13 November Wednesday

ശഹീദ് മിനാറില്‍ വീണ്ടും വസന്തം വരുമോ

ഡോ. ഷിജൂഖാൻ shijukhanpathamkallu@gmail.comUpdated: Sunday Aug 11, 2024

കിഴക്കൻ പാകിസ്ഥാനിൽനിന്ന് ലോകമെങ്ങുമുള്ള പോരാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ ഷേഖ് മുജീബുർ റഹ്മാൻ. ആധുനിക ബംഗ്ലാദേശ് ശിൽപ്പിയായ അദ്ദേഹത്തിന്റെ പടുകൂറ്റൻ പ്രതിമ തകർന്നുവീഴുന്ന ദൃശ്യം ടെലിവിഷനിൽ കാണുമ്പോൾ ജനശക്തിയുടെ ആഴമെത്രയെന്ന് ചിന്തിക്കുകയായിരുന്നു. ധാക്കയിൽ ചെലവഴിച്ച നാളുകളിൽ ഞാൻ കണ്ട രാത്രികളുടെ സൗന്ദര്യം ഇപ്പോൾ അവിടെയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. നിയോൺ വെളിച്ചത്തിന്റെ മുഖമുള്ള സന്തുഷ്ടനഗരത്തിന്‌ ഇപ്പോൾ രക്തത്തിന്റെ മണമാണ്‌. ഒരു പരിചയവുമില്ലാതെ ചെന്നുകയറിയിട്ടും എന്നെ കെട്ടിപ്പിടിച്ച് -ഇന്ത്യക്കാരോടുള്ള അഗാധ സ്നേഹം പ്രകടിപ്പിച്ച ധാക്കയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ഇപ്പോൾ അവിടെ ഉണ്ടാകുമോ? ധൻമോണ്ടി റോഡിലുള്ള ഷേഖ് മുജീബുർ റഹ്മാൻ മെമ്മോറിയൽ മ്യൂസിയംവരെ തീ പടർന്നുകയറിയ നിലയ്‌ക്ക്‌?

മഹാക്ഷേത്രങ്ങളും മുഗൾ സാംസ്കാരിക ചാരുതയും ഇസ്ലാമിക ശിൽപ്പചാതുരിയും ബുദ്ധ പാരമ്പര്യവും നിറഞ്ഞുനിൽക്കുന്ന നഗരവീഥികൾ. അനേകം ചേരികൾ, ചിരപുരാതനകാലത്തെ ഓർമിപ്പിക്കുന്ന മന്ദിരങ്ങൾ, കോട്ടകൾ, കൊത്തളങ്ങൾ, കൊട്ടാരങ്ങൾ, എന്തുമാത്രം കാകളാണ്‌ അവിടെ. എത്രയെത്ര മഹാപ്രതിഭകൾ ജനിച്ച നാടാണ്‌ അത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ജ്യോതിബസു ജനിച്ചതും ധാക്കയിലാണ്.

ഷേഖ് ഹസീന സർക്കാരിനെതിരെയുള്ള വികാരം അനിയന്ത്രിതമായപ്പോൾ ധാക്കയിലെ തെരുവുകളിൽ തലയെടുപ്പോടെ നിന്ന എത്രയോ ശിൽപ്പങ്ങളും പ്രതിമകളും ഉടഞ്ഞുവീണു. അതൊരു ജനതയുടെ മനസ്സിൽ നിന്നുകൂടിയാണ്‌ തകർന്നതെങ്കിൽ, ഇനിയെന്നെങ്കിലും തിരികെ വരുമോ? ഇപ്പോൾ അവ ഓരോന്നും നിപതിക്കുന്നത് ഉഗ്രമായ ശബ്ദഘോഷത്തോടെയാണ്. അതിനുള്ള കാരണം തിരഞ്ഞ് അധികം പോകേണ്ട. ഷേഖ് മുജീബുർ റഹ്മാന്റെ പ്രിയപുത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷേഖ് ഹസീനയുടെ ഭരണത്തോടുള്ള കടുത്ത എതിർപ്പ്. ധൻമോണ്ടി റോഡിലുള്ള ഷേഖ് മുജീബുർ റഹ്മാൻ മെമ്മോറിയൽ മ്യൂസിയംവരെ തീപിടിച്ച പ്രക്ഷോഭം. ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള തീർഥാടനംപോലെ ഇന്നലെകളിൽ ജനമൊഴുകിവന്ന ഷേഖ് മുജീബുർ റഹ്മാന്റെ ഭവനം ഇന്ന് പ്രതിഷേധാഗ്നിയിൽ വെന്തുതകരുകുന്നു. ബംഗ്ലാദേശ് രൂപീകരണത്തിനു മുന്നോടിയായി ഒട്ടേറെ ചർച്ചകൾക്ക് സാക്ഷ്യംവഹിച്ച, പാകിസ്ഥാൻ പട്ടാളത്തിനെതിരെ നടത്തിയ ജനകീയ പോരാട്ടത്തിന് ഗൃഹപാഠം നെയ്ത, രാജ്യദ്രോഹം ചുമത്തി മുജീബുർ റഹ്മാനെ അറസ്റ്റുചെയ്ത, ജനകീയസമരത്തിനിടയിൽ ബംഗ്ലാ ദേശീയപതാക പാറിയ -ആ ഭവനം ഇന്ന് ക്രൂരമായി ആക്രമിക്കപ്പെടുന്നു. 1920ൽ ഇന്ത്യയിലെ ഗോപാൽഗഞ്ച് ഗ്രാമത്തിൽ ജനിച്ച, മുസ്ലിംലീഗിൽ പ്രവർത്തിച്ച, പിന്നീട് കിഴക്കൻ പാകിസ്ഥാൻ മുസ്ലിം വിദ്യാർഥി ലീഗിന്റെ നായകനായി മാറിയ, മുസ്ലിം അവാമി ലീഗിന്റെ നേതാവും പിന്നീട് അവാമി ലീഗിനെ പ്രതിനിധാനംചെയ്‌ത്‌ കിഴക്കൻ പ്രവിശ്യാ നിയമസഭാംഗവും മന്ത്രിസഭാംഗവുമായ നേതാവ്. 1971ലെ ബംഗ്ലാദേശ് ജനകീയസമരം ഷേഖ് മുജീബുർ റഹ്മാനെ ലക്ഷണമൊത്ത ലോക നേതാവായി വാർത്തെടുക്കുകയായിരുന്നു.

മഹാസമരങ്ങൾ



ഇന്ന് വീണ്ടും ബംഗ്ലാദേശ് പ്രക്ഷുബ്ധമാകുമ്പോൾ ഇന്നലെകളിലെ മഹാസമരങ്ങൾ ഫയൽരേഖ മാത്രമല്ലെന്നു ജനങ്ങൾ തിരിച്ചറിയുന്നു. അവിഭക്ത പാകിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയോടുള്ള സർക്കാരിന്റെ കടുത്ത അവഗണനയാണ് ബംഗ്ലാ ജനകീയ സമരത്തിന് ആധാരം. ആ പ്രദേശത്തോട് ഒരു കോളനി രാജ്യത്തൊടെന്നപോലെ പാകിസ്ഥാൻ പെരുമാറി. ബംഗാളി ഭാഷയ്ക്കുവേണ്ടി 1952ൽ നടന്ന ധാക്ക സർവകലാശാലാ സമരവും പാകിസ്ഥാന്റെ ക്രൂരവിനോദങ്ങളും നിരവധി വിദ്യാർഥികളുടെ രക്തസാക്ഷിത്വവും വിസ്മൃതമായിട്ടില്ല. ‘ഫെബ്രുവരി 21' അഥവാ ‘ഏകുഷി പഥിക്' പ്രക്ഷോഭം എന്നപേരിൽ അതറിയപ്പെട്ടു. ആ പ്രക്ഷോഭത്തിന് രണ്ടുപതിറ്റാണ്ട് തികയുമ്പോൾ (1971–-72) കാലം പാകിസ്ഥാനോട് പകവീട്ടിയത് കിഴക്കൻ ജനതയ്ക്ക് സ്വയംഭരണം നൽകിക്കൊണ്ടല്ല, സ്വന്തമായൊരു രാഷ്ട്രം സമ്മാനിച്ചു കൊണ്ടാണ്. ബംഗ്ലാ വിമോചനസമരം വിജയം കൈവരിച്ചത് സത്യഗ്രഹ സമരത്തിനൊടുവിലല്ല, രക്തരൂക്ഷമായ പോരാട്ടം നടത്തിയാണ്. പാകിസ്ഥാൻ പട്ടാളമേധാവി യഹ്യാഖാനും ധാക്കയിൽ  അഡ്മിനിസ്ട്രേഷൻ ജനറൽ ടിക്കാഖാനും നരനായാട്ട് നടത്തി. ഒരുകോടി ബംഗ്ലാജനത ഇന്ത്യയിൽ അഭയാർഥികളായി.

എന്നാൽ, കിഴക്കൻ പ്രവിശ്യയിലെ പരിശീലനം സിദ്ധിച്ച മുൻ പട്ടാളക്കാരും പാക് വിരുദ്ധ കലാപകാരികളും ചേർന്ന് മുക്തി ബാഹിനി എന്നപേരിൽ ജനകീയ സേനയുണ്ടാക്കി പാകിസ്ഥാനെ തിരിച്ചടിച്ചു. 1971 ഡിസംബറിൽ കാശ്മീരിലെ അവന്തിപുര മുതൽ രാജസ്ഥാൻ വരെയുള്ള എയർബേസുകളിലേക്ക് പാകിസ്ഥാൻ ബോംബ് വർഷിച്ചു. ഇന്ത്യ തിരിച്ചടിച്ചു. 13 ദിവസം നീണ്ട യുദ്ധം. ഒടുവിൽ പാകിസ്ഥാൻ അടിയറ പറഞ്ഞു. പാകിസ്ഥാന് പിന്തുണ അറിയിച്ച് അമേരിക്കയുടെ ആണവായുധക്കപ്പലുകൾ ബംഗാൾ ഉൾക്കടലിലെത്തി. ബ്രിട്ടൻ വിമാനവാഹിനി പടയെ അയച്ചു. എന്നാൽ, സോവിയറ്റ് യൂണിയൻ ഇന്ത്യക്കൊപ്പം നിന്നു. അമേരിക്കൻ, ബ്രിട്ടീഷ് കപ്പലുകൾ ഇന്ത്യയെ ആക്രമിച്ചാൽ സോവിയറ്റ് യൂണിയൻ പ്രതിരോധം തീർക്കും. ഇതായിരുന്നു ഇന്ത്യ–-- സോവിയറ്റ്  ബന്ധം. അതാണ് നമ്മളും ബംഗ്ലാദേശും തമ്മിലുള്ള രക്തസാഹോദര്യം. പാകിസ്ഥാന്റെ ഭാഷാനയത്തിനെതിരെയും ബാംഗാളി ഭാഷയെ സംരക്ഷിക്കാനും വിദ്യാർഥികൾ നടത്തിയ ഉജ്വല പ്രക്ഷോഭമാണ് കിഴക്കൻ പ്രവശ്യയിലെ ലക്ഷണമൊത്ത ആദ്യത്തെ സംഘടിതസമരം. ധാക്ക സർവകലാശാലയിൽ സ്ഥാപിച്ച ശഹീദ് മിനാർ ആ കാലത്തിന്റെ ഓർമയാണ്.

ഏകുഷി പഥിക്


1952ലെ മഹത്തായ വിദ്യാർഥി സമരത്തെ -ഏകുഷി പഥിക് അഥവാ ഫെബ്രുവരി 21 പ്രക്ഷോഭം -എന്നപേരിൽ വർഷാവർഷം അനുസ്മരിക്കുന്നു. രാജ്യമെങ്ങും കലാ-സാംസ്കാരിക സമ്മേളനങ്ങൾ, ദേശീയ പുസ്തകോത്സവം, ചരിത്രപ്രദർശനം എന്നിവയുണ്ട്. ഞാൻ ബംഗ്ലാദേശിൽ ചെലവഴിച്ച നാളുകളിൽ ഇത്തരമൊരു പരിപാടിയിൽ പങ്കാളിയായി. എല്ലാ കണ്ണുകളും ശഹീദ് മിനാറിലെത്തുന്ന ദിവസം. ഷേഖ് ഹസീന ഉൾപ്പെടെ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ലക്ഷങ്ങൾ ഒഴുകിയെത്തുന്ന ദിനം. ഒരു നഗരം ഒന്നടങ്കം അവിടേക്ക് മാർച്ച് ചെയ്യുകയാണോ എന്ന് തോന്നി. ഷേഖ് മുജീബുർ റഹ്മാന്റെയും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെയും വർണ ചിത്രങ്ങൾ, ശഹീദ് മിനാറിന്റെ മിനിയേച്ചർ പതിപ്പുകൾ നഗരത്തിലെങ്ങുമുണ്ട്. ജനനേതാക്കളും ഉദ്യോഗസ്ഥരും പുഷ്പാഞ്ജലി അർപ്പിച്ചു കടന്നുപോകുന്നു. ചിലർ പാട്ടുപാടുന്നു. ചിലർ നൃത്തംചെയ്യുന്നു. മറ്റു ചിലർ മുദ്രാവാക്യം വിളിക്കുന്നു. മതവും ജാതിയും പ്രാദേശികതയും തങ്ങൾക്ക് പ്രധാനമല്ലെന്നും ബംഗാളി (ബംഗ്ലാ) ഭാഷയാണ് അതിനും മുകളിലെന്നും അവർ ഓർമിപ്പിച്ചു. സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടുനിന്നപ്പോൾ 1971 മാർച്ച് ഏഴിന് ഷേഖ് മുജിബുർ റഹ്മാൻ നടത്തിയ പ്രഭാഷണം ചരിത്രപ്രസിദ്ധമാണ്.

‘‘ഇനിയുള്ള നമ്മുടെ പോരാട്ടം മാനവമോചനത്തിന്റേതാണ്. ബംഗ്ലാ ജയിക്കട്ടെ.   രക്തമേറെ നാം അതിനായി ചിന്തിക്കഴിഞ്ഞു. അതിനാൽത്തന്നെ നാമിനിയും രക്തമൊഴുക്കും. ദൈവാനുഗ്രഹത്താൽ നാം വിമോചിതരാകുകതന്നെ ചെയ്യും. ഓരോ വീടും ഓരോ കോട്ടയാക്കി മാറ്റുക. കൈയിൽ ലഭിക്കുന്നതെന്തും ആയുധമാക്കുക.'' -ആധുനിക ബംഗ്ലാദേശ് പിറന്നത് മഹാസമരത്തിനൊടുവിലാണ്. ആദ്യ പ്രസിഡന്റായി ഷേഖ് മുജീബുർ റഹ്മാനും പ്രധാനമന്ത്രിയായി താജുദ്ദീൻ അഹമ്മദും നിയമിതരായി. 1975ൽ പട്ടാള അട്ടിമറി നടന്നു. സൈന്യവും ഉദ്യോഗസ്ഥരും  ഗൂഢാലോചന നടത്തി മുജീബുർ റഹ്മാനെയും കുടുംബത്തെയും സ്വവസതിയിൽ വെടിവച്ചുകൊന്നു.

സിയാവുർ റഹ്മാൻ ഭരണം പിടിച്ചു. 1981ൽ സിയാവുർ റഹ്മാൻ വധിക്കപ്പെട്ടു. 1982ൽ നടന്ന അട്ടിമറിയിലൂടെ ലെഫ്റ്റനന്റ്‌ ജനറൽ ഹുസൈൻ മുഹമ്മദ് എർഷാദ് ഭരണത്തിലെത്തി. 1990ൽ അഴിമതിക്കെതിരെ വൻ പ്രതിഷേധമുയർന്നു. തുടർന്ന് എർഷാദിന്റെ രാജി. 1991ലും 2001ലും തെരഞ്ഞെടുപ്പിലൂടെ ഖാലിദ സിയ പ്രധാനമന്ത്രി. 1996, 2009, 2014, 2019, 2024  വർഷങ്ങളിൽ ഷേഖ് ഹസീന പ്രധാനമന്ത്രി. 2006-–-2008ൽ ശക്തമായ ആഭ്യന്തര പ്രശ്നങ്ങളും സമരങ്ങളുമുണ്ടായി. അവാമി ലീഗ്, ബിഎൻപി, ജതീയ പാർടി, കമ്യൂണിസ്റ്റ് പാർടി ഓഫ് ബംഗ്ലാദേശ് എന്നിവ വളരെ ശക്തമാണ്. നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി പ്രധാന പ്രസ്ഥാനമാണ്. 2014 മുതൽ പൊതുതെരഞ്ഞെടുപ്പിൽ അവാമി ലീഗ് തെറ്റായ രീതികളും കൃത്രിമത്വവും നടത്തിയതായും പ്രതിപക്ഷനേതാക്കളെ വേട്ടയാടിയതായും വിമർശമുയർന്നു. അഴിമതിയും അധികാര ദുർവിനിയോഗവും പടർന്നു. തൊഴിലില്ലായ്മ വ്യാപകമായി.

‘റാസാക്കർ’  വലച്ചു


2024 ജൂലൈയിൽ സംവരണ വിഷയമുയർത്തി വിദ്യാർഥി സമരം ശക്തമായി. റോഡ്, റെയിൽ എന്നിവ ഉപരോധിച്ചു. ഷേഖ് ഹസീന സർക്കാർ വിദ്യാർഥികളെ ക്രൂരമായി വേട്ടയാടി. ബംഗ്ലാ വിമോചന സേനാനികൾക്കുള്ള സംവരണം 30 ശതമാനം ആയിരുന്നു. സംവരണവിരുദ്ധ സമരത്തിനൊടുവിൽ ഇത് പിൻവലിക്കപ്പെട്ടു. എന്നാൽ, സംവരണത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടിയത് വിദ്യാർഥികളെ കലാപത്തിലേക്ക് ആനയിച്ചു. സുപ്രീംകോടതി സംവരണം വെട്ടിക്കുറച്ചു. എന്നാൽ, പ്രക്ഷോഭത്തിനിടെ ആളുകൾ കൊല്ലപ്പെട്ടതിൽ ഷേഖ് ഹസീന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും നഷ്ടപരിഹാരം ആവശ്യപ്പെട്ടും സമരം പടർന്നു. വിദ്യാർഥികൾ തെരുവുകൾ കൈയിലെടുത്തു.

1971ലെ വിമോചന പ്രക്ഷോഭനാളുകളിൽ പാകിസ്ഥാൻ അനുകൂലികളായിരുന്ന ‘റാസാക്കർ’മാരുമായി വിദ്യാർഥികളെ താരതമ്യപ്പെടുത്തിയ ഷേഖ് ഹസീനയുടെ നടപടി വൻ പ്രതിഷേധത്തിന്‌ ഇടയാക്കി. സംവരണ വിഷയമുയർത്തി ആരംഭിച്ച വിദ്യാർഥി സമരം ഒരുമാസം പിന്നിടുമ്പോൾ 560 പേർ മരിച്ചു.  സമരത്തെ പൊലീസും അവാമി ലീഗ് പ്രവർത്തകരും നേരിട്ടു. തുടർന്ന് സംഘർഷം വ്യാപിച്ചു. പതിനയ്യായിരത്തിലധികം പേരെ അറസ്റ്റുചെയ്തു. ഒടുവിൽ പൊലീസും സൈന്യവും പ്രധാനമന്ത്രിയെ കൈവിട്ടു. ഷേഖ് ഹസീന അധികാരം വിട്ടിറങ്ങി. ജനാധിപത്യത്തിന് വിലകൽപ്പിക്കാത്ത, വിദ്യാർഥി സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച ഒരു ഭരണാധികാരികൂടി ചരിത്രത്തിനുമുന്നിൽ തലകുമ്പിട്ടിരിക്കുന്നു.

അവിടെയും അമേരിക്ക?

മുമ്പ് ഷേഖ്  ഹസീനയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ അമേരിക്ക നിലപാട് സ്വീകരിച്ചതും ഷേഖ് ഹസീന സർക്കാർ നിരോധിച്ച ജമാത്തെ ഇസ്ലാമി നേതാക്കളുമായി അമേരിക്കൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതും ഇക്കാര്യത്തിൽ സംശയങ്ങളുണ്ടാക്കി. ഹസീന ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കളെ മുഖ്യധാരയിൽ ഉയർത്തിക്കൊണ്ടുവന്നതും മതമൗലികവാദികളായ ഇസ്ലാമിസ്റ്റുകളെ തുറന്നെതിർത്തതും അവരെ പ്രകോപിതരാക്കിയിട്ടുണ്ടാകും.

ഷേഖ് ഹസീന നാടുവിട്ട ഉടൻ സൈന്യം വിളിച്ചുചേർത്ത പ്രതിപക്ഷയോഗത്തിൽ വർക്കേഴ്സ് പാർടി, കമ്യൂണിസ്റ്റ് പാർടി എന്നിവരെ വിളിച്ചില്ല. ബിഎൻപി, ജാതീയ പാർടി എന്നിവർക്കൊപ്പം ജമാഅത്തെ ഇസ്ലാമി ക്ഷണിക്കപ്പെട്ടു. പുതുതായി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആരെല്ലാം ഇതിൽ പങ്കാളികളാകുമെന്ന് കണ്ടറിയണം. ബംഗ്ലാദേശിലേത് ഏകാധിപത്യ പ്രവണതകൾക്കും അഴിമതിക്കും എതിരായ ജനകീയമുന്നേറ്റമാണ്. ഈ സാഹചര്യത്തിൽ വിദേശ ശക്തികളെ ഉപയോഗിച്ചും അവരുടെ പിന്തുണയോടെയും മതമൗലികവാദ, വലതുപക്ഷ, വർഗീയ പ്രസ്ഥാനങ്ങൾ മുതലെടുപ്പ് നടത്താൻ ശ്രമിച്ചേക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top