08 September Sunday

രാജ്യദ്രോഹം ; സർക്കാരും രാജ്യവും 
ഒന്നെന്ന വാദം അസംബന്ധം - പി ഡി ടി ആചാരി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 12, 2023


രാജ്യദ്രോഹനിയമം ഉൾക്കൊള്ളുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് നിലനിർത്തണമെന്ന്‌ ഇന്ത്യൻ നിയമ കമീഷൻ  279-–-ാമത്തെ റിപ്പോർട്ടിൽ  ശുപാർശ ചെയ്‌തിരിക്കയാണ്‌. ദേശീയ സുരക്ഷയുടെ പേരിൽ 124 എ വകുപ്പ്‌ പ്രകാരമുള്ള കുറ്റകൃത്യത്തിന്‌  നിലവിലെ കുറഞ്ഞ ശിക്ഷ മൂന്നുവർഷം തടവ്‌ എന്നത്‌ ഏഴുവർഷമാക്കണമെന്നും കമീഷൻ ശുപാർശ ചെയ്‌തു.  ഈ നിയമം എത്രയും വേഗം പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന്‌ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളിലെ നിലവിലുള്ള എല്ലാ നടപടിയും പുതിയ കേസെടുക്കുന്നതും  2022ൽ  (എസ്ജി  വോംബത്കെരെ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ) സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. നിയമത്തെ നിയമപാലകർ വ്യാപകമായി ദുരുപയോഗം ചെയ്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടൽ.

ഇന്ത്യയിലെ രാജ്യദ്രോഹനിയമത്തിന് ദീർഘവും കുപ്രസിദ്ധവുമായ ചരിത്രമുണ്ട്. 1870- ലാണ്‌  ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 124 എ വകുപ്പ്‌ ഉൾപ്പെടുത്തിയത്‌. ബ്രിട്ടീഷ് രാജിനെതിരെ സംസാരിക്കുന്ന ഇന്ത്യക്കാരുടെ ശബ്ദം അടിച്ചമർത്തുകയായിരുന്നു ലക്ഷ്യം. വിയോജിപ്പിന്റെയോ പ്രതിഷേധത്തിന്റെയോ ശബ്ദം അവർ ഇഷ്ടപ്പെട്ടിരുന്നില്ല. 124 എയിലെ വാക്കുകൾ കൊളോണിയൽ സർക്കാരിന്റെ ലക്ഷ്യം വ്യക്തമായി വെളിപ്പെടുത്തുന്നു. രാജ്യദ്രോഹം സർക്കാരിന്‌ എതിരായ കുറ്റമാണ്, അല്ലാതെ പലരും കരുതുന്നതുപോലെ രാജ്യത്തിന് എതിരല്ല. നിയമപ്രകാരം സ്ഥാപിതമായ സർക്കാരിന്‌ എതിരെ വിദ്വേഷമോ, അവഹേളനമോ, അസംതൃപ്തിയോ പടർത്തുന്നതും അല്ലെങ്കിൽ അസംതൃപ്‌തി പടർത്താൻ പ്രേരിക്കുന്നതോ ആണ്‌ കുറ്റം. വാക്കാലോ എഴുത്തിലൂടെയോ അടയാളങ്ങളിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ഇത്‌  ചെയ്യുന്നത്‌ കുറ്റമാണ്‌.  അങ്ങനെ, ഒരു സർക്കാരിനെതിരെ വെറുപ്പോ,  അവഹേളനമോ സൃഷ്ടിക്കുകയോ,  അല്ലെങ്കിൽ സർക്കാരിനോട് അതൃപ്തി ഉളവാക്കുന്ന പ്രവൃത്തി ചെയ്യുകയോ എന്നതാണ് കുറ്റകൃത്യത്തിന്റെ സാരം.

ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്യദ്രോഹനിയമം രണ്ട് വ്യത്യസ്ത രീതികളിൽ നിർവചിച്ചു. 1897ലെ ക്വീൻ എംപ്രസ്‌ വേഴ്സസ് ബാലഗംഗാധര തിലക് എന്ന കേസായിരുന്നു ആദ്യത്തെ പ്രധാന രാജ്യദ്രോഹക്കേസ്.  മറാത്തി വാരികയായ കേസരിയിൽ എഴുതിയ രണ്ട് ലേഖനം ബ്രിട്ടീഷ് സർക്കാരിനോട്‌ ജനങ്ങൾക്ക്‌ അതൃപ്തി സൃഷ്ടിക്കുന്നതാണെന്ന്‌ വ്യാഖ്യാനിച്ച്‌  തിലക്‌ രാജ്യദ്രോഹക്കുറ്റം ചെയ്‌തതായി ബോംബെ കോടതി കണ്ടെത്തി.  ജഡ്ജി സ്ട്രാച്ചി നിയമത്തെ ഇപ്രകാരം വിശദീകരിച്ചു: “കുറ്റം (രാജ്യദ്രോഹം) എന്നത് സർക്കാരിനോട്‌ മറ്റുള്ളവർക്ക്‌ അതൃപ്‌തി സൃഷ്ടിക്കുന്നതോ അല്ലെങ്കിൽ അതൃപ്‌തി സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്നതോ ആണ്. ഇത് കലാപമോ ലഹളയോ അല്ലെങ്കിൽ രണ്ടിനും  പ്രേരിപ്പിക്കുന്നതോ അല്ലെങ്കിൽ ചെറുതും വലുതുമായ യഥാർഥ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതോ, സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്നതോ  മാത്രമല്ല. എന്നാൽ, കലാപത്തിനോ പൊട്ടിത്തെറിക്കോ സർക്കാരിന്റെ അധികാരത്തിന്‌ എതിരായ ബലപ്രയോഗത്തിനോ മുതിർന്നിട്ടില്ലെങ്കിലും  ഈ വകുപ്പ് ഒരാളെ കുറ്റക്കാരനാക്കാൻ പര്യാപ്തമാണ്. പിന്നീട്, പ്രിവി കൗൺസിൽ നിയമത്തിന്റെ ഈ വിശദീകരണം ശരിവച്ചു.

രണ്ടാമത്തെ കേസ് നിഹാരേന്ദു ദത്ത് മജുംദാർ ആൻഡ് അതേഴ്‌സ്‌ വേഴ്സസ് എമ്പറർ ആയിരുന്നു. ഈ കേസിൽ ഫെഡറൽ കോടതിയാണ്‌ വിധി പറഞ്ഞത്‌.  കുറ്റാരോപിതനായ മജുംദാറിനെ വെറുതെവിട്ട ചീഫ് ജസ്റ്റിസ് സർ മൗറിസ് ഗ്വയർ നിയമത്തെ ഇങ്ങനെ വിശദീകരിച്ചു: "പൊതുനിയമലംഘനം അല്ലെങ്കിൽ പൊതുനിയമലംഘനത്തിന്റെ  സാധ്യതയോ ആണ് കുറ്റകൃത്യത്തിന്റെ രത്നച്ചുരുക്കം.’ ബ്രിട്ടീഷ് ഇന്ത്യയിലെ രണ്ട് കോടതികൾ നൽകിയ രാജ്യദ്രോഹനിയമത്തിന്റെ ഈ രണ്ട് പ്രസ്താവനയും പരസ്പരം വ്യത്യസ്തമാണ്.

കേദാർനാഥ്‌ കേസും 
രാജ്യദ്രോഹത്തിന്റെ 
ഭരണഘടനാ സാധുതയും
കേദാർനാഥ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ബിഹാർ (1962) എന്ന കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയും ആ വിധിയുടെ സാരാംശം ഉൾപ്പെടുത്തുന്നതിനുള്ള ലോ കമീഷൻ ശുപാർശകളും നന്നായി മനസ്സിലാക്കാൻ ബ്രിട്ടീഷ് കാലഘട്ടത്തിലേക്കുള്ള ഹ്രസ്വമായ യാത്ര ആവശ്യമാണ്‌. കേദാർനാഥ് കേസിൽ രാജ്യദ്രോഹത്തിന്റെ ഭരണഘടനാ സാധുതയിൽ തീരുമാനമുണ്ടായി. രണ്ട് കാരണത്താലാണ്‌ ഇത് ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് കോടതി പറഞ്ഞത്‌. ഒന്ന്, രാജ്യദ്രോഹം, സർക്കാരിനെതിരായ കുറ്റമാണെങ്കിലും, രാജ്യത്തിന്‌ എതിരാണ്. കാരണം സർക്കാർ എന്നത്‌ രാജ്യത്തിന്റെ പ്രത്യക്ഷ പ്രതീകമാണ്, സർക്കാരിനെ അട്ടിമറിച്ചാൽ രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാകും. രണ്ടാമതായി, ഭരണഘടനയിലെ അനുച്ഛേദം 19 (2) അനുവദിക്കുന്ന പൗരന്മാരുടെ സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യം  കണക്കിലെടുത്ത്‌  ന്യായമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌.  

സർക്കാരിനെതിരെ അസംതൃപ്തി സൃഷ്ടിക്കുന്ന ആരെയും ഈ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാം. ബാലഗംഗാധര തിലകിന്റെ ശിക്ഷ ശരിവച്ച ബോംബെ ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് സർക്കാരിനോടുള്ള ‘രാഷ്ട്രീയ വിദ്വേഷം’ എന്നാണ് അസംതൃപ്തിയെ നിർവചിച്ചിരിക്കുന്നത്. അതിനാൽ പൊതുസമൂഹത്തിന്റെ മനസ്സിൽ സർക്കാരിനെതിരെ രാഷ്ട്രീയ വിദ്വേഷം ഉളവാക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. ഈ അർഥത്തിൽ, ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) പ്രകാരമുള്ള സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള മൗലികാവകാശത്തെ ഇത് വ്യക്തമായി ലംഘിക്കുന്നു. ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ഒരു മോശം സർക്കാരിനെ മാറ്റാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, അതുകൊണ്ടുതന്നെ ഒരു സർക്കാരിനോടുള്ള അതൃപ്തി കുറ്റകരമാകാൻ പാടില്ല. വാസ്തവത്തിൽ, അത് ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ്. അതിനാൽ, ഇതിനെ ഒരു കുറ്റകൃത്യമാക്കുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങളുമായി നേരിട്ടുള്ള എറ്റുമുട്ടലാണ്‌. ഒരു മോശം സർക്കാരിനോട് പൗരന്മാർക്ക് എതെങ്കിലും രീതിയിൽ തൃപ്‌തിയുണ്ടാകുമെന്ന്‌ നമ്മുക്ക് പ്രതീക്ഷിക്കാനാകില്ല.

രാജ്യദ്രോഹത്തിന്റെ വസ്‌തുതകൾ കണക്കിലെടുത്ത്‌ പൗരന്മാരുടെ സംസാരസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും ന്യായമായ നിയന്ത്രണമെന്നനിലയിൽ കരട്‌ ഭരണഘടന മുന്നോട്ടുവച്ച നിർദേശം ഭരണഘടനാ നിയമനിർമാണസഭ തള്ളിക്കളഞ്ഞിരുന്നുവെന്ന  ബോധ്യം കോടതിക്ക്‌ ഉണ്ടാകേണ്ടതായിരുന്നു

പ്രിവി കൗൺസിൽ പ്രഖ്യാപിച്ച നിയമം അന്തിമമായിരുന്നു. അതനുസരിച്ച് സർക്കാരിനോടുള്ള രാഷ്ട്രീയ വിദ്വേഷം സൂചിപ്പിക്കുന്ന ഒരു ആംഗ്യംപോലും രാജ്യദ്രോഹത്തിന്റെ കെണിയിൽ വരുന്നു. രാജ്യദ്രോഹനിയമത്തിന് ഭരണഘടനാപരമായി സാധുതയുള്ളതായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിൽ, സുപ്രീംകോടതി ഫെഡറൽ കോടതിയുടെ സമീപനം അംഗീകരിക്കുകയും 124 എ വകുപ്പ് സാധുതയുള്ളതാണെന്നും എന്നാൽ, വാക്കുകളോ ആംഗ്യങ്ങളോ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവണതയുണ്ടെങ്കിൽ മാത്രമേ അത് പ്രയോഗിക്കാൻ കഴിയൂവെന്നും വിധിച്ചു. 1950-ൽ ഭരണഘടന നിലവിൽ വന്നതിനുശേഷം ഐപിസിയിലെ സെക്‌ഷൻ 124 എയിൽ പറഞ്ഞിരിക്കുന്നതും പ്രിവി കൗൺസിൽ വ്യാഖ്യാനിച്ചതുമായ രാജ്യദ്രോഹം നിയമപുസ്തകത്തിൽ നിലനിൽക്കില്ലെന്ന് കോടതിക്ക് അറിയാമായിരുന്നു.  രാജ്യദ്രോഹത്തിന്റെ വസ്‌തുതകൾ കണക്കിലെടുത്ത്‌ പൗരന്മാരുടെ സംസാരസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും ന്യായമായ നിയന്ത്രണമെന്നനിലയിൽ കരട്‌ ഭരണഘടന മുന്നോട്ടുവച്ച നിർദേശം ഭരണഘടനാ നിയമനിർമാണസഭ തള്ളിക്കളഞ്ഞിരുന്നുവെന്ന  ബോധ്യം കോടതിക്ക്‌ ഉണ്ടാകേണ്ടതായിരുന്നു. സൂചന വ്യക്തമായിരുന്നു. രാജ്യത്ത് ആസന്നമായ ഒരു കമ്യൂണിസ്റ്റ് വിപ്ലവത്തെക്കുറിച്ച് കാര്യമായി വേവലാതിപ്പെട്ടതാണ്‌ രാജ്യദ്രോഹക്കുറ്റം നിലനിർത്താൻ കോടതി ആഗ്രഹിച്ചതിന്റെ കാരണം. ബിഹാറിലെ ബേഗു സരായിലെ പ്രാദേശിക കമ്യൂണിസ്റ്റായ കേദാർനാഥ് ഇതിന്‌ പ്രേരിപ്പിച്ചു. പക്ഷേ, സൂക്ഷ്മപരിശോധനയിൽ, ബാലഗംഗാധര തിലകിന്റെ കേസിൽനിന്ന് തികച്ചും വ്യത്യസ്‌തമായ നിലപാടല്ല കേദാർനാഥ്‌ കേസിൽ കോടതി സ്വീകരിച്ചതെന്ന്‌  കണ്ടെത്താനാകും. കേദാർനാഥ്‌ കേസ്‌ പ്രകാരം, പൊതുനിയമലംഘനത്തിന്‌ പ്രേരിപ്പിക്കുന്ന പ്രവണത രാജ്യദ്രോഹത്തിനു തുല്യമാകും, യഥാർഥ പൊതുനിയമലംഘനം ഉണ്ടാകേണ്ടതില്ല. അതുകൊണ്ട് കേദാർനാഥ്‌ കേസിലെയും  തിലക്‌ കേസിലെയും വിധികളിൽ തമ്മിൽ കാര്യമായ വ്യത്യാസമില്ല.

ക്രമസമാധാനലംഘനത്തിന്‌ പ്രേരിപ്പിക്കുന്ന പ്രവണതയെ 124 എ വകുപ്പിൽ ഉൾപ്പെടുത്തണമെന്നാണ്‌ ഇപ്പോൾ ലോ കമീഷൻ നിർദേശിച്ചത്‌. ഒരു പ്രസംഗത്തിലോ ലേഖനത്തിലോ ക്രമസമാധാനലംഘനത്തിന്‌ പ്രേരിപ്പിക്കുന്നരീതിയിൽ ഒരു പൗരൻ പ്രവർത്തിച്ചതായി ഒരു പൊലീസുകാരൻ കണ്ടെത്തുകയാണെങ്കിൽ ആ പൗരൻ ഏഴുവർഷമോ ജീവിതകാലം മുഴുവനോ ജയിലിൽ കിടക്കും. വാസ്തവത്തിൽ, കേദാർനാഥ് കേസിലെ വിധി രാജ്യദ്രോഹനിയമത്തെ മയപ്പെടുത്തിയില്ല. ഈ നിയമം റദ്ദാക്കണമെന്ന സാർവത്രിക ആവശ്യം ഉയരുമ്പോൾ ശിക്ഷ വർധിപ്പിക്കുന്നതിനുള്ള കമീഷന്റെ ശുപാർശ സാമാന്യയുക്തിയെ ധിക്കരിക്കുന്നതാണ്‌.  ഒരു ജനാധിപത്യ രാജ്യത്തെ സർക്കാരിനെ നീക്കം ചെയ്യാൻ അധികാരമുള്ള പൗരന്മാരെ സർക്കാരിനെതിരെ അസംതൃപ്തി ഉളവാക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുവെന്ന കുറ്റത്തിന്‌  ശിക്ഷിക്കുന്ന നിയമത്തിന്റെ അസംബന്ധം കമീഷനു കാണാൻ കഴിഞ്ഞില്ല.  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 124 എ വകുപ്പിൽ അടങ്ങിയിരിക്കുന്ന രാജ്യദ്രോഹനിയമം ഭരണഘടനാ വിരുദ്ധമെന്നതാണ് യഥാർഥ പ്രശ്നം. കേദാർനാഥ് കേസ്‌ വിധിയിലെ പിഴവ് കാണാൻ നിയമ കമീഷൻ പരാജയപ്പെട്ടു, അല്ലെങ്കിൽ, അത്‌ കാണാൻ താൽപ്പര്യം കാട്ടിയില്ല. കേദാർ നാഥ്‌ കേസ്‌ വിധിയിൽ ഒരു സർക്കാരിനെ രാജ്യമായി തുലനം  ചെയ്‌തത്‌  ഇന്നത്തെ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പശ്ചാത്തലത്തിൽ  യുക്തിക്ക് നിരക്കാത്തതാണ്‌.  അതിനാൽ, അനുച്ഛേദം 19 (2) പ്രകാരമുള്ള ന്യായമായ നിയന്ത്രണത്തിന്റെ ചട്ടക്കൂടിനുള്ളിൽ രാജ്യദ്രോഹത്തെ കൊണ്ടുവരാനുള്ള അതിന്റെ ശ്രമം ഭരണഘടനാപരമായി അനുവദനീയമല്ല.
ദ ഹിന്ദു ദിനപത്രത്തോട്‌ കടപ്പാട്‌

(ലോക്‌ സഭ മുൻ സെക്രട്ടറി ജനറലാണ്  ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top