08 September Sunday

ബാളാല്‍ ടു ഹൂസ്റ്റണ്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

സുരേന്ദ്രൻ കെ പട്ടേൽ

‘‘എന്റെ ജീവിതയാത്രയ്‌ക്ക്‌ ഏറെ പ്രത്യേകതയുണ്ടെന്ന്‌ പറയാൻ പറ്റില്ല. ഒരുപാട്‌ മലയാളികൾ ഇത്രയോ അതല്ലെങ്കിൽ ഇതിനേക്കാളും  കഷ്ടപ്പെട്ടോ ത്യാഗം സഹിച്ചോ ജീവിതയാത്രകൾ പിന്നിട്ടിട്ടുണ്ട്‌. അങ്ങനെയുള്ളവരിൽ ഒരാൾ എന്നുമാത്രമേ എനിക്ക്‌ എന്നെക്കുറിച്ച്‌ പറയാനുള്ളൂ’’, കാസർകോട്‌ ബളാലിലെ കെ സുരേന്ദ്രൻ എന്ന സുരേന്ദ്രൻ കെ പട്ടേലിന്റെ വാക്കുകൾ. ഒരു ‘മഹാസംഭവന്റെ’ എളിമയിൽ കുതിർന്ന ഈ വാക്കുകൾക്ക്‌ നമ്മൾ കാതോർത്തേ പറ്റൂ. ഇത്‌  അമേരിക്കയിൽ ഹൂസ്‌റ്റണിൽ ജില്ലാ ജഡ്‌ജിയായ ആദ്യ മലയാളിയുടെ തികച്ചും നൈസർഗികമായ സത്യപ്രസ്‌താവന. നമുക്കറിയാത്ത ജീവിതങ്ങൾ, നമ്മെ മോഹിപ്പിക്കുന്ന ജീവിതങ്ങൾ, അതിനൊക്കെ തെല്ല‌്‌ അത്ഭുതം കൂടുതലല്ലേ.

അങ്ങനെ വരുമ്പോൾ, സുരേന്ദ്രന്റെ ജീവിതത്തിലും ‘ഓഹോ...’ എന്നൊരു അത്ഭുതം നമുക്കും ചേർത്തേ പറ്റൂ. നമ്മളിലൊരാൾ, എവിടെയുമെത്താം എന്നുതന്നെയാണ്‌ ആ അത്ഭുതത്തിന്റെ കാതൽ. അതല്ലെങ്കിൽ, ബീഡിപ്പണിയെടുത്ത്‌ എസ്‌എസ്‌എൽസി വരെ പഠിച്ച, ഹോട്ടൽ പണിയെടുത്ത്‌ എൽഎൽബി പഠിച്ച, 2017 വരെ തനി ഇന്ത്യനായ സുരേന്ദ്രൻ, ഓണറബിൾ സുരേന്ദ്രൻ കെ പട്ടേൽ 240–-ാം ജുഡീഷ്യൽ ഡിസ്‌ട്രിക്ട്‌ കോർട്ട്‌ ആകില്ലല്ലോ.

സ്‌കൂൾ ടൈം
         ബീഡി ടൈം

കാഞ്ഞങ്ങാട്‌ നഗരത്തിൽനിന്ന്‌ അമ്പത്‌ കിലോമീറ്ററോളം ദൂരെ കുഗ്രാമമായ ബളാലിലാണ്‌ സുരേന്ദ്രന്റെ വീട്‌. അവിടെ പട്ടേൽ വീട്ടിലെ കർഷകൻ കോരന്റെയും ജാനകിയുടെയും മകൻ. ബളാൽ ഗവ. സ്‌കൂളിലാണ്‌ പഠനം തുടങ്ങുന്നത്‌. അദ്ദേഹത്തിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ, ‘എല്ലാവിധ സ്വാതന്ത്ര്യങ്ങളുടെയും കാലം. ആരും ആരോടും പഠിക്കാനും നന്നാകാനും പറയാത്ത കാലം. നമുക്ക്‌ തോന്നിയാൽമാത്രം പഠിക്കാം. ദാരിദ്ര്യം കൂട്ടിനുള്ള അച്ഛനുമമ്മയും മറ്റ്‌ അഞ്ച്‌ സഹോദരങ്ങളും. മൂത്ത രണ്ടു ചേച്ചിമാർ സ്‌കൂളിലൊന്നും പോകാതെ ബീഡിപ്പണിയെടുക്കുന്നു. ഞാനും ജ്യേഷ്‌ഠനും സ്‌കൂളിൽ ഒരേ ക്ലാസിൽ പഠിപ്പ്‌. എട്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഞാനും  ചേച്ചിമാരെ സഹായിച്ച്‌ ബീഡിപ്പണി തുടങ്ങി.


പത്തിൽ പഠനത്തിൽ മോശം വിദ്യാർഥികളിലൊരാളായി. പക്ഷേ, അന്ന്‌ തോറ്റുപോകാൻ അധ്യാപകർ സമ്മതിച്ചില്ല. അവരുടെ നിരന്തര പ്രേരണയാലാകണം, ഞാൻ പത്താം ക്ലാസ്‌ കഷ്ടിച്ച്‌ പാസായി. പാസായതൊന്നും തുടർ പഠനത്തിന്‌ പ്രേരിപ്പിച്ചില്ല. പതുക്കെ മുഴുവൻസമയ ബീഡിത്തൊഴിലാളിയായി. പഠനം  കൈവിട്ടുപോയ ആ ജോലിക്കിടെയാണ്‌ പഠിക്കണമെന്ന മോഹം അദമ്യമായത്‌. ഇതിനിടെ മൂത്ത ചേച്ചി, ഒന്നര വയസ്സുള്ള മകളെ തനിച്ചാക്കി ജീവിതമുപേക്ഷിച്ചു. ചേച്ചിയുടെ ജീവിതത്തിൽ വലിയ അനീതി നടന്നെന്ന സങ്കടം എല്ലാക്കാലത്തും ഞങ്ങളുടെ വീട്ടുകാർക്കുണ്ട്‌. അത്തരം ചിന്തയിൽ നിന്നാകണം, ഞാൻ പിൽക്കാലത്ത്‌ അഭിഭാഷകവൃത്തി തെരഞ്ഞെടുത്തത്‌.’

ബളാലിന്‌ അടുത്തുള്ള എളേരിത്തട്ട്‌ ഗവ. കോളേജിൽ പ്രീഡിഗ്രിക്ക്‌ ചേർന്നു. കുഗ്രാമത്തിലെ പ്രീഡിഗ്രി കോഴ്‌സ്‌ മാത്രമുള്ള കോളേജിൽ ചേർന്നത്‌ സുരേന്ദ്രന്റെ ജീവിതയാത്രയിൽ എന്നെന്നേക്കുമുള്ള വഴിത്തിരിവായി.പ്രീഡിഗ്രിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ മാർക്കോടെ, കോളേജിൽ രണ്ടാം റാങ്കുകാരനായി പുറത്തേക്ക്‌. പയ്യന്നൂർ കോളേജിൽ ബിഎ പൊളിറ്റിക്‌സിന്‌ ചേർന്നു. രണ്ടു ബസ് മാറിക്കയറിയുള്ള സഞ്ചാരം, പഠനച്ചെലവ്‌. നിവൃത്തിയില്ലാതെ കൂലിപ്പണിക്കുമിറങ്ങി. ക്യാമ്പസിൽ പൊതുപ്രവർത്തനവും കൂട്ടായി. വേണ്ടത്ര ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതിക്കില്ലെന്ന്‌ പറഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട്‌ തിരിച്ചറിഞ്ഞ അധ്യാപകർ പിന്തുണച്ചു. അതും വെറുതെയായില്ല. മികച്ച മാർക്കോടെ പയ്യന്നൂർ കോളേജ്‌ വിട്ടു.

ലോ കോളേജ്‌
            റൂംബോയ്‌


നേരെ കോഴിക്കോട്‌ ഗവ. ലോ കോളേജിലേക്ക്‌. എന്നും വീട്ടിൽനിന്ന്‌ പോയി വരാനുള്ള ദൂരമല്ല കോഴിക്കോട്‌. അവിടെ താമസിക്കാൻ ചെലവുണ്ട്‌. ഒന്നാം വർഷ പഠനത്തിനുള്ള സഹായം നാട്ടിലെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നൽകി. സുരേന്ദ്രൻ കെ പട്ടേൽ പറയുന്നു,  ""അവരും നമ്മളെപ്പോലെ പ്രാരബ്‌ധക്കാരാണല്ലോ. പഠനത്തിനൊപ്പം വല്ല ജോലിയും ചെയ്‌തേ പറ്റൂ. നഗരത്തിലെ ഏക ത്രീ സ്‌റ്റാർ ഹോട്ടലുടമ ഉതുപ്പേട്ടനെ നേരിൽക്കണ്ട്‌ ജോലി തേടി. നിങ്ങൾ നോ പറഞ്ഞാൽ, ഞാൻ പഴയ കൂലിപ്പണിക്കാരനായി നാട്ടിലേക്ക്‌ മടങ്ങും. ജോലി തന്ന്‌ സഹായിച്ചാൽ, ഞാനൊരു അഭിഭാഷകനാകും. തീരുമാനിക്കേണ്ടത്‌ താങ്കളാണ്‌ എന്ന എന്റെ അഭ്യർഥന അദ്ദേഹത്തിന്‌ മനസ്സിലായി. വൈകാതെ ഞാൻ ഹോട്ടൽ മലബാർ പാലസിൽ റൂം ബോയ്‌ ആയി. പകൽ ഒന്നുവരെ കോളേജിൽ. രണ്ടിന്‌ ഹോട്ടലിൽ ജോലി; അത്‌ രാത്രിയും തുടരും. കോഴ്‌സ്‌ കഴിയുന്നതുവരെ അവിടെ ജോലി ചെയ്‌തു.


എൽഎൽബി കഴിഞ്ഞ്‌ സന്നദ്‌ എടുക്കും വരെ കാലിക്കറ്റ്‌ ടവറിൽ റിസപ്‌ഷനിസ്‌റ്റായും പണിയെടുത്തു.’’

നിയമ ബിരുദധാരിയായ സുരേന്ദ്രൻ  കാഞ്ഞങ്ങാട്‌ നഗരത്തിൽ. സപിഐ എം നേതാവായ പി അപ്പുക്കുട്ടന്റെ ലോ ഫേമിൽ, ഹോസ്‌ദുർഗ്‌ ബാറിൽ ജൂനിയറായി ചേർന്നു. ‘‘എന്നെ വലിയ പരിചയമില്ലാതെയാണ്‌ അദ്ദേഹം ഒപ്പം കൂട്ടിയത്‌. എന്നാൽ, ആറുമാസത്തിനകംതന്നെ എന്റെ കഴിവിൽ അദ്ദേഹത്തിന്‌ വിശ്വാസം വന്നു. വലിയ കേസുകളുടെ പൂർണ ചുമതല തന്നെ ഏൽപ്പിച്ചു. ഹൈസ്‌കൂൾ കാലം കഴിഞ്ഞാൽ, എന്റെ ജീവിതത്തില ഏറ്റവും മനോഹരമായിരുന്നു ഹോസ്‌ദുർഗ്‌ ബാറിലെ 1996 മുതൽ 2005 വരെയുള്ള ആ കാലം. എന്റെ പ്രയാണങ്ങൾക്ക്‌ ഇന്ധനം നിറയെ പകർന്ന കോടതിക്കാലം. ഹൂസ്‌റ്റണിലെ ജില്ലാ കോടതിയിൽവരെ അക്കാലത്തെ അനുഭവങ്ങൾ അനുധാവനം ചെയ്യുന്നുണ്ട്‌.’’, സുരേന്ദ്രൻ കെ പട്ടേൽ പറയുന്നു.

സുപ്രീംകോർട്ട്‌
             യുഎസ്‌


2004ൽ ആണ്‌ ഡൽഹി എസ്‌കോർട്ട്‌ ആശുപത്രിയിൽ നഴ്‌സായ ചിറ്റാരിക്കാൽ പാലാവയൽ സ്വദേശി ശുഭയെ കല്യാണം കഴിക്കുന്നത്‌. സുരേന്ദ്രന്‌ കാഞ്ഞങ്ങാട്‌ നല്ല പ്രാക്ടീസുണ്ട്‌. രണ്ടുമാസം കൂടുമ്പോൾ ഡൽഹിയിൽ ഭാര്യയുടെ അടുത്തേക്ക്‌. മൂത്ത മകൾ അനഘ ജനിച്ചതോടെ ഈ യാത്ര അങ്ങനെ തുടരാനാകാത്ത അവസ്ഥ. ഡൽഹിയിൽ തങ്ങേണ്ടി വന്നു. ഹോസ്‌ദുർഗ്‌ ബാറിനെ 10 വർഷത്തിനുശേഷം ഉപേക്ഷിക്കേണ്ടി വന്നു. ഡൽഹിയിൽ ഡോ. രാജീവ്‌ ധവാന്റെ ഓഫീസിൽ സഹായിയായി കൂടി. ഇക്കാലത്ത്‌ കേരള, അലഹബാദ്‌, പഞ്ചാബ്‌, ഹരിയാന ഹൈക്കോടതി കേസുകൾ സുപ്രീംകോടതിയിൽ കൈകാര്യം ചെയ്‌തു. ഇത്തരത്തിൽ മുപ്പത്തഞ്ചോളം കേസുകൾ.  2007ൽ അറ്റോർണി ജനറലിനെതിരെപോലും ഹാജരായി കേസ്‌ ജയിച്ച അനുഭവമുണ്ടായി.

ഇതിനിടെ ഭാര്യ ശുഭയ്‌ക്ക്‌ യുഎസിലേക്ക് എമിഗ്രന്റ്‌സ് നഴ്‌സ്‌ വിസ ലഭിച്ചു. 2007 ആഗസ്‌തിൽ ശുഭയും ഒക്ടോബറിൽ സുരേന്ദ്രനും മകളെയും കൂട്ടി അമേരിക്കയിൽ പറന്നിറങ്ങി. ഇടയ്‌ക്ക്‌ ഡൽഹിയിലെത്തി സുപ്രീംകോടതിയിൽ പ്രാക്ടീസ്‌ തുടരാമെന്നായിരുന്നു പ്രതീക്ഷ. അത്‌ വിചാരിച്ചപോലെ എളുപ്പമല്ലെന്ന്‌ മനസ്സിലായി. വീണ്ടും തൊഴിൽരഹിതനായി.  

ഭാര്യ ജോലിക്ക്‌ പോകുമ്പോൾ മകളെ പരിചരിച്ചിരുന്നു. അഭിഭാഷക ജീവിതം തുടരാൻ കഴിയുമെന്ന്‌ ഒരുറപ്പുമില്ലാത്ത മറ്റൊരു ലോകത്തെ ജീവിതം. ഭാര്യ രണ്ടാമത്തെ മകൾ സാന്ദ്രയെ ഗർഭം ധരിച്ച കാലം. സാമ്പത്തിക ബുദ്ധിമുട്ട്‌ ഒഴിവാക്കാൻ ക്രോഗർ എന്ന പലചരക്കുകടയിൽ വിൽപ്പനക്കാരനായി ചേർന്നു. അപ്പോഴും നിയമവഴിയിലെ സാധ്യതകളിലേക്ക്‌ അന്വേഷണം തുടർന്നു.  ‘‘യുഎസിൽ ഓരോ സംസ്ഥാനത്തും ഓരോ നിയമവഴക്കമാണ്‌. ടെക്‌സാസിൽ ബ്രിട്ടീഷ്‌ കോമൺ ലോയാണ്‌ അനുവർത്തിക്കുന്നത്‌. ഇന്ത്യയടക്കമുള്ള കോമൺവെൽത്ത്‌ രാജ്യങ്ങളിൽ നിയമം പഠിച്ച്‌ ഏഴുവർഷം പ്രാക്ടീസ്‌ ചെയ്‌ത ഒരാൾക്ക്‌ ടെക്‌സാസിൽ ലാറ്ററൽ എൻട്രി വഴി നിയമലോകത്ത്‌ എത്താം. അവിടെയെത്തി രണ്ടുവർഷത്തിനകം ആ പരീക്ഷയെഴുതണം. ഞാൻ ഇക്കാര്യം മനസ്സിലാക്കുമ്പോൾത്തന്നെ വർഷമൊന്ന്‌ കഴിഞ്ഞു. അപേക്ഷിച്ചാൽ കർശന പരിശോധനയാണ്‌. നാട്ടിലെ സകല റഫറൻസിലേക്കും സർവകലാശാലയിലേക്കും കോളേജിലേക്കും അന്വേഷണം പോകും. ഇതെല്ലാം കഴിഞ്ഞ്‌ പരീക്ഷയ്‌ക്ക്‌ അനുമതി കിട്ടുമ്പോൾ ആറുമാസം പിന്നെയും കഴിഞ്ഞു. അത്തവണ പരീക്ഷ എഴുതി പാസായില്ലെങ്കിൽ, യുഎസിലെ നാലുവർഷ നിയമ കോഴ്‌സിന്‌ ചേരേണ്ടിയും വരും’’, സുരേന്ദ്രൻ ഓർക്കുന്നു.

പ്രതിസന്ധികളാണല്ലോ, പ്രതിഭകളെ വാർക്കുന്നത്‌. ആ ഒറ്റത്തവണ പരീക്ഷയിൽ സുരേന്ദ്രൻ കെ പട്ടേൽ അമേരിക്കയിൽ പ്രാക്ടീസ്‌ ചെയ്യാവുന്ന അഭിഭാഷകനായി മാറി. ഇനിയാണ്‌ രസം. നൂറോളം അഭിഭാഷക ഫേമിൽ ജോലിക്ക്‌ അപേക്ഷിച്ചെങ്കിലും ഒറ്റസ്ഥലത്തുനിന്നുപോലും  ഇന്ത്യക്കാരന്‌ മറുപടിക്കത്ത്‌ കിട്ടിയില്ല. അതോടെ തനിച്ച്‌ പ്രാക്ടീസ്‌ ചെയ്യാമെന്ന തീരുമാനത്തിലെത്തി. യുഎസ്‌ വിദ്യാഭ്യാസം  മെച്ചം ചെയ്യുമെന്ന ചിന്തയിൽ ഹൂസ്‌റ്റൻ നിയമ സർവകലാശാലയിൽ അന്താരാഷ്ട്ര നിയമത്തിൽ എൽഎൽഎം ചെയ്‌തു. ഇക്കാലത്ത്‌ ക്രിമിനൽ നിയമത്തെക്കുറിച്ച്‌ തയ്യാറാക്കിയ നിയമപ്രബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2017ൽ സുരേന്ദ്രനും കുടുംബവും അമേരിക്കൻ പൗരന്മാരായി.

ലോയർ
           ജഡ്‌ജ്‌

ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെയാണ്‌ അമേരിക്കയിൽ ജില്ലാ ജഡ്‌ജിമാരെ തെരഞ്ഞെടുക്കുന്നത്‌. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ജയിച്ച്‌ 2022ലാണ്‌ സുരേന്ദ്രൻ ഫോർട്ട്‌ ബെൻഡ്‌ കൗണ്ടിയിലെ 240–--ാം ജില്ലാ കോടതി ജഡ്‌ജാകുന്നത്‌. അതും പൗരത്വം നേടി അഞ്ചുവർഷത്തിനകം. 2024വരെയാണ്‌ കാലാവധി. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയുംകൂടിയാണ്‌. 2020ൽ മറ്റൊരു കൗണ്ടിയിൽ ജഡ്‌ജ്‌ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും അവസാന റൗണ്ടിൽ പിന്തള്ളപ്പെട്ടു.  
ഇന്ത്യയിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിക്ക്‌ തുല്യമായ, വധശിക്ഷ വരെ വിധിക്കാൻ അധികാരമുള്ള കോടതിയാണിത്‌. രണ്ടുഘട്ട തെരഞ്ഞെടുപ്പാണ്‌ അമേരിക്കയിൽ. ഒരേ പാർടി നേതാക്കൾ  സ്ഥാനാർഥിത്വത്തിനായി പരസ്‌പരം മത്സരിക്കുന്ന പ്രൈമറിയും ഇരുപാർടിക്കാർ തമ്മിലുള്ള ജനറൽ തെരഞ്ഞെടുപ്പും. ഡെമോക്രാറ്റിക് പാർടിയിലെതന്നെ സിറ്റിങ്‌ ജഡ്‌ജിക്കെതിരെയാണ്‌ പ്രൈമറിയിൽ സുരേന്ദ്രൻ മത്സരിച്ചത്‌. നിറം, സംസാര ഭാഷ, ഇന്ത്യൻ അമേരിക്കൻ തുടങ്ങിയ എല്ലാ പോരായ്‌മയ്‌ക്കിടയിലും ഡെമോക്രാറ്റിക് പ്രൈമറിയിൽ 53.7 ശതമാനം വോട്ടോടെ  സ്ഥാനാർഥിയായി. 37 ശതമാനം വെള്ളക്കാരുള്ള ഡെമോക്രാറ്റിക് പാർടിയിൽ 10 ശതമാനം മാത്രമാണ്‌ ഇന്ത്യൻ അമേരിക്കക്കാരുള്ളത്‌.

അവസാനഘട്ട മത്സരത്തിൽ റിപ്പബ്ലിക്കനായ അമേരിക്കനാണ്‌ എതിർ സ്ഥാനാർഥിയായത്‌.  വംശീയ പ്രചാരണം കൊഴുത്തു. സംസാരശൈലി, നിറം, പൗരത്വം എല്ലാം ചർച്ചയായി. പ്രാദേശിക മാധ്യമങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിൽ സുരേന്ദ്രൻ ഇവയ്‌ക്കെല്ലാം മറുപടി നൽകി. യുഎസിൽത്തന്നെ ഏറ്റവും ബഹുസ്വര സമൂഹങ്ങൾ പാർക്കുന്ന ഇടമാണ്‌ 23 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഹൂസ്‌റ്റൺ. അവിടെ  വംശീയതയും ഭാഷാ വിവേചനവും കാട്ടുന്നത്‌ ശരിയോ എന്ന്‌ അദ്ദേഹം ചോദിച്ചു. തീർച്ചയായും അഞ്ചുലക്ഷം വോട്ടർമാരുള്ള ഫോർട്ട്‌ ബെൻഡ്‌ കൗണ്ടിക്കാർ അത്‌ മനസ്സിലാക്കിയെന്നുവേണം കരുതാൻ.

2023 ജനുവരിയിലാണ്‌ ജഡ്‌ജിയായി ചുമതലയേറ്റത്‌. ഡിസംബർ ആകുമ്പോഴേക്കും ഏറ്റവും കൂടുതൽ കേസുകൾ തീർത്ത ജില്ലാ കോടതിയാകുകയാണ്‌ ഫോർട്ട്‌ ബെൻഡ്‌ കൗണ്ടിയിലെ 240–--ാം ജില്ലാ കോടതി. ഏറ്റവും കൂടുതൽ വിചാരണ നടന്നതും ഇവിടെത്തന്നെ. 1976ലാണ്‌ ഫോർട്ട്‌ ബെൻഡ്‌ കൗണ്ടി കോടതി പ്രവർത്തനം തുടങ്ങുന്നത്‌. അതിനുശേഷം കഴിഞ്ഞ വർഷമാണ്‌ ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാകുന്നത്‌. ടെക്‌സാസ്‌ സംസ്ഥാനത്തുതന്നെ  ഇത്‌ റെക്കോഡാണെന്ന്‌ സുരേന്ദ്രൻ കെ പട്ടേൽ പറയുന്നു. തീർച്ചയായും ബളാലിലെ നമ്മുടെ സുരേന്ദ്രന്റെ ജീവിതവും ഒരു റെക്കോഡ്‌ തന്നെയല്ലേ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top