ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി 20 ഉച്ചകോടി നടക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു. "ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളുമായി സമ്പർക്കം പുലർത്താനായത് സന്തോഷകരമാണെന്ന്’. മോദി സന്തോഷകരമായി ഇടപഴകിയ ആ പ്രസിഡന്റാണ് ജനാധിപത്യത്തെ കുഴിച്ചുമൂടി പട്ടാളനിയമം പ്രഖ്യാപിച്ചത്. മോദിയുടെ സുഹൃത്തുക്കളായ അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ട്രംപും ബ്രസീലിലെ മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയും തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ജനവിധി അംഗീകരിക്കാതെ പാർലമെന്റിലേക്ക് കലാപസേനയെ അയച്ചവരാണ്. പാർലമെന്റ് മന്ദിരത്തിനുമുമ്പിൽ നമസ്‌കരിച്ച് അധികാരമേറിയ മോദി, യൂണിന്റെയും ട്രംപിന്റെയും ബൊൾസനാരോയുടെയും വഴിയേ നീങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ല എന്നർഥം.
ചൊവ്വാഴ്ച രാത്രി ദേശീയ ടെലിവിഷനിലൂടെയാണ് രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയതായി പ്രസിഡന്റ് യൂൺ പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയിലെ "ലിബറലിസത്തെയും സ്വാതന്ത്ര്യത്തെയും’ വടക്കൻ കൊറിയൻ കമ്യൂണിസ്റ്റുകളിൽനിന്നും അവരെ പിന്തുണയ്‌ക്കുന്ന രാഷ്ട്രവിരുദ്ധശക്തികളിൽനിന്നും സംരക്ഷിക്കാനാണ് പട്ടാളനിയമം എന്നാണ് ആഖ്യാനം. പാർലമെന്റ് ക്രിമിനലുകളുടെ സ്വർഗമായി മാറിയെന്ന് ആരോപിച്ച യൂൺ "പാർലമെന്ററി സ്വേച്ഛാധിപത്യ’ത്തിൽനിന്നും ദക്ഷിണകൊറിയയെ രക്ഷിക്കാനാണ് പട്ടാളനിയമം പ്രഖ്യാപിക്കുന്നതെന്നും വ്യക്തമാക്കി. ബൂർഷ്വാ ലിബറലുകളുടെ ഈ ‘രക്ഷകന് ’ സമാധാനത്തിന്റെ നൊബേൽ സമ്മാനം നൽകി ആദരിക്കണമെന്ന് പറഞ്ഞത് അമേരിക്കയിലെ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കാർട്ട് കാംപെൽ ആണ്. എല്ലാ അർഥത്തിലും അമേരിക്കൻ ശിങ്കിടിയാണ് ദക്ഷിണ കൊറിയ. ഈ രാജ്യത്തിന്റെ പിതൃത്വവും അവർക്കു തന്നെ. 30,000 അമേരിക്കൻ സൈനികരാണ് ഇപ്പോഴും ദക്ഷിണ കൊറിയയിലുള്ളത്. ചൈനയ്‌ക്കെതിരായ അമേരിക്കൻ നീക്കത്തിന് സജീവപിന്തുണ നൽകുന്ന സമീപനമാണ് യൂൺ സ്വീകരിക്കുന്നത് എന്നതിനാലാണ് അമേരിക്കയ്‌ക്കും ഇന്ത്യക്കും അദ്ദേഹം ഇഷ്ടതോഴനായത്. മോദി ആവർത്തിച്ച് ഉപയോഗിക്കാറുള്ള ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയാകട്ടെ ഈ നൂറ്റാണ്ടിലുണ്ടായ ആദ്യ ജനാധിപത്യ അട്ടിമറിശ്രമത്തിനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.
പട്ടാള ഭരണത്തിനും സ്വേച്ഛാധിപത്യ വാഴ്ചയ്‌ക്കുമെതിരെ പതിറ്റാണ്ടുകൾനീണ്ട സമരം നയിച്ച ദക്ഷിണകൊറിയയിലെ ജനങ്ങളും പ്രതിപക്ഷവും അവസരത്തിനൊത്ത് ഉയർന്നതിനാൽ അട്ടിമറിശ്രമം ആറ് മണിക്കൂറിനുള്ളിൽ പരാജയപ്പെട്ടു. പ്രസിഡന്റ് യൂൺ പട്ടാളഭരണം പ്രഖ്യാപിച്ച ഉടൻ തന്നെ സൈനിക മേധാവി പാർക്ക് അൻസു എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നിരോധിക്കുകയും പാർലമെന്റ് മന്ദിരം വളയുകയും ചെയ്തു. ഇതിനിടയിലും പാർലമെന്റ് അംഗങ്ങൾ നാഷണൽ അസംബ്ലി മന്ദിരത്തിൽ എത്തുകയും സഭ ചേർന്ന് പട്ടാളനിയമം പിൻവലിക്കാൻ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. പ്രമേയത്തെ സഭയിലുണ്ടായ 190 പേരും പിന്തുണച്ചു. ആരും എതിർത്തില്ല. പിന്തുണച്ചവരിൽ പ്രസിഡന്റ് യൂണിന്റെ പീപ്പിൾസ് പവർ പാർടിയിലെ 18 പേരും ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് ലീ ജീ മ്യൂങ് ജനങ്ങളോട് പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് ചെയ്യാനും ജനാധിപത്യത്തെ രക്ഷിക്കാനും ആവശ്യപ്പെട്ടു. 2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു ശതമാനം വോട്ടിന് യൂണിനോട് പരാജയപ്പെട്ടെങ്കിലും നിലവിൽ ദക്ഷിണകൊറിയയിലെ ജനപിന്തുണയുള്ള നേതാവാണ് ലി ജീ മ്യൂങ്. ആയിരക്കണക്കിന് ജനങ്ങൾ പാർലമെന്റ് മന്ദിരത്തിന് മുമ്പിലേക്ക് ഇരമ്പിയെത്തുകയും പട്ടാളക്കാരുമായി ഏറ്റുമുട്ടാൻപോലും അവർ തയ്യാറാകുകയും ചെയ്തു. പട്ടാളനിയമം പിൻവലിക്കാൻ പാർലമെന്റ് ആവശ്യപ്പെടുകയും പ്രസിഡന്റ് അതംഗീകരിക്കുകയും ചെയ്തതിനുശേഷം മാത്രമേ ജനം പിരിഞ്ഞുപോയുള്ളൂ.
ഭരണഘടനാ ലംഘനക്കുറ്റം ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് പാർടി ഉൾപ്പെടെ ആറുകക്ഷികൾ പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം നൽകിയിരിക്കുകയാണ്. നാഷണൽ അസംബ്ലിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാലേ ഈ പ്രമേയം പാസാകൂ. നിലവിൽ പ്രതിപക്ഷത്തിനാണ് 300 അംഗ പാർലമെന്റിൽ ഭൂരിപക്ഷം. 192 അംഗങ്ങൾ പ്രതിപക്ഷത്തിനുണ്ട്. എട്ടുപേരുടെ പിന്തുണ ലഭിച്ചാൽ പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസാകും. ഈ പ്രമേയം ഭരണഘടനാ കോടതിയിലെ ഒമ്പത് ജഡ്‌ജിമാരിൽ ആറുപേർ അംഗീകരിച്ചാൽ യൂണിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും. ജനാധിപത്യ ഘാതകൻ എന്ന പേരു വീണ യൂൺ രാജിവച്ച് പുറത്തുപോകുന്നതാണ് അഭികാമ്യം. ഭരണകക്ഷിയായ പീപ്പിൾസ് പവർ പാർടി ഇംപീച്ച്മെന്റിനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും പട്ടാളനിയമം പ്രഖ്യാപിച്ച നടപടിയെ അംഗീകരിച്ചിട്ടില്ല. പാർടി ചെയർമാൻ ഹൻ ദോങ്ങ് ഹൂൺ യൂണിന്റെ നടപടിയെ വിശേഷിപ്പിച്ചത് ദുരന്തമെന്നാണ്.
രണ്ട് വർഷം മുമ്പ് പ്രസിഡന്റായി അധികാരമേറ്റതുമുതൽ വിവാദങ്ങളും യൂണിനെ വിടാതെ പിന്തുടർന്നു. ഗുജറാത്തിലെ മോർബി ദുരന്തത്തിന് സമാനമായി സോളിലെ ഹായ് വോൺ ദുരന്തത്തിൽ 159 പേർ മരിക്കുകയും 196 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ദുരന്തം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണ് യൂണിന് ഉണ്ടായത്. ഈ വർഷം ആദ്യം കൂടുതൽ വേതനവും മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട് ഡോക്ടർമാർ പണിമുടക്കി. ഭാര്യ കിം കിയോൺ ഹീക്കെതിരെ അഴിമതി ആരോപണം ഉയർന്നത് യൂണിനെ വെട്ടിലാക്കി. ഒരു പാതിരിയിൽനിന്നും 30 ലക്ഷം വോൺ (ദക്ഷിണകൊറിയൻ കറൻസി ) വിലമതിക്കുന്ന ഹാൻഡ് ബാഗ് സ്വീകരിച്ചതാണ് വിവാദമായത്. അഴിമതി നിരോധന നിയമമനുസരിച്ച് സർക്കാരിന്റെ ഭാഗമായവരോ ഭാര്യമാരോ സമ്മാനങ്ങൾ സ്വീകരിക്കരുത്. പ്രസിഡന്റിന്റെ സ്‌ത്രീവിരുദ്ധ നിലപാടുകളും ചർച്ചയായി. സ്‌ത്രീ ശാക്തീകരണ നടപടികൾ സമൂഹത്തിൽനിന്നും പുരുഷന്മാരെ ഒറ്റപ്പെടുത്തിയെന്ന് വാദിച്ച യൂൺ ലിംഗനീതി മന്ത്രാലയം അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു. അടച്ചുപൂട്ടിയില്ലെങ്കിലും ഇതുവരെയും മന്ത്രിയെ നിയമിച്ചിട്ടില്ല. തന്റെ എതിരാളികളെയും പുരോഗമന പക്ഷക്കാരെയും മാധ്യമങ്ങളെയും ട്രേഡ് യൂണിയൻ നേതാക്കളെയും പ്രോസിക്യൂട്ടർമാരെ ഉപയോഗിച്ച് നിരന്തരം വേട്ടയാടി.
മോദി ഇഡിയെയും സിബിഐയെയും ഉപയോഗിക്കുന്നതുപോലെയാണ് യൂൺ പ്രോസിക്യൂട്ടർമാരെ ഉപയോഗിച്ചത്. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ സംഘടനയായ കൊറിയ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയ (കെസിടിയു)ന്റെ ഓഫീസ് ഇന്റലിജൻസ് ഏജൻസിയെക്കൊണ്ട് റെയ്ഡ് ചെയ്യിച്ചു. ട്രേഡ് യൂണിയൻ നേതാക്കൾക്ക് വടക്കൻ കൊറിയൻ ചാര ഏജൻസിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഈ റെയ്ഡ്. മാധ്യമങ്ങളെയും യൂൺ വെറുതെ വിട്ടില്ല. അന്വേഷണാത്മക പത്രപ്രവർത്തകരുടെ അന്താരാഷ്ടസംഘടനയിൽ അംഗവും ന്യൂസ് ടേപ്പ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ യോങ് ജിം കിമ്മിനെ പ്രോസിക്യൂട്ടർമാരെ അയച്ച് റെയ്ഡ് ചെയ്യിച്ചു. അമേരിക്കൻ പ്രസിഡന്റ് ബൈഡനെതിരെ യൂൺ നടത്തിയ മോശം പരാമർശങ്ങൾ ടെലികാസ്റ്റ് ചെയ്തതിന് എംബിസി (മുൻഹ്വ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ) ലേഖകരെ ആസിയൻ, ജി 20 ഉച്ചകോടിയുടെ മാധ്യമസംഘത്തിൽനിന്നും പ്രസിഡന്റ് പ്രതികാരബുദ്ധിയോടെ ഒഴിവാക്കി. ഇതിൽ പ്രതിഷേധിച്ച് പ്രമുഖപത്രങ്ങളും ലേഖകരെ പിൻവലിച്ചു. രണ്ടരവർഷമായി യൂണിന്റെ ഈ "പ്രോസിക്യൂട്ടർ സ്വേച്ഛാധിപത്യ’ത്തിനെതിരെ പൊരുതുകയാണ് പ്രതിപക്ഷം. അതോടൊപ്പം യൂണിന്റെ 677 ലക്ഷം കോടി വോൺ ബജറ്റിൽ പ്രതിപക്ഷം 4.1 ലക്ഷം കോടി വോണിന് അംഗീകാരം നൽകിയില്ല. ഇതാണ് പട്ടാളനിയമം കൊണ്ടുവരാനുള്ള പെട്ടെന്നുള്ള പ്രകോപനം. എന്നാൽ സെപ്തംബറിൽതന്നെ ഡെമോക്രാറ്റിക് പാർടി എംപി കിം മിൻ സൂക്ക്, പ്രസിഡന്റ് യൂൺ ചില വൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സ്കൂളിൽ കൂടെ പഠിച്ചവരെയും സുഹൃത്തുക്കളെയും സ്വന്തക്കാരെയും ഉയർന്ന സുരക്ഷാപദവികളിലും പ്രതിരോധമന്ത്രാലയത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും നിയമിക്കുന്നത് പട്ടാളനിയമം കൊണ്ടുവരുന്നതിന്റെ മുന്നോടിയല്ലേ എന്ന സംശയമാണ് കിം മിൻ സൂക്ക് ഉയർത്തിയത്. അതാണ് യാഥാർഥ്യമായതെന്നാണ് ബുധനാഴ്ച ചോസു ഇൽബോ എന്ന യാഥാസ്ഥിതിക ദിനപത്രംപോലും സമ്മതിച്ചത്.
എന്നാൽ യൂണിന്റെ പട്ടാളനിയമ പ്രഖ്യാപനം ഹിന്ദുദിനപത്രം സൂചിപ്പിച്ചതുപോലെ "സ്വന്തം കാൽപ്പാദത്തിൽ വെടി വയ്‌ക്കുന്നതുപോലെയായി’. സ്വന്തം നടപടിയിൽനിന്നും പിൻവാങ്ങേണ്ടി വന്നുവെന്നു മാത്രമല്ല യൂണിന്റെ രാജിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൺ രാജിവച്ചു. പ്രസിഡന്റ് അതംഗീകരിക്കുകയും സൗദി അറേബ്യയിലെ ദക്ഷിണകൊറിയൻ സ്ഥാനപതി ചോയ് ബ്യൂങ് ഹ്യൂക്കിനെ പുതിയ പ്രതിരോധമന്ത്രിയായി നിയമിക്കുകയും ചെയ്തു. ധനകാര്യം, വിദ്യാഭ്യാസം, നീതിന്യായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും രാജിവയ്‌ക്കുമെന്ന് യോൻ ഹാപ്പ് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. പാർലമെന്റിന് പുറത്ത് പ്രതിപക്ഷമായി പ്രവർത്തിക്കുന്ന പത്തുലക്ഷം അംഗങ്ങളുള്ള കെസിടിയു പ്രസിഡന്റ് യൂൺ രാജിവയ്‌ക്കുംവരെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാർഥികളും ഈ പ്രക്ഷോഭത്തെ പിന്തുണച്ചതോടെ യൂണിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..