21 November Thursday

ദിസനായകെ; മാറുന്ന ശ്രീലങ്കയുടെ മുഖം

വി ബി പരമേശ്വരൻUpdated: Tuesday Sep 24, 2024

 അയൽ രാജ്യമായ ശ്രീലങ്കയിൽ മാർക്സിസ്റ്റ് –-ലെനിനിസ്റ്റ് വിപ്ലവകാരിയായ അനുര കുമാര ദിസനായകെ പ്രസിഡന്റായി അധികാരമേറ്റിരിക്കുന്നു. നേപ്പാളിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ്- ലെനിനിസ്റ്റ്) നേതാവ് കെ പി ശർമ ഒലിയാണ് പ്രധാനമന്ത്രി. ഇതോടെ ദക്ഷിണേഷ്യയിലെ രണ്ട് അയൽരാജ്യങ്ങളിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തി. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വൻകരയായ ഏഷ്യയിലെ 35 ശതമാനത്തോളം ജനങ്ങൾ ഇതോടെ ഇടതുപക്ഷ കമ്യൂണിസ്റ്റ് പാർടി ഭരണത്തിൻകീഴിലായി. സോഷ്യലിസത്തിന് മരണം പ്രവചിച്ചവർക്കും ചരിത്രം മുതലാളിത്തത്തിൽ അവസാനിക്കുമെന്നും  പ്രവചിച്ചവർക്കും കനത്ത തിരിച്ചടിയാണ് ശ്രീലങ്കയിലെ ഇടതുപക്ഷവിജയം. കഴിഞ്ഞ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ 3.2 ശതമാനം വോട്ടു നേടിയ എകെഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അമ്പത്തഞ്ചുകാരനായ ദിസനായകെയാണ് ഇക്കുറി  ചരിത്രവിജയം കുറിച്ചിട്ടുള്ളത്.

1965 മെയ് 14ന് ഇരുപത്തിരണ്ടുകാരനായ രോഹന വിജയവീരയുടെ (1943–- -89) നേതൃത്വത്തിൽ ഏഴു യുവാക്കൾ ചേർന്ന് രൂപം നൽകിയ ജനത വിമുക്തി പെരുമന (ജനകീയ വിമോചന മുന്നണി–- ജെവിപി) എന്ന മാർക്സിസ്റ്റ്–- ലെനിനിസ്റ്റ് പാർടിയുടെ നേതാവാണ് രൂപീകരണത്തിന്റെ 59–--ാമത്തെ വർഷത്തിൽ ശ്രീലങ്കയിൽ പ്രസിഡന്റായി അധികാരമേറിയിട്ടുള്ളത്. മാർക്സിസത്തെ യാന്ത്രികമായി നടപ്പാക്കാൻ ശ്രമിക്കുന്നതിന് പകരം ശ്രീലങ്കൻ സാമൂഹ്യ രാഷ്ട്രീയ പശ്‌ചാത്തലത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചതിന്റെ വിജയമായാണ് ജെവിപി ദിസനായകെയുടെ വിജയത്തെ വിലയിരുത്തുന്നത്. ശരിയും തെറ്റുമായ പാതകളിലൂടെ സഞ്ചരിച്ച്, പരാജയവും തിരിച്ചടികളും ഒരുപോലെ ഏറ്റുവാങ്ങിയ പ്രസ്ഥാനമാണ് ജെവിപി. മാർക്സിസം– -ലെനിനിസവും ക്യൂബൻ വിപ്ലവാനുഭവങ്ങളും സ്വായത്തമാക്കി മുന്നേറിയ ജെവിപി ഒരുവേള സായുധസമരമാർഗവും (1971, 1987-– -89) സ്വീകരിക്കുകയുണ്ടായി. രണസിംഗെ പ്രേമദാസയുടെ ഭരണകാലത്ത് ജെവിപി വേട്ടയാടപ്പെട്ടു. സ്ഥാപകനേതാവ് രോഹന വിജയവീര ഉൾപ്പെടെ ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും വധിക്കപ്പെട്ടു. "ഞങ്ങളെ നിങ്ങൾക്ക് കൊല്ലാനായേക്കാം. പക്ഷേ, ഞങ്ങളുടെ ശബ്ദം ഒരിക്കലും മരിക്കി’ല്ലെന്ന വിജിവീരയുടെ വാക്കുകൾ അന്വർഥമാക്കുന്നതാണ് ദിസനായകെയുടെ വിജയം.

1989ൽ ആണ് സായുധ സമരമാർഗം ഉപേക്ഷിച്ച് പാർലമെന്ററി ജനാധിപത്യപാതയിലേക്ക് ജെവിപി നീങ്ങിയത്. തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പിലും ജെവിപി മത്സരിച്ചു. 2014ൽ സോമവൻസ അമരസിംഗ സ്ഥാനമൊഴിഞ്ഞപ്പോഴാണ് അനുര ദിസനായകെ പാർടിയുടെ നേതാവാകുന്നത്. അനുരാധപുര തംബുട്ടെഗമ ഗ്രാമത്തിൽ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ച ദിസനായകെ കൊളംബോയിലെ കെലിനിയ സർവകലാശാലയിൽനിന്ന്‌ കൃഷിശാസ്ത്രത്തിൽ ബിരുദം നേടി. സോഷ്യലിസ്റ്റ് സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷൻ ദേശീയ ഭാരവാഹിയായ ദിസനായകെ പിന്നീട് ജെവിപി കേന്ദ്ര കമ്മിറ്റിയിലും 1998ൽ പൊളിറ്റ്ബ്യൂറോയിലും അംഗമായി. 1998ൽ സെൻട്രൽ പ്രൊവിൻഷ്യൽ കൗൺസിൽ മുഖ്യമന്ത്രിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, 2000ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ ചന്ദ്രിക കുമാരതുംഗെ (ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയുടെ മകൾ) മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. നിലവിൽ കൊളംബോയിൽനിന്നുള്ള പാർലമെന്റംഗമാണ്.

ഗോതബായ രജപക്സെ സർക്കാർ നടപ്പാക്കിയ നവഉദാരവാദ നയത്തിനെതിരെ 2022ൽ ഉണ്ടായ ജനകീയ പ്രതിഷേധത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ച പ്രസ്ഥാനമായിരുന്നു ജെവിപി. ജനകീയ പ്രതിഷേധത്തിനൊടുവിൽ രണ്ട് ദശാബ്ദത്തിലധികം ശ്രീലങ്കൻ രാഷ്ട്രീയത്തെ നിയന്ത്രിച്ച രജപക്സെ കുടുംബത്തിന് രാജ്യം വിട്ടോടേണ്ടിവന്നു. പാർലമെന്റിൽ ഭൂരിപക്ഷമുള്ള രജപക്സെ കുടുംബത്തിന്റെ ശ്രീലങ്ക പീപ്പിൾസ് പാർടിയുടെ (ശ്രീലങ്ക ഫ്രീഡം പാർടിയിൽനിന്ന്‌ ഭിന്നിച്ചുണ്ടായത്) പിന്തുണയോടെയാണ് യുഎൻപി നേതാവായ റനിൽ വിക്രമസിംഗെ പ്രസിഡന്റായത്.  എന്നാൽ, അവശ്യസാധനക്ഷാമവും വിലക്കയറ്റവും സൃഷ്ടിച്ച നവഉദാരവാദ നയംതന്നെയാണ് കഴിഞ്ഞ രണ്ടുവർഷമായി അധികാരത്തിൽ തുടരുന്ന വിക്രമസിംഗെയും പിന്തുടർന്നത്. മാത്രമല്ല അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യിൽനിന്ന്‌ 290 കോടി ഡോളർ വായ്പ എടുക്കുകയും അതിന്റെ ഭാഗമായി ചെലവു ചുരുക്കൽ നയം നടപ്പാക്കുകയും ചെയ്തു. വൈദ്യുതിക്ക് ഉണ്ടായിരുന്ന സബ്‌സിഡി ഉൾപ്പെടെ ഇതോടെ ഇല്ലാതായി. മൂല്യവർധിത നികുതി ഉയർത്തുകയും ചെയ്തു.  കടുത്ത സാമ്പത്തികപ്രതിസന്ധിക്ക് അയവുവന്നെങ്കിലും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ പാശ്‌ചാത്യശക്തികളുടെ ഇഷ്ടതോഴനായ റനിൽ വിക്രമസിംഗെയ്‌ക്ക് കഴിഞ്ഞില്ല. എന്നിട്ടും "ശ്രീലങ്കയ്‌ക്കും കഴിയും’ എന്ന മുദ്രാവാക്യം ഉയർത്തി സ്വന്തം പാർടിയായ യുഎൻപിയുടെ സ്ഥാനാർഥിയാകാതെ സ്വതന്ത്രവേഷം കെട്ടിയാണ് റനിൽ മത്സരിച്ചത്. യുഎൻപിയെ ഭിന്നിപ്പിച്ച് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ (കൊല്ലപ്പെട്ട മുൻ പ്രസിഡന്റ്‌ രണസിംഗെ പ്രേമദാസയുടെ മകൻ) നേതൃത്വത്തിൽ സമാഗി ജന ബലവേഗയ (എസ്ജെബി) പ്രസ്ഥാനം രൂപം കൊണ്ടതോടെ യുഎൻപി ദുർബലമായിരുന്നു. അതുകൊണ്ടുതന്നെ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ്‌ റനിൽ വിക്രമസിംഗെയ്‌ക്ക് 17.27 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സാമ്പത്തിക അസമത്വം പരിഹരിക്കുമെന്നും ദരിദ്രർക്ക് സബ്‌സിഡി നൽകുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ ചൊരിഞ്ഞെങ്കിലും സജിത് പ്രേമദാസയെയും വിശ്വാസത്തിലെടുക്കാൻ ജനങ്ങൾ തയ്യാറായില്ല. കഴിഞ്ഞ പ്രസിഡന്റ്‌  തെരഞ്ഞെടുപ്പിൽ 42 ശതമാനം വോട്ട് നേടിയ സജിത് പ്രേമദാസയ്‌ക്ക് ഇക്കുറി ലഭിച്ചത് 32.7 ശതമാനം വോട്ട് മാത്രമാണ്. തമിഴ് ജനതയുടെ 41.83 ശതമാനം വോട്ട് നേടിയിട്ടും സജിത് പ്രേമദാസയ്‌ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ട് നേടാനായില്ല. ഇതിന് പ്രധാനകാരണം റനിൽ വിക്രമസിംഗെയുടെയും സജിത് പ്രേമദാസയുടെയും സാമ്പത്തികനയങ്ങൾ അടിസ്ഥാനപരമായി ഒന്നാണെന്ന ജനങ്ങളുടെ തിരിച്ചറിവാണ്.

എന്നാൽ, വ്യവസ്ഥാപിത രാഷ്ട്രീയ പാർടികളുടെയും യാഥാസ്ഥിതിക സാമ്പത്തികനയങ്ങളെ  വെല്ലുവിളിച്ച് ഒരു ബദൽ സാമ്പത്തികനയവുമായാണ് ദിസനായകെയും 21 പാർടികളുടെ കൂട്ടായ്മയായ നാഷണൽ പീപ്പിൾസ് പവർ (എൻപിപി )ഉം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതിയും സ്വജനപക്ഷപാതവും കോർപറേറ്റ് സേവയും ഉൾപ്പെടെ നിലവിലുള്ള സാമ്പത്തികനയങ്ങൾ പൊളിച്ചെഴുതുമെന്ന വ്യക്തമായ സന്ദേശമാണ് എൻപിപി നൽകിയത്. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതസുരക്ഷ ഉറപ്പുനൽകുമെന്നും ഇവർ വാഗ്ദാനം ചെയ്തു. റനിൽ വിക്രമസിംഗെ ഐഎംഎഫിൽ നിന്നെടുത്ത വായ്പയുടെ ഭാഗമായുള്ള ജനവിരുദ്ധ നയങ്ങൾ ഉപേക്ഷിക്കുമെന്നും അതിനായി ചർച്ചയിലൂടെ കരാറിൽ മാറ്റംവരുത്തുമെന്നും എൻപിപി വ്യക്തമാക്കി. ഈ കരാറിന്റെ ഭാഗമായി അവശ്യസാധനങ്ങൾക്കുമേൽ ഏർപ്പെടുത്തിയ അധികനികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പുനഃപരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ദിസനായകെ ജനങ്ങൾക്ക് ഉറപ്പുനൽകി.  ഫ്രാൻസിൽ ഇടതുപക്ഷ ന്യൂ പോപ്പുലർ ഫ്രണ്ട് നവഉദാര നയവിരുദ്ധ ബദൽ സാമ്പത്തികനയം മുന്നോട്ടുവച്ചുകൊണ്ടാണ്  നവഫാസിസ്റ്റ് മുന്നേറ്റത്തെ തടയാനായതെങ്കിൽ അതിനു സമാനമായ ഒരു ബദൽ സാമ്പത്തിക പന്ഥാവാണ് അനുര ദിസനായകെയും മുന്നോട്ടുവച്ചത്. അത് ജനങ്ങൾ സ്വീകരിച്ചെന്നതിന്റെ സൂചനയാണ് ദിസനായകെയുടെ വിജയം.

ആദ്യഘട്ടത്തിൽത്തന്നെ 42.3 ശതമാനം വോട്ട് ലഭിച്ച ദിസനായകെയെ തോൽപ്പിക്കാൻ രണ്ടാം ഘട്ട വോട്ടെണ്ണലിലും സജിത് പ്രേമദാസയ്‌ക്ക് കഴിഞ്ഞില്ല. 15 ശതമാനത്തോളം തമിഴ് വംശജരുടെ വോട്ടും നേടാൻ ദിസനായകെയ്‌ക്ക് കഴിഞ്ഞു. ഫെബ്രുവരിയിലെ ഇന്ത്യാ സന്ദർശനത്തിലൂടെ ഇന്ത്യാവിരുദ്ധനാണെന്ന പ്രചാരണത്തെ അതിജീവിക്കാനും ദിസനായകെയ്‌ക്ക് ഒരു പരിധിവരെ കഴിഞ്ഞു. ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്‌ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും ചർച്ച നടത്തിയ ദിസനായകെ കേരളവും സന്ദർശിക്കുകയുണ്ടായി.

പാർലമെന്റിൽ ഭൂരിപക്ഷമില്ലെന്നു മാത്രമല്ല, മൂന്ന് അംഗങ്ങൾ മാത്രമാണ് എൻപിപിക്കുള്ളത്. അതുകൊണ്ടുതന്നെ ഭരണം സുഗമമായിരിക്കില്ല. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ 45 ദിവസത്തിനകം പാർലമെന്റ്‌ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ദിസനായകെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തിയാലും എൻപിപിക്ക് 225 അംഗ പാർലമെന്റിൽ ഭൂരിപക്ഷം നേടുക എളുപ്പമാകില്ല. നിലവിലുള്ള എക്സിക്യൂട്ടീവ് പ്രസിഡൻസിക്ക് അന്ത്യം കുറിക്കുമെന്നും എൻപിപി വാഗ്ദാനം നൽകിയിട്ടുണ്ട്. ഏതായാലും ശ്രീലങ്കൻ രാഷ്ട്രീയം ഒരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top