05 December Thursday

നോർവെയിലും 
കനലൊരു തരി മതി

എ കെ രമേശ്Updated: Thursday Dec 5, 2024

 

നോർവെയിലെ ഇടതുപക്ഷ കക്ഷിയായ എസ്‌വി പാർടിയോട്‌ വരുംതലമുറ നന്ദിപറയും. കടലിന്റെ അടിത്തട്ട് ഖനനം ചെയ്ത് ലാഭമൂറ്റാൻ സമ്മതിക്കില്ലെന്ന്‌ നോർവീജിയൻ പാർലമെന്റിനെക്കൊണ്ട് അവർ പ്രഖ്യാപിപ്പിച്ചു. ധ്രുവ സമുദ്രത്തിലെ ആഴക്കടൽ ഖനനം കടലിന്റെ അടിത്തട്ടിനും പരിസ്ഥിതിക്കും മാനവരാശിക്കുതന്നെയും നാശമാണ് വിതയ്ക്കുക എന്ന്‌  ഒരു ചെറുകക്ഷിയുടെ ഇടപെടൽവഴി നോർവീജിയൻ പാർലമെന്റ് കഴിഞ്ഞ ഒന്നിന് ലോകത്തോട് പറഞ്ഞു.

ഒന്നാം യുപിഎ കാലത്തെ ഇടതുപക്ഷ ഇടപെടൽപോലെ, ഭരണവർഗതാൽപ്പര്യത്തിന് മൂക്ക് കയറിടാൻ കഴിഞ്ഞ നോർവെയിലെ ഇടതുപക്ഷത്തിന് അഭിനന്ദനം. 2025 ലെ ബജറ്റ് പാസാക്കാൻ പിന്തുണയ്‌ക്കണമെങ്കിൽ ആഴക്കടൽ ഖനനത്തിൽനിന്ന് പിന്മാറണമെന്ന് സോഷ്യലിസ്റ്റ് ഇടതുപക്ഷകക്ഷിയായ എസ്‌വി പാർടി ആവശ്യപ്പെട്ടപ്പോൾ ഭരണകക്ഷിക്ക് മറ്റു മാർഗമില്ലായിരുന്നു.

ഈ വർഷാരംഭത്തിലാണ് നോർവീജിയൻ പാർലമെന്റ്‌ ആഴക്കടൽ ഖനനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. 32 രാജ്യങ്ങളും 911 സമുദ്രശാസ്‌ത്രജ്ഞരും ആഴക്കടൽ ഖനനത്തിന് ആഗോള മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. നോർവെയുടെ പദ്ധതിയെ എതിർത്ത്‌ നൂറിലേറെ യൂറോപ്യൻ പാർലമെന്റ്‌ അംഗങ്ങൾ കത്തയച്ചു. എന്നിട്ടും, അവർ തീരുമാനിച്ചത് രണ്ടായിരത്തിഇരുപത്തഞ്ചോടെ ഖനനം ആരംഭിക്കാനാണ്. മന്ത്രിസഭ വീഴണോ  കടൽ കുഴിക്കണോ എന്ന ചോദ്യത്തിന് രണ്ടുത്തരമില്ലാതായതോടെ തൽക്കാലം പിന്തിരിയാൻ നോർവെ സർക്കാർ നിർബന്ധിതമായി.2025 സെപ്തംബറിലാണ് പുതിയ തെരഞ്ഞെടുപ്പ്. അതുവരെ അവിവേകം കാട്ടാൻ നോർവെയ്‌ക്കാകില്ല. എന്നുവച്ചാൽ ഈ വിജയവും അന്തിമമല്ല. ജാഗ്രത തുടരും എന്നാണ് ഇടതുപക്ഷം പറയുന്നത്.

ഇന്ത്യയിൽ ആഴക്കടൽ ഖനനചർച്ചയ്‌ക്കായെത്തിയ സീബെഡ് അതോറിറ്റിയുടെ സിഇഒക്ക് വൻ സ്വീകരണമാണ് മോദി നൽകിയത്. തൊട്ടടുത്തദിവസം സിഐടിയു നേതൃത്വത്തിൽ പാർലമെന്റിലേക്ക്‌ മാർച്ച് നടത്തിയ മത്സ്യത്തൊഴിലാളികൾക്കും അഭിമാനിക്കാം നോർവെയിലെ ഈ വിജയത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top