23 November Saturday

ഗവർണർ ഭരണഘടന 
ലംഘിക്കുന്നു

പി ഡി ടി ആചാരിUpdated: Monday Oct 21, 2024

കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തുന്ന നിരന്തരമായ വാർത്താസമ്മേളനങ്ങളിൽ കേരള മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും മറ്റും ചെയ്തിരിക്കുന്നത് വളരെ അനാരോഗ്യകരമായ കീഴ്‌വഴക്കങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഒന്നാമതായി ഒരു മുഖ്യമന്ത്രി ഗവർണർക്ക് അയക്കുന്ന കത്തുകൾ രഹസ്യ സ്വഭാവമുള്ളതാണ്. കോടതിക്കുപോലും അത് പരിശോധിക്കാൻ അവകാശമില്ല. മുഖ്യമന്ത്രി ഗവർണർക്കയച്ച കത്ത് ഗവർണർ മാധ്യമപ്രവർത്തകരുടെ മുമ്പിൽ ഉയർത്തിക്കാണിക്കുകയും അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തത് നാം മാധ്യമങ്ങളിലൂടെ കണ്ടതാണ്. ഈ നടപടി ഭരണഘടനയുടെ 163–-ാം വകുപ്പിന്റെ ലംഘനമാണെന്ന് പറയേണ്ടിയിരിക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ 167–-ാം അനുച്ഛേദമനുസരിച്ച് ഭരണപരമായ എല്ലാ കാര്യങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങൾ നൽകാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമുണ്ട്. ഗവർണർ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. അക്കാര്യത്തിലൊന്നും ഒരു തർക്കവുമില്ല. ഇവിടെ സ്വർണക്കടത്ത്‌ സംബന്ധിച്ച് മുഖ്യമന്ത്രിയുടേതല്ലാത്ത ഏതോ പരാമർശത്തെക്കുറിച്ചാണ് ഗവർണർ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഗവർണർ രാജ്യദ്രോഹകരമായ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥർ സ്വർണക്കടത്തിലും രാജ്യദ്രോഹ പ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്നതായി പ്രസ്താവിക്കുകയുമുണ്ടായി.

167–-ാം അനുച്ഛേദമനുസരിച്ച് ഗവർണർക്ക്  ആവശ്യപ്പെടാവുന്ന വിവരങ്ങൾ സംസ്ഥാനത്തിന്റെ ഭരണപരമായ കാര്യങ്ങളെക്കുറിച്ചാണ്. സാങ്കേതികമായി പറഞ്ഞാൽ സംസ്ഥാനത്തിന്റെ ഭരണം പ്രധാനമായും ഭരണഘടനയുടെ ഏഴാം പട്ടികയിൽ പറഞ്ഞിരിക്കുന്ന സ്റ്റേറ്റ് ലിസ്റ്റ് അനുസരിച്ചാണ് നിർവചിക്കുക. ഉഭയ ലിസ്റ്റിൽപ്പെടുന്ന (കൺകറന്റ്‌ ലിസ്റ്റ്) കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രസർക്കാരിന്റെ അധികാരങ്ങൾക്ക് വിധേയമായിരിക്കും. കള്ളക്കടത്ത് എന്ന് സാധാരണ പറയുന്നത് സ്വർണം മുതലായ സാധനങ്ങൾ കസ്റ്റംസ് നികുതി കൊടുക്കാതെ ഒളിച്ചുകൊണ്ടുവരുന്നതിനെയാണ്. കസ്റ്റംസ്‌ നികുതി കേന്ദ്ര ലിസ്റ്റിലെ 83–-ാമത്തെ കാര്യമാണ്. കസ്റ്റംസ് നിയമം ലംഘിച്ച് സാധനങ്ങൾ ഒളിച്ചുകടത്തുന്നത് നിയന്ത്രിക്കുന്ന നിയമവും കേന്ദ്ര ലിസ്റ്റിലാണ് പെടുക. അപ്പോൾ കള്ളക്കടത്ത് നിയന്ത്രിക്കാനും കള്ളക്കടത്തുകാരെ ശിക്ഷിക്കാനുമുള്ള ചുമതല ഭരണഘടന അനുസരിച്ച് കേന്ദ്രസർക്കാരിന്റേതാണ്. അതുകൊണ്ടുതന്നെ കള്ളക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പക്കലാണുണ്ടാകുക. അതിനാൽ സാങ്കേതികമായി പറഞ്ഞാൽ ഭരണഘടനയുടെ 167–-ാം വകുപ്പനുസരിച്ച് ഗവർണർക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാവുന്ന വിവരങ്ങളുടെ പരിധിയിൽ സ്വർണക്കടത്ത് വരില്ല എന്നും കാണാവുന്നതാണ്. സംസ്ഥാന പൊലീസിന്റെ സഹായം കസ്റ്റംസ് അധികാരികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും Information relating to the administration of the affair of state എന്നതിന്റെ പരിധിയിൽ കള്ളക്കടത്ത് വരുന്നില്ല. അനുച്ഛേദം 167 പ്രകാരം സംസ്ഥാനത്തിന്റെ ഭരണപരമായ കാര്യങ്ങളെക്കുറിച്ചുമാത്രം ഗവർണറെ ധരിപ്പിക്കാനുള്ള ബാധ്യതയെ മുഖ്യമന്ത്രിക്കുള്ളൂ എന്നും കാണാവുന്നതാണ്‌.

സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്‌ഭവനിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടത് മാധ്യമങ്ങൾ സജീവ ചർച്ചയ്ക്ക് വിധേയമാക്കുകയുണ്ടായി. ഈ നടപടിയെച്ചൊല്ലി സമൂഹത്തിൽ വളരെയധികം ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഗവർണർക്ക് ഉയർന്ന ഉദ്യോഗസ്ഥരെ നേരിട്ടു വിളിക്കാനും നിർദേശങ്ങൾ നൽകാനും അധികാരമുണ്ടോ എന്നത് സുപ്രധാനമായ ഒരു ഭരണഘടനാ പ്രശ്നമാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഗവർണർക്ക് ഭരണനിർവഹണ അധികാരങ്ങളില്ല. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശമുണ്ടെങ്കിൽ മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ. ഒരു ഗവർണർക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇന്ത്യൻ ഭരണഘടന അധികാരം നൽകുന്നില്ലെന്ന് ഭരണഘടന അസംബ്ലിയിൽ അംബേദ്കർ വ്യക്തമാക്കിയിട്ടുണ്ട്. ഷംഷേർ സിങ്ങിന്റെ കേസിൽ സുപ്രീംകോടതി പറയുന്നത് ഗവർണർക്ക് സമാന്തര സർക്കാരായി പ്രവർത്തിക്കാൻ സാധ്യമല്ലെന്നാണ്. സർക്കാരിയ കമീഷനും പുഞ്ചി കമീഷനും ഗവർണർ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നും വ്യക്തമാക്കുന്നു. ഷംഷേർ സിങ് വിധിന്യായത്തിനുശേഷം ഉണ്ടായ വിധിന്യായങ്ങളിലും സുപ്രീംകോടതി ഈ അഭിപ്രായം തന്നെയാണ് പറഞ്ഞിരിക്കുന്നത്.

ഗവർണർക്ക് ഭരണഘടനാപരമായ വിവരങ്ങൾ ആവശ്യപ്പെടാം. എന്നാൽ, അത് ഉദ്യോഗസ്ഥരോടല്ല ആവശ്യപ്പെടേണ്ടത്, മുഖ്യമന്ത്രിയോടാണ്. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വിവരങ്ങൾ ആവശ്യപ്പെടുന്നതും നിർദേശങ്ങൾ നൽകുന്നതും 167–-ാം അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നതല്ല. അങ്ങനെ ചെയ്താൽ ഗവർണർ സമാന്തര സർക്കാർ നടത്തുകയാണെന്ന് കരുതേണ്ടിവരും. ഭരണഘടന അത് അനുവദിക്കുന്നില്ല. കേരള ഗവർണർ മാത്രമല്ല മറ്റു ചില ഗവർണർമാരും ഉദ്യോഗസ്ഥന്മാരെ നേരിട്ടുവിളിക്കുന്ന പ്രവണത ഈയിടെയായി കണ്ടുവരുന്നുണ്ട്. ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഇനിമേൽ രാജ്‌ഭവനിലേക്ക് വരേണ്ട എന്ന് ഗവർണർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മേൽപ്പറഞ്ഞ അനുച്ഛേദമനുസരിച്ച് ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ മുഖ്യമന്ത്രി നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്. അത് നേരിട്ട് ചെന്നിട്ടോ, ഉദ്യോഗസ്ഥന്മാർ മുഖാന്തരമോ നൽകാവുന്നതാണ്. Furnish എന്ന വാക്കിന്‌ ‘നൽകുക' എന്നുമാത്രമേ അർഥമുള്ളൂ. അതുകൊണ്ട് ഉദ്യോഗസ്ഥന്മാർ രാജ്‌ഭവനിലേക്ക് വരികയേ വേണ്ട എന്നു പറഞ്ഞാൽ സർക്കാരിന്റെ നിർദേശമനുസരിച്ച് അവർ പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. അവരെ തടയുന്നത് നിയമലംഘനവും ഭരണഘടനാ ലംഘനവും ആയിത്തീരാവുന്നതാണ്.

ഇന്ത്യൻ ഭരണഘടന പ്രകാരം ഗവൺമെന്റ്‌ എന്നാൽ, ഗവർണറും അദ്ദേഹത്തെ ഉപദേശിക്കാനുള്ള മന്ത്രിസഭയുമാണ്. അങ്ങനെ ഗവർണർ ഗവൺമെന്റിന്റെ അവിഭാജ്യ ഘടകമാണ്. ദ്വൈതമല്ല അദ്വൈതമാണ് ഗവൺമെന്റിന്റെ സ്വഭാവം. ഗവർണർ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുമ്പോൾ ഈ ഭരണഘടനാപരമായ അദ്വൈതത്തെയാണ് നിരാകരിക്കുന്നത്. അത് പാടില്ലാത്തതാണ്.

(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top