17 September Tuesday

പുതുനിരത്തിളക്കത്തിൽ

കെ എ നിധിൻനാഥ്‌Updated: Saturday Aug 17, 2024

 

സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ പുരസ്‌കാരവും ഒരുദിവസം പ്രഖ്യാപിക്കപ്പെട്ടെന്ന അപൂർവതയാണ്‌ ഇത്തവണയുള്ളത്‌. 2023ലെ അവാർഡാണ്‌ കേരളം പ്രഖ്യാപിച്ചത്‌. എന്നാൽ, 2022ലെ അവാർഡ് ആണ് ഒരു വർഷം വൈകി കേന്ദ്രം പ്രഖ്യാപിച്ചത്‌. മലയാള സിനിമയുടെ വളർച്ചയുടെയും തലമുറമാറ്റത്തിന്റെയും തിരയടയാളമായി അവാർഡ്‌ മാറി. മികച്ച സിനിമകളുടെയും സിനിമാ പ്രവർത്തകരുടെയും പ്രകടനത്തിന്റെ നേർസാക്ഷ്യമാണ്‌ ജൂറി വിലയിരുത്തൽ. അന്തിമ പട്ടികയിൽ ഇടംപിടിച്ച 38 സിനിമയിൽ 22 ചിത്രവും നവാഗതരുടേതാണ്‌. ഇത്‌ മലയാള സിനിമയുടെ ഭാവിയെ സംബന്ധിച്ച്‌ ആശാവഹമായ കാര്യമാണെന്നാണ്‌ ജൂറി വിലയിരുത്തിയത്‌. ദേശീയതലത്തിൽ ആട്ടത്തിലൂടെ മലയാളം തലയുയർത്തിനിന്നു. അതേസമയം, ദേശീയ അവാർഡുകൾക്കെതിരെ കഴിഞ്ഞ കുറച്ചുകാലമായി ഉയരുന്ന രാഷ്‌ട്രീയ വിമർശത്തിന്‌ കനം പകരുന്നതുതന്നെയാണ്  ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട അവാർഡും.

മലയാള സിനിമയുടെ മാറുന്ന സിനിമാ സങ്കൽപ്പങ്ങളുടെ പ്രതിഫലനമായി  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. മുഖ്യധാരാ കച്ചവട സിനിമ, അവാർഡ്‌ സിനിമ ഇങ്ങനെയുള്ള വേർതിരിവിന്റേതുകൂടിയാണ്‌ മലയാള സിനിമ. എന്നാൽ, പുതിയകാല മലയാള സിനിമയുടെ ഇടപെടലിന്റെ ഭാഗമായി ഈ രീതി കുറഞ്ഞുവരികയാണ്‌. അവാർഡിനുവേണ്ടി എടുക്കുന്ന സിനിമകളും ബോക്‌സോഫീസിൽ പണം വാരാനുള്ള ചിത്രങ്ങളും എന്നിങ്ങനെ രണ്ടു വിപരീത ധ്രുവങ്ങളിലായിരുന്നു പൂർണമായും സിനിമ. കഥയിലും സംഭാഷണത്തിലും ഊന്നിയുള്ള കഥപറച്ചിൽ രീതിയിൽനിന്ന്‌ മാറി ദൃശ്യ–- ശബ്ദ വിന്യാസത്തിന്റേതായി സിനിമ മാറി.  ബോക്‌സോഫീസ്‌ താൽപ്പര്യത്തിന്‌ പുറത്തുനിൽക്കുന്ന ചിത്രങ്ങൾ സാങ്കേതിക വിഭാഗം അവാർഡുകൾ നേടിയത്‌ ഇതിന്റെ നേർസാക്ഷ്യമാണ്‌. ചെറിയ സിനിമകൾക്ക്‌ ഒടിടി കാഴ്‌ച മതിയെന്ന വാദത്തിന്റെ യും മുനയൊടിക്കുന്നുണ്ട്‌ അവാർഡ്‌ പ്രഖ്യാപനം.  ക്രിസ്‌റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്കിലൂടെ ജയദേവൻ ചക്കാടത്ത്‌, അനിൽ രാധാകൃഷ്ണൻ എന്നിവർ ശബ്ദരൂപകൽപ്പനയ്‌ക്കുള്ള അവാർഡ്‌ നേടി.

മലയാളത്തിന്റെ തലമുറമാറ്റവും അവാർഡിൽ പ്രതിഫലിച്ചു. ജിയോ ബേബി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം ‘കാതൽ ദ കോർ’ മികച്ച ചിത്രമടക്കം നാല്‌ അവാർഡ്‌ നേടി. മലയാള സിനിമയുടെ തിരക്കഥാ സ്‌ക്വാഡായ ആദർശ്‌ സുകുമാരനും പോൾസൺ സ്‌കറിയയും കാതലിലൂടെ തിരക്കഥയ്‌ക്കുള്ള അവാർഡ്‌ സ്വന്തമാക്കി. പശ്ചാത്തലസംഗീതത്തിന്‌ മാത്യൂസ്‌ പുളിക്കനും അഭിനയത്തിന്‌ സുധി കോഴിക്കോടും അവാർഡ്‌ നേടി. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ഒരുക്കിയ ഇരട്ട രണ്ടാമത്തെ സിനിമയായി. രോഹിത് ഒരുക്കിയ തിരക്കഥയും അവാർഡ്‌ നേടി.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രീകരണമായിരുന്നു ആടുജീവിതത്തിന്റേത്‌. സംവിധായകൻ ബ്ലസിയും പൃഥ്വിരാജുമടക്കം സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ചവർ നടത്തിയ ആത്മസമർപ്പണം അവാർഡിലും പ്രതിഫലിച്ചു. മികച്ച നടൻ, ജനപ്രിയ ചിത്രം, അവലംബിത തിരക്കഥ, സംവിധായകൻ, മേക്കപ്‌ ആർട്ടിസ്റ്റ്, ശബ്ദമിശ്രണം, ഛായാഗ്രഹണം, അഭിനയത്തിന്‌ പ്രത്യേക പരാമർശം, ലാബ്‌ എന്നിവയടക്കം ഒമ്പത്‌ അവാർഡ്‌ നേടി. ഇനിയൊരു സിനിമയ്‌ക്കായും ഇത്രമേൽ ത്യാഗം സഹിക്കാൻ കഴിയില്ലെന്നാണ്‌ നജീബായുള്ള പകർന്നാട്ടത്തിനെക്കുറിച്ച്‌ പൃഥ്വിരാജ്‌ പറഞ്ഞത്‌. ആ പ്രകടനത്തിന്‌ പൃഥ്വിരാജ്‌ മൂന്നാമത്തെ സംസ്ഥാന അവാർഡ്‌ നേടി. ഉള്ളൊഴുക്കിലെ ലീലാമ്മ ഉർവശിയുടെ സിനിമാജീവിതത്തിലെ നാഴികക്കല്ലാകുന്ന പ്രകടനമായിരുന്നു. പുറമേക്ക്‌ ശാന്തമാണെങ്കിലും അകമേ കലങ്ങിനീറുന്ന മനസ്സുമായി ജീവിക്കുന്ന കഥാപാത്രം. ഇതിലൂടെ ആറാമത്തെ സംസ്ഥാന അവാർഡാണ്‌ ഉർവശി നേടിയെടുത്തത്‌.
ഒരു സിനിമയിൽപ്പോലും ഭാഗമാകാതെയാണ്‌ ഫാസിൽ റസാഖ്‌ തടവ്‌ ഒരുക്കിയത്‌. അഭിനേതാക്കൾക്കും സിനിമാപരിചയമില്ല. ആദ്യ സിനിമയിൽത്തന്നെ ബീന ചന്ദ്രൻ മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശിക്കൊപ്പം പങ്കിട്ടു. ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നുപോകുന്ന സ്‌ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ അനായാസമായി അവതരിപ്പിച്ചതിനാണ് ബീനയെത്തേടി അവാർഡ്‌ എത്തിയത്‌. രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരവും പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള അവാർഡും തടവിനായിരുന്നു. ഇത്തരത്തിൽ ഭൂരിപക്ഷം അവാർഡുകളും പുതിയകാല സിനിമാ പ്രവർത്തകർക്കാണ്‌.

കാന്താരയിലെ അഭിനയത്തിന്‌ കന്നട നടൻ റിഷബ്‌ ഷെട്ടി മികച്ച നടനായി. സിനിമയിൽ കാണിക്കുന്ന തെയ്യമെന്ന കീഴാള കലയെ ഹിന്ദുത്വവൽക്കരിക്കാനുള്ള സംഘപരിവാർ ഗൂഢാലോചനയ്‌ക്ക്‌ സിനിമയിലും പുറത്തും ശക്തിപകർന്നയാളാണ്‌ റിഷബ്‌. സിനിമയിൽ കാണിക്കുന്ന പഞ്ചുർളി ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നാണ്‌ റിഷബ്‌ പറഞ്ഞത്‌. ഇന്ത്യൻ മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്ന സിനിമകളെയും സിനിമാ പ്രവർത്തകരെയും പൂർണമായും അവഗണിക്കുന്ന ശൈലി ഇത്തവണയും തുടരുകയാണ്‌. മസാല കച്ചവട സിനിമകൾക്ക്‌ അവാർഡ്‌ നൽകുന്ന കൺകെട്ട്‌ രീതിയാണ്‌ കേന്ദ്രം തുടരുന്നത്‌. ഇതിലൂടെ ഇവരുടെ ആരാധക കൂട്ടത്തിനെ ഉപയോഗപ്പെടുത്തി വിമർശങ്ങൾക്കെതിരെ സാമൂഹ്യ മാധ്യമ ആൾക്കൂട്ട ആക്രമണം നടത്തി രക്ഷനേടുകയും ചെയ്യുന്നു. അതേസമയം, ദേശീയ അവാർഡിലെ ഒരാശ്വാസം ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡാണെന്ന ധാരണയെ മറികടന്ന്‌ തെന്നിന്ത്യൻ സിനിമ കരുത്ത്‌ നേടുന്നുണ്ട്‌ എന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top