19 November Tuesday

ഉരുക്കുവനിതയുടെ പതനം - എം എ ബേബി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

 

വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച്‌ ബംഗ്ലാദേശിനെ പിടിച്ചുലച്ച വൻ ജനകീയപ്രക്ഷോഭമായി വളർന്ന സംഭവവികാസങ്ങൾ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ രാജിയോടെ ഒരുഘട്ടം പൂർത്തിയാക്കിയിരിക്കുന്നു. അടുത്തഘട്ടം എന്താകുമെന്നത് ഇനിയും വ്യക്തമായിട്ടില്ല. സൈന്യത്തിന്റെ പ്രതിനിധികളും സമരംചെയ്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത്‌ , പേരിനുമാത്രം അധികാരമുള്ള ബംഗ്ലാദേശ് പ്രസിഡന്റ്‌ പാർലമെന്റ്‌ പിരിച്ചുവിട്ടിരിക്കുകയാണ്. മുഖ്യമായും സമരംചെയ്ത വിദ്യാർഥി പ്രതിനിധികൾ നിർദേശിച്ചതു പ്രകാരം, പ്രധാനമന്ത്രിയായി എൺപത്തിമൂന്നുകാരനായ നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസാണ് പരിഗണിക്കപ്പെടുന്നത്. രാജിവച്ച് ഇന്ത്യയിൽ താൽക്കാലിക അഭയംനേടിയിരിക്കുന്ന ഷെയ്‌ഖ് ഹസീനയുടെ നയങ്ങളുടെ വിമർശകനായിരുന്നു ഗ്രാമീൺ ബാങ്കിലൂടെ ദരിദ്രർക്ക് ചെറുവായ്പകൾ നൽകി ദാരിദ്ര്യ ദൂരീകരണത്തിൽ ലോക ശ്രദ്ധ നേടുന്ന മാതൃക സൃഷ്ടിച്ച മുഹമ്മദ് യൂനുസ്. തന്നെ വിമർശിച്ചതിൽ പ്രകോപിതയായി മുഹമ്മദ് യൂനുസിനെതിരെ സാമ്പത്തിക കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റുചെയ്ത് ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഷെയ്ഖ് ഹസീന ശ്രമിച്ചത് വിവാദമായിരുന്നു. നൊബേൽ സമ്മാനത്തുക സ്വീകരിച്ചതും പുസ്തകങ്ങളുടെ റോയൽറ്റി കൈപ്പറ്റിയതും ആയിരുന്നു മുഹമ്മദ് യൂനുസിൽ ഹസീന കണ്ടെത്തിയ കടുത്തകുറ്റം. സ്വേച്ഛാധിപത്യമത്ത്‌ തലയ്ക്കുപിടിച്ചാൽ തന്റെ പഴയകാല ജനാധിപത്യ പാരമ്പര്യം മുഴുവൻ എപ്രകാരം ഒരു ബൂർഷ്വാ ഭരണാധികാരിക്ക് കൈമോശം വരാം എന്നതിന്റെ  ഉദാഹരണമാണ് ബംഗ്ലാദേശിൽ ഇപ്പോൾ കാണുന്നത്.

രണ്ട് ഘട്ടത്തിലായി 20 വർഷക്കാലം ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു ഹസീന. 2024ൽ നടന്ന തെരഞ്ഞെടുപ്പിൽ ‘വിജയിച്ച്‌ ‘ കാലാവധി പൂർത്തിയാക്കിയിരുന്നെങ്കിൽ തുടർച്ചയായി 20 വർഷം പ്രധാനമന്ത്രിയാകുകയും ആകെ കാൽനൂറ്റാണ്ടുകാലം ബംഗ്ലാദേശിനെ നയിക്കുകയും ചെയ്തു എന്ന ചരിത്രം അവർക്ക് സൃഷ്ടിക്കാൻ കഴിയുമായിരുന്നു. എത്ര പെട്ടെന്നാണ് ഉരുക്കുവനിത എന്ന അപരനാമധേയം നേടിയ ഹസീന രാജ്യം വിട്ട്‌ ഓടേണ്ടവിധം ജനരോഷത്തിന് വിധേയയായത്.
കഷ്ടിച്ച് ഒരു മാസംമുമ്പ് –-ജൂലൈ ഒന്നിന്‌  സർവകലാശാലാ വിദ്യാർഥികൾ സംവരണനയം പുതുക്കണമെന്ന് ആവശ്യപ്പെട്ട്‌ ആരംഭിച്ചതാണ് ഈ സമരം. അവർ റോഡും റെയിൽവേയും ഉപരോധിച്ചു. കഴിഞ്ഞ ജനുവരിയിൽ അഞ്ചാമത് തെരഞ്ഞെടുപ്പുവിജയം നേടിയ ഹസീന ഒരാവശ്യവുമില്ലാതെ വിദ്യാർഥികൾ സമയം പാഴാക്കുകയാണെന്നാണ് ഈ സമരത്തെ ആദ്യം പരിഹസിച്ചത്. ഹസീനയുടെ തെരഞ്ഞെടുപ്പുവിജയത്തെക്കുറിച്ച് തുടർച്ചയായി ആക്ഷേപങ്ങൾ ഉണ്ടായിരുന്നു എന്നത് ഇത്തരുണത്തിൽ പ്രസക്തമാണ്. ബംഗ്ലാദേശിലെ കമ്യൂണിസ്റ്റ് പാർടിയും മുഖ്യ പ്രതിപക്ഷ പാർടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടിയും ഇക്കഴിഞ്ഞതെരഞ്ഞെടുപ്പ്‌  ബഹിഷ്‌കരിക്കുകയായിരുന്നു. ഒരു ഇടതുപക്ഷ പാർടിയായ ബംഗ്ലാദേശ്‌ തൊഴിലാളി പാർടി ഹസീനയുടെ അവാമി ലീഗുമായി സഖ്യത്തിൽ ആയിരുന്നതിനാൽ സ്വാഭാവികമായി മത്സരരംഗത്തുണ്ടായിരുന്നു. തീവ്രവാദനയങ്ങൾ പിന്തുടരുന്നതിന്റെ പേരിൽ ജമാ അത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടിരുന്നതിനാൽ  അവർ തെരഞ്ഞെടുപ്പ്‌ രംഗത്തുണ്ടായിരുന്നില്ല.

വിദ്യാർഥികളുടെ ജൂലൈ സമരം പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്താൻ സർക്കാർ മുതിർന്നത്‌ സ്ഥിതിഗതി ചൂടുപിടിപ്പിച്ചു. പൊലീസിനൊപ്പം സമരക്കാരെ നേരിടാൻ ഭരണപാർടിയായ അവാമി ലീഗിന്റെ കായികസംഘവും രംഗത്തെത്തിയതോടെ ഇരുഭാഗത്തും മരണമുണ്ടായി. ആഗസ്‌ത്‌ നാലോടെ സമരരംഗത്ത്‌ നൂറുകണക്കിന്‌ മരണം ഉണ്ടായപ്പോൾ 14 പൊലീസുകാരും  കൊല്ലപ്പെട്ടു . മുൻസൈനികത്തലവൻ ഇഖ്‌ബാൽ കരിം ഭുയ്‌യാൽ സാർക്കാരിനോട്‌ സൈന്യത്തെ പിൻവലിക്കാനും സമാധാനം സ്ഥാപിക്കാനും പരസ്യമായി ആവശ്യപ്പെടുകയും മനുഷ്യജീവൻ നഷ്ടപ്പെടുത്തിയതിനെ അപലപിക്കുകയും ചെയ്തു. ഇപ്പോഴത്തെ സൈനികമേധാവി, സൈന്യം ജനങ്ങൾക്കൊപ്പമാണെന്ന് ആഗസ്‌ത്‌ നാലിനു പ്രഖ്യാപിച്ചു. എല്ലാ നിയന്ത്രണവും തകർത്തെറിഞ്ഞുകൊണ്ട് വിദ്യാർഥികളും ജനങ്ങളും പൊലീസ് സ്റ്റേഷനുകളും സർക്കാർ ഓഫീസുകളും ഓരോന്നായി കൈയടക്കാൻ തുടങ്ങി. ടെലിവിഷൻ സ്റ്റേഷൻ തീവച്ചു. പ്രധാനമന്ത്രിയുടെ താമസസ്ഥലം സമരക്കാർ കൈയേറുമെന്ന് മനസ്സിലാക്കി പ്രധാനമന്ത്രിയോട് അനുഭാവമുള്ള സൈനിക ഉദ്യോഗസ്ഥർ തക്കസമയത്ത് സഹായിച്ചതുകൊണ്ടാണ് വ്യോമസേനയുടെ വിമാനത്തിൽ രക്ഷപ്പെടാൻ ഹസീനയ്ക്ക് കഴിഞ്ഞത്.


 

ബംഗ്ലാദേശിന്റെ സ്ഥാപകനായ ബംഗബന്ധു എന്ന അപര നാമധേയത്തിൽ പുകൾപെറ്റ  ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രിയപുത്രിയാണ്‌ സാഹസികമായ പൊതുജീവിതത്തിന്റെ അവസാന അധ്യായം ഇത്തരത്തിൽ അത്യന്തം ദാരുണമായവിധത്തിൽ കലാശിക്കുന്നതിന്‌ ഇട വരുത്തിയിരിക്കുന്നത്. സാമ്പത്തിക വികാസത്തിന്റെ മേഖലയിൽ ശ്രദ്ധേയമായ പല നേട്ടത്തിനും നേതൃത്വം കൊടുക്കാൻ കഴിഞ്ഞ പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന എന്ന കാര്യം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ചൈനയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനുള്ള നയതന്ത്രചാതുര്യം അവർക്കുണ്ടായിരുന്നു. മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നടപടികളും അവർ കൈക്കൊണ്ടു.

അപ്പോൾ അവർക്ക് പിന്നെ എവിടെയാണ് പിഴച്ചത്. സർക്കാരിലും അവാമി ലീഗിനുള്ളിലും സ്വന്തം നേതൃത്വം അരക്കിട്ടുറപ്പിച്ചതിനെത്തുടർന്ന് ചുറ്റുംകൂടിയ സ്തുതിപാഠകർ പറയുന്നതുമാത്രം കേൾക്കുന്ന സ്ഥിതി വളർന്നുവന്നു. ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന മാതൃകയിൽ ഷെയ്ഖ് ഹസീനയുടെ വ്യക്തിപ്രഭാവം ചോദ്യംചെയ്യപ്പെടാത്ത സ്ഥിതിയിലായി. അഴിമതി വ്യാപകമായി. അഴിമതിക്കാർ അവാമി ലീഗിന്റെ അനുകൂലികളായാൽ ഒരു പ്രശ്നവുമില്ല. വിമർശകരെ വച്ചുപൊറുപ്പിക്കാത്ത സമീപനവും ഉണ്ടായി. തെരഞ്ഞെടുപ്പുവിജയം ഉറപ്പാക്കാൻ ജനാധിപത്യവിരുദ്ധമായ കൃത്രിമ മാർഗങ്ങൾ ഷെയ്‌ക്ക് ഹസീന കൗശലപൂർവം ഉപയോഗിക്കുന്നതു സംബന്ധിച്ച് വ്യാപകമായ വിമർശവും ബംഗ്ലാദേശിൽനിന്നും പുറം രാജ്യങ്ങളിൽനിന്നും ഉണ്ടായി. സംവരണനയത്തിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട്‌ , രൂക്ഷമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ തുടങ്ങിയ വിദ്യാർഥി സമരം അതിരൂക്ഷമായ ബഹുജന മുന്നേറ്റമാകുന്നതിൽ രണ്ടു ഘടകമുണ്ട്. ഒന്ന്, പൊലീസിനെയും അവാമി ലീഗ് സംഘങ്ങളെയും ഉപയോഗിച്ചുള്ള രക്തരൂഷിതമായ അടിച്ചമർത്തൽ ശൈലി. രണ്ട്‌, സമരക്കാരെ ‘റസാഖർമാർ’ എന്ന് ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത്. ബംഗ്ലാദേശ് വിമോചനസമരകാലത്ത് ബംഗ്ലാദേശിൽ ജനങ്ങളെ കൊന്നൊടുക്കാനും സ്ത്രീകളെ മാനഭംഗപ്പെടുത്താനും തയ്യാറായ പടിഞ്ഞാറൻ പാകിസ്ഥാൻകാരായ സൈനികരെയാണ് ‘റസാഖർമാർ’ എന്നു വിശേഷിപ്പിച്ചിരുന്നത്.

ഏതു തരത്തിലുള്ളൊരു രാഷ്ട്രീയ ബദൽ സംവിധാനമാണ് അവിടെ രൂപമെടുക്കുക എന്നത് വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യത്തെ ബംഗ്ലാദേശിലെ വലതുപക്ഷ –-തീവ്രവാദശക്തികൾ ചൂഷണം ചെയ്യാൻ ശ്രമിക്കാതെ നോക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർടി പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇത്തരം കരുതലിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. സൈന്യം പിടിമുറുക്കാൻ താൽപ്പര്യം കാണിക്കാനുള്ള സാധ്യതയും പടിഞ്ഞാറൻ പാകിസ്ഥാനിലെപ്പോലെ അല്ലെങ്കിലും ബംഗ്ലാദേശിലും അനുഭവമുള്ളതാണ്. ലോകത്തിലെ ഏതു കോണിൽ ഇടപെടാനും താൽപ്പര്യമുള്ള അമേരിക്കയും സിഐഎയും കലക്കവെള്ളത്തിൽ നേട്ടമുണ്ടാക്കാൻ കഴുകൻ കണ്ണുകളുമായി ചുറ്റി പറക്കുന്നുണ്ടെന്നത്‌ മറന്നുകൂടാ. ബംഗ്ലാദേശ് വിമോചനസമരകാലത്ത് ഇന്ത്യയെയും വിമോചന പോരാളികളെയും ഭയപ്പെടുത്താൻ ആണവായുധങ്ങൾ സജ്ജീകരിച്ച ഏഴാം കപ്പൽപ്പടയെ വിന്യസിക്കാൻ നീങ്ങിയവരാണ് യുഎസ് സാമ്രാജ്യത്വം എന്നത്‌ ഓർമ വേണം. ഇന്ത്യയിലെ എല്ലാ മുഖ്യരാഷ്ട്രീയ പാർടികളെയും വിശ്വാസത്തിലെടുത്തുകൊണ്ടും ഇന്ത്യ പിന്തുടർന്നുപോരുന്ന സുപരീക്ഷിതമായ ചേരിചേരാ പ്രസ്ഥാനത്തിന്റെ നിലപാടിൽ ഉറച്ചുനിന്നും വേണം കേന്ദ്ര സർക്കാർ ബംഗ്ലാദേശ് സംഭവവികാസങ്ങൾ സംബന്ധിച്ച പ്രതികരണങ്ങൾ രൂപപ്പെടുത്താനെന്ന്‌ ചൂണ്ടിക്കാണിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top