21 November Thursday

പെൺപോരാട്ടങ്ങളിലെ നാഴികക്കല്ല്; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇടത് സർക്കാരിന്റെ നിശ്ചയദാർഢ്യം: ബൃന്ദ കാരാട്ട്

വിവർത്തനം: ടി എസ്‌ ശ്രുതി Updated: Friday Aug 30, 2024

നീതിക്കുവേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തിലെ നാഴികക്കല്ലാണ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.  മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അസമത്വത്തെയും ലൈംഗിക ചൂഷണങ്ങളെയും കുറിച്ചുള്ള വെളിപ്പെടുത്തലില്‍ പ്രതികരിച്ച് സിപിഐ എം പാര്‍ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. സ്‌ത്രീകളോട് അനുഭാവം പുലർത്തുകയും അവരുടെ ശബ്ദം കേൾക്കുകയും ചെയ്യുന്ന ഒരു സർക്കാർ ഉണ്ടെന്നത്‌ കേരളസമൂഹത്തിന്‌ പ്രതീക്ഷാർഹമാണെന്നും  ബൃന്ദ കാരാട്ട് പറഞ്ഞു.

ലേഖനത്തിന്റെ പൂർണ രൂപം

കേരളത്തിലെ ചലച്ചിത്ര മേഖലയെ ആകെ ഇളക്കിമറിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട്‌ രാജ്യത്തിനാകെ മാതൃകയാണ്‌. കൊൽക്കത്ത, തമിഴ്‌നാട് തുടങ്ങി ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന്‌ നിരവധി കലാകാരികളാണ്‌ എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി പോലുള്ള സമിതികൾ മറ്റ് സംസ്ഥാനങ്ങളിൽ രൂപീകരിക്കാത്തതെന്ന ചോദ്യങ്ങൾ ഉന്നയിച്ചിട്ടുള്ളത്‌. ഇത് ന്യായമായ ചോദ്യമാണ്. ബോളിവുഡ്‌ മുതൽ ഇത്തരത്തിൽ സിനിമാരംഗത്ത്‌ സ്ത്രീകൾക്കെതിരായി ചൂഷണം നിലനിൽക്കുന്നുണ്ടെന്നത്‌ പരസ്യമായ രഹസ്യമാണ്. എന്നാൽ ഈ രംഗത്തുള്ള അധികാര ഘടനകൾ സ്ത്രീകളെ നിശബ്ദരാക്കുന്നു.

സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബോധന ചെയ്യാൻ വുമൺ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി)രൂപീകരിച്ച ഏക സംസ്ഥാനമാണ് കേരളം. തങ്ങളുടെ സഹപ്രവർത്തകരിലൊരാൾക്ക്‌  ഒരു പ്രമുഖ നടനിൽ നിന്ന്‌ ദുരനുഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ്‌ ഈ സംഘടന രൂപീകരിക്കുന്നത്‌. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള  ഇടതുപക്ഷ ജനാധിപത്യ സർക്കാർ സംഘടനയ്ക്ക്‌ നൽകിയ പിന്തുണയും വലുതാണ്‌. ഡബ്ല്യുസിസിയിലെ അംഗങ്ങൾ തങ്ങളുടെ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചപ്പോൾ, അത്‌ പഠിക്കാനും പ്രശ്നപരിഹാരത്തിനുമായി ഇടതുപക്ഷ സർക്കാർ ജസ്റ്റിസ്‌ ഹേമയെ അധ്യക്ഷനാക്കിക്കൊണ്ട്‌ ഒരു കമ്മിറ്റി രൂപീകരിച്ചു.

പുരുഷാധിപത്യ വ്യവസ്ഥിതിയിൽ വേരൂന്നിയ ഏതൊരു സമൂഹത്തിലും പുരോഗമനപരമായ മാറ്റത്തിന് തുടക്കമിടുന്നത് സ്ത്രീകൾ തന്നെയാണ്. ഇന്ത്യയിലെ സ്ത്രീ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രവും ഇത്‌ തന്നെയാണ്‌. സ്ത്രീകളോട് അനുഭാവം പുലർത്തുകയും അവരുടെ ശബ്ദം കേൾക്കുകയും ചെയ്യുന്ന ഒരു സർക്കാർ ഉണ്ടെന്നത്‌ ഡബ്ല്യുസിസി പോലൊരു പ്രസ്ഥാനത്തിന് ഊർജമാണ്‌. സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളും രാഷ്ട്രീയ ശക്തികളും കൈകോർക്കുമ്പോൾ അത് പുരുഷാധിപത്യ വ്യവസ്ഥിതിക്കെതിരെയുള്ള ഉറച്ച ചുവടുവെയ്പാകും. സാമൂഹിക മാറ്റത്തിനായുള്ള സ്ത്രീ പോരാട്ടങ്ങളിൽ ഏറ്റവും ഉറച്ച സഖ്യകക്ഷിയാണ് ഇടതുപക്ഷം. സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ പ്രതിരോധിക്കാനും അതിനു വേണ്ട എല്ലാവിധ സംരക്ഷണം ഉറപ്പുവരുത്താനും പ്രതിബദ്ധതയുള്ള ഇടത് സർക്കാരാണ്‌ കേരളത്തിൽ അധികാരത്തിലുള്ളത്‌. അതിന്റെ പ്രതിഫലനമായാണ് ഹേമ കമ്മിറ്റിയുടെ രൂപീകരണവും തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി)  നിയോഗിച്ചതുമെല്ലാം.

സിനിമാ മേഖലയിൽ നിലനിൽക്കുന്ന അധികാര ഘടന, ലൈംഗിക ചൂഷണം, ലോബികൾ എന്നിവക്കെല്ലാം നേരെ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വെളിച്ചം വീശുന്നു. ഏറ്റവും സുരക്ഷിതമല്ലാത്ത തൊഴിൽസാഹചര്യങ്ങളിൽ, പലപ്പോഴും വിശ്രമമുറി പോലും ലഭിക്കാതെ, കരാറുകളില്ലാതെ ജോലിചെയ്യേണ്ടി വരുന്ന കലാകാരികൾ ഈ രംഗത്തെ അനീതിയാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ജോലി ചെയ്യുന്ന വ്യത്യസ്‌ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി അസോസിയേഷനുകളും യൂണിയനുകളും സിനിമ മേഖലയിൽ ഉണ്ടെങ്കിലും അവയിൽ പലതും രജിസ്റ്റർ ചെയ്തിട്ടു പോലുമില്ലെന്നാണ് ഹേമാകമ്മറ്റി റിപ്പോർട്ടിൽ പറയുന്നത്. പല അസോസിയേഷനുകളും അവർ ആർക്കു വേണ്ടിയാണോ നിലകൊള്ളേണ്ടത് അവരെ തന്നെ ചൂഷണം ചെയ്യുന്നു എന്നാണ് സ്ഥിതി. ഇത്തരത്തിലുള്ള എല്ലാ സംഘടനകളും രജിസ്റ്റർ ചെയ്യണമെന്നും  ‍ഇവയുടെ പ്രവർത്തനമടക്കം സിനിമാ മേഖലയെയാകെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാക്കണമെന്നും ഹേമ കമ്മിറ്റി ആവശ്യപ്പെടുന്നു.


സിനിമാ രംഗത്തെ കൂട്ടായ്മയായ 'അമ്മ' അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ പോലും വിവേചനം കാട്ടുന്ന സംഘടനയാണെന്നത് വ്യക്തമായ കാര്യമാണ്.  ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആ സംഘടനയുടെ പ്രവർത്തനത്തിനെതിരെ ഉയർന്ന രോഷത്തിൻ്റെ ഫലമായാണ് സംഘടനയിലെ മുഴുവൻ ഭാരവാഹികൾക്കും രാജിവെക്കേണ്ടി വന്നത്.

സിനിമ മേഖലയിൽ  ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകൾക്ക് പരാതികൾ സമർപ്പിക്കാൻ എസ്ഐടി രൂപീകരിച്ച് എൽഡിഎഫ് സർക്കാർ മാതൃകാപരമായ നടപടിയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. പീഡനം നേരിട്ടിട്ട് എത്ര കാലം കഴിഞ്ഞാലും പരാതിപ്പെടുന്നതിൽ തടസമില്ല.  ബംഗാളിൽ നിന്നുള്ള കലാകാരികൾ ഉൾപ്പെടെ  എസ്ഐടിക്ക് പരാതി നൽകുകയും തങ്ങൾ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച്‌ പരസ്യമായി സംസാരിക്കുകയും ചെയ്തു. ഒരു സ്ത്രീക്ക് അവർ നേരിട്ട അതിക്രമങ്ങളെക്കുറിച്ച്‌ പുറത്തുപറയാൻ ധൈര്യം ആവശ്യമാണ്‌. സ്ത്രീകൾ പരാതി നൽകി തുടങ്ങിയപ്പോൾ അതിനെ എതിർത്ത് ആരോപണ വിധേയരായ പുരുഷൻമാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്‌. ഇത്‌ പുരുഷാധിപത്യ സമൂഹത്തിന്റെ പ്രശ്നമാണ്‌. തങ്ങളെ ന്യായീകരിക്കാൻ ഇത്തരം ചെയ്തികൾ പലരിൽ നിന്നും ഉണ്ടാകുമെന്നത്‌ സ്വാഭാവികം മാത്രമാണ്‌.


നീതിക്ക് വേണ്ടി പോരാടുന്നവരുടെ പക്ഷത്താണ് തങ്ങളെന്ന് എൽഡിഎഫ് സർക്കാർ  വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പരാതി ഉന്നയിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാനും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കാനും എസ്ഐടി ആവശ്യമായ നടപടി സ്വീകരിക്കുമെന്നതിൽ സംശയമില്ല. സ്ത്രീകൾ സംസാരിക്കാത്തിടത്തോളം സമൂഹം മാറില്ല. അതിനാൽ തന്നെ ആക്രമിച്ചവരുടെ പേരുകൾ വെളിപ്പെടുത്തുന്നത്‌ പ്രതിരോധത്തിന്റെ മറ്റൊരു രീതി മാത്രമാണ്‌.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളെയും മറികടക്കാൻ എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ശക്തമായ ശ്രമങ്ങൾ നടക്കുകയും വേണ്ട നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാൽ കേരളത്തിലെ കോൺഗ്രസ് പാർടിക്ക് ഇതിൽ ഒറ്റ അജണ്ടയേയുള്ളൂ, അത് സർക്കാരിന്റെ ശ്രമങ്ങളെ ഏതു വിധേനയും ഇല്ലായ്മ ചെയ്യുകയെന്നതാണ്‌. സിനിമാ മേഖലയിലെ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുവന്നപ്പോൾ  ബലാത്സംഗക്കേസ് പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാരെ സംരക്ഷിക്കുന്ന പാർടിയായി കോൺഗ്രസ്‌ മാറുകയാണുണ്ടായത്‌. കമ്മ്യൂണിസ്റ്റ് വിരുദ്ധത തലയ്ക്കു പിടിച്ച ഒരു വിഭാഗം മാധ്യമങ്ങളും ഇതിനെ പിന്തുണയ്ക്കുന്ന സ്ഥിതിയാണ്‌ ഉള്ളത്‌. അന്വേഷണസംഘത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിപിഐ എം എംഎൽഎ മുകേഷിനെതിരെയും കേസെടുത്തിട്ടുണ്ട്. എൽഡിഎഫ് സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന കോൺഗ്രസിന്റെ വ്യാജ ആരോപണങ്ങളെയാണ്‌ ഇത്‌ പൊളിക്കുന്നത്‌.

'അവർ ചെയ്തു അതുകൊണ്ട്‌ ഞങ്ങളും ചെയ്തു' എന്ന സമീപനമല്ല ഇത്തരം കാര്യങ്ങളിൽ ഉണ്ടാകേണ്ടത്‌. എല്ലായിടങ്ങളിലും  സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകുന്നതിനാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ - സിനിമാ മേഖലയിലെ അനീതിക്കെതിരെയുള്ള ധീരമായ പോരാട്ടത്തിൽ സർക്കാരും സമൂഹവും തങ്ങൾക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം സ്ത്രീകൾക്കുണ്ടാകണം.

കേരളത്തിന് ഇതൊരു ചരിത്ര നിമിഷമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ വീണ്ടും ഒരു നാഴികക്കല്ലാണ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. ഇതിനു വേണ്ടി നിലകൊണ്ട  സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ. അവരുടെ ശബ്ദത്തിന്‌ ചെവികൊടുത്ത കൂടുതൽ കരുത്ത്‌ നൽകകിയ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് അഭിനന്ദനങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top