23 December Monday

ഗുരുവും 
ശ്രീനാരായണ പ്രസ്ഥാനവും - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി.എം. തോമസ് ഐസക്Updated: Tuesday Aug 27, 2024

 

ഡോ. ടി.എം. തോമസ് ഐസക്

ഡോ. ടി.എം. തോമസ് ഐസക്

ശ്രീനാരായണ പ്രസ്ഥാനത്തിലെ വ്യത്യസ്തവും പരസ്പര വിരുദ്ധങ്ങളുമായ ധാരകളെല്ലാം അവയുടെ ഉത്ഭവകേന്ദ്രമായി സ്വയം പ്രഖ്യാപിച്ചത് ശ്രീനാരായണഗുരു ചിന്തകളെയാണ്. ഗുരുചിന്തകളുടെ പുനര്‍വ്യാഖ്യാനങ്ങളായാണ് അവ രംഗപ്രവേശം ചെയ്തത്.

താത്വികമായി ശ്രീനാരായണന്‍ ശാങ്കര പാരമ്പര്യത്തില്‍പ്പെട്ട ഒരു അദ്വൈതവാദിയായിരുന്നു. എന്നാല്‍ ശ്രീനാരായണന്‍ ജീവിച്ച കാലം ശങ്കരാചാര്യരുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ആശാന്‍ പാടിയതുപോലെ പഴയ ചട്ടങ്ങളെ മാറ്റാനുള്ള ശക്തികള്‍ക്കു ബലം വര്‍ദ്ധിച്ചു വന്ന കേരളത്തിലായിരുന്നു ശ്രീനാരായണഗുരു ജീവിച്ചത്.

‘‘കേവലമാചര നൂലുകളെല്ലാം പഴകിപ്പോയി, കെട്ടി നിര്‍ത്താന്‍ കഴിയാത്ത ദുര്‍ബ്ബല ചരടില്‍ ജനത നില്ക്കാ” എന്നതായിരുന്നു സ്ഥിതി. ‘പൂജ്യരാം വൈദികന്മാര്‍ക്ക്’ മാറ്റത്തിനായുള്ള മൊഴി കേട്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, അവര്‍ണ്ണ ജാതിയില്‍ ജനിച്ച ഗുരുവിന് അത് കഴിയുമായിരുന്നില്ല. തന്മൂലം ശ്രീനാരായണ ഗുരുവിന്റെ അദ്വൈത വ്യാഖ്യാനത്തില്‍ കാലത്തിന്റെ പുതിയ മൊഴികള്‍ മാറ്റൊലിക്കൊണ്ടു.


ഗുരുവിന്റെ അദ്വൈതം


അദ്വൈതം മുറുകെപ്പിടിച്ചപ്പോഴും ഇഹലോകകാര്യങ്ങളില്‍ ഗുരു ശ്രദ്ധ പതിപ്പിച്ചു. വ്യക്തിപരമായി ശ്രീനാരായണന്‍ ശ്രീശങ്കരനെപ്പോലെ ജ്ഞാനമാര്‍ഗ്ഗാചാരിയായിരുന്നു. എന്നാല്‍ സാധാരണക്കാര്‍ക്ക് ഭക്തിമാര്‍ഗ്ഗവും മോക്ഷമാര്‍ഗ്ഗവും പര്യാപ്തമായിരുന്നു. അങ്ങനെയാണ്, വാഗ്‌ഭടാനന്ദ ഗുരുദേവനെപ്പോലെയുള്ളവരില്‍ നിന്നു വ്യത്യസ്തമായി വ്യക്തിദൈവങ്ങളും അമ്പലങ്ങളും പൂജാകര്‍മ്മങ്ങളും ശ്രീനാരായണ ഗുരുവിന്റെ ഭക്തിമണ്ഡലത്തില്‍ സ്ഥാനം പിടിക്കുന്നത്.

ബ്രാഹ്മണവിധിപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഓരോ മനുഷ്യന്റെയും കര്‍മ്മമെന്ന നില സ്വീകരിക്കാന്‍ ഗുരു വിസമ്മതിച്ചു. ബ്രഹ്മം മാത്രമാണല്ലോ കേവലമായ സത്യം. ഇഹലോകത്തിലെ എല്ലാ വിശ്വാസങ്ങളും ധാര്‍മ്മിക ന്യായങ്ങളും ആപേക്ഷികം മാത്രമാണ്. അവ മാറ്റപ്പെടാവുന്നതുമാണ്. ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” വേദാന്തത്തിന്റെ പുനര്‍വ്യാഖ്യാനത്തിലേക്ക് കടന്നുവരുന്നത് ഈ യുക്തിയിലൂടെയാണ്.

ഏതെങ്കിലും സാമൂഹ്യഘടന ഒരാളുടെ യഥാര്‍ത്ഥ വിളി കേള്‍ക്കുന്നതിന് തടസ്സം നില്ക്കുന്നുവെങ്കില്‍ അതിനെതിരെ സമരം ചെയ്യേണ്ടത് അയാളുടെ കടമ മാത്രമാണെന്നും സിദ്ധാന്തിക്കുന്നു. തന്മൂലമുണ്ടായ സുപ്രസിദ്ധമായ മറ്റൊരു ഗുരുസൂത്രമാണ് ‘‘സംഘടിച്ചു ശക്തരാകുക; വിദ്യയിലൂടെ സ്വതന്ത്രരാവുക” എന്നത്.

പ്രത്യക്ഷത്തില്‍ ശ്രീനാരായണഗുരുവിന്റെ കര്‍മ്മപദ്ധതി വളരെ യാഥാസ്ഥിതികമായി തോന്നിയേക്കാം. പക്ഷേ, ഈഴവരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ബ്രാഹ്മണ്യ സാമൂഹ്യ ശ്രേണിക്കെതിരായ ഒരു യുദ്ധപ്രഖ്യാപനമായിരുന്നു അത് എന്നത് മറക്കാന്‍ പാടില്ല. തന്മൂലം ഈ കര്‍മ്മപരിപാടിക്ക് മുഴുവന്‍ ഈഴവ ജനസാമാന്യത്തെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞു.

അതിന്റെ വിജയം ഈഴവരില്‍ ഒരു പുതിയ അഭിമാനബോധം ഉളവാക്കി. വേദങ്ങളില്‍ ഗുരുവിന് ഉണ്ടായിരുന്ന പാണ്ഡിത്യം മൂലം പുതിയ നടപടികളെയും ആചാരങ്ങളെയും വേദ പുനര്‍വ്യാഖ്യാനങ്ങളിലൂടെ ആധികാരികമാക്കാനും ഉല്പതിഷ്ണുക്കളായ ഈഴവേതര ജനങ്ങളുടെ ബഹുമാനം ആര്‍ജ്ജിക്കാനും കഴിഞ്ഞു.

അങ്ങനെയാണ് അരുവിക്കര ക്ഷേത്രപ്രതിഷ്ഠക്കാലത്തെ ‘നാണുസ്വാമി’ ‘ശ്രീനാരായണഗുരുസ്വാമി’ ആയി വളര്‍ന്നത്. അതോടെ ശ്രീനാരായണഗുരു ഈഴവ സമൂഹത്തിലെമ്പാടും ഉയര്‍ന്നുവന്ന പ്രതിഷേധ പ്രസ്ഥാനങ്ങളെ ആധികാരികമാക്കുന്നതിന്റെ ഒരു പുതിയ ധാര്‍മ്മിക കേന്ദ്രമായിത്തീര്‍ന്നു. പ്രവൃത്തിക്ക് വേദോദ്ധാരണിയുടെ പിന്‍ബലം ആവശ്യമില്ല. ഗുരുവചനത്തിന്റെ പുനര്‍വ്യാഖ്യാനം മതി എന്നുവന്നു.


ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം

സി വി കുഞ്ഞുരാമനെപ്പോലെയുള്ള സാമുദായിക ആചാര പരിഷ്‌കര്‍ത്താക്കള്‍ക്ക് യാഥാസ്ഥിതിക ഈഴവരെ ചെറുത്തുതോല്പിക്കാന്‍ കഴിഞ്ഞതിന്റെ കാരണങ്ങളിലൊന്ന് ഗുരു അവരുടെ പരിശ്രമങ്ങള്‍ക്ക് നല്കിയ പിന്തുണ ആയിരുന്നു എന്നു കാണാം. സമുദായമദ്ധ്യത്തിലുണ്ടായിരുന്ന ഗുരുവിന്റെ ധാര്‍മ്മികശക്തി തന്നെയായിരുന്നു സഹോദരനയ്യപ്പനും അദ്ദേഹത്തിന്റെ മിശ്രഭോജന പ്രസ്ഥാനത്തിനും താങ്ങായിത്തീര്‍ന്നത്.

ഈ ധാര്‍മ്മികബലത്തെ ഉപയോഗപ്പെടുത്തുന്നതിനാണ് 1903 ല്‍ താന്‍ ഏഴു വര്‍ഷം മുന്‍പ്  സ്ഥാപിച്ച ഈഴവ മഹാസഭ പിരിച്ചുവിട്ട് ‘‘ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം” രൂപീകരിക്കാന്‍ ഡോ. പല്പു തയ്യാറായത്. 1903 ല്‍ ശ്രീനാരായണ ഗുരു അദ്ധ്യക്ഷനും ബംഗാളി നവോത്ഥാനത്തിന്റെ കേന്ദ്രമായിരുന്ന കല്‍ക്കത്തയിലെ വാസത്തിനുശേഷം മടങ്ങിയെത്തിയ കുമാരനാശാന്‍ സെക്രട്ടറിയുമായി എസ്എന്‍ഡിപി യോഗം രൂപീകൃതമായി.

ഡോ. പല്പു പരിപാലിക്കാന്‍ ആഗ്രഹിച്ച ധര്‍മ്മത്തിന് ഗുരുവിന്റെ മതചിന്തകളുമായി പറയത്തക്ക ബന്ധമൊന്നും ഉണ്ടായിരുന്നില്ല. സെക്രട്ടറിയായിരുന്ന ചിന്നസ്വാമി ഇങ്ങനെയാണ് പറഞ്ഞത്: “ഈ യോഗം അര്‍ത്ഥത്തില്‍ കേവലം മലയാളത്തിലെ ‘ഈഴവ മഹാജനയോഗം’ ആകുന്നു. എന്നാല്‍ ഇതിന്റെ നാമം ഈ അര്‍ത്ഥത്തെ വെളിപ്പെടുത്തുന്നില്ലതന്നെ.

ആ നാമത്തിന് പ്രയോജനാന്തരമുണ്ട്. മതത്തെ അധികം സംബന്ധിക്കാത്ത ഒരു സ്ഥാപനവും എത്രതന്നെ ബലവത്തായിരുന്നാലും, ഇന്ത്യയില്‍ അതിന്റെ ഉദ്ദിഷ്ട ഫലങ്ങളെ തൃപ്തികരമാംവണ്ണം പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നുള്ളതും നാം മുമ്പുതന്നെ കണ്ടിരിക്കുന്നുവല്ലോ.

സ്വജാതിയില്‍ ഇത്രയും യോഗ്യനായ ഒരു മതാചാര്യനെ ലഭിച്ചത് നമ്മുടെ സമുദായത്തിന് ഇപ്പോള്‍ ഉണ്ടായ ഭാഗ്യങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ്…. ഈ അപൂര്‍വ്വമായ സൗകര്യത്തെ നാം ഇപ്പോള്‍ ന്യായമായി ഉപയോഗിച്ച് സഫലീകരിച്ച് കൊള്ളുന്നില്ലെങ്കില്‍ അത് നമുക്ക് ഒരിക്കല്‍ നിശ്ചയമായും അപരിഹാര്യമായ നഷ്ടമായും കഠിനമായ പശ്ചാത്താപത്തിന് കാരണമായും തീരും.”

ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ഈഴവ ബൂര്‍ഷ്വാശക്തികള്‍ ശ്രീനാരായണഗുരുവില്‍ തങ്ങളുടെ നേതാവിനെ ദര്‍ശിച്ചു. ഗുരുവിന്റെ കൊടിക്കീഴിലായി അവരുടെ യുദ്ധം. ഗുരുചിന്തകളായി മുദ്രാവാക്യസൂക്തങ്ങള്‍; ഗുരുനാമത്തിലായി ജനങ്ങളെ അണിനിരത്തല്‍.


യോഗം ഒരു ജനകീയപ്രസ്ഥാനം

ശ്രീനാരായണഗുരുവിന്റെ അദ്ധ്യക്ഷ പദവി ഈഴവ സമുദായത്തിലെ പ്രമുഖരായവരെയും പ്രാദേശിക സമുദായ സംഘടനകളെയും എസ്എന്‍ഡിപി യോഗത്തിലേക്ക് ആകര്‍ഷിക്കുന്നതിനും യോഗത്തെ സമുദായത്തിന്റെ മൊത്തത്തിലുള്ള സംഘടനയായി ഉയര്‍ത്തുന്നതിനും സഹായിച്ചു.

മുപ്പതുകള്‍ക്ക് മുമ്പ് നടന്ന പൗരസ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ പിന്നിലെ പ്രേരകശക്തി പ്രധാനമായും പ്രാദേശിക സംഘടനകളായിരുന്നു. ക്രമേണ അവയുടെ നേതൃത്വത്തിലേക്ക് എസ്എൻഡിപി യോഗം ഉയർന്നുവന്നു.

1920 ല്‍ രൂപം കൊണ്ട പൗരാവകാശ ലീഗിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ദേവസ്വം റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നു വിഭജിച്ചു മാറ്റുകയും അതുവഴി സര്‍ക്കാരുദ്യോഗത്തിന് അഹിന്ദുക്കള്‍ക്കും അവര്‍ണ്ണര്‍ക്കുമുണ്ടായിരുന്ന വിലക്ക് മാറ്റുകയും ചെയ്തു.

ടി.കെ. മാധവനാണ് പൗരാവകാശ പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടമായ ക്ഷേത്രപ്രവേശന സമരത്തിന് നേതൃത്വം നല്കിയത്. കേരളത്തിലുടനീളം വൈക്കം സത്യഗ്രഹം ഒരു പുതിയ ആവേശം ഉണര്‍ത്തി. എന്നാല്‍ ഒരു വര്‍ഷവും എട്ടു മാസവും നീണ്ടുനിന്ന സത്യഗ്രഹസമരം ആവശ്യങ്ങള്‍ ഭാഗികമായി മാത്രം നേടി അവസാനിപ്പിക്കേണ്ടിവന്നു.

നല്ലൊരു ശതമാനം ഈഴവരും കോണ്‍ഗ്രസിന്റെ തണുപ്പന്‍ സമരപരിപാടികളില്‍ അസംതൃപ്തരായിരുന്നു. ഇ മാധവനെപ്പോലുള്ളവരാകട്ടെ ഗാന്ധിജിയുടെ വര്‍ണ്ണാശ്രമ ധര്‍മ്മ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വേണ്ടിവന്നാല്‍ ബലം പ്രയോഗിച്ച് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് ചേര്‍ത്തലയിലെ വിപ്ലവ ലീഗ് പോലുള്ള സംഘടനകള്‍ രൂപംകൊണ്ടു. പലയിടത്തും ‘ക്ഷേത്രപ്രവേശന പ്രക്ഷോഭം’, ‘ക്ഷേത്രത്യാഗ’ പ്രക്ഷോഭമായി രൂപാന്തരപ്പെട്ടു.

നിവർത്തന പ്രക്ഷോഭം

വൈക്കം സത്യഗ്രഹത്തിനു ശേഷം പ്രക്ഷോഭത്തിനുണ്ടായ പിന്നോട്ടടി മുപ്പതുകളുടെ ആദ്യം ഉയര്‍ന്നുവന്ന നിവര്‍ത്തന പ്രക്ഷോഭത്തോടെയാണ് നികത്തപ്പെട്ടത്. ക്ഷേത്രപ്രവേശന സമരത്തിന്റെ പരാജയവും സര്‍ക്കാര്‍ ഉദ്യോഗത്തിലും നിയമസഭാ പ്രാതിനിധ്യത്തിലുമുള്ള വിവേചനവും സവര്‍ണ്ണ ജാതിക്കാരുടെയും സവര്‍ണ്ണ ദേശീയ നേതാക്കന്മാരുടെയും ആത്മാര്‍ത്ഥതയെക്കുറിച്ച് ഈഴവരില്‍ സംശയമുളവാക്കി.

അവര്‍ണ്ണരുടെ ശരിയും ന്യായവുമായ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ അഭാവം രാഷ്ട്രീയ മേഖലയിലേക്ക് ജാതി സംഘടനകളുടെ രംഗപ്രവേശനത്തിന് വഴിയൊരുക്കി. ഈ പ്രവണത നിവര്‍ത്തനപ്രക്ഷോഭത്തിലാണ് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയത്.

ഇത് 1919–25 കാലത്തെ പൗരാവകാശ പ്രക്ഷോഭങ്ങളിലൂടെ ഉയര്‍ന്നുവന്നുകൊണ്ടിരുന്ന മതനിരപേക്ഷ ഐക്യത്തെ തുരങ്കം വച്ചു. ഈ സംഭവവികാസം തിരുവിതാംകൂറിലെ പിന്നീടുണ്ടായ മുഴുവന്‍ രാഷ്ട്രീയ വളര്‍ച്ചയെയും കാര്യമായി സ്വാധീനിച്ച ഘടകങ്ങളിലൊന്നാണ്.

1932 ല്‍ ഈഴവ രാഷ്ട്രീയ ലീഗ് രൂപം കൊണ്ടു. ഇതുപോലുള്ള മറ്റു സംഘടനകള്‍ ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഇടയിലും രൂപം കൊണ്ടു. ഇവയെല്ലാം സംയുക്ത രാഷ്ട്രീയ സഭ എന്ന പേരില്‍ ഒന്നിക്കുകയും സര്‍ക്കാര്‍ ഉദ്യോഗത്തിലും നിയമസഭയിലും ജാതി സംവരണം മുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ട് സമരരംഗത്തിറങ്ങുകയും ചെയ്തു.

നിവര്‍ത്തന പ്രക്ഷോഭകാരികളുടെ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. 1935 ല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സംവരണം ഏര്‍പ്പെടുത്തുകയും നായര്‍ ബ്രിഗേഡിലെ ഉദ്യോഗം എല്ലാ ജാതിക്കാര്‍ക്കും തുറന്നുകൊടുക്കുകയും ചെയ്തു.

1936 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുകയും വോട്ടവകാശ നിബന്ധനകള്‍ ചുരുക്കുകയും ചെയ്തു. ഈ വര്‍ഷം അവസാനമായപ്പോഴേക്കും പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരവും ഉണ്ടായി.

മതപരിവർത്തന പ്രസ്ഥാനം

നിവര്‍ത്തന പ്രക്ഷോഭത്തിനോട് ഒരു വിട്ടുവീഴ്ചാ മനോഭാവം പ്രകടിപ്പിക്കുന്നതിന് സര്‍ക്കാരിനെ നിര്‍ബ്ബന്ധിതമാക്കിയ ഘടകങ്ങളില്‍ ഒന്ന് മതപരിവര്‍ത്തന പ്രസ്ഥാനമായിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ പരാജയത്തെത്തുടര്‍ന്ന് സി വി കുഞ്ഞുരാമനെപ്പോലുള്ളവര്‍ ‘ഈഴവര്‍’ ക്രിസ്തുമതത്തിലേക്ക് ചേരണമെന്ന് വാദിച്ചു തുടങ്ങി. ഡോ. കമാല്‍ പാഷാ തയ്യലിനെപ്പോലുള്ളവരാകട്ടെ ഇസ്ലാംമതം സ്വീകരിക്കണമെന്നാണ് വാദിച്ചത്.

സിക്കുമതത്തില്‍ ആവേശം കൊണ്ട കെ സി കുട്ടനെപ്പോലുള്ളവരും വിരളമല്ലായിരുന്നു. സി കൃഷ്ണനും കൂട്ടരും ബുദ്ധമത പ്രസ്ഥാനക്കാരായിരുന്നു. കുമാരനാശാനെയും കെ അയ്യപ്പനെയും പോലുള്ള ഈഴവ നേതാക്കന്മാരുടെ ബൗദ്ധികമായ വളര്‍ച്ചയില്‍ ബുദ്ധമതം വമ്പിച്ച സ്വാധീനം ചെലുത്തി.

മതപരിവര്‍ത്തനം സംബന്ധിച്ച പ്രമേയങ്ങള്‍ എസ്എന്‍ഡിപി യോഗത്തിന്റെ കോണ്‍ഫറന്‍സുകളില്‍ ഔപചാരികമായിപ്പോലും ചര്‍ച്ചയ്‌ക്കെടുക്കപ്പെട്ടു. എന്നാല്‍, ക്ഷേത്രപ്രവേശന വിളംബരത്തോടുകൂടി മതപരിവര്‍ത്തനപ്രസ്ഥാനം ക്ഷീണിച്ചുതുടങ്ങി.

എന്നാല്‍ മതപരിവര്‍ത്തന പ്രസ്ഥാനം ഇളക്കിവിട്ട ആശയപരമായ കോളിളക്കങ്ങള്‍ ശക്തിപ്പെടുകയാണുണ്ടായത്. ഈഴവരെ ചാക്കിട്ടു പിടിക്കാനുള്ള വിവിധ മതക്കാരുടെ തരംതാഴ്ന്ന ശ്രമങ്ങള്‍ എല്ലാ മതങ്ങളുടെയും നിരര്‍ത്ഥകതയിലേക്കാണ് വിരല്‍ ചൂണ്ടിയത്. ആലപ്പുഴയിലാവട്ടെ, മതപരിവര്‍ത്തന ശ്രമങ്ങള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള രൂക്ഷമായ ഒരു വര്‍ഗ്ഗീയ ലഹളയായിപ്പോലും അധഃപതിച്ചു.

യുക്തിവാദ പ്രസ്ഥാനം

ഈ മതനിഷേധ പ്രവണതയെ ശക്തിപ്പെടുത്തിയ മറ്റൊരു ഘടകം യുക്തിവാദമായിരുന്നു. മതപരിവര്‍ത്തനവാദികള്‍ക്ക് താന്താങ്ങളുടെ മതങ്ങളുടെ മേന്മയെ മതഗ്രന്ഥങ്ങളും സൂത്രവാക്യങ്ങളും ഉദ്ധരിച്ച് ന്യായീകരിച്ചാല്‍ മാത്രം മതിയായിരുന്നില്ല.

മറിച്ച് അവയ്ക്ക് യുക്തിയുടെ ഒരു പരിവേഷവും കൂടി കൊടുക്കേണ്ടിയിരുന്നു. യുക്തിവാദത്തിന്റെ പിന്‍വാതിലിലൂടെയുള്ള ഈ കടന്നുവരവ് ഇ മാധവന്റെ സ്വതന്ത്രസമുദായം എന്ന പുസ്തകത്തിലേക്കു നയിച്ചു. അഖിലകേരള തിയ്യ യുവജനസംഘം എന്ന പേരില്‍ സംഘടിച്ച ഉല്പതിഷ്ണുക്കളായ ഈഴവ യുവജനങ്ങളുടെ ബൈബിളായിത്തീര്‍ന്നു ഈ ഗ്രന്ഥം.

അതോടെ കെ അയ്യപ്പന്‍ തുടങ്ങിവച്ച യുക്തിവാദചിന്തകള്‍ ഒരു ബഹുജനപ്രസ്ഥാനത്തിന്റെ തത്ത്വശാസ്ത്രമായിത്തീര്‍ന്നു. ഇ മാധവന്‍ എല്ലാ മതങ്ങളെയും തള്ളിപ്പറഞ്ഞു. ഈഴവര്‍ എല്ലാ ജാതികളുടെയും മതങ്ങളുടെയും പരിധികള്‍ക്കുപുറത്ത് ഒരു സ്വതന്ത്ര സമുദായമായി നിലകൊള്ളണമെന്ന് അദ്ദേഹം വാദിച്ചു. അശാസ്ത്രീയവും അധാര്‍മ്മികവും അയുക്തികവുമായ മതത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് ആര്‍ക്കും ഒരു നഷ്ടവും വരാന്‍ പോകുന്നില്ല.

ഉദാഹരണത്തിന് വത്തിക്കാന്റെ ഔദ്യോഗിക പ്രാര്‍ത്ഥനകളുടെ എതിര്‍പ്പുകളെല്ലാം ഉണ്ടായിരുന്നിട്ടും സോവിയറ്റ് യൂണിയനിലുണ്ടായ വമ്പിച്ച മുന്നേറ്റം നിരീശ്വരവാദത്തിന്റെ വിജയപ്രഖ്യാപനമല്ലേ? ഇങ്ങനെയായിരുന്നു സോവിയറ്റ് യൂണിയനും അതിന്റെ നേതാവ് ലെനിനും ഇ മാധവന്റെ സ്വതന്ത്രസമുദായത്തിലേക്ക് കടന്നുവന്നത്. സ്വതന്ത്രസമുദായത്തിന്റെ ആദ്യപതിപ്പിലെ ലോകഗുരുക്കന്മാരുടെ ചിത്രങ്ങളിലൊന്ന് ലെനിന്റേതായിരുന്നു.

റഷ്യൻ വിപ്ലവത്തിന്റെ സ്വാധീനം

സോവിയറ്റ് വിപ്ലവത്തിന്റെ അലകള്‍ കേരളക്കരയിലെത്താന്‍ അധികനാള്‍ എടുത്തില്ല. 1919 ല്‍ തന്റെ മിശ്രഭോജന പ്രക്ഷോഭത്തിന്റെ മദ്ധ്യത്തില്‍നിന്നുകൊണ്ട് കെ അയ്യപ്പന്‍ നവവർഷത്തിൽ വടക്കുപടിഞ്ഞാറു നിന്നു വീശുന്ന മാരുതനെ സ്വാഗതം ചെയ്തു. റഷ്യൻ വിപ്ലവത്തിന്റെ സന്ദേശം മലയാള സാഹിത്യത്തിൽ രംഗപ്രവേശനം ചെയ്തു.

ആ വര്‍ഷം തന്നെയെഴുതിയ ഈഴവോല്‍ബോധനം എന്ന കവിതയില്‍ അയ്യപ്പന്‍ യുവജനങ്ങളോട് റഷ്യയിലെപ്പോലെ പുതിയൊരു ചരിത്രം രചിക്കാൻ ആഹ്വാനം ചെയ്തു. ഈ കവിതയിലാണ് ‘സഖാക്കളേ’, എന്ന സംബോധന മലയാള സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

എല്ലാവിധ സാമൂഹ്യ അനീതികളെയും ഉച്ചനീചത്വങ്ങളെയും ദുഷ്പ്രഭുത്വത്തെയും ഇല്ലായ്മ ചെയ്യുന്നതില്‍ വിജയിച്ച സോവിയറ്റ് യൂണിയന്‍ അയ്യപ്പന്റെ മനം കവര്‍ന്നു. വൈക്കം സത്യഗ്രഹത്തിന്റെ ലഹരിയില്‍ ആലപ്പുഴയിലെ കയര്‍ തൊഴിലാളികളോട് അയ്യപ്പന്‍ പ്രസംഗിച്ചു:

‘‘റഷ്യക്കാര്‍ അവരുടെ രാജകുടുംബത്തെത്തന്നെ വകവരുത്തിക്കൊണ്ട് സ്വാതന്ത്ര്യം നേടിയതുപോലെ, പട്ടാളക്കാരന്റെ തോക്കോ പൊലീസുകാരന്റെ ബാറ്റണ്‍ തടിയോ മഹാരാജാവിനെത്തന്നെയോ കൂസാതെ നിങ്ങള്‍ സമരം ചെയ്യണം.” ആശങ്കാകുലനായ ദിവാന്‍ നോട്ടെഴുതി. ‘‘ഇവിടെ കമ്യൂണിസ്റ്റാശയങ്ങള്‍ പ്രചരിച്ചു തുടങ്ങിയിരിക്കുന്നു, മനുഷ്യാവകാശസമത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നു.”

ജാതി വേണ്ട മതം വേണ്ട 
ദൈവം വേണ്ട മനുഷ്യന്

മുകളില്‍ വിവരിച്ച ചിന്താധാരകള്‍ ശ്രീനാരായണഗുരുവിന്റെ അദ്വൈത മതചിന്തകളില്‍നിന്ന് ഭിന്നമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഈ പുതിയ ഉല്പതിഷ്ണുക്കള്‍ക്കും ശ്രീനാരായണന്‍ ഗുരുവായിത്തന്നെ തുടര്‍ന്നു.

കാരണം

ശിവഗിരി

ശിവഗിരി

ഗുരുപ്രബോധനങ്ങളുടെ സത്ത സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരമായിരുന്നു. തങ്ങളുടെ യുക്തിവാദ നിലപാടുകള്‍ക്കുപോലും ഗുരുവിന്റെ ഉദ്ധരണികളുടെ പിന്‍ബലത്തിലൂടെ ആധികാരികത്വം നല്കുന്നതിന് പുതിയ ചിന്താസരണികളുടെ പ്രവാചകര്‍ മടിച്ചില്ല.

ഇ മാധവന്‍ ‘‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന മുദ്രാവാക്യം ‘‘ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരു സൂക്തത്തിന്റെ പുനരാഖ്യാനമാണെന്ന് സ്ഥാപിക്കുന്നതിന് സ്വതന്ത്രസമുദായത്തിന്റെ രണ്ടു പേജോളം ചെലവാക്കുകയുണ്ടായി. മാധവന്റെ അഭിപ്രായത്തില്‍ ഗുരുവിന്റെ ശരിയല്ലെന്ന് തോന്നുന്ന നിലപാടുകള്‍ തള്ളിപ്പറയുന്നതില്‍ തെറ്റില്ല. കാരണം അതാണ് ഗുരുപ്രബോധനങ്ങളുടെ ആത്മാവ്.

ഇത്തരത്തിലുള്ള ഗുരുചിന്തയുടെ പുനരാഖ്യാനങ്ങളുടെ ആവിര്‍ഭാവത്തിനു പിന്നിലെ പ്രധാന പ്രേരകശക്തി നാം കണ്ടതുപോലെ പ്രായോഗിക പ്രവര്‍ത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പുതിയ അവശ്യസമ്മര്‍ദ്ദങ്ങളാണ്. അതോടൊപ്പം തന്നെ അന്യചിന്താസരണികളുടെ ബുദ്ധിപരമായ സ്വാധീനവും കണക്കിലെടുക്കേണ്ടതുണ്ട്.

പാശ്ചാത്യ ലിബറലിസം, ആധുനിക വിദ്യാഭ്യാസത്തിലെ യുക്തിചിന്തയും ശാസ്ത്രവും, ബുദ്ധമതത്തിലെ അജ്ഞേയതാവാദം, ശിവയോഗിയുടെ പ്രബോധനങ്ങളിലെ ചാര്‍വാക പക്ഷപാതിത്വം, ദേശീയ പ്രസ്ഥാനത്തില്‍നിന്നും സോവിയറ്റ് വിപ്ലവത്തില്‍നിന്നും ഉയര്‍ന്നുവന്ന ദേശീയ വിപ്ലവസരണികള്‍ തുടങ്ങിയവ എല്ലാം ഈഴവ വിപ്ലവാത്മകതയെ കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

മൂന്ന് രാഷ്ട്രീയ ധാരകൾ

സവർണ്ണ ജാതി മേധാവിത്വത്തിനെതിരായ പ്രക്ഷോഭത്തിൽ മൂന്നു രാഷ്ട്രീയ ധാരകൾ പൊതുവിൽ കാണാൻ കഴിയും. ആദ്യത്തേത്, പ്രത്യക്ഷ രാഷ്ട്രീയത്തിൽ ഇടപെടാതെ സാമൂഹ്യപരിഷ്കരണത്തിനായി പ്രവർത്തിക്കുകയും വേണ്ടിവന്നാൽ സർക്കാരിനോടും ബ്രട്ടീഷ് ഭരണത്തോടും സഹകരിക്കുന്നവരാണ്. ഇത്തരമൊരു ബ്രട്ടീഷ് സഹകരണനയം രാജാറാം മോഹൻറോയിയെ പോലുള്ളവരിൽ തുടങ്ങുന്ന ശക്തമായ നവോത്ഥാന ധാരയാണെന്നത് ഓർമ്മിപ്പിക്കട്ടെ.

സാമൂഹ്യ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായി വിശേഷിപ്പിക്കപ്പെട്ട കുമാരനാശാൻ ആണ് ഒരുപക്ഷേ ഈ ധാരയുടെ ഏറ്റവും അറിയപ്പെടുന്ന പ്രതിനിധി. പന്തിഭോജനം, മദ്യവർജനം, മതപരിഷ്കരണം, മതപരിവർത്തനം, മതനിരാസം തുടങ്ങിയ ഒട്ടേറെ ചിന്താ പദ്ധതികൾക്ക് ഉറവിടമായിരുന്നു ഈ ധാര.

എസ്എൻഡിപി യോഗം ക്രമേണ രാഷ്ട്രീയ നിലപാടുകളും സമരോത്സുക പരിപാടികളും സ്വീകരിച്ചു തുടങ്ങി. ജാതിവിരുദ്ധ പ്രക്ഷോഭങ്ങളെ ദേശീയപ്രസ്ഥാനവുമായി കോർത്തിണക്കാൻ ശ്രമിച്ച ഒരുപറ്റം നേതാക്കൾ ഉയർന്നുവന്നു.

ഈ പാരമ്പര്യത്തിന്റെ ഏറ്റവും പ്രമുഖ വക്താക്കളാണ് ടി കെ മാധവനും സി കേശവനും. ടി കെ മാധവനാണ് കോൺഗ്രസിനെക്കൊണ്ടു വൈക്കം സത്യാഗ്രഹത്തിന് അംഗീകാരം നേടിയതിലും സംഘടിപ്പിച്ചതിലും പ്രധാനി. നിവർത്തനത്തിന്റെ വിജയത്തോടെ സമുദായത്തെയാകെ ഉത്തരവാദിത്ത ഭരണ പ്രക്ഷോഭത്തിനായുള്ള ദേശീയവാദികളോടൊപ്പം അണിനിരത്തുന്നതിലും സ്റ്റേറ്റ് കോൺഗ്രസിനു രൂപം നൽകുന്നതിലും സി കേശവൻ വലിയപങ്കുവഹിച്ചു.

മൂന്നാമത്തെ ധാരയെ ജാതിവിരുദ്ധ പ്രക്ഷോഭങ്ങളെ തൊഴിലാളികളുമായും സാധാരണക്കാരുമായും കൂട്ടിയിണക്കാൻ ശ്രമിച്ച സഹോദരൻ അയ്യപ്പനെയും ആർ സുഗതനെയും പോലുള്ളവർ പ്രതിനിധീകരിക്കുന്നു. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ഉത്ഭവവും ആദ്യകാല വളർച്ചയും ഇതിൽപ്പെടുന്നു.
 

ഏകാകിയായ ഗുരു


സാമുദായിക പിന്തിരിപ്പന്‍ പ്രവണതകൾ ശ്രീനാരായണന്റെ ജീവിതകാലത്തുതന്നെ പ്രകടമായിരുന്നു. ഗുരുവെ സംബന്ധിച്ചിടത്തോളം തന്റെ ക്ഷേത്രങ്ങള്‍ വെറും വിഗ്രഹാരാധനാകേന്ദ്രങ്ങളായിരുന്നില്ല. ഗുരുവിന്റെ ഭാവനയില്‍ വര്‍ണ്ണരഹിതസംസ്‌കാരത്തിന്റെയും പഠനത്തിന്റെയും കൈത്തൊഴില്‍ പരിശീലനത്തിന്റെയും കേന്ദ്രങ്ങളാവണമായിരുന്നു അവ.

എന്നാല്‍ ഈ കേന്ദ്രങ്ങളെല്ലാം തന്നെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വളര്‍ന്നുകൊണ്ടിരുന്ന പുത്തന്‍ ഈഴവ യാഥാസ്ഥിതികരുടെ ശക്തികേന്ദ്രങ്ങളായി മാറുന്നത് മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു.

1918 ല്‍ ഗുരു പ്രഖ്യാപിച്ചു: ‘‘ക്ഷേത്ര നിര്‍മ്മാണം അരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം കെട്ടാന്‍ നാം പണം ചെലവിട്ടത് ദുര്‍വ്യയമായിപ്പോയി.” വ്യാപകമായിക്കൊണ്ടിരിക്കുന്ന സങ്കുചിത ഈഴവ ജാതി ബോധം അദ്ദേഹത്തെ വ്യാകുലചിത്തനാക്കി. ‘‘നാം നിങ്ങളുടെ ജാതി അല്ല. നമുക്ക് ജാതി ഇല്ല. നാം മനുഷ്യജാതിയില്‍ പെട്ടതാകുന്നു” എന്ന് ഗുരു പ്രതിഷേധിച്ചു. എല്ലാ ജാതിക്കാരുടെയും ഒരു സംഘടനയായി എസ്എൻഡിപി വളരണമെന്ന് ഗുരു ആഗ്രഹിച്ചെങ്കിലും അത് ഈഴവരുടെ ജാതിസംഘടനയായി തുടര്‍ന്നു. ഗുരുവിന്റെ അന്ത്യനാളുകളായപ്പോഴേക്കും സന്ന്യാസിസംഘവും യോഗവും തമ്മില്‍ സ്വത്തുക്കളെച്ചൊല്ലി തര്‍ക്കവും തുടങ്ങി.

മനസ്സു മടുത്ത ഗുരു ഇനി താന്‍ കേരളത്തിലേക്കില്ല എന്നു പറഞ്ഞുകൊണ്ട് ദേശാടനത്തിനുപോലും പുറപ്പെട്ടു. പ്രമുഖ ശ്രീനാരായണ ശിഷ്യരിലൊരാളായ ജോണ്‍ ധര്‍മ്മതീര്‍ത്ഥരുടെ വാക്കുകളില്‍ ‘‘അദ്ദേഹം എല്ലാവിധത്തിലും ഏകാകിയായിരുന്നു.” ശ്രീനാരായണഗുരുവിന്റെ അന്ത്യനാളുകളിലെ ദുരന്തനായക ശോകച്ഛായ അടുത്ത ദശകങ്ങളില്‍ വരാനിരുന്ന മാറ്റങ്ങളുടെ നാന്ദി മാത്രമാണ്.

എസ്എൻഡിപി യോഗം ദിവാനൊപ്പം

1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസുമായുള്ള ബന്ധം വിഛേദിച്ചുകൊണ്ടുള്ള എസ്എന്‍ഡിപി പ്രമേയത്തോടെ സങ്കുചിത ജാതീയതയുടെ പിടിയിലേക്കുള്ള യോഗത്തിന്റെ പരിവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലേക്കു കടന്നു. സമരത്തിന്റെ കൊടിക്കൂറ ബൂര്‍ഷ്വാവര്‍ഗ്ഗം ചുരുട്ടിക്കെട്ടി.

ഈഴവ ബൂര്‍ഷ്വാസിയുടെ ഈ മനംമാറ്റത്തിലെ അടിസ്ഥാനപരമായ കാരണങ്ങളിലൊന്ന് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ വ്യവസായ വികസനനയത്തില്‍ വന്ന മാറ്റമായിരുന്നു. വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും വികസനത്തിലൂന്നുന്ന ഒരു നയം ദിവാൻ സ്വീകരിച്ചു.

ഇതിന്റെ പശ്ചാത്തലത്തിൽ ബൂര്‍ഷ്വാവര്‍ഗ്ഗം അവരുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളില്‍ അയവുവരുത്തിത്തുടങ്ങി. വിപ്ലവവായാടിത്തം അവര്‍ക്കൊരു ഭാരമായിത്തീര്‍ന്നു. എസ്എൻഡിപി യോഗത്തിലെ തന്നെ യാഥാസ്ഥിതിക ചിന്താഗതിക്കാരും അവരോടൊപ്പം കൂടി.

സമുദായത്തിന്റെ പ്രധാന ആവശ്യങ്ങള്‍ നേടിക്കഴിഞ്ഞതിനാല്‍ നിവർത്തന സമരത്തില്‍നിന്നു പിന്മാറണമെന്നും അല്ലെങ്കില്‍ സെക്രട്ടറി സി കേശവനെതിരെ നിവര്‍ത്തനം പ്രഖ്യാപിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.

ഈഴവ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ സത്ത മുഴുവന്‍  ബൂര്‍ഷ്വാ നേതൃത്വം കൈവെടിഞ്ഞു. അതിനെ ആവരണം ചെയ്ത ജാതീയതയുടെ പുറംതൊണ്ട് അവര്‍ കവചങ്ങളാക്കി. അവര്‍ കൈവെടിഞ്ഞ പുരോഗമനപരമായ അംശങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയത് ഈഴവ പരിഷ്‌കരണ പ്രസ്ഥാനത്തിലൂടെ തന്നെ രംഗപ്രവേശം ചെയ്ത തൊഴിലാളികളുടെ പ്രസ്ഥാനമായിരുന്നു.

ആലപ്പുഴ തൊഴിലാളിപ്രസ്ഥാനം

ആലപ്പുഴ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വളര്‍ച്ച പരിശോധിച്ചാല്‍ ഈ പ്രക്രിയ കൃത്യമായി കാണാന്‍ കഴിയും. ആലപ്പുഴ തൊഴിലാളി സമരരംഗത്തിറങ്ങുന്നത് ഈഴവ സാമൂഹ്യ പരിഷ്‌കരണ പ്രക്ഷോഭങ്ങളിലൂടെയാണ്.

ആലപ്പുഴയിലെ തൊഴിലാളിസംഘത്തിന്റെ ഉത്ഭവം തന്നെ വ്യവസായ മേഖലയിലെ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളേക്കാള്‍ ഈഴവ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ സ്വാധീനത്തിലായിരുന്നു. ഈഴവ സാമൂഹ്യ പരിഷ്‌കരണപ്രസ്ഥാനത്തിലെ വിവിധ ചിന്താസരണികളുടെയും അവ തമ്മിലുള്ള സംഘര്‍ഷാത്മകമായ ബന്ധങ്ങളുടെയും കേളീരംഗമായിരുന്നു ആലപ്പുഴ തൊഴിലാളി പ്രസ്ഥാനം.

ദേശീയപ്രസ്ഥാനമായാലും തൊഴിലാളി യൂണിയനായാലും എല്ലാ ജാതിമതസ്ഥരും ഉൾക്കൊള്ളുന്നവയാണ്. ഇത് പുതിയ സംഘർഷങ്ങൾക്കു വഴിതെളിച്ചു. ആലപ്പുഴയിൽ നിലവിൽ വന്ന സമവായം ഇതായിരുന്നു: എല്ലാ ജാതിമതസ്ഥരും ഉൾക്കൊള്ളുന്ന യൂണിയനുള്ളിൽ സാമുദായിക പരിഗണനകൾ ഒഴിവാക്കണം, തൊഴിലാളികളുടെ കൂലി, സേവന വ്യവസ്ഥകൾ തുടങ്ങിയ പൊതു ആവശ്യങ്ങളെ ആസ്പദമാക്കിയാണ് യൂണിയൻ പ്രവർത്തിക്കുക.

ഫാക്ടറിക്കു പുറത്തു നാട്ടിൽ തൊഴിലാളികൾ സാമുദായിക സംഘടനകളിൽ സജീവമായി പ്രവർത്തിക്കും. ഇങ്ങനെ ഒരർത്ഥത്തിൽ ഒരു ഇരട്ടജീവിതമായിരുന്നു തൊഴിലാളികളുടേത്.

ഈ സ്ഥിതിസന്തുലനത്തിൽ ഒരു മാറ്റം വരുത്തുന്നതിന് ലേബർ അസോസിയേഷന്റെ 1937ലെ പന്ത്രണ്ടാം വാർഷിക സമ്മേളനത്തിൽ തിരുവനന്തപുരത്തു നിന്നുവന്ന സൗഹാർദ്ദ പ്രതിനിധി പൊന്നറ ശ്രീധരൻ അവതരിപ്പിച്ച പ്രമേയം വലിയ കോലാഹലം സൃഷ്ടിച്ചു.

തൊഴിലാളികൾ സാമുദായിക സംഘടനകളിൽ പ്രവർത്തിക്കാൻ പാടില്ല എന്നതായിരുന്നു പൊന്നറയുടെ പ്രമേയത്തിന്റെ സാരം. അവസാനം ആർ സുഗതൻ അവതരിപ്പിച്ച് സമ്മേളനം അംഗീകരിച്ച പ്രമേയം നിലവിലുണ്ടായിരുന്ന സ്ഥിതിയുടെ അംഗീകാരമായിരുന്നു.

യൂണിയനുള്ളിൽ സാമുദായിക പരിഗണനകൾ പാടില്ല. പുറത്താകാം. തൊഴിലാളി ജീവിതത്തിലെ ഈ ഇരട്ടമുഖം അവസാനിപ്പിച്ച് ഫാക്ടറിക്കുള്ളിലെ ആവശ്യങ്ങൾക്കുവേണ്ടി എല്ലാ തൊഴിലാളികളും ഒരുമിച്ചു നില്ക്കുന്നതുപോലെ ജാതിവിരുദ്ധ സമരത്തിലും ജാതിമത ഭേദമില്ലാതെ എല്ലാ തൊഴിലാളികളും അണിനിരക്കണമെന്ന നിലപാടിലേയ്ക്കെത്താൻ ആലപ്പുഴ തൊഴിലാളിക്ക് 1938ലെ പൊതുപണിമുടക്കിന്റെ അനുഭവവുംകൂടി വേണ്ടിവന്നു.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി 
ആലപ്പുഴയിൽ

നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുത ഈ തര്‍ക്കത്തിലൊന്നും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ഗൗരവമായി ആരും ഉയര്‍ത്തിക്കണ്ടില്ല എന്നതാണ്. 1935 മുതല്‍ സി എസ് പി യും ആലപ്പുഴ തൊഴിലാളി പ്രസ്ഥാനവും തമ്മില്‍ ബന്ധപ്പെട്ടു തുടങ്ങി. എങ്കിലും 1937 ല്‍ സി എസ് പിയുടെ ആലപ്പുഴയിലെ സ്വാധീനം മുകളില്‍ വിവരിച്ച ഗൗരവമായ തര്‍ക്കത്തില്‍ ശരിയായി ഇടപെടാന്‍ പറ്റാത്തവിധം ദുര്‍ബ്ബലമായിരുന്നു എന്നു വേണം അനുമാനിക്കാന്‍.

ആദ്യത്തെ പ്രമേയം സി എസ് പിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായിരുന്നു. സാമ്രാജ്യവിരുദ്ധ സമരങ്ങളും ജാതിവിരുദ്ധ സമരങ്ങളുമായുള്ള ബന്ധം സി എസ് പി ശരിയായി വിലയിരുത്തിയതിന്റെ ഫലമായി ശുദ്ധ ദേശീയവാദികളില്‍നിന്നു വ്യത്യസ്തമായി, നിവര്‍ത്തന പ്രക്ഷോഭത്തെ അതിന്റെ വര്‍ഗ്ഗീയ പരിവേഷം ഉണ്ടായിരുന്നിട്ടുകൂടി, സി എസ് പി പിന്താങ്ങുകയാണുണ്ടായത്.

അതേസമയം സാമ്രാജ്യത്വവിരുദ്ധ ജാതിവിരുദ്ധ സമരങ്ങളുടെ നേതൃത്വത്തിലേക്ക് ഉയരേണ്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്വതന്ത്ര വര്‍ഗ്ഗസംഘടനകള്‍ക്കു വേണ്ടിയും സി എസ് പി നിലകൊണ്ടു. ഐകകണ്‌ഠ്യേന അംഗീകരിച്ച പ്രമേയമാവട്ടെ തൊഴിലാളിവര്‍ഗ്ഗത്തിന് എന്തെങ്കിലും രാഷ്ട്രീയ കടമയുള്ളതായി പരിഗണിച്ചില്ല.


1938ലെ പൊതു പണിമുടക്ക് – 
ഒരു രാഷ്ട്രീയ പാഠശാല

ആലപ്പുഴ തൊഴിലാളിവര്‍ഗ്ഗം സി എസ് പിയുടെ രാഷ്ട്രീയ നിലപാടിലേക്ക് വരുന്നത് 1938 ലെ പൊതു പണിമുടക്കിലൂടെയാണ്. സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്തരവാദിത്തഭരണ പ്രക്ഷോഭകാലത്ത് തൊഴിലാളികളുടെ ആവശ്യങ്ങൾകൂടി മുന്നോട്ടുവച്ചുകൊണ്ട് ആലപ്പുഴയിൽ അനിശ്ചിതകാല പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.

സ്റ്റേറ്റ് കോണ്‍ഗ്രസ് ദിവാന്‍ വിരുദ്ധസമരത്തെ വഞ്ചിച്ചിട്ടും, എല്ലാവിധ മര്‍ദ്ദനങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് സമരം തുടര്‍ന്നു നടത്തിയ ആലപ്പുഴ തൊഴിലാളി, സ്റ്റേറ്റ് കോണ്‍ഗ്രസിലെയും യൂത്ത്‌ലീഗിലെയും ഇടതുപക്ഷക്കാരുടെ ബഹുമാനവും ആദരവും പിടിച്ചുപറ്റി. അങ്ങനെയാണ് കെ സി ജോര്‍ജിനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ രാഷ്ട്രീയ ഗുരുവായി ആലപ്പുഴ തൊഴിലാളിവര്‍ഗ്ഗം ഉയര്‍ന്നത്.

ബഹുജനങ്ങളുടെ അതിവേഗത്തിലുള്ള രാഷ്ട്രീയവല്ക്കരണവും സോഷ്യലിസ്റ്റ് നേതൃത്വത്തിന്റെ ഉയര്‍ച്ചയും തൊഴിലാളികളുടെ മേലുള്ള സമുദായ മേധാവിത്തത്തെ ഇല്ലായ്മ ചെയ്തു. കയര്‍ വ്യവസായത്തിലെ ഈഴവ മുതലാളിമാരുടെ വളര്‍ച്ച ഈ പ്രക്രിയയുടെ വേഗം കൂട്ടി.

യൂറോപ്യന്‍ ഫാക്ടറികളെ അപേക്ഷിച്ച് വളരെ ശോചനീയമായ തൊഴില്‍ ബന്ധങ്ങളും സാഹചര്യങ്ങളും നിലവിലിരുന്ന ഈഴവ ഗ്രാമീണ ഫാക്ടറികളിലെ ഈഴവ തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കുന്നതിനും എസ് എന്‍ ഡി പി യോഗത്തിന് ഒരു പരിപാടിയും ഉണ്ടായിരുന്നില്ല. ഇതിനോടൊപ്പം യോഗത്തിന്റെ 1939 ലെ സര്‍ക്കാര്‍ അനുകൂല രാഷ്ട്രീയ തകിടംമറിച്ചിൽ കൂടി ചേര്‍ന്നപ്പോള്‍ യോഗവും തൊഴിലാളികളും തമ്മിലുണ്ടായ അകല്‍ച്ച പൂര്‍ത്തിയായി.


എസ്എൻഡിപി 
യോഗത്തിനെതിരെ വിമർശനം


1937 ല്‍ തൊഴിലാളി യോഗങ്ങളില്‍ പോലും എസ് എന്‍ ഡി പിക്കെതിരായ വിമര്‍ശനങ്ങളെ തൊഴിലാളികള്‍ വികാരപരമായി എതിര്‍ത്തുവെങ്കില്‍ 1939 ആയപ്പോഴേക്കും ഈഴവ ജാതി യോഗങ്ങളില്‍ പോലും എസ് എന്‍ ഡി പിക്കെതിരായ തൊഴിലാളികളുടെ വികാരം അണപൊട്ടിയൊഴുകി.

ഒരു കാലത്ത് ആലപ്പുഴ തൊഴിലാളികളുടെ ആരാധനാപാത്രമായിരുന്ന കെ അയ്യപ്പന്‍ (സഹോദരൻ അയ്യപ്പൻ) അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പക്ഷപാതം മൂലം നിശിതമായ വിമര്‍ശനത്തിനു പാത്രമായി. തെക്കനാര്യാട്ടെ എസ് എന്‍ ഡി പി യോഗം 299ാം നമ്പര്‍ ശാഖയുടെ നാലാം വാര്‍ഷികത്തില്‍ സി കെ വേലായുധന്‍ ചെയ്ത പ്രസംഗം ഈ പുതിയ മനോഭാവത്തിന്റെ ഉദാഹരണമായി ഉദ്ധരിക്കാവുന്നതാണ്.

“എസ് എന്‍ ഡി പി യോഗത്തിന്റെ പ്രവര്‍ത്തനം ഇന്നത്തെ നിലയ്ക്ക് നോക്കുകയാണെങ്കില്‍ അതില്‍ നമുക്ക് അഭിമാനിക്കാവുന്ന വകയില്ല എന്നാണ് എനിക്കു തോന്നുന്നത്. ജാതിയും മതവും എല്ലാം ഒന്നാവണമെന്നാണ് ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശം. എസ് എന്‍ ഡി പി ജാതിബോധം ഇല്ലാതാക്കുന്നതിനും മതവൈരാഗ്യം ഇല്ലാതാക്കുന്നതിനും എന്തെങ്കിലും ചെയ്തതായി എനിക്കു അറിയാന്‍ കഴിഞ്ഞിട്ടില്ല. സാമുദായിക മനോഭാവം നിലനില്ക്കുന്നിടത്തോളം ഇതിന്റെ പുരോഗമന മാര്‍ഗ്ഗത്തെ വളര്‍ത്തിക്കൊണ്ടു വരാന്‍ സാദ്ധ്യമാണോ എന്നാണെന്റെ സംശയം. എസ് എന്‍ ഡി പി യോഗവും യൂണിയന്‍സും ഒരുപോലെ പിന്തിരിപ്പന്മാരുടെ കൈവശം ഈ അടുത്ത നാളില്‍ത്തന്നെ വന്നുചേരുമെന്ന് അതിന്റെ ഉള്ളുകള്ളികള്‍ അറിയാന്‍ സാധിച്ച എനിക്ക് പറയാന്‍ കഴിയും.”

തൊഴിലാളികളുടെ വര്‍ഗ്ഗസംഘടന ജാതിസംഘടനയെ പിന്തള്ളിക്കൊണ്ട് തൊഴിലാളികളുടെ പ്രാഥമിക വിധേയത്വത്തിന്റെ കേന്ദ്രമായി മാറി. മുമ്പ് പ്രാഥമികമായി താന്‍ ഈഴവനാണെന്നു കരുതിയ തൊഴിലാളി താന്‍ പ്രാഥമികമായി തൊഴിലാളിവര്‍ഗ്ഗത്തിലെ അംഗമാണ് എന്ന് സ്വയം പരിഗണിച്ചു തുടങ്ങി. ജാതി വിരുദ്ധ സമരം സമൂഹത്തിലെ പൊതു വര്‍ഗ്ഗസമരത്തിന്റെ ഭാഗമായി മാറി.

ജാതിബോധത്തെ നിഷേധമെന്നു പറയുമ്പോള്‍ പഴയതിനെയെല്ലാം തള്ളിക്കളയുക എന്നല്ല അര്‍ത്ഥമാക്കുന്നത്. പഴയതിലെ സ്വീകാര്യമായവയെല്ലാം സ്വായത്തമാക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന ഒരു പ്രക്രിയയാണിത്.

നാം കണ്ടതുപോലെ ഈഴവ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിലെ വിപ്ലവാത്മകതയുടെ പൈതൃകം മുന്നോട്ടുകൊണ്ടുപോയത് തൊഴിലാളിപ്രസ്ഥാനമായിരുന്നു. സ്വാതന്ത്ര്യാനന്തരകാലത്ത് ജാതിസംഘടനകളും തൊഴിലാളിവർഗ പ്രസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളിൽ വന്ന മാറ്റങ്ങളും പാഠങ്ങളും വിസ്തരഭയത്താൽ ഈ ലേഖനത്തിൽ പരിശോധിക്കുന്നില്ല. അത് മറ്റൊരവസരത്തിലാകാം.

 

ചിന്ത വാരികയിൽ നിന്ന്

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top