പരമാവധി വിലകുറച്ച് ചെമ്മീൻ വാങ്ങുന്ന തന്ത്രവും ആരംഭിച്ചിട്ടുണ്ട്. ഇതുകൂടി ആകുന്നതോടെ കനത്ത പ്രഹരത്തിലാകും ചെമ്മീൻ വ്യവസായം. ഇതിന് പരിഹാരം കാണുന്നതിനുവേണ്ടി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തര തീരുമാനം എടുക്കാൻ സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റിൽ ചെമ്മീൻ കൃഷിക്ക് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത് ആന്ധ്രയിലെ സർക്കാരിന്റെ സമ്മർദംമൂലമാണെന്ന് തിരിച്ചറിയണം. അക്വാകൾച്ചർ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കേരളത്തിന് ഒരു ഗുണവും ചെയ്യില്ല. 2019 മുതൽ അമേരിക്കയിലേക്കുള്ള ഇന്ത്യയിലെ കടൽ ചെമ്മീനിന്റെ ഇറക്കുമതി നിരോധനം തുടർന്നുവരികയാണ്. കടലിൽനിന്നും കായലിൽനിന്നും എടുക്കുന്ന നാരൻ, കാര, പൂവാലൻ, കിഴന്തൻ, ചൂടൻ, കുഴിക്കാര എന്നീ ചെമ്മീൻ ഇനങ്ങളും കടലിൽനിന്നുമാത്രം ലഭിക്കുന്ന കരിക്കാടി ചെമ്മീനും നിരോധന പട്ടികയിൽപ്പെടുന്നു. ചെമ്മീൻ പിടിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഉപയോഗിക്കുന്ന വലകളിൽ കടലാമകളെ രക്ഷിക്കാൻ ടിഇഡി  (-ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് )  ഘടിപ്പിക്കാത്തതുമൂലം കടലാമകളുടെ വംശനാശം സംഭവിക്കുന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

ഈ ആരോപണത്തിന്  അടിസ്ഥാനമില്ല. 1972 മുതൽ ഇന്ത്യയിൽ നടപ്പാക്കിവരുന്ന വന്യജീവി സംരക്ഷണ നിയമപ്രകാരം കടലാമകൾ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടെന്നും  സംരക്ഷണം ഉറപ്പാക്കിയെന്നുമുള്ള വാദങ്ങൾ അമേരിക്ക അംഗീകരിച്ചില്ല. ലോഹംകൊണ്ട് നിർമിച്ച വൃത്താകൃതിയിലുള്ള ചട്ടക്കൂടിൽ അഴികൾ നിർമിച്ച് ട്രോൾ വലകളുടെ കഴുത്തു ഭാഗത്ത് ഘടിപ്പിച്ച് ചെമ്മീനുകളെ സഞ്ചിഭാഗത്തേക്ക് കടത്തിവിടുകയും കടലാമകളെ ദിശ മാറ്റി ഉപകരണത്തിന്റെ മുകളിൽ ഒരുക്കിയിട്ടുള്ള വാതിലിലൂടെ പുറത്തേക്ക് നയിക്കുകയും ചെയ്യുന്ന   ലഘു ഉപകരണമാണ് ടിഇഡി.

അമേരിക്കയിലേക്കുള്ള ചെമ്മീൻ ഇറക്കുമതി നിരോധനം ഒരു വാണിജ്യ തന്ത്രമായി വിലയിരുത്തുന്നു. രണ്ട് ദശാബ്ദങ്ങളിൽ പല കാരണം ഉന്നയിച്ച്‌ ഇന്ത്യയുടെ ചെമ്മീനുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ കടലാമയ്ക്ക് നാശം ഉണ്ടാകുന്നെന്ന് ആരോപിച്ചാണ് വിലക്ക്. 2026ൽ സസ്തനി ജീവികളുടെ സംരക്ഷണത്തിന്റെ പേരിൽ പുതിയ വിലക്ക് ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. ഇന്ത്യയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന ചെമ്മീനിന് അമേരിക്കയുടെ ശീതോഷ്മ കടലിൽനിന്നു പിടിക്കുന്ന ചെമ്മീനിനേക്കാൾ രുചി കൂടുതലാണ്.

കേരളത്തിന്റെ വിശാലമായ കായൽപ്പരപ്പുകൾ കരിക്കാടി ചെമ്മീൻ ഒഴികെയുള്ള എല്ലാ വാണിജ്യ പ്രാധാന്യമുള്ള ചെമ്മീനുകളുടെയും പ്രകൃതിദത്തമായ കളിത്തൊട്ടിലും നഴ്സറിയുമാണ്. ഇവയുടെ ജീവിതചക്രം പൂർത്തീകരിക്കാൻ കായൽ ജീവിതം അത്യന്താപേക്ഷിതമാണ്. കായലിൽ എത്തിച്ചേരുന്ന നാരൻ, കാര, കഴന്തൻ, ചൂടൻ, കുഴിക്കാര, പൂവാലൻ എന്നിവ മൂന്നുമുതൽ ആറ്‌ മാസംവരെ വളർച്ച നേടുന്നു. ഇതുവഴി കായൽ പ്രദേശങ്ങൾ ചെമ്മീൻ സമ്പത്തിന്റെ പ്രധാന ഉൽപ്പാദനകേന്ദ്രമായി മാറും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രധാന ഉപജീവനമാർഗമായി തീരുകയും ചെയ്യും. പ്രതിവർഷം 12,000 ടൺ ചെമ്മീൻ മുഖ്യമായും ചീനവല, ഉടക്കുവല, വീശുവല, കോരുവല എന്നീ പരമ്പരാഗത മത്സ്യബന്ധന രീതികൾ ഉപയോഗിച്ചാണ് പിടിക്കുന്നത്. ഏകദേശം ഇരുപതിനായിരം മത്സ്യത്തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ചു തൊഴിലെടുക്കുന്നത്.

ട്രോൾവലയിൽ കുടുങ്ങി കടലാമകൾ നശിക്കുന്നെന്ന ആരോപണം അർഥശൂന്യമാണ്. ഇന്ത്യയിൽ കാണുന്ന അഞ്ചിനം കടലാമകളിൽ ലോഗർഹെഡ് ഇനം ഒഴിച്ച് ഒലിവ്, ഗ്രീൻ, ഹാക്സ്ബിൽ, ലതർ ബാക്ക് എന്നീ ഇനങ്ങൾ കടൽത്തീരത്ത് നിർമിക്കുന്ന കൂടുകളിലാണ് മുട്ട ഇടുന്നത്. കൂടുകളിൽ മുട്ടയിടാൻ എത്തിച്ചേരുന്ന ആമകളുടെ എണ്ണം പരിശോധിച്ചാൽ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വർഷത്തിൽ വെറും പത്തിൽ താഴെ മാത്രം. എന്നാൽ, ഒഷിഡ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഇവയുടെ എണ്ണം യഥാക്രമം 100000, 1000, 1500, 50, 100 എന്നീ ക്രമത്തിലാണ്. ഒഡിഷ, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ട്രോൾ വലകളിൽ ടിഇഡി ഘടിപ്പിക്കേണ്ടതുണ്ട്. എന്നാൽ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഇത്തരം നടപടികൾ മത്സ്യത്തൊഴിലാളികളെ കൂടുതൽ സമ്മർദത്തിലാക്കും.

2023–-24 സാമ്പത്തിക വർഷം ഇന്ത്യ സർവകാല റെക്കോഡായ 1,78,162 മെട്രിക് ടൺ സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 60,521 കോടി രൂപയുടെ വിദേശനാണ്യം നേടി. ഇതിൽ ശീതീകരിച്ച ചെമ്മീനിന്റെ വിലയായ 40,013 കോടി മൊത്തം കയറ്റുമതിയിൽനിന്ന് ലഭിച്ച വിലയുടെ 40 ശതമാനമാണ്‌. ശീതീകരിച്ച ചെമ്മീനിന്റെ 25.49 കോടി യുഎസ് ഡോളറിന്റെ മൂല്യത്തിന്റെ 34.4 ശതമാനവും അമേരിക്കയുടെ വിഹിതമാണ്. മറ്റു പ്രധാന ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി രാജ്യങ്ങൾ മുഖ്യമായും ചൈന, ജപ്പാൻ, വിയറ്റ്നാം എന്നിവയാണ്. നിരോധനത്തിന് മുമ്പ്‌ കടൽ ചെമ്മീനിന്റെ വിഹിതം ഏകദേശം 30 ശതമാനം ആയിരുന്നു. കടൽ ചെമ്മീൻ ഇറക്കുമതി നിരോധനംമൂലം ഇന്ത്യക്ക്‌ വന്ന നഷ്ടം ഏകദേശം 3500 കോടിയാണ്. ഇതേസമയത്ത് ജപ്പാൻ നേരിട്ട സാമ്പത്തികമാന്ദ്യവും വിലയിടിയാൻ കാരണമായി. ചൈനയും വിയറ്റ്നാമും തായ്‌ലൻഡും ഇന്ത്യയിൽനിന്ന്‌ ഈ അവസരം മുതലാക്കി വിലകുറച്ച് ചെമ്മീൻ വാങ്ങി മറ്റ് രാജ്യങ്ങൾക്ക് വിൽക്കുന്നുണ്ടത്രെ.  

ഇന്ത്യയിലെ പ്രധാനപ്പെട്ട ചെമ്മീൻ പിടിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടകം, കേരളം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിരോധനംമൂലമുണ്ടായ പ്രതിസന്ധി ആഭ്യന്തരവിപണിയെ സാരമായി ബാധിച്ചു. വിദേശ വിപണിയിൽ പ്രിയം നേടിയ പൂവാലൻ ചെമ്മീനിന്റെ വില 200–- 250ൽ നിന്ന്‌ 80– -100 രൂപയായി കുറഞ്ഞു. 400 രൂപ ലഭിച്ചിരുന്ന നാരൻ ചെമ്മീൻ 200 രൂപയ്ക്കും 600– -700 രൂപ വിലയുള്ള കാര ചെമ്മീൻ 400–- 450 രൂപയ്ക്കും ലഭ്യമായി. കഴന്തന്റെ വില 250ൽ നിന്ന്‌ നൂറിലേക്കും കരിക്കാടിക്ക് 250ൽ നിന്ന്‌ 150ലേക്കും ഇടിഞ്ഞു. ഇത് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവനത്തെയും ബാധിച്ചു. രാജ്യത്തെ 30,772 ട്രോൾ ബോട്ടുകളിൽ 2654 എണ്ണം കേരളത്തിലാണ്.

അന്താരാഷ്ട്ര ആഭ്യന്തര വിപണികളിൽ ചെമ്മീൻവില ക്രമീകരിക്കുന്നതിൽ അമേരിക്കയ്ക്ക് പ്രധാന പങ്കുണ്ട്. മത്സ്യബന്ധനത്തിന്റെ ചെലവുകൾ അനുദിനം വർധിക്കുന്ന അവസ്ഥയിൽ ചെമ്മീന്റെ വിലയിടിവ് ട്രോളിങ്‌ ബോട്ടുടമകൾക്ക് കനത്ത പ്രഹരമാണ്. ചെമ്മീൻ ഉൽപ്പാദനത്തിൽ ഇക്വഡോർ, മെക്സിക്കോ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ കൈവരിച്ച പുരോഗതിയും വിലയിടിവിന് കാരണമായി. വിലയിടിവ് കാരണം യന്ത്രവൽക്കൃത ബോട്ടുകൾ ഭൂരിഭാഗവും കടലിൽ പോകാതായി. ഇതോടെ സംസ്ഥാനത്തെ 218 കയറ്റുമതിക്കാർ, 108 ശീതീകരണശാലകൾ, പ്രതിദിനം 4928 ടൺ സംസ്കരണശേഷിയുള്ള മത്സ്യസംസ്കരണ ശാലകൾ, അഞ്ഞൂറ്റമ്പതിൽപ്പരം വരുന്ന പീലിങ്‌ ഷെഡുകൾ എന്നിവയുടെ പ്രവർത്തനം അവതാളത്തിലായി. മത്സ്യമേഖലയിലുണ്ടായ സമാനതകളില്ലാത്ത പ്രഹരം ലക്ഷക്കണക്കിന് തൊഴിലാളികൾ അനുഭവിക്കുന്ന പട്ടിണിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top