വളരെ ചെറുപ്പം മുതൽക്കേ എം ടി വാസുദേവൻ നായരെ എനിക്ക് പരിചയമുണ്ട്. പരിചയം തുടങ്ങുന്നത് അദ്ദേഹത്തിന്റെ ജ്യേഷ്‌ഠൻ എംടിഎൻ നായരിലൂടെയാണ്. ഞാൻ മംഗലാപുരം ഗവ. കോളേജിൽ പഠിക്കുമ്പോൾ എന്റെ സീനിയറായിരുന്നു എം ടി എൻ. അങ്ങനെ ഒരു തവണ 1950ൽ പാലക്കാട്ട് വീട്ടിലേക്ക് ചെന്നപ്പോൾ എന്റെ ആതിഥേയൻ വാസുദേവൻ നായരായിരുന്നു. അന്ന് അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജ് വിദ്യാർഥിയായിരുന്നു. ഞങ്ങൾ സെക്കൻഡ് ഷോ സിനിമയ്‌ക്ക് പോയി. രാത്രി ഒരേ കട്ടിലിൽ കിടന്നുറങ്ങി. ആ സ്‌നേഹം പിന്നെയും തുടർന്നിരുന്നു.
വേണമെങ്കിൽ പറയാം, ആദ്യം കഥയെഴുതാൻ തുടങ്ങിയത് ഞാനാണെന്ന്. പക്ഷേ വളരെ വേഗം വാസുദേവൻ നായരും ഈ രംഗത്തെത്തി. അദ്ദേഹത്തിന്റെ വളർച്ച അത്‌ഭുതാവഹമായിരുന്നു. അദ്ദേഹം കഥയിൽ മാത്രം ഒതുങ്ങി നിന്നില്ല. നോവലും ഓർമക്കുറിപ്പും യാത്രാവിവരണവും നാടകങ്ങളും സിനിമയ്‌ക്ക് തിരക്കഥയും എഴുതി. സിനിമ സംവിധാനം ചെയ്‌തു. പത്രപ്രവർത്തനരംഗത്തേക്ക് വന്നു. അങ്ങനെ.. അങ്ങനെ...
ആരാരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന തുഞ്ചൻ പറമ്പിന്റെ ഭരണാധികാരം ഏറ്റെടുത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ ആ സ്ഥലത്തെ ലോകപ്രശസ്‌ത സാംസ്‌കാരിക കേന്ദ്രമാക്കി. ഞാനാണെങ്കിൽ എന്റെ ചെറിയ കർമഭൂമിയിൽ ജീവിതം മുഴുവനും ഒതുങ്ങിനിന്നു. എനിക്ക് ഇപ്പോൾ 96 വയസാണ്. ഞാൻ എന്റെ ഈ ചെറിയ മണ്ഡലത്തിൽ ഒതുങ്ങിക്കൂടിയത് എന്റെ കഴിവുകേടുകൊണ്ടാണ്. എനിക്ക് അതിൽ ഖേദമൊന്നുമില്ല. മറ്റുള്ളവരുടെ കഴിവ് അംഗീകരിക്കാനും വിഷമമില്ല.
ഒടുവിൽ ഞാൻ അദ്ദേഹത്തെ കണ്ടത് രണ്ട് വർഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന മാതൃഭൂമി അക്ഷരോത്സവത്തിലാണ്. അന്ന് അദ്ദേഹം ഏറെ അവശനായിരുന്നതിനാൽ കാര്യമായൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം സമീപകാലത്ത് ഏറെ രോഗാതുരനായി കിടക്കുകയായിരുന്നെങ്കിലും അന്ത്യം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. മലയാളത്തിന്റെ ദു:ഖത്തോടൊപ്പം ഞാനും പങ്കുചേരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..