24 December Tuesday

അണയാത്ത തീത്തരിയായി തരിഗാമി

ശ്രീകുമാർ ശേഖർUpdated: Thursday Oct 17, 2024

2019 ആഗസ്‌ത്‌ 29ന്‌ അന്നത്തെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറിലേക്ക്‌ വിമാനം കയറിയത്‌ ഒറ്റ ലക്ഷ്യത്തോടെയായിരുന്നു. നഗരത്തിലെ അതിസുരക്ഷാമേഖലയായ ഗുപ്‌കാർ റോഡിലെ വസതിയിൽ വീട്ടുതടങ്കലിലാക്കിയ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യൂസുഫ്‌ തരിഗാമിയെ കാണണം. ആവശ്യമെങ്കിൽ അദ്ദേഹത്തെ ആശുപത്രിയിലാക്കണം.

ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി അസാധുവാക്കിയ ദിവസം പുലർച്ചെയാണ്‌ തരിഗാമിയെ വീട്ടിൽ തടവിലാക്കിയത്‌. ഈദ്‌ ദിനത്തിൽ പോലും ബന്ധുക്കളെയോ സഹപ്രവർത്തകരെയോ കാണാൻ അനുവദിച്ചില്ല. തരിഗാമിയെ കാണാൻ യെച്ചൂരി രണ്ടുതവണ ശ്രീനഗറിൽ എത്തിയെങ്കിലും അധികൃതർ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി നൽകാതെ മടക്കി അയച്ചു.

ഒരിക്കൽ വിമാനത്താവളത്തിൽ നിന്ന്‌ ഒരു കത്തെഴുതി തരിഗാമിക്ക്‌ കൊടുക്കാൻ ഏൽപ്പിച്ചാണ്‌ യെച്ചൂരി മടങ്ങിയത്‌. തുടർന്ന്‌ സുപ്രീംകോടതിയെ സമീപിച്ച്‌ പൊരുതി നേടിയ അനുമതിയുമായായിരുന്നു യെച്ചൂരിയുടെ പിന്നത്തെ കശ്‌മീർ യാത്ര.

തരിഗാമിയ്‌ക്ക്‌‌ തടവ്‌ പുതിയ കാര്യമായിരുന്നില്ല. ഏഴുവർഷത്തിലേറെ നീണ്ട ജയിൽവാസവും രണ്ടു വർഷത്തിലേറെ ഒളിവു ജീവിതവും75 വയസ്സിനിടയിൽ അദ്ദേഹം പിന്നിട്ടുകഴിഞ്ഞു.

ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ നിന്ന്‌ അഞ്ചാമതും തെരഞ്ഞെടുക്കപ്പെട്ട തരിഗാമി കശ്‌മീരിന്റെ ഏറ്റവും പക്വതയുള്ള രാഷ്‌ട്രീയ ശബ്ദമാണെന്ന്‌ എതിരാളികൾ പോലും സമ്മതിക്കുന്നു.

തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളും ഭരണകൂടത്തിന്റെ അടിച്ചമർത്തലും നേരിട്ട്‌ കശ്‌മീരിനായി പൊരുതാൻ അദ്ദേഹത്തിന്‌ എന്നും കരുത്തായത്‌ ചെങ്കൊടി.

കുൽഗാം ജില്ലയിലെ തരിഗാം ഗ്രാമത്തിൽ ജനിച്ച മുഹമ്മദ്‌ യൂസഫിന്റെ പേരിലെ ‘തരിഗാമി’ നാടിന്റെ പേരിൽ നിന്ന്‌ പിൽക്കാലത്ത്‌ കയറിക്കൂടിയതാണ്‌. മുഖ്യമന്ത്രിയായിരുന്ന ‘കശ്‌മീർ സിംഹം’ ഷേഖ്‌ അബ്‌ദുള്ളയുടെ ഒരു ചോദ്യത്തിൽ നിന്നാണ്‌ തരിഗാമി എന്ന വിളിപ്പേര്‌ ഉറച്ചത്‌.

മുഹമ്മദ്‌ യൂസഫ്‌ അറസ്‌റ്റിലായതിനെപ്പറ്റി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു ഷേക്ക്‌ അബ്‌ദുള്ളയുടെ മറുചോദ്യം ‘ആ തരിഗാംകാരനാണോ’ എന്നായിരുന്നു. ആ ചോദ്യത്തോടെ തരിഗാമി എന്ന്‌ അറിയപ്പെട്ടു തുടങ്ങി.

1949 ൽ സാധാരണ കർഷക കുടുംബത്തിലായിരുന്നു ജനനം. അച്‌ഛൻ ഗുലാം റസൂൽ റാഥർ; അമ്മ ഫാസി. കോളേജ്‌ പഠനകാലത്തുതന്നെ കലാപകാരിയായി മാറിയ തരിഗാമി സുഹൃത്ത് ഗുലാം നബി മാലിക്കിനൊപ്പം അനന്ത്നാഗ് ഡിഗ്രി കോളേജിൽ കുട്ടികളുടെ എണ്ണം കൂട്ടുന്നതിനായി നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകി. കശ്‌മീരിൽ അക്കാലത്ത്‌ കമ്യൂണിസ്‌റ്റ്‌ ആശയപ്രചരണം ശക്തമായിരുന്നു.

കുടുംബത്തിൽ രാഷ്‌ട്രീയമൊന്നുമില്ലായിരുന്നെങ്കിലും അമ്മാവൻ തരിഗാമിയെ ചെറുപ്പത്തിൽത്തന്നെ കമ്യൂണിസറ്റ്‌ നേതാവ്‌ അബ്‌ദുൾ കബീർ വാനിയുടെ പ്രസംഗം കേൾക്കാൻ കൊണ്ടുപോകുമായിരുന്നു. കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു തുടങ്ങി.1967ൽ പതിനെട്ടാം വയസ്സിലാണ്‌ തരിഗാമി ആദ്യം അറസ്‌റ്റിലാകുന്നത്‌.

തരിഗാമി കൊച്ചിയിൽ വന്നപ്പോൾ സിപി ഐ എം ജില്ലാ സെക്രട്ടറി സി എൻ  മോഹനന്റെ നേതൃത്വത്തിൽ  നൽകിയ സ്വീകരണം

തരിഗാമി കൊച്ചിയിൽ വന്നപ്പോൾ സിപി ഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം

നിർബന്ധിത അരി സംഭരണത്തിനെതിരെ കർഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനായിരുന്നു ജയിലിലടച്ചത്‌. തുടർന്നങ്ങോട്ട്‌ തരിഗാമി സമരങ്ങളുടെ തീമുനമ്പിൽ തന്നെയായിരുന്നു. അറസ്‌റ്റ്‌ പതിവായി. ക്രൂരപീഡനങ്ങൾക്ക്‌ കുപ്രസിദ്ധമായ റെഡ്‌‐16, പാപ്പ‐11 തുടങ്ങിയ തടങ്കൽ പാളയങ്ങളിലൊക്കെ അടയ്‌ക്കപ്പെട്ടു.

ഇതിനകം അദ്ദേഹം സിപിഐ എം അംഗമായിരുന്നു. ക്രമേണ പാർട്ടിയുടെ മുഖമായി മാറി. 1975ൽ ജയിലായിരിക്കെയാണ്‌ ഭാര്യ സരീഫ മരിച്ചത്‌. മകൾ അരുണിമയ്‌ക്ക്‌ ജന്മം നൽകി തൊട്ടുപിന്നാലെയായിരുന്നു മരണം.

ഇതേതുടർന്ന്‌ തരിഗാമിക്ക്‌ ഒരുമാസത്തെ പരോൾ അനുവദിയ്‌ക്കാൻ സർക്കാർ നിർബ്ബന്ധിതമായി.

എന്നാൽ നാട്ടിലെത്തിയ അദ്ദേഹത്തെ മൂന്നു ദിവസത്തിനുശേഷം പരോൾ റദ്ദാക്കി വീണ്ടും അറസ്‌റ്റു ചെയ്‌ത്‌ ജയിലിൽ അടച്ചു.കശ്‌മീരിൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ തുടക്കം മുതൽ ഉറച്ചുനിന്ന തരിഗാമിക്കുനേരെ ഭീകരാക്രമണങ്ങളും നിരന്തരം ഉണ്ടായി.

‘‘1989ല്‍ തന്നെ എനിക്ക് അഭയാര്‍ഥിയായി ജമ്മുവിലേക്ക് കുടിയേറേണ്ടിവന്നിട്ടുണ്ട്. ജമ്മുവിലേക്കുള്ള ആദ്യ കുടിയേറ്റക്കാരന്‍ ഞാനാണ് എന്നു തോന്നുന്നു. ഒരിക്കല്‍ രോഗബാധിതനായി ഗ്രാമത്തിലെ വീട്ടില്‍ കഴിയുമ്പോളാണ്‌ ഭീകരവാദികള്‍ വീടുവളഞ്ഞത്‌.

അവര്‍ക്ക് വേണ്ടത് എന്റെ ജീവനായിരുന്നു. പക്ഷേ അവരെ വിജയിക്കാന്‍ അനുവദിച്ചുകൂടല്ലോ.’’‐ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അന്ന്‌ രണ്ടാം നിലയിൽ നിന്ന്‌ ചാടി രക്ഷപ്പെടുകയായിരുന്നു.

1996 ലെ തെരഞ്ഞെടുപ്പില്‍ കുല്‍ഗാമില്‍നിന്ന് ആദ്യമായി തരിഗാമി നിയമസഭയിലെത്തി. വിജയാഘോഷറാലിക്കുനേരെ ഗ്രനേഡ് ആക്രമണമാണ് എതിരാളികള്‍ നടത്തിയത്. എട്ടുപേര്‍ സംഭവസ്ഥലത്ത് മരിച്ചുവീണു.

ഡസന്‍കണക്കിന് സഖാക്കള്‍ക്ക് പരിക്കേറ്റു. ‘എന്റെ തൊട്ടടുത്ത സീറ്റിലിരുന്ന സ്ത്രീയും കൊല്ലപ്പെട്ടു. എന്നിട്ടും ഞാന്‍ അതിജീവിച്ചു’‐ തരിഗാമി ആ അഭിമുഖത്തിൽ പറഞ്ഞു.

ആദ്യഭാര്യയുടെ മരണശേഷം തരിഗാമി വിവാഹം കഴിച്ച മിസ്രയുടെ പിതാവ്‌ മുഹമ്മദ്‌ അക്‌ബർ ഭട്ട്‌ ആ വർഷം തന്നെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അനന്തരവൻ സഗൂർ അഹമ്മദ്‌ റാഥറിനെ ഭീകരർ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു പീഡിപ്പിച്ചു. ഏറെ പ്രയാസപ്പെട്ടാണ്‌ മോചിപ്പിച്ചത്‌.

2005ലെ ഭീകരാക്രമണം ഒരു ചാവേറിന്റെതായിരുന്നു. സെക്യൂരിറ്റി ഓഫീസര്‍ കൊല്ലപ്പെട്ടു. അതിസുരക്ഷാമേഖലയിലെ വസതിയിൽ കടന്നുകയറിയായിരുന്നു ആക്രമണം. ഒരു മന്ത്രിക്കും ജീവന്‍ നഷ്ടപ്പെട്ടു. യഥാര്‍ഥത്തില്‍ തരിഗാമിയെയും കുടുംബത്തെയും വകവരുത്താനായിരുന്നു ആക്രമണം എന്നാണ് അന്വേഷണക്കമീഷന്‍ കണ്ടെത്തിയത്.

തരിഗാമിയെ കിട്ടാതെ വന്നപ്പോൾ അടുത്ത വീട്ടിൽ കടന്ന്‌ അന്നത്തെ മന്ത്രിയായ ഗുലാം നബി ലോണിനെ കൊലപ്പെടുത്തുകയായിരുന്നു. 2006ൽ അദ്ദേഹത്തിന്റെ അനന്തരവൻ ഗുൽസാർ അഹമ്മദ് റാത്തറിനെയും ഭീകരർ കൊലപ്പെടുത്തി. 2016ൽ കുൽഗാമിലെ അദ്ദേഹത്തിന്റെ വസതിക്കുനേരെ വീണ്ടും ആക്രമണമുണ്ടായി.

പക്ഷേ ആക്രമണങ്ങളൊന്നും തരിഗാമിയെ പിന്തിരിപ്പിച്ചില്ല. കശ്‌മീരിന്റെ ഈ ജനകീയപോരാളിയെ ജനങ്ങൾ തുടർച്ചയായി നിയമസഭയിലേക്ക്‌ അവരുടെ ശബ്ദമായി തെരഞ്ഞെടുത്തുകൊണ്ടേയിരുന്നു. 1996 നുശേഷം 2002, 2008, 2014 വർഷങ്ങളിലും കുൽഗാമിൽ ജയിച്ചുകയറിയത്‌ തരിഗാമിയാണ്‌. ഇക്കുറി മത്സരം കൂടുതൽ കടുത്തതായിരുന്നു.

നിരോധിതസംഘടനയായ ജമ്മു കശ്‌മീർ ജമാഅത്തെ ഇസ്ലാമിയും ബിജെപിയും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടിയാണ്‌ തരിഗാമിയെ തോൽപ്പിക്കാൻ ശ്രമിച്ചത്‌. സ്വതന്ത്രനായിട്ടായിരുന്നു ജമാ അത്തെ ഇസ്ലാമി സ്ഥാനാർത്ഥിയുടെ മത്സരം. ബിജെപി പിന്തുണച്ചു. തരിഗാമിക്ക്‌ വിജയം പ്രയാസമെന്ന്‌ ദേശീയ മാധ്യമങ്ങൾ പ്രവചിച്ചു. പക്ഷേ ആ സഖ്യത്തെയും മറികടന്ന്‌ തരിഗാമി ഉജ്ജ്വല വിജയം നേടി.

ആസിഫയുടെ വസ്ത്രങ്ങൾക്കരികെ മാതാവ്

ആസിഫയുടെ വസ്ത്രങ്ങൾക്കരികെ മാതാവ്

2018 ൽ കത്വയിൽ എട്ടുവയസ്സുകാരി അസിഫ ബാനുവിന്റെ ദാരുണവും ക്രൂരവുമായ വധത്തെക്കുറിച്ച് ലോകമറിഞ്ഞതിൽ തരിഗാമിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകർ നടത്തിയ ഇടപെടൽ മുഖ്യ പങ്കുവഹിച്ചു.

ജനുവരിയിൽ ജമ്മുവിൽ നിയമസഭാസമ്മേളനം ചേരുമ്പോൾ അസിഫ ബാനുവിന്റെ കൊലപാതകത്തെക്കുറിച്ച് ആദ്യമായി സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്‌ തരിഗാമിയായിരുന്നു. ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഇത്. അന്ന് സർക്കാർ ഒഴിഞ്ഞുമാറി. തുടർന്ന് ജമ്മുവിലെ സിപിഐ എം നേതാക്കൾ അസിഫയുടെ വീട്ടിൽ ചെന്ന് വിവരങ്ങൾ ശേഖരിച്ചു.

ഈ വിഷയത്തിലെ ആദ്യത്തെ രാഷ്ട്രീയഇടപെടലുകൾ ഇതായിരുന്നു. ജമ്മുവിലെ പാർടിനേതാക്കൾ അസിഫയ്ക്ക് നീതി തേടി നിരാഹാരസമരവും നടത്തി. ഇതോടെയാണ്‌ പ്രശ്‌നം ദേശീയ മാധ്യമശ്രദ്ധയിൽ വരികയും നടപടികൾ ഉണ്ടാകുകയും ചെയ്‌തത്‌.

സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗമായ തരിഗാമി കശ്‌മീരിലെ മതേതര കക്ഷികളുടെ കൂട്ടായ്‌മയായ ഗുപ്‌കാർ സഖ്യത്തിന്റെ കൺവീനറും വക്താവും കൂടിയാണ്‌ ഇപ്പോൾ.

 

 ചിന്ത വാരികയിൽ നിന്ന്

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top