17 September Tuesday

'സ്‌ത്രീപക്ഷമാണ്‌ 
 മനുഷ്യപക്ഷം' - ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരൻ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

സമയം രാവിലെ ഒമ്പത്‌. വെള്ളയമ്പലം–-കവടിയാർ റോഡിലെ ചീഫ്‌ സെക്രട്ടറിയുടെ ഔദ്യോഗിക വസതി സുമാനുഷം ബംഗ്ലാവിന്റെ ഗേറ്റ്‌ തുറന്ന്‌ ചെല്ലുമ്പോൾ പുതിയ ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരൻ ഓഫീസിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലാണ്‌. സ്വീകരണമുറിയിലെ സോഫയിലിരുന്ന്‌ പുതിയ ദൗത്യവും അനുഭവങ്ങളും പങ്കുവച്ചുതുടങ്ങിയപ്പോൾ മുഖത്ത്‌ തെളിഞ്ഞത്‌ വലിയൊരു പുഞ്ചിരി. 
ശാരദ മുരളീധരനുമായി ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ അശ്വതി ജയശ്രീ നടത്തിയ അഭിമുഖം

വയനാട്‌ പുനരധിവാസം, ടൗൺഷിപ്പ്‌ പ്രോജക്ട്‌ ഉൾപ്പെടെ വലിയ ദൗത്യങ്ങളാണ്‌ മുന്നിൽ, അതേക്കുറിച്ച്‌
പ്രകൃതിദുരന്തങ്ങൾക്കു ശേഷമുള്ള പുനരധിവാസം നാം ചെയ്തിട്ടുള്ള കാര്യം തന്നെയാണ്‌. പക്ഷേ, അത്‌ സമയബന്ധിതമായി തീർക്കണം, അതിനുള്ള നിശ്ചയദാർഢ്യമുണ്ട്‌. സർക്കാരും ഉന്നത ഉദ്യോഗസ്ഥരും സർവകക്ഷിയംഗങ്ങളും പൊതുജനങ്ങളും ഒന്നടങ്കം ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്‌. സുതാര്യമായ നടപടികളുമായി മുന്നോട്ടുപോകും. ശാസ്‌ത്രീയ അടിത്തറ ഉറപ്പുവരുത്തും. ദുരന്തത്തെ അതിജീവിച്ചവരുടെയും കുടുംബങ്ങളുടെയും താൽപ്പര്യങ്ങൾ പൂർണമായി ഉൾക്കൊണ്ടാകും മുന്നോട്ടുപോകുക. "സെൻസിറ്റീവായ' പുനരധിവാസമാകും വയനാട്ടിലേത്‌. ഓണത്തിനുശേഷം വയനാട്‌ സന്ദർശിക്കും.

കുടുംബശ്രീയുടെ ആറുവർഷത്തെ ചരിത്രത്തിന്റെ ഭാഗമാണ്‌ ശാരദ മുരളീധരൻ എങ്ങനെ വിലയിരുത്തുന്നു

ജെൻഡർ എന്ന വിഷയത്തിന്‌ വലിയ മാനങ്ങളാണുള്ളത്‌. തീക്ഷ്‌ണതയോടെ അതിൽ പ്രവർത്തിക്കുകതന്നെ വേണം. പ്രവർത്തന രേഖയിൽ ഈ വിഷയമുണ്ടെങ്കിലും ഓരോരുത്തരുടെയും മനസ്സിൽ കയറിച്ചെന്നാലേ അത്‌ വ്യക്തമാകൂ. ജെൻഡർ വിഷയങ്ങൾ എത്ര ഉൾക്കൊണ്ടിട്ടുണ്ടെന്നും അങ്ങനെയുണ്ടെങ്കിൽ അതിനായി പ്രയത്നിക്കാനും മാറ്റം കൊണ്ടുവരാനും എത്ര ശ്രമിച്ചെന്നും പരിശോധിക്കപ്പെടേണ്ടതാണ്‌. കുടുംബശ്രീ ഉണ്ടാക്കിയ മാറ്റം വ്യക്തമാണ്‌. ആരും ചെയ്യാൻ തയ്യാറാകാത്ത മാലിന്യനീക്കമെന്ന ജോലിയിൽ സ്‌ത്രീകൾ എത്തിയപ്പോൾ പലരും ആശ്ചര്യം കൂറി.  പക്ഷേ, കുടുംബശ്രീ അതിന്റെ ഭാഗമാകുമ്പോൾ ജോലിസാഹചര്യം, വരുമാനം, വസ്‌ത്രം മാറാനുള്ള സൗകര്യം, കലക്‌ഷൻ സെന്ററുകളുടെ സാഹചര്യം, ശുചിമുറികൾ ലഭ്യമാണോ, ഗുണഭോക്താക്കളുടെ പ്രതികരണം ഇതൊക്കെ ചോദ്യങ്ങളായി ഉയർന്നുവന്നു. ഇന്നവർ ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നു. പ്രതിച്ഛായ മാറ്റത്തിന്‌ ഇത്‌ കാരണമായി. അത്‌ കുടുംബശ്രീയുടെയും കേരളത്തിലെ സ്‌ത്രീസമൂഹത്തിന്റെയും വിജയമാണ്‌.

എട്ടുമാസം മാത്രമാണ്‌ സർവീസ്‌ കാലയളവ്‌, കേരളം മറക്കാത്ത ചീഫ്‌ സെക്രട്ടറിയായി മാറാൻ കഴിയുമോ
സർവീസ്‌ കഴിയാറായി എന്നുതന്നെ പറയാം. അഞ്ചാമത്തെ വനിതാ ചീഫ്‌ സെക്രട്ടറിയായതിനാൽ കേരളം മറക്കില്ലെന്നുതന്നെ കരുതാം. ഉദ്യോഗസ്ഥർ തങ്ങളുടെ സ്വഭാവത്തിന്റെയും അനുഭവസമ്പത്തിന്റെയും സ്വാധീനം ഒരു സ്ഥാനത്തിരിക്കുമ്പോൾ കൊണ്ടുവരുമെന്നാണ്‌ ഞാൻ കരുതുന്നത്‌. ഈ എട്ടുമാസം എങ്ങനെയാകും എന്നത്‌ അറിയില്ല. പക്ഷേ, സ്‌ത്രീപക്ഷമായ ഒരു ഭരണരീതിക്ക്‌ ചുക്കാൻപിടിക്കുകയാണ്‌ ആഗ്രഹം. ദാരിദ്ര്യലഘൂകരണവും സർക്കാർ മുൻഗണന നൽകുന്ന വിഷയമാണ്‌. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു വകുപ്പിൽ ഒതുങ്ങുന്നതല്ല. അവയെല്ലാം സംയോജിപ്പിക്കാനുള്ള ഇടപെടലും ചീഫ്‌ സെക്രട്ടറിയെന്ന നിലയിൽ ഉണ്ടാകും.

സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയെക്കുറിച്ച്‌
ഞങ്ങളൊക്കെ പ്രീ ഇന്റർനെറ്റ്‌ തലമുറയാണ്‌. ഇനി ഒരു പ്രീ റോബോട്ടിക്‌ തലമുറ ഉണ്ടാകും. ഈ മാറ്റങ്ങൾ എത്രയും പെട്ടെന്ന്‌ സ്വാംശീകരിക്കുക പ്രധാനമാണ്‌. ഡിജിറ്റൽ സർവകലാശാല, സ്റ്റാർട്ടപ് മിഷൻ, ബ്ലോക്ക്‌ ചെയിൻ, മെഷീൻ ലേണിങ്‌, അനിമേഷൻ വിഷ്വൽ ഇഫക്ട്‌സ്‌ ഗെയ്‌മിങ്‌ ആൻഡ്‌ കോമിക്സ്‌ നയം ഇതിന്റെ ചുവടുപിടിച്ച്‌ കൊണ്ടുവന്ന രൂപകൽപ്പനാനയം (ഡിസൈൻ പോളിസി) ഇതൊക്കെ ഭാവി മുൻകണ്ട്‌ നേരത്തേ തുടങ്ങിയ പദ്ധതികളാണ്‌. ആഗോള സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യംവച്ചുള്ള വീക്ഷണമാണ്‌.


വികസിത കേരളം, സ്‌ത്രീപക്ഷ സമീപനം എന്നിവയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ പദവി കരുത്ത്‌ പകരില്ലേ
വകുപ്പുകളിൽത്തന്നെ സ്‌ത്രീപക്ഷ സമീപനം ആവശ്യമാണ്‌. പലപ്പോഴും തലപ്പത്ത്‌ ആരാണ്‌ എന്നതിനെ അടിസ്ഥാനമാക്കിയാകും വകുപ്പുകളുടെ സ്വഭാവംപോലും നിർണയിക്കപ്പെടുക. അതിനാൽ തലപ്പത്ത്‌ ഇരിക്കുന്നവരിലേക്ക്‌ ഈ മനോഭാവം എത്തിക്കണം. "സ്‌ത്രീപക്ഷ മനോഭാവമെന്നാൽ മനുഷ്യപക്ഷ മനോഭാവമാണ്‌. മനുഷ്യപക്ഷ മനോഭാവമാണ്‌ പക്ഷേ, സ്‌ത്രീപക്ഷമല്ല എന്നുപറഞ്ഞാൽ നമ്മുടെ മനുഷ്യപ്പറ്റിൽ എന്തോ കുറവ്‌ സംഭവിച്ചിട്ടുണ്ടെന്നാണ്‌ അർഥം'. അത്‌ തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കാനുള്ള ആർജവം ഉണ്ടാക്കിക്കൊടുക്കേണ്ടതുണ്ട്‌. ഒറ്റയ്ക്ക്‌ ചെയ്യാനാകുന്ന ഒന്നല്ല ഇത്‌. കൂട്ടായ സമീപനം ഇതിനാവശ്യമാണ്‌. ഈ സാഹചര്യത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഒരു അവസരമായി കണ്ട്‌ സമൂഹത്തിൽ ഈ മാറ്റം കൊണ്ടുവരാനാകണം.

സാഹിത്യം–- കലാ സാഹിത്യ മേഖലയിലെ ഇടപെടലുകൾ
അധ്യാപികയാകുകയെന്ന ആഗ്രഹം നടക്കാതെ പോയപ്പോൾ സിവിൽ സർവീസുകാരിയായ ആളാണ്‌ ഞാൻ. സ്കൂൾപഠനം കഴിഞ്ഞപ്പോൾത്തന്നെ ഇംഗ്ലീഷ്‌ സാഹിത്യം പഠിക്കണമെന്നും അധ്യാപിക ആകണമെന്നുമുള്ള ആഗ്രഹമായിരുന്നു. പഠനത്തിനുശേഷം വലിയ ഇടവേള വന്നപ്പോഴാണ്‌ സിവിൽ സർവീസിനായി പഠിക്കുന്നത്‌. സർവീസിലെത്തിയശേഷം സാഹിത്യമേഖലയിൽ ഇടപെടാൻ സാധിച്ചിട്ടില്ല. തുടക്കകാലത്ത്‌ തിരുവനന്തപുരത്ത്‌ പബ്ലിക്‌ ലൈബ്രറി കേന്ദ്രീകരിച്ച്‌ ‘പോയട്രി ചെയിൻ ’ എന്ന പേരിൽ  കൂട്ടായ്മ ഉണ്ടായിരുന്നു. അതിൽ സ്വന്തം കവിതകൾ വായിച്ച്‌ ചർച്ച ചെയ്യുമായിരുന്നു.  കലക്ടറായിരുന്ന സമയത്ത്‌ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.

34 വർഷമാകുന്ന സർവീസ്‌ ജീവിതത്തിൽ 
ചാരിതാർഥ്യം നൽകിയ അനുഭവം
കുടുംബശ്രീയിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാഷൻ ടെക്‌നോളജിയിലുമാണ്‌ ഏറ്റവും ഇഷ്‌ടത്തോടെ പ്രവർത്തിച്ചത്‌. പഞ്ചായത്തീരാജ്‌ മന്ത്രാലയത്തിലെ പ്രവർത്തനങ്ങളും എന്നും ഓർമയിലുണ്ട്‌. അന്ന്‌ കേരളത്തിന്റെ ജനകീയാസൂത്രണത്തിന്റെ അനുഭവത്തിൽ സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി. തദ്ദേശസ്ഥാപനങ്ങളെ ഒന്നിനും കൊള്ളില്ലെന്ന മറ്റു സംസ്ഥാനങ്ങളുടെ ധാരണതന്നെ മാറിയത്‌ ഇതിലൂടെയാണ്‌. ജനകീയ പങ്കാളിത്തത്തോടെ സംവിധാനങ്ങൾ ശക്തമാക്കാമെന്ന കേരളത്തിന്റെ പാഠപുസ്തകം അവർക്കുമുന്നിൽ തുറന്നുനൽകി. അതിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ ജാർഖണ്ഡ്‌, അസം, സിക്കിം, ഹരിയാന പോലുള്ള സംസ്ഥാനങ്ങൾ മുന്നോട്ടുവന്നത്‌ കരിയറിലെ ഏറ്റവും വലിയ സന്തോഷം നൽകിയ നിമിഷമാണ്‌. ചെറുതെങ്കിലും ആസ്വദിച്ചുചെയ്ത ജോലിയാണത്‌.

ആദ്യ മന്ത്രിസഭായോഗത്തിലെ അനുഭവം
ആദ്യ മന്ത്രിസഭായോഗം എന്റെ രണ്ടാം മന്ത്രിസഭായോഗമായിരുന്നു. ചീഫ്‌ സെക്രട്ടറിയായിരുന്ന ഭർത്താവ്‌ വി വേണു പങ്കെടുക്കുന്ന അവസാന മന്ത്രിസഭായോഗത്തിൽ നിയുക്ത ചീഫ്‌ സെക്രട്ടറിയെന്ന നിലയിൽ പങ്കെടുക്കണമെന്ന നിർദേശമുണ്ടായിരുന്നു. വയനാടിന്റെ സാഹചര്യത്തിലായിരുന്നു അത്‌. അതുകൊണ്ട്‌ ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിനു മുമ്പ്‌ മന്ത്രിസഭായോഗ നടപടികൾ കാണാനും ഭാഗ്യമുണ്ടായി.  
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top