21 December Saturday

സ്വകാര്യസ്വത്തും 
സുപ്രീംകോടതി വിധിയും

ടി ചന്ദ്രമോഹൻUpdated: Monday Nov 11, 2024

 

പൊതുനന്മയ്‌ക്കായി എല്ലാ സ്വകാര്യസ്വത്തുക്കളും സർക്കാരിന്‌ ഏറ്റെടുക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി വിധി ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക ഉയർത്തുന്നു. രാജ്യത്ത്‌ സമ്പത്ത്‌ ചെറിയൊരു വിഭാഗം ആളുകളിൽ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക സ്ഥിതി നിലനിൽക്കുന്ന സാഹചര്യത്തിലാണ്‌ ഇത്തരമൊരു വിധി ഉണ്ടായത്‌.  നീതിന്യായസംവിധാനത്തിന്റെ അടിസ്ഥാനമാകേണ്ട സാമൂഹ്യനീതിയെയും മനുഷ്യപക്ഷത്തെയും കുറിച്ചുള്ള ആശങ്കയാണ്‌ ഇപ്പോൾ ഉയരുന്നത്‌. സാമ്പത്തിക പരിഷ്‌കാരങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള വികസന നയങ്ങളും വലിയൊരു വിഭാഗത്തെ അവരുടെ വാസസ്ഥലങ്ങളിൽനിന്നും ജീവിക്കാനുള്ള അവകാശങ്ങളിൽനിന്നും പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്‌. ദളിതരും മറ്റ്‌ പിന്നാക്കവിഭാഗങ്ങളും ഉൾപ്പെടെ അരികുവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന ജനത ഭൂമിക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും സമ്പത്തിന്റെ നീതിപൂർവകമായ വിതരണത്തിനുമായി പോരാടുകയാണ്‌. ഇത്തരം മനുഷ്യർക്ക്‌ വലിയ തിരിച്ചടി നൽകുന്ന ഒന്നാണ് പൊതുവിഭവങ്ങൾക്ക് ഇടുങ്ങിയ നിർവചനം കൊണ്ടുവന്ന നവംബർ അഞ്ചിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി (-7–-2).

മാറിയ കാലത്തെ അടിസ്ഥാനമാക്കിയുള്ള സമകാലിക വ്യാഖ്യാനങ്ങൾ ഏതുവിഭാഗത്തിനാണ്‌ ഗുണകരമാകുക എന്നതാണ്‌ പ്രധാനം. ‘സാമൂഹ്യവിഭവങ്ങൾ’ എന്ന പ്രയോഗത്തിൽ സ്വകാര്യസ്വത്തുക്കളും ഉൾപ്പെടുമെന്ന വാദം താത്വികമായി ശരിയാണെങ്കിലും എല്ലാ സ്വകാര്യസ്വത്തുക്കളും സാമൂഹ്യവിഭവങ്ങളായി കണക്കാക്കാൻ കഴിയില്ലെന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ വിധിച്ചത്‌.  ഭരണഘടനയിലെ നിർദേശകതത്വങ്ങളിൽപ്പെട്ട 39(ബി) അനുച്ഛേദത്തിലെ ‘സാമൂഹ്യവിഭവങ്ങൾ’ എന്ന പ്രയോഗത്തിൽ സ്വകാര്യസ്വത്ത്‌ ഉൾപ്പെടുമോ അത്‌ തുല്യമായി വിതരണം ചെയ്യാനുള്ള ബാധ്യത സർക്കാരുകൾക്കുണ്ടോ തുടങ്ങിയ നിയമപ്രശ്‌നങ്ങളാണ്‌ കോടതി പരിശോധിച്ചത്‌. ഇന്ത്യയിൽ ഒരു കാലത്ത്‌ സോഷ്യലിസ്റ്റ്‌ പരിഷ്‌കരണങ്ങളും നയങ്ങളുമായിരുന്നെങ്കിൽ പിന്നീടത്‌ മാറിയെന്നും വോട്ടർമാർ പുതിയ നയങ്ങളെ അംഗീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്ന കോടതി വിധി സങ്കീർണവും വൈരുധ്യം നിറഞ്ഞതുമാണെന്ന വിമർശവും ഉയരുന്നുണ്ട്‌. കോടതിയുടെ പരിഗണനയിലുള്ള ചില കേസുകൾ തീർപ്പാക്കുന്നതിലും ഈ സുപ്രധാന വിധി സ്വാധീനിച്ചേക്കാം.

സാമൂഹ്യവിഭവവും 
സ്വകാര്യസ്വത്തും
ഭരണഘടനയിലെ ഓരോ നിർദേശകതത്വവും ഇനി പുനഃപരിശോധിക്കാൻ വിധി കാരണമായേക്കും. രാജ്യത്തിന്റെ ഭരണത്തിന്‌ അടിസ്ഥാനമായി കേന്ദ്ര സംസ്ഥാന സർക്കാരുകളും സർക്കാർ ഏജൻസികളും സ്വീകരിക്കേണ്ട മാർഗരേഖയായിട്ടാണ്‌ നിർദേശകതത്വങ്ങളെ ഇതുവരെ കണ്ടിരുന്നത്‌. ഭരണഘടനയുടെ ആമുഖത്തിൽ പ്രഖ്യാപിച്ചിട്ടുള്ള സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, സ്വാതന്ത്ര്യം, സമത്വം,  സാഹോദര്യം, മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മഹത്തായ  ആശയങ്ങളെ യാഥാർഥ്യമാക്കുന്നതിനുള്ള വഴിയൊരുക്കലാണ്‌ നിർദേശകതത്വങ്ങൾ (അനുച്ഛേദം 36 –-51). ജനങ്ങളുടെ  ക്ഷേമത്തിനുവേണ്ടി  നിലകൊള്ളുന്ന ഒരു സാമൂഹ്യക്രമം സൃഷ്ടിക്കുകയും പരിരക്ഷിക്കുകയുമാണ്‌ ഇതിന്റെ ലക്ഷ്യം. നിർദേശകതത്വങ്ങളെ അടിസ്ഥാനമാക്കി ഭരണകൂടം നിർമിക്കുന്ന നിയമങ്ങൾ കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്ന വ്യവസ്ഥ 1970-കളിൽ ഭരണഘടനയിൽ എഴുതിച്ചേർത്തിരുന്നു–- അനുച്ഛേദം 31സി. പൊതുനന്മയ്ക്കായി സ്വകാര്യസ്വത്ത് ഏറ്റെടുക്കാൻ ഭരണകൂടത്തിന് അനുമതിനൽകുന്ന, ഭരണഘടനയിലെ 39ബി, 39സി  അനുച്ഛേദങ്ങൾക്ക് 31സി അനുച്ഛേദപ്രകാരമുള്ള സംരക്ഷണം ലഭിച്ചു. 1978-ലെ രംഗനാഥറെഡ്ഡി കേസിൽ, എല്ലാ സ്വകാര്യസ്വത്തും സമൂഹത്തിന്റെ ഭൗതികവിഭവമായി കണക്കാക്കി ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ, ഭരണഘടനയുടെ 39ബി അനുച്ഛേദപ്രകാരം എല്ലാ പൊതു- സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതികവിഭവമാണെന്ന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഭിന്നവിധി പുറപ്പെടുവിച്ചു. പിന്നീട്‌ സഞ്‌ജീവ്‌ കോക്ക്‌ മാനുഫാക്‌ചറിങ്‌ (1982), മഫത്‌ലാൽ ഇൻഡസ്‌ട്രീസ്‌ (1997) കേസുകളിൽ  ‘സാമൂഹ്യവിഭവങ്ങൾ’ എന്ന പ്രയോഗത്തിൽ സ്വകാര്യസ്വത്തുക്കളും ഉൾപ്പെടുമെന്ന്‌ വിധിച്ചു.


 

അടുത്തകാലംവരെ  പല കേസുകളിലും സുപ്രീംകോടതി അവലംബിച്ചതും അംഗീകരിച്ചതും ജസ്റ്റിസ് കൃഷ്ണയ്യരുടെ ഈ ഭിന്നവിധിയാണ്.  എന്നാൽ, നവംബർ അഞ്ചിന്‌ ഭൂരിപക്ഷ വിധി എഴുതിയ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ രംഗനാഥറെഡ്ഡി കേസിലെ ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യരുടെ നിരീക്ഷണത്തെ രൂക്ഷമായി വിമർശിച്ചു. ജസ്‌റ്റിസ്‌ കൃഷ്‌ണയ്യരുടെ നിരീക്ഷണം ‘പ്രത്യേക പ്രത്യയശാസ്‌ത്രത്തിന്റെ’ ഭാഗമാണെന്നായിരുന്നു വിമർശം.  1960കളിലും 1970കളിലും ‘സോഷ്യലിസ്റ്റ്‌’ പരീക്ഷണങ്ങളോടും നയങ്ങളോടും ചായ്‌വുണ്ടായിരുന്നു. രാജ്യത്ത്‌ 1990കളിൽ ഉദാരവൽക്കരണം വന്നതോടെ കമ്പോളകേന്ദ്രീകൃത നയങ്ങൾക്ക്‌ പ്രാമാണ്യം ലഭിച്ചതായും ചീഫ്‌ ജസ്‌റ്റിസ്‌ നിരീക്ഷിച്ചു. ഭിന്നവിധികൾ പുറപ്പെടുവിച്ച ജസ്‌റ്റിസ്‌ ബി വി നാഗരത്നയും ജസ്‌റ്റിസ്‌ സുധാൻശുധുലിയയും ചീഫ്‌ജസ്‌റ്റിസിന്റെ നിരീക്ഷണത്തോട്‌ വിയോജിച്ചു. രാജ്യത്ത്‌ നിലനിന്നിരുന്ന സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യർ വിധിന്യായത്തിൽ ചില നിരീക്ഷണങ്ങൾ നടത്തിയത്‌. എന്നാൽ, അതിന്റെ പേരിൽ അദ്ദേഹത്തെ ഇപ്പോൾ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ലെന്നാണ്‌ ജസ്‌റ്റിസ്‌ നാഗരത്‌നയും  ഒഴിവാക്കാമായിരുന്ന ക്രൂരമായ പരാമർശമാണെന്ന്‌ ജസ്റ്റിസ്‌ സുധാൻശു ധുലിയയും അഭിപ്രായപ്പെട്ടത്‌. 

1952ൽ തന്നെ പൊതുദ്രോഹത്തിന്‌ ഇടയാക്കുന്നവിധം സ്വത്ത്‌ കുമിഞ്ഞുകൂടുന്നതിനെ തടയണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്‌.  ബിഹാർ സംസ്ഥാനവും കാമേശ്വർസിങ്ങും തമ്മിലുണ്ടായ കേസിലെ (1952) വിധിയിൽ ജസ്റ്റിസ് മഹാജൻ ഇങ്ങനെ പ്രസ്താവിച്ചു: "ചുരുക്കം ചില വ്യക്തികളുടെ കൈയിൽ ഒട്ടേറെ ഭൂഭാഗങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ ഭരണഘടന അടിസ്ഥാനമാക്കിയിട്ടുള്ള തത്വങ്ങൾക്ക് വിരുദ്ധമാണെന്നുള്ളത് വ്യക്തമാണ്. അതിനാൽ ഭൂമിയേറ്റെടുക്കാനുള്ള നിയമം വിസ്‌തൃതമായ ഭൂപ്രദേശവും ഉൽപ്പാദനമാർഗങ്ങളും ഏതാനും വ്യക്തികളിൽ കേന്ദ്രീകരിച്ചിരിക്കുന്നത് നിരോധിക്കുകയും രാഷ്ട്രത്തിന്റെ അധീനതയിലേക്കു വരുന്ന ഭൗതികവിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും കഴിയുന്നത്ര മെച്ചമായ വിധത്തിൽ പൊതുനന്മയ്ക്കായി വിതരണം ചെയ്യാനും ലക്ഷ്യമിട്ടിട്ടുള്ളതാണ്‌’. ജസ്റ്റിസ് എസ് ആർ ദാസും ഇതേ നിലപാടുതന്നെ സ്വീകരിച്ചു.

സ്വകാര്യസ്വത്തിന്റെ
 കേന്ദ്രീകരണം
1991 മുതൽ നടപ്പാക്കിയ  ഉദാരവൽക്കരണത്തോടെ ചങ്ങാത്ത മുതലാളിത്തമാണ്‌ രാജ്യത്ത്‌ ശക്തിപ്പെട്ടത്‌. രാഷ്ട്രീയനേതൃത്വവും ഭരണസംവിധാനവും തമ്മിലുള്ള ചങ്ങാത്തത്തിലൂടെ രാഷ്ട്രസമ്പത്ത്‌ വൻകിടക്കാർക്ക്‌ കൈമാറി അതിവേഗ വളർച്ച നേടുന്ന മുതലാളിത്തമാണത്‌. വൻകിട കോർപറേറ്റുകളും രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രാറ്റുകളും ചേരുന്നതാണിത്‌. നാൾക്കുനാൾ അസമത്വം വളരുന്ന  ഇന്ത്യയിൽ ഒരു ശതമാനത്തിൽ താഴെ വരുന്ന സമ്പന്നരുടെ പക്കലാണ്‌ രാജ്യത്തെ സമ്പത്തിന്റെ പകുതിയോളം. 50 ശതമാനത്തിന്റെ പക്കലുള്ളത്‌ സമ്പത്തിന്റെ മൂന്നു ശതമാനംമാത്രവും. ഭൂമിയും മറ്റ്‌ പ്രകൃതിവിഭവങ്ങളും പൊതുപണംകൊണ്ട്‌ പടുത്തുയർത്തിയ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ, ദേശീയപാത, പൊതുമേഖല വ്യവസായശാലകൾ, ബാങ്കുകൾ ഉൾപ്പെടെയുള്ളവ വൻകിട കോർപറേറ്റുകൾക്ക്‌ തുച്ഛമായ വിലയ്‌ക്ക്‌ കൈമാറുന്നു. കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളിലെല്ലാം ഭൂമിയുടെ കേന്ദ്രീകരണവും വൻകിടക്കാരിലാണ്‌. കോർപറേറ്റുകളും വൻതോതിൽ കൃഷി ഭൂമിയും വനഭൂമിയും സ്വന്തമാക്കുന്നു. അധികഭൂമി പിടിച്ചെടുത്ത്‌ ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്കും ആദിവാസി, ദളിത്‌ വിഭാഗങ്ങൾക്കും വിതരണം ചെയ്യാനുള്ള സാധ്യതയും ഇല്ലാതാകുകയാണ്‌.

നമ്മുടെ ജനസംഖ്യയിൽ ഭൂരിഭാഗവും വരുന്ന  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയവിഭാഗം ഇന്ന് കൊടിയ ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഇരകളായി ജീവിക്കുകയാണ്‌. നിലവിലുള്ള സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയിൽനിന്ന്‌ അവർക്ക് ആശ്വാസം ലഭിക്കുന്നില്ല. സ്വന്തമായി ഭൂമി, താമസം,  ഭക്ഷണം, കുടിവെള്ളം, വസ്‌ത്രം, ചികിത്സാ സൗകര്യങ്ങൾ, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഒരു പൗരന്‌ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗംതന്നെയാണ്‌.  അനീതിക്ക് ഇരയായ ദരിദ്രരും നിസ്സഹായരുമായവരുടെ മൗലികാവകാശം പൊതുതാൽപ്പര്യ വ്യവഹാരങ്ങളിലൂടെ നടപ്പാക്കാൻ മുമ്പ്‌ സുപ്രീംകോടതി തുടർച്ചയായി ശ്രമിച്ചിരുന്നു. കോടതിയുടെ ഇടപെടലിനെത്തുടർന്ന്‌ ജനക്ഷേമം ലക്ഷ്യമിട്ട്‌ നിരവധി നിയമനിർമാണങ്ങൾ നിലവിൽവന്നു. ഇപ്പോൾ ഇത്തരം പൊതുതാൽപ്പര്യഹർജികളെ പ്രോത്സാഹിപ്പിക്കുന്നില്ല.

ജുഡീഷ്യറി അന്യവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയും മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും പ്രവർത്തിക്കുമ്പോഴാണ്‌ ജനാധിപത്യമൂല്യങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടുക. ചീഫ് ജസ്റ്റിസായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് 1985-ൽ പുറപ്പെടുവിച്ച ഒരു വിധി (Olga Tellis v Bombay Municipal Corporation) എടുത്തുപറയേണ്ടതാണ്‌. മുംബൈ നഗരത്തിലെ ചേരിനിവാസികളെ മുന്നറിയിപ്പില്ലാതെയും ബലം പ്രയോഗിച്ചും ഒഴിപ്പിച്ച്‌ നഗരത്തിനുപുറത്തേക്ക് മാറ്റുന്നതിനെതിരെയുള്ള ഹർജിയിൽ ‘ജീവിക്കാനുള്ള ഉപാധികൾ ഉറപ്പാക്കുന്നില്ലെങ്കിൽ, ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21–--ാം വകുപ്പുകൊണ്ട് അർഥമില്ലെന്ന്’ അന്ന്‌ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭക്ഷണവും വാസയോഗ്യമായ ഇടവും ഭൂമിയും അടക്കമുള്ള ജീവനോപാധികൾ നൽകാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിന്റേതാണെന്ന്‌ പ്രഖ്യാപിക്കുന്നതായിരുന്നു ആ വിധി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top