22 December Sunday
ഇന്ന്‌ കേരളപ്പിറവി
 ദിനം

കരുതലോടെ കരുത്താർജിച്ച് - പിണറായി വിജയൻ
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

 

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷങ്ങൾ പൂർത്തിയായി. ഇക്കാലയളവിനുള്ളിൽ അനേകം നേട്ടങ്ങൾ കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1957ൽ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ മുതൽ പിന്നീടിങ്ങോട്ട് അധികാരത്തിൽ വന്ന പുരോഗമന സർക്കാരുകളെല്ലാം കേരളത്തിന്റെ സാമൂഹ്യ–- സാമ്പത്തിക പുരോഗതിയിൽ അവയുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ മേഖലകളിൽ ലോകത്തിനുതന്നെ മാതൃകയായിത്തീർന്ന വിധത്തിൽ വലിയ തോതിലുള്ള മുന്നേറ്റം നമുക്കുണ്ടായി. സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിലും അധികാര വികേന്ദ്രീകരണത്തിലും കുടുംബശ്രീയിലൂടെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിലും ലോകരാജ്യങ്ങൾക്ക് മാതൃകയായി.

എന്നാൽ, 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ സർക്കാർ ആശുപത്രികളിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത, പൊതുവിദ്യാലയങ്ങൾ ഇടിച്ചു നിരത്തപ്പെടുന്ന, വികസന പദ്ധതികളെല്ലാം തന്നെ മുടങ്ങിപ്പോകുന്ന ഒരവസ്ഥയായിരുന്നു. നാഷണൽ ഹൈവേ അതോറിറ്റിയും ഗെയിലുമെല്ലാം പ്രവർത്തനങ്ങൾതന്നെ നിർത്തി മടങ്ങിപ്പോയ അവസ്ഥ. ആ സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടായ നൈരാശ്യത്തെ മറികടക്കാനുതകുന്ന നടപടികളാണ് എൽഡിഎഫ്‌ സർക്കാർ കൈക്കൊണ്ടത്.

നമ്മുടെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയർത്തി. പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗീസൗഹൃദമാക്കി. മുടങ്ങിക്കിടന്ന വികസന പദ്ധതികളെല്ലാം പൂർത്തിയാക്കി. ജലാശയങ്ങളെയും കൃഷിയിടങ്ങളെയും വീണ്ടെടുത്തു. ജനങ്ങളുടെ വിശ്വാസമാർജിക്കാൻ സർക്കാരിനു കഴിഞ്ഞു. ആ വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകുകയാണ് സർക്കാർ. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏതെല്ലാം, നടപ്പാക്കിയവ ഏതൊക്കെ, നടപ്പാക്കാനുള്ളവ ഏതൊക്കെ എന്ന് ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് കാർഡുകൾ പുറത്തിറക്കി. വാതിൽപ്പടി സേവനങ്ങൾ ലഭ്യമാക്കി. ആയിരത്തോളം സേവനങ്ങൾ ഓൺലൈനാക്കി. തദ്ദേശ ഭരണ വകുപ്പിന്റെ സേവനങ്ങൾ നൽകുന്നതിന് കെ–-സ്മാർട്ട് പോർട്ടലിനു രൂപം നൽകി. ഇ–- ഓഫീസ് സംവിധാനം കാര്യക്ഷമമാക്കി. പിഎസ്‌സിയിലൂടെ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനം നടത്തി. ഇന്ത്യയിൽ ഏറ്റവുമധികം നിയമനങ്ങൾ നടത്തുന്നത്‌ കേരള പബ്ലിക്‌ സർവീസ് കമീഷനാണ്‌.

വികസനവഴിയിൽ പുതുചരിത്രം
സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവകേരള സദസ്സുകൾ സംഘടിപ്പിച്ചു.  6 ലക്ഷത്തിലധികം നിവേദനങ്ങളാണ് അവയിലൂടെ സ്വീകരിച്ചത്. അവ പരിശോധിച്ച് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി വരികയാണ്.  2050ഓടെ ലോകത്തുണ്ടാകുന്ന 75 ശതമാനം തൊഴിലുകളും സ്റ്റെം അഥവാ സയൻസ് ടെക്നോളജി എൻജിനിയറിങ്‌ മാത്തമാറ്റിക്സ് മേഖലകളിൽ നിന്നായിരിക്കും എന്നാണ് വിദഗ്ധ അഭിപ്രായം. അതു മുന്നിൽക്കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. രാജ്യത്തെ ആദ്യത്തെ ജെൻ എഐ കോൺക്ലേവിന് കേരളം വേദിയായി. അന്തർദേശീയ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് കേരളത്തിൽ നടത്തി.

2025ൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്  നാം.  വ്യവസായ സൗഹൃദ സൂചികയിൽ ടോപ് അച്ചീവർ പദവി നേടി കേരളം ഒന്നാമത് എത്തി. നമ്മുടെ സംരംഭക വർഷം പദ്ധതിയെ വ്യവസായ മേഖലയിലെ ‘ബെസ്റ്റ് പ്രാക്ടീസായാ’ണ് വിലയിരുത്തിയത്.  മൂന്ന് ലക്ഷത്തിലേറെ സംരംഭങ്ങൾ ആരംഭിക്കാനും 20,500 കോടിയിൽപ്പരം രൂപയുടെ നിക്ഷേപങ്ങൾ ആകർഷിക്കാനും ഏഴ് ലക്ഷത്തോളം തൊഴിലുകൾ സൃഷ്ടിക്കാനും കഴിഞ്ഞു. സ്റ്റാർട്ടപ് മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. പുതിയ സ്റ്റാർട്ടപ്പുകളിലൂടെ 55,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഐ ടി കയറ്റുമതി 34,000 കോടി രൂപയിൽനിന്ന് 90,000 കോടിയായി.




നേട്ടങ്ങളുടെ പട്ടിക
അടിസ്ഥാന സൗകര്യവികസന മേഖലയിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ചു. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാകുകയാണ്. ദേശീയപാത വികസനം പൂർത്തീകരണത്തോടടുക്കുന്നു. തീരദേശ ഹൈവേയും മലയോര ഹൈവേയും പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇടമൺ–-കൊച്ചി പവർ ഹൈവേ പൂർത്തിയാക്കി. കാസർകോട്ടെ ബേക്കലിനെയും തിരുവനന്തപുരത്തെ കോവളത്തെയും ബന്ധിപ്പിക്കുന്നതാണ് 616 കിലോമീറ്റർ ദൈർഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാൽ.  ഇടുക്കി, വയനാട്, കാസർകോട്‌  എന്നിവിടങ്ങളിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ഡിപിആർ ആരംഭിച്ചിട്ടുണ്ട്. വ്യവസായ രംഗത്ത് നടത്തുന്ന സുപ്രധാനമായ ഒരു ചുവടുവയ്‌പ്പാണ് കൊച്ചി–- ബംഗളൂരു വ്യാവസായിക ഇടനാഴി. അതിന്റെ ഭാഗമായി പാലക്കാട്ട്‌ വ്യവസായ സ്മാർട്ട് സിറ്റി വിഭാവനം ചെയ്തിട്ടുണ്ട്. കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ ഉപകരിക്കുന്ന  ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിക്കുകയാണ്. അവയവ മാറ്റിവയ്ക്കലിനായി കോഴിക്കോട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ സ്ഥാപിക്കും. തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കിൽ സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോംസ് സ്ഥാപിക്കുന്നു. കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം യാഥാർഥ്യമാകുകയാണ്. തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കിൽ ന്യൂട്രാസ്യൂട്ടിക്കൽസിലെ മികവിന്റെ കേന്ദ്രം സ്ഥാപിക്കും. വൈദ്യുത വാഹനങ്ങളിലെ ഘടകങ്ങളുടെ വികസനത്തിനും നിർമാണത്തിനുമായി  ഇ വി കൺസോർഷ്യം രൂപീകരിക്കും. എയ്റോസ്പേസ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രധാന കേന്ദ്രമായി മാറ്റുന്നതിന് കേരള സ്പേസ് പാർക്ക് തുടങ്ങും.

ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളർച്ചയ്‌ക്കായി ഉപയോഗിക്കാൻ കഴിയുന്ന 4 സയൻസ് പാർക്കുകൾ  സ്ഥാപിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു. റിന്യൂവബിൾ എനർജി, നെറ്റ് സീറോ എമിഷൻ, നാനോ ടെക്നോളജി, ബയോമെഡിക്കൽ എൻജിനിയറിങ്‌, ജീനോമിക് സ്റ്റഡീസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്‌, ബിഗ് ഡാറ്റാ സയൻസസ്, മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കൽസ് എന്നിങ്ങനെ അതിനൂതന മേഖലകളിലെ 30 മികവിന്റെ കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്.




ക്ഷേമവും കരുതലും മുഖമുദ്ര
ക്ഷേമ പെൻഷനുകൾ ലഭ്യമാക്കാനായി പ്രതിവർഷം 11,000 കോടി രൂപയോളം സർക്കാർ ചെലവഴിക്കുന്നു. ക്ഷേമ പെൻഷനുകൾക്കായി യുഡിഎഫ് സർക്കാർ 2011 മുതൽ 2016 വരെ ചെലവഴിച്ചത് 9000 കോടി രൂപയാണെങ്കിൽ കഴിഞ്ഞ എട്ട് വർഷംകൊണ്ട് 64,000 കോടിയാണ് എൽഡിഎഫ് സർക്കാർ ചെലവഴിച്ചത്. ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ് സർക്കാർ. 2016 മുതൽ  ആകെ 3,57,000 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതം ജനസംഖ്യാനുപാതത്തെക്കാൾ കൂടിയ തോതിൽ അനുവദിക്കുകയാണ്.

‘ലൈഫ് മിഷൻ’ മുഖേന 2016നുശേഷം 4,03,811 വീടുകൾ പൂർത്തിയാക്കി. അവയിൽ 1,41,000ത്തിലധികം വീടുകൾ ഈ സർക്കാരിന്റെ കാലത്താണ്. മത്സ്യത്തൊഴിലാളി പുനർഗേഹം പദ്ധതിയിൽ  2300 വീടുകൾ ലഭ്യമാക്കി. 944 ഫ്ളാറ്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടി  സ്വീകരിച്ചു. ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ 4 ശതമാനം സംവരണം ഉറപ്പാക്കി. 2025 നവംബർ ഒന്നോടുകൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. കഴിഞ്ഞ 8 വർഷത്തെ കണക്കെടുത്താൽ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള വിപണി ഇടപെടലിനായി 14,000 കോടിരൂപയാണ്  ചെലവഴിച്ചത്. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ ലക്ഷ്യമിട്ട 886 സ്ഥാപനങ്ങളിൽ 683 എണ്ണവും പൂർത്തീകരിച്ചു. 42 ലക്ഷം കുടുംബങ്ങൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണം ലഭ്യമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സർക്കാരിന്റെ  ഇടപെടലുകൾ ഫലം കാണുന്നുവെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നാക്‌ റാങ്കിങ്ങിൽ എം ജി, കേരള സർവകലാശാലകൾക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കലിക്കറ്റ്, കുസാറ്റ്, കാലടി സർവകലാശാലകൾക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു. കേരളത്തിലെ 18 കോളേജുകൾക്ക് എ പ്ലസ് പ്ലസ് ഗ്രേഡും 31 കോളേജുകൾക്ക് എ പ്ലസ് ഗ്രേഡും 53 കോളേജുകൾക്ക് എ ഗ്രേഡും ലഭിച്ചു.




തുടരുന്ന കേന്ദ്ര അവഗണന
ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം.  കേന്ദ്രബജറ്റിൽ കാര്യമായൊന്നും ലഭിച്ചില്ല. പ്രത്യേക റെയിൽവേ സോൺ, എയിംസ് ആശുപത്രി തുടങ്ങി നിരവധി പദ്ധതികൾ അവയ്ക്കാവശ്യമായ എല്ലാ പശ്ചാത്തല സൗകര്യവും ഉണ്ടായിട്ടും കേന്ദ്രം അനുവദിച്ചില്ല. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് അനിവാര്യമായ പോയിന്റ് ഓഫ് കോൾ പദവി നൽകാനും തയ്യാറായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകമീഷൻ ഗ്രാൻഡിൽ വലിയ കുറവ് വരുത്തി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രം കൈ കടത്തുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഫെഡറൽ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച്‌ കേന്ദ്രത്തിനെതിരെയുള്ള സമരത്തിന് കേരളം നേതൃത്വം നൽകിയപ്പോൾ അതിനു തുരങ്കം വയ്‌ക്കാനാണ്  പ്രതിപക്ഷം ശ്രമിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു വയനാട്‌ ഉരുൾപൊട്ടൽ. ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുക  ഇനംതിരിച്ച് തയ്യാറാക്കി കേന്ദ്രത്തിന് നിവേദനം നൽകി. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധികചെലവുകളുമടക്കം 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. ഹൈക്കോടതിയും നിയമസഭയും ആവശ്യപ്പെട്ടിട്ടും ദുരന്തമുണ്ടായിട്ട് 90 ദിവസം കഴിഞ്ഞിട്ടും ഒരുപൈസപോലും കേന്ദ്രസഹായമായി അനുവദിച്ചിട്ടില്ല എന്നത് ക്രൂരമായ അവഗണനയാണ്.

പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകുകയാണ് എൽഡിഎഫ്‌ സർക്കാർ. നേട്ടങ്ങൾ പലതും കൈവരിച്ചെങ്കിലും ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്ന ഉത്തമ ബോധ്യത്തോടെ നവകേരള നിർമിതിക്കായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ്. വ്യവസായ വികസനം ത്വരിതപ്പെടുത്തുക, കാർഷിക നവീകരണം സാധ്യമാക്കുക, തദ്ദേശീയമായി തൊഴിലുകൾ സൃഷ്ടിക്കുക, മാലിന്യ നിർമാർജനം കാര്യക്ഷമമാക്കുക, ജീവിതശൈലീ രോഗങ്ങൾ തടയുക, അതിവേഗ യാത്രാ സംവിധാനങ്ങളൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കേണ്ടതുണ്ട്. ഭദ്രമായ ക്രമസമാധാന നില, സമാധാനപൂർണമായ സാമൂഹ്യജീവിതം എന്നിവ എട്ടര വർഷംകൊണ്ട് കേരളത്തിന്റെ പ്രത്യേകതയായി. അത്തരമൊരു അന്തരീക്ഷത്തിൽ വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്ക് കടക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതിനായി നമുക്ക് ഒരേമനസ്സോടെ നീങ്ങാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top