08 September Sunday

സിനിമ പിറന്ന തെരുവിൽ

മാങ്ങാട് രത്‌നാകരൻUpdated: Friday Jul 19, 2024

ലൂമിയർ സഹോദരന്മാർ

സിനിമ പിറന്നത് ഡോക്യുമെന്ററിയായാണ്. രണ്ടു മിനുട്ടിൽ താഴെയുള്ള പത്തു ദൃശ്യപരമ്പരകളത്രെ അന്നു പ്രദർശിപ്പിച്ചത്. അതിൽ കുട്ടിക്ക്‌ ഭക്ഷണം കൊടുക്കുന്ന കൊച്ചുസിനിമയിൽ അഭിനയിച്ചത് ലൂമിയർ സഹോദരന്മാരിലെ മൂത്തവൻ ഒഗുസ്ത് ലൂമിയറും ഭാര്യ മാർഗറിത്ത് ലൂമിയറും മകൾ അന്ദ്രീ ലൂമിയറുമാണ്. 129 വർഷം ദൂരമുള്ള ആ ചരിത്രത്തിലേയ്ക്ക് ഇന്നു വിരൽത്തുമ്പും സ്മാർട്ട് ഫോണും തമ്മിലുള്ള ദൂരം മാത്രം! ഒരു ചെസ്റ്റ്‌നട്ട് മരച്ചുവട്ടിലെ സിമന്റുബെഞ്ചിൽ, സിഗരറ്റ് കൊളുത്തി ചാരിയിരുന്ന്, 1898 ലേക്ക്‌ തിരിച്ചുപോയി; ഏറ്റവും സമീപത്തിരുന്ന് സിനിമയുടെ ചരിത്രം അനുഭവിച്ചു. സിനിമയുടെ ചരിത്രവീഥികളിലൂടെ ഗൃഹാതുരതയോടെ സഞ്ചരിച്ചുകൊണ്ട് മാങ്ങാട് രത്നാകരൻ എഴുതുന്നു.


പാരീസിലെ എന്റെ വീട്ടിൽ, എന്നുവെച്ചാൽ, ഏതിരുട്ടിലും എനിക്കു കയറിച്ചെന്നു താമസിക്കാവുന്ന, നാരായണൻ വലിയ കൊല്ലേരി എന്ന നാരാ കൊല്ലേരിയുടെ വീട്ടിൽ, വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ, ഒരല്പം മടിയോടെ ഒരാഗ്രഹം പറഞ്ഞു. ‘‘നാളെ കപൂസിന്നിലേയ്ക്കു പോയാലോ?''

‘‘പോഹലാം,'' നാരാസാർ തമിഴിൽ പറഞ്ഞു. മലയാളം മാറ്റിപ്പിടിച്ചതാകണം. ഇംഗ്ലീഷ് അറിയാമെങ്കിലും പറയാൻ ‘ഫ്രഞ്ച് അഭിമാനം’  സമ്മതിക്കില്ല. ഫ്രഞ്ചിൽ എന്നോടു പറഞ്ഞിട്ടു കാര്യവുമില്ല. 
മടിയോടെ എന്നു ഞാൻ പറഞ്ഞത്, നാരാസാറിനു പ്രായത്തിന്റേതായ വയ്യായ്‌കകൾ കൂടിവരുന്നു, അധികം നടന്നാൽ കിതപ്പും ക്ഷീണവുമെല്ലാം വിളിക്കാതെ വരും എന്നതിനാലായിരുന്നു.

തലശ്ശേരിയിലെ ഉമ്മറ്‌ മാപ്ലയുടെ കഥ നാരാസാർ പറഞ്ഞു. പലപ്പോഴും തിരനോക്കാറുള്ള ഒരു കഥയാണ്: ഉമ്മറ്‌ മാപ്ല വലിയ മറവിക്കാരനാണ്. എന്തോ ഒരസുഖത്തിന്‌ ദിവസവും വെറുംവയറ്റിൽ കഴിക്കേണ്ട ഒരൗൺസ് അരിഷ്ടം കുടിക്കാൻ മൂന്നു ദിവസം മറന്നുപോയി. നാലാം ദിവസം ഓർമ വന്നപ്പോൾ നാല് ഔൺസ് ഒരുമിച്ചു കുടിച്ചു. ഈസോപ്പുകഥകളെക്കാൾ ഗുണപാഠമുള്ള കഥ!

‘‘കുറേ ആഴ്ചയായി പുറത്തിറങ്ങിയിട്ട്, ഇന്ന് എല്ലാം കൂടി ഒരുമിച്ചാകട്ടെ,'' നാരാസാർ ചിരിച്ചു. ഏത്‌ ‘ബാതോങ് ദെ മാർഷ്' (baton de marche: ഊന്നുവടി) വേണമെന്നു നാരാസാർ അതിന്റെ വലിയൊരു ശേഖരത്തിൽ പരതി; ഒന്നു പൊക്കിയെടുത്തു, ‘‘ഒന്നുവേണോ?'' എന്നു കളിയായി ചോദിക്കുകയും ചെയ്തു. 

 
‘‘നാരാസാർ കാപ്പിയല്ലാതെ അബ്‌സന്ത്‌* വാങ്ങിത്തരുമെങ്കിൽ ഒരെണ്ണം വേണ്ടിവരും,'' ഞാൻ പറഞ്ഞു. അങ്ങനെ, പുറപ്പെട്ടു.
 
കയ്യിൽ നഗരഭൂപടം വേണ്ട, ബസ്സേത്, മെട്രോ ഏത് എന്നു തിരക്കേണ്ട, ‘‘സോറി, ഐ ഡോണ്ട്‌ സ്‌പീക്ക് ഫ്രഞ്ച്, ഹൗ കാൻ ഐ ഗോ ടു...'' എന്ന മര്യാദ മുഖവുര വേണ്ട, വഴികാട്ടിച്ചിഹ്നങ്ങൾ നോക്കേണ്ട. സിനിമയ്ക്ക് അമ്പത്തിയഞ്ചു വയസ്സായപ്പോൾ (1950) പാരീസിലെത്തിയ നാരാസാറിന് ആ നഗരം ഉള്ളംകൈയിലാണ്. കരതലാമലകം എന്നു പറഞ്ഞാൽ കുടുങ്ങും, അതെന്താണു സംഗതി എന്നു ചോദിക്കും, ആകെക്കൂടി ഭാഷാചർച്ചയും പുലിവാലുമാകും. 
 
നാരാ കൊല്ലേരി കപൂസിൻ ബുൽവായിൽ

നാരാ കൊല്ലേരി കപൂസിൻ ബുൽവായിൽ

ബുൽവാ ദെ കപൂസിന്നിലെത്തിയപ്പോൾ നാരാസാർ ചൂണ്ടിക്കാട്ടി: ‘‘ഇതാ, അവിടെയായിരുന്നു പഴയ ഗ്രാൻഡ് ഹോട്ടൽ. അതിലെ ഇന്ത്യൻ സലോണിലാണ് ഈ ഗുലുമാലെല്ലാം ഉണ്ടായത്.''
‘‘ഈ ഇന്ത്യൻ സലോൺ എങ്ങനെ വന്നു നാരാസാർ?''
‘‘മുഗളരാജാക്കന്മാരുമായുള്ള ഒരു ബന്ധം പറഞ്ഞുകേട്ടിട്ടുണ്ട്, ശരിക്കും അറിഞ്ഞുകൂടാ.'' നാരാസാർ പറഞ്ഞു.
 
പാരീസിലെ ബുൽവാ ദെ കപൂസിൻ ‐ 1890കളിലെ ദൃശ്യം

പാരീസിലെ ബുൽവാ ദെ കപൂസിൻ ‐ 1890കളിലെ ദൃശ്യം

നാരാസാർ കടൽ കടക്കുമ്പോൾ രണ്ടാം ലോകയുദ്ധത്തിന്റെ ചാരത്തിൽ നിന്നു പുതിയ പാരീസ് ഉയിർത്തെഴുന്നേറ്റു വരുന്നതേയുള്ളൂ. അന്നു ചെറുപ്പമായിരുന്നു, അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞത് ഓർമയുണ്ട്. അന്ന് ഗ്രാൻഡ് ഹോട്ടൽ പുതുക്കിപ്പണിയുകയായിരുന്നു.
 
പാരീസിലെ ഷോൻസ് എലീസ്സേ പോലുള്ള വിശാലവിശാലമായ രാജവീഥിയിലൂടെ നടന്നുനീങ്ങുന്നതു പോലെയല്ല കപൂസിന്നിലൂടെയുള്ള നടത്തം. എലീസ്സേ അനുഭവം ഒരുപക്ഷേ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലേക്ക്‌ നീളുന്ന പാതകളോ റോമിലെ കല്ലുപാകിയ കമനീയ പാതകളോ തന്നേക്കാം. കപൂസിന്നിനു പക്ഷേ സിനിമയുടെ മായികാനുഭൂതിയുണ്ട്. 
 
കൺസേർട്  പാരീസിയൻ പോസ്‌റ്റർ

കൺസേർട് പാരീസിയൻ പോസ്‌റ്റർ

തലേന്നാൾ, ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന പുസ്തകശാലയായ ഷേക്‌സ്‌പിയർ ആൻഡ്‌ കമ്പനിയിൽ നിന്ന് തപാൽ കാർഡ് രൂപത്തിലുള്ള ഒരു പുസ്തകം വാങ്ങിച്ചിരുന്നു. ‘റിത്തൂർ ആ പാരി’ (Retour a Paris: പാരീസിലേക്ക് മടക്കം അഥവാ തിരിഞ്ഞുനോട്ടം) എന്ന ഫ്രഞ്ചു ശീർഷകത്തിലാണെങ്കിലും ദ്വിഭാഷാ പുസ്തകമാണ്. ഉപശീർഷകം ഇംഗ്ലീഷിലുമുണ്ട്: Identical shots, a hundred years apart (ഒരേ മാതിരിയുള്ള ദൃശ്യങ്ങൾ ഒരു നൂറ്റാണ്ടകലത്തിൽ).
 
സിനിമയ്ക്ക്‌ അരനൂറ്റാണ്ടുമുമ്പ് ഫോട്ടോഗ്രാഫി കണ്ടുപിടിച്ച ഫ്രഞ്ചുകാരന് ആ വഴിക്കുള്ള ആലോചന പോയതിൽ അത്ഭുതമില്ല. ആലോചന മാത്രമല്ല, നൂറുവർഷം മുമ്പുള്ള ഫോട്ടോകൾ അവർ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. നിർഭാഗ്യവശാൽ ബുൽവാ ദ് കപൂസിന്നിന് അതിൽ ഇടമുണ്ടായിരുന്നില്ല. ഏതായാലും, 

ഒരു സുവനീർ കടയിൽ നിന്ന് ഒരു നൂറ്റാണ്ടുമുമ്പുള്ള ആ തെരുവിന്റെ ഫോട്ടോയുള്ള ഒരു തപാൽ കാർഡ് കിട്ടി.  മുന്തിയ ഒരു കഫേയിലിരുന്നു കാപ്പി കുടിക്കുന്നതിനിടെ ഫോട്ടോയിലെ നൂറ്റാണ്ട്‌ പഴക്കമുള്ള തെരുവും ആ നിമിഷത്തിലെ തുടിക്കുന്ന തെരുവും മാറിമാറി നോക്കി. അരികിലിരുന്നു കാപ്പി കുടിക്കുന്നവർ എന്നെയും നോക്കുന്നുണ്ടായിരുന്നു, അതു കണ്ടില്ലെന്നു നടിച്ചു.

 ഒരു സുവനീർ കടയിൽ നിന്ന് ഒരു നൂറ്റാണ്ടുമുമ്പുള്ള ആ തെരുവിന്റെ ഫോട്ടോയുള്ള ഒരു തപാൽ കാർഡ് കിട്ടി.
മുന്തിയ ഒരു കഫേയിലിരുന്നു കാപ്പി കുടിക്കുന്നതിനിടെ ഫോട്ടോയിലെ നൂറ്റാണ്ട്‌ പഴക്കമുള്ള തെരുവും ആ നിമിഷത്തിലെ തുടിക്കുന്ന തെരുവും മാറിമാറി നോക്കി. അരികിലിരുന്നു കാപ്പി കുടിക്കുന്നവർ എന്നെയും നോക്കുന്നുണ്ടായിരുന്നു, അതു കണ്ടില്ലെന്നു നടിച്ചു. കഫേയിൽ നാരാസാറിനെ വിശ്രമിക്കാനായി വിട്ട്, സിനിമാത്തെരുവിന്റെ നിറവും മണവും ചലനവും അനുഭവിക്കാനായി പുറത്തിറങ്ങി.
 
 ലേഖകൻ കപൂസിന്നിൻ  വീഥിയിൽ, ചരിത്രസൂചികയ്‌ക്കരികിൽ

ലേഖകൻ കപൂസിന്നിൻ വീഥിയിൽ, ചരിത്രസൂചികയ്‌ക്കരികിൽ

നാരാസാർ ചൂണ്ടിക്കാട്ടിയ, പഴയ ഗ്രാൻഡ് കഫേ നിന്നിരുന്ന ഇടത്തേയ്ക്കു നടന്നു. ചലനചിത്രം എന്ന മഹാത്ഭുതത്തിന്റെ ആദ്യപൊതുപ്രദർശനം 1895 ഡിസംബർ 28‐ന്‌ നടന്നതിനെക്കുറിച്ച്, അതു കണ്ടവരിൽ ആരുടെയെങ്കിലും അനുഭവവിവരണങ്ങൾ വായിക്കാനിടവന്നിട്ടില്ലെങ്കിലും, പല കഥകളും വായിച്ചും കേട്ടും അറിഞ്ഞിരുന്നു. തീവണ്ടി സ്റ്റേഷനിലേക്കു വന്നടുക്കുമ്പോൾ പ്രേക്ഷകർ ഓടി രക്ഷപ്പെടാൻ നോക്കി എന്നാണ് ഒരു കഥ.
 
ഫാക്‌ടറിയിൽ നിന്ന്‌ തൊഴിലാളികൾ പുറത്തു വരുന്നു ‐ ലൂമിയറിന്റെ ചിത്രം

ഫാക്‌ടറിയിൽ നിന്ന്‌ തൊഴിലാളികൾ പുറത്തു വരുന്നു ‐ ലൂമിയറിന്റെ ചിത്രം

നേരാകട്ടെ, നുണയാകട്ടെ, എത്ര രസകരം! (തൊട്ടടുത്ത വർഷം, 1896 ൽ പാരീസിലെ ഒരു കഫേയിൽ വച്ച് വിഖ്യാത റഷ്യൻ എഴുത്തുകാരൻ മാക്‌സിം ഗോർക്കി, ലൂമിയർ സിനിമകൾ കണ്ട അനുഭവം ഈ യാത്രാക്കുറിപ്പിനൊപ്പം വിവർത്തനം ചെയ്തു ചേർത്തിട്ടുണ്ട്. പുതുമലയാളത്തിൽ പറഞ്ഞാൽ അത് ഒന്നൊന്നര അനുഭവമാണ്). ഒരു ഫാക്ടറിയിൽനിന്നു തൊഴിലാളികൾ പുറത്തുവരുന്ന രംഗമത്രേ ആദ്യം പ്രദർശിപ്പിച്ചത്: സെക്കൻഡിൽ 16 ഫ്രെയിമുകൾ ഓടിയ, ഒരു മിനുട്ടിൽ താഴെയുള്ള സിനിമ.
 
അതെ, സിനിമ പിറന്നത് ഡോക്യുമെന്ററിയായാണ്. രണ്ടു മിനുട്ടിൽ താഴെയുള്ള പത്തു ദൃശ്യപരമ്പരകളത്രെ അന്നു പ്രദർശിപ്പിച്ചത്. അതിൽ കുട്ടിക്ക്‌ ഭക്ഷണം കൊടുക്കുന്ന കൊച്ചുസിനിമയിൽ അഭിനയിച്ചത് ലൂമിയർ സഹോദരന്മാരിലെ മൂത്തവൻ ഒഗുസ്ത് ലൂമിയറും ഭാര്യ മാർഗറിത്ത് ലൂമിയറും മകൾ അന്ദ്രീ ലൂമിയറുമാണ്.
 
129 വർഷം ദൂരമുള്ള ആ ചരിത്രത്തിലേയ്ക്ക് ഇന്നു വിരൽത്തുമ്പും സ്മാർട്ട് ഫോണും തമ്മിലുള്ള ദൂരം മാത്രം! ഒരു ചെസ്റ്റ്‌നട്ട് മരച്ചുവട്ടിലെ സിമന്റുബെഞ്ചിൽ, സിഗരറ്റ് കൊളുത്തി ചാരിയിരുന്ന്, 1898 ലേക്ക്‌ തിരിച്ചുപോയി; ഏറ്റവും സമീപത്തിരുന്ന് സിനിമയുടെ ചരിത്രം അനുഭവിച്ചു.
 
ഫ്‌ളാഷ്ബാക്ക്: 1. (എൺപതുകൾ വരെയുള്ള മലയാളസിനിമയിലെന്ന പോലെ, ഒരു വൃത്തം പൊട്ടിപ്പൊട്ടി വിടർന്ന് ഭൂതകാലത്തിലേക്കു സഞ്ചരിച്ചു). മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ് ആദ്യമായി ചലനചിത്രം കാണുന്നത്. സ്‌കൂളിൽ നിന്നു ക്ലാസ്‌മാഷ് തെളിച്ചു കൊണ്ടുപോയതാണ്.
 
ഉദുമ പാലക്കുന്നിനടുത്തുള്ള വെങ്കിട്രമണ ടാക്കീസിന്റെ പൂഴി വിരിച്ച തറയിലിരുന്ന്, മഹാത്മാഗാന്ധിയെക്കുറിച്ചുള്ള കറുപ്പിലും വെളുപ്പിലുമുള്ള സിനിമ കണ്ടു. അത്‌ മഹാത്മാഗാന്ധി: ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകൻ എന്ന പേരിൽ എ കെ ചെട്ടിയാർ നിർമിച്ച ഗംഭീരമായ ഡോക്യുമെന്ററിയാണെന്നു മുതിർന്നപ്പോഴാണു മനസ്സിലായത്.
 
ഫ്‌ളാഷ് ഫോർവേർഡ് 1 (പൊട്ടിവിടർന്ന വൃത്തം ചുരുങ്ങിച്ചുരുങ്ങി കേന്ദ്രത്തിലേക്കു വരുന്നു) ബാല്യകാലമാണ് ഒരു കലാകാരന്റെ മുഴുവൻ ജീവിതത്തിന്റെയും ഭക്ഷണം‐ആന്ദ്രേ താർകോവ്‌സ്‌കി.
ഫ്‌ളാഷ് ബാക്ക് 2. (വൃത്തം പൊട്ടിവിടരുന്നു) വെങ്കിട്രമണ ടാക്കീസിൽ സിനിമ കാണാൻ ബാല്യത്തിൽ അവസരം കിട്ടിയപ്പോഴൊക്കെ ഓലമേഞ്ഞ കൊട്ടകയുടെ പുറത്ത് വെള്ളിത്തിരയുടെ പിൻവശം വരുന്ന ഇടത്ത്, നിലത്തു പരതുമായിരുന്നു.
 
എന്തിനെന്നോ? ഫിലിമുകൾ വീണു കിടക്കുന്നുണ്ടോ എന്നു നോക്കാൻ. ഒന്നും കിട്ടിയില്ല, സങ്കടമായി; എനിക്കും മുമ്പേ ഏതെങ്കിലും മിടുക്കന്മാർ പെറുക്കിയിട്ടുണ്ടാകും. (എങ്ങനെയാണ് ഇങ്ങനെയൊരു ആശയം തലയിൽ കയറിയതെന്ന് ഇന്ന് എത്ര ചുഴിഞ്ഞാലോചിച്ചിട്ടും പിടികിട്ടുന്നില്ല, മുതിർന്ന ആരെങ്കിലും പറഞ്ഞുപറ്റിച്ചതാകണം).
 
തിരിച്ചുപോരുമ്പോൾ എന്നെ സിനിമയ്ക്കു കൊണ്ടുപോയ അയൽപക്കത്തെ കുടുംബത്തോടു സങ്കടം പറഞ്ഞു, അവർ ഉദുമയിലെ ഒരു കടയിൽ നിന്ന് എനിക്ക് ‘ഫിലിം മുട്ടായി' വാങ്ങിച്ചുതന്നു. ചതുരത്തിലുള്ള ഒരു വർണക്കടലാസിന്റെ അരികു കീറിനോക്കുമ്പോൾ രണ്ടു ഫിലിമുകൾക്കിടയിൽ രണ്ടോ മൂന്നോ പല്ലിമുട്ടായി! അതായിരുന്നു  കുട്ടികളെ കുപ്പിയിലാക്കാനുള്ള, അക്കാലത്തെ പവൻമാർക്ക് മുട്ടായി.
 
പല്ലിമുട്ടായിയെക്കാൾ രുചികരമായ അനുഭവം, ഫിലിമിൽ നോക്കുന്നതായിരുന്നു. മണ്ണെണ്ണ വിളക്കിനു മുന്നിൽ ഫിലിം പിടിച്ച്, ചുമരിൽ വലിച്ചുകെട്ടിയ ശീലത്തുണിയിൽ പ്രതിഫലിച്ച ദൃശ്യം കാണും! ആ മണ്ണെണ്ണ വിളക്ക് എനിക്കു മാജിക് ലാന്റേൺ ആയിരുന്നു. പിൽക്കാലത്ത് ഇംഗ്‌മർ ബെർഗ്‌മാന്റെ ആത്മകഥ, മാജിക് ലാന്റേൺ വായിച്ചപ്പോൾ ആ വിളക്കിനു മുന്നിലെ എന്റെ സാഹസങ്ങൾ ഓർമിച്ചു.
 
ഫ്‌ളാഷ് ഫോർവേർഡ് 2: (വൃത്തം ചുരുങ്ങുന്നു) കഫേയിൽ നാരാസാർ ഓർമകളിൽ നഷ്ടപ്പെട്ടിട്ടെന്നപോലെ ഇരിക്കുകയായിരുന്നു. എന്നെക്കണ്ടതും മുഖം വിടർന്നു.
‘‘സിനിമയോട് പുളിപ്പുള്ളവർക്ക് ഇവിടെ ചുറ്റിത്തിരിയുന്നതിലും വലിയ സന്തോഷമില്ല. ഞാൻ പാരീസിൽ വന്ന കാലത്ത് ആഴ്ചതോറും ഇവിടെ വരും. ഇവിടെ അടുത്ത് ഒരു സാല്ല  (Salle: അതെ, നമ്മുടെ ശാല പോലെത്തന്നെ: salle de cinema: സിനിമാശാല) ഉണ്ടായിരുന്നു. അവിടെ നിന്ന് ഏതെങ്കിലും ഫ്രഞ്ച് സിനിമ കാണും. ഇന്ന സിനിമ എന്നില്ല. അതുവരെയും അച്ചടിമട്ടിൽ ഫ്രഞ്ചു പറഞ്ഞേ ശീലമുള്ളൂ, പിന്നെപ്പിന്നെ ഫ്രഞ്ചുകാരെപ്പോലെ, വെള്ളംപോലെ പറയാൻ ശീലമായി,'' നാരാസാർ പറഞ്ഞു.
 
ഞാൻ നാരാസാറിന്റെ ആ ‘പുളിപ്പിൽ' കുടുങ്ങിക്കിടക്കുകയായിരുന്നു. പുളി കണ്ടാൽത്തന്നെ നാവിൽ വെള്ളമൂറുമല്ലോ. ആ അനുഭവമാകുന്നു പുളിപ്പ്! ഏതോ ഒരു മലയാളം സിനിമയിൽ ഒരു നാദസ്വര വിദ്വാന്റെ തെരുവുകച്ചേരിക്കിടയിൽ തൊട്ടുമുന്നിൽ നിന്നു വാളൻപുളി തിന്നുന്ന ഒരു വികടശിരോമണിയുടെ തമാശരംഗം ഓർമവന്നു.
 
‘‘ഇവിടെയൊന്നും അല്ലേ?'' നാരാസാർ ചോദിച്ചു.
‘‘ഞാൻ എവിടെയൊക്കെയോ പോയി,'' നാരാസാറിനോടു പറഞ്ഞു.
 
കപൂസിന്നിലേക്കുള്ള യാത്ര പകുതി വൃത്തം പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. പിറ്റേന്നാൾ രാവിലെ തനിച്ചു സിനിമാത്തെക്ക് ഫ്രാൻസ്വെസിലേക്കു പുറപ്പെട്ടു. അധികം ദൂരമില്ല, എന്നാൽ  മെട്രോയിൽ പോകേണ്ടത്ര ദൂരമുണ്ടുതാനും. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് റ്യൂ ദ് ബെർസിയിലാണ് സിനിമാത്തെക്ക്.
 
ഒരേസമയം ചലച്ചിത്രകലയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയവും ആർക്കൈവും ലൈബ്രറിയുമാണ് അത്. ആദ്യസിനിമാപ്രദർശനത്തിനും മുമ്പ് ചലനചിത്രങ്ങളിലേക്കു ശാസ്ത്രത്തിലൂടെയുള്ള മനുഷ്യന്റെ യാത്ര തൊട്ടുള്ള ചരിത്രം കൺമുന്നിലെത്തുന്ന മ്യൂസിയത്തിലേക്കാണ് ആദ്യമേ പോയത്. പ്രവേശിച്ചത് ഒരു ഇരുട്ടുമുറിയിലേക്ക്. പ്രദർശനവസ്തുക്കളിലേക്കു മാത്രം വെളിച്ചം ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു.
 
ലൂമിയർ സഹോദരന്മാർ ആദ്യ ചലനചിത്രം ചിത്രീകരിച്ച സിനിമാട്ടോഗ്രാഫ് ആണ്, സിസ്സംശയമായും, മ്യൂസിയത്തിലെ അമൂല്യമായ പ്രദർശനവസ്തു. ഒരു കണ്ണാടിക്കൂടിനുള്ളിലുള്ള ആ ക്യാമറയെ അത്ഭുതത്തെക്കാളേറെ, ആദരവോടെ നോക്കിനിന്നു.
 
കണ്ണാടിക്കൂടിൽ അറിയാതെ തൊട്ടപ്പോൾ തൊട്ടരികിൽ ചുവന്ന അക്ഷരങ്ങൾ രണ്ടു ഭാഷകളിൽ മിന്നിത്തെളിഞ്ഞു. Ne Pas Toucher/Do Not Touch. തൊട്ടടുത്ത വലിയ ടെലിവിഷൻ സ്‌ക്രീനിൽ ലൂമിയർ സിനിമകൾ ഓടിക്കൊണ്ടിരിക്കുന്നു.
 
ആദ്യ ലൂമിയർ പ്രദർശനം കാണാൻ ഒരു മാന്ത്രികൻ സന്നിഹിതനായിരുന്നു. ഷോർഷ് മെലീയസ്. മാന്ത്രികൻ മാത്രമല്ല, നടൻ കൂടിയായിരുന്നു മെലീയസ്. പ്രദർശനം കഴിഞ്ഞയുടനെ മാന്ത്രികൻ ചെയ്തതെന്തെന്നോ? ലൂമിയർമാരെ സമീപിച്ച് സിനിമാട്ടോഗ്രാഫിനു വില പറഞ്ഞു: പതിനായിരം ഫ്രാങ്ക്. ലൂമിയർമാർ അതിൽ വീണില്ല.
 
മെലീയസ് സ്വന്തം വഴി നോക്കി. ഭൂമിയിലെ കാര്യങ്ങൾ കൊണ്ടു തൃപ്തനായിരുന്നില്ല, മെലീയസ്. ലൂമിയർമാരെ അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം ചാന്ദ്രയാത്ര നടത്തി. ചന്ദ്രന്റെ കണ്ണിൽ മിലീയെസിന്റെ ‘റോക്കറ്റ്' ഇടിച്ചിറങ്ങുന്ന ദൃശ്യം പോലെ ഗംഭീരമായ ഒരു ദൃശ്യം സിനിമാചരിത്രത്തിൽ അധികമില്ല. 1902‐ലെ ട്രിപ്പ് ടു മൂൺ (Voyage dans la lune) തൊട്ടരികെ സ്‌ക്രീനിൽ. ആ യാത്ര നോക്കി, വിസ്മയിച്ചു നിന്നു.
 
പിന്നെ, എന്തെല്ലാം! എന്തെല്ലാം! ചാപ്ലിന്റെ നാടുതെണ്ടി വേഷം, ഐസൻസ്റ്റീനിന്റെ അലക്‌സാണ്ടർ നെവ്‌സ്‌കിയുടെ അങ്കി, മെർലിൻ മൺറോയുടെ വിലോഭനീയമായ ഉടയാട... നൂറുകണക്കിന്‌ ഫോട്ടോഗ്രാഫുകൾ, സിനിമയിലെ മഹാരഥന്മാർ തൊട്ട് വിഖ്യാത നടീനടന്മാർ വരെ. സിനിമാത്തെക്കിന്റെ സ്ഥാപകരിലൊരാളായ ഓൻറി ലോങ്‌ഗ്ലുവയുടെ (Henri Langlois)  പേരിലാണ് ഈ മ്യൂസിയം.
 
ഓൻറി ലോങ്‌ഗ്ലുവ

ഓൻറി ലോങ്‌ഗ്ലുവ

ആരാണ് ഓൻറി ലോങ്‌ഗ്ലുവ? ഇന്ത്യൻ മട്ടിൽ ‘പത്തു പി കെ നായർ' (പൂനെ ഫിലിം ആർക്കൈവിന്റെ തലവനായിരുന്നു) എന്നു പറഞ്ഞാൽ ഏതാണ്ടു പിടികിട്ടിയേക്കും. യുദ്ധാനന്തര സിനിമയുടെ മഹാനായ സംരക്ഷകനായിരുന്ന ലോങ്‌ഗ്ലുവയുടെ സംഭാവനകൾ സർവതലസ്‌പർശിയായിരുന്നു. സംരക്ഷണം, പ്രദർശനം, സംവാദം എന്നിവയിലൂടെ ചലച്ചിത്രചരിത്രത്തിനു ഒരുകാലത്തും മറക്കാനാവാത്ത പേര്.
 
1936‐ൽ സ്ഥാപിതമാകുമ്പോൾ പത്തേ പത്തു സിനിമകളായിരുന്നു ആർക്കൈവിന്റെ സമ്പാദ്യം, എഴുപതുകളുടെ തുടക്കത്തോടെ അറുപതിനായിരമായി. ഫ്രാൻസിലെ നവതരംഗസിനിമയുടെ തലതൊട്ടപ്പനും മറ്റാരുമല്ല. ത്രൂഫോ, ഗൊദാർദ്, ഷാബ്രോൾ, റിവെത്ത്, റെനെ തുടങ്ങിയ കേമന്മാരെ ‘സിനിമാത്തെക്കിന്റെ സന്തതികൾ' എന്നാണു വിളിച്ചിരുന്നതുതന്നെ!
 
1968‐ൽ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി ആന്ദ്രേ മൽറോ, ‘താന്തോന്നിത്തവും മർക്കടമുഷ്ടിയും' ആരോപിച്ച് ലോങ്‌ഗ്ലുവയെ പിരിച്ചുവിട്ടപ്പോൾ ഫ്രാൻസിൽ മാത്രമല്ല, ലോകം മുഴുവനും പ്രതിഷേധക്കൊടുങ്കാറ്റു വീശി. കുറൊസാവയും ഫെല്ലിനിയും ഹിച്ച്‌കോക്കും ലോങ്‌ഗ്ലുവയെ പിന്തുണച്ചു രംഗത്തുവന്നു.
 
ഫ്രാൻസിലെ നവതരംഗ സിനിമക്കാർ തെരുവിലിറങ്ങി. ഒടുവിൽ ഫ്രഞ്ചുസർക്കാരിനു കീഴടങ്ങേണ്ടിവന്നു. 1968‐ലെ മേയ് വസന്തത്തിന്റെ മുന്നോടിയായിരുന്നു ഈ‘ലോൻഗ്ലുവ സംഭവം.'

സിനിമാത്തെക്കിന്റെ കഫേയിൽ കാപ്പികുടിക്കാനിരുന്നു; സിനിമാത്തെക്കിനെക്കുറിച്ചുള്ള ഒരു ചെറുപുസ്തകം വായിച്ചു. സിനിമാശാലയിൽ പ്രവൃത്തിസമയം മുഴുവൻ സിനിമകൾ ഒന്നിനു പിറകെ ഒന്നായി ഓടിക്കൊണ്ടിരിക്കും എന്നു മനസ്സിലാക്കി സന്തോഷിച്ചു.

സിനിമാത്തെക്കിന്റെ കഫേയിൽ കാപ്പി കുടിക്കാനിരുന്നു; സിനിമാത്തെക്കിനെക്കുറിച്ചുള്ള ഒരു ചെറുപുസ്തകം വായിച്ചു. സിനിമാശാലയിൽ പ്രവൃത്തിസമയം മുഴുവൻ സിനിമകൾ ഒന്നിനു പിറകെ ഒന്നായി ഓടിക്കൊണ്ടിരിക്കും എന്നു മനസ്സിലാക്കി സന്തോഷിച്ചു.
 
കാപ്പിക്ക് നഗരത്തിലെ അത്രയും പൈസ ഇല്ല. അതിനാൽ, ഒരു കാപ്പി കൂടി പറഞ്ഞു, കൂടെ ക്രോസോങ്ങും (നമ്മുടെ ബണ്ണുമാതിരി, ശംഖുരൂപത്തിൽ.) കുശാൽ!
സിനിമാശാലയിലേക്കു പ്രവേശിച്ചു. അത്ഭുതമേ, എന്നെ കാത്തുനിന്നതുപോലെ ആദ്യമേ കണ്ടത്, ഇഷ്ട സംവിധായകൻ ലൂയിസ് ബുനുവലിനെ. ദാറ്റ് ഒബ്‌സ്‌ക്യൂർ ഒബ്‌ജെക്ട് ഓഫ് ഡിസയർ ചിത്രീകരണവേളയിൽ ഒരു അജ്ഞാതൻ 8 എം എമ്മിൽ ചിത്രീകരിച്ച രംഗങ്ങളാണ്.
 
ബുനുവലിനു 77 വയസ്‌. പുകവലിക്കുന്നുണ്ട്, മാർട്ടിനി കുടിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്, നടീനടന്മാരോട് വർത്തമാനം പറയുന്നുണ്ട്, സെറ്റിലെ ഭക്ഷണമേശയിൽ ഇരിക്കുന്നുണ്ട്. എന്നെപ്പോലെ ഒരു ബുനുവൽ ആരാധകൻ എടുത്തതാണെന്നു തീർച്ച. എന്തെന്നാൽ, എടുത്ത ആൾക്ക്‌ ആ ചെറിയ ആൾക്കൂട്ടത്തിൽ ബുനുവലിന്റെ ചലനങ്ങളിൽ മാത്രമാണു ശ്രദ്ധ! വിഖ്യാത നടൻ ഫെർണോന്ദോ റേയും മറ്റും ഉപഗ്രഹങ്ങൾ മാത്രം!
 
ബുനുവൽ പോയതും മറ്റു പല മഹാരഥന്മാരും വരവായി. ചാർളി ചാപ്ലിൻ, ബസ്റ്റർ കീറ്റൺ, പാബ്ലോ നെരൂദ, മാർക് ഷഗാൽ, ഓർസൻ വെൽസ്. അവരുടെയെല്ലാം സിനിമാത്തെക്ക് സന്ദർശനത്തിന്റെ ദൃശ്യങ്ങൾ. ഓർസൻ വെൽസ് ചലച്ചിത്രവിദ്യാർഥികളുമായി സംവദിക്കുന്നുമുണ്ട്. ഭീമാകാരനായ വെൽസ് ഒരു അപ്പൂപ്പൻതാടിയെന്നതുപോലെ ലാഘവത്തോടെയാണ് ഇരിക്കുന്നതും വർത്തമാനം പറയുന്നതും.
 
‘‘നിങ്ങൾ പറയുന്നതു കേൾക്കാനാണ് എനിക്കു താല്പര്യം,'' വിദ്യാർഥികളെ നിരായുധരാക്കി, ചിരിച്ചുകൊണ്ട് വെൽസ് പറയുന്നു. ‘‘എനിക്കു പറയാനുള്ളത് എന്റെ സിനിമകളിലൂടെ പറഞ്ഞുകഴിഞ്ഞു.’’
സിനിമാത്തെക്കിന്റെ സിനിമാശാലയിൽ നിന്നു കണ്ട അതീവ രസകരമായ ഒരു സിനിമയെക്കുറിച്ചു പറഞ്ഞുകൊണ്ട്, വിചാരിക്കാത്ത മട്ടിൽ നീണ്ടുപോയ ഈ ചലച്ചിത്രയാത്ര അവസാനിപ്പിക്കട്ടെ. വായനക്കാർക്കു മാത്രമല്ല, എഴുത്തുകാർക്കും തീരെ നേരമില്ലാത്ത കാലമാണ്!
 
പപ്പരാസി എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ പേര്. (സംവിധാനം: ഴാക് റോസിയെ) ‘ക്വാറന്തേന' എന്ന ഇറ്റാലിയൻ വാക്കിൽ നിന്ന് (quarantena giorni: നാല്പതുദിവസം) ക്വാറന്റീൻ വന്നതുപോലെ, ഫെദറികോ ഫെല്ലിനിയുടെ ലാ ഡോൾചെ വീറ്റ (മധുരജീവിതം) എന്ന സിനിമയിലെ പപരാത്‌സ്സോ (Paparazzo) എന്ന കഥാപാത്രത്തിന്റെ പേരിൽ നിന്നാണു ‘പപ്പരാസി'യുടെ വരവ്.
 
പപ്പരാസികളെക്കുറിച്ചുള്ള ഈ ചിത്രം ഷോൺ ലൂക് ഗൊദാർദിന്റെ കൺടെംപ്റ്റ്  (ലെ മെപ്രി, 1963) എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് എന്നറിയുമ്പോൾ ആരും ഒന്ന് അതിശയിച്ചേക്കാം, അതിലെ നായിക ഫ്രഞ്ച് പ്രതിഭാസം ബ്രിഷീദ് ബാർദോയാണെന്നറിഞ്ഞാൽ ഒട്ടുമേ അതിശയിക്കുകയുമില്ല.
 
‘‘ഇഫൽ ഗോപുരത്തെക്കാൾ കൂടുതൽ ഫോട്ടോയെടുക്കപ്പെട്ട'' ബാർദോ ചുമ്മാ നിന്നുകൊടുത്താൽ മതി, നൂറുകണക്കിനാളുകൾ കൂട്ടംകൂടും. ‘‘സ്ത്രീചരിത്രത്തിന്റെ വാഹനം'' എന്ന്‌  ബാർദോയെ വിശേഷിപ്പിച്ചത് ഏതെങ്കിലും ഒരു ആരാധകനോ
ബ്രിഷീത്ത്‌ ബാർദോ വെനീസ്‌ ചലച്ചിത്രോത്സവത്തിൽ, 1958

ബ്രിഷീത്ത്‌ ബാർദോ വെനീസ്‌ ചലച്ചിത്രോത്സവത്തിൽ, 1958

ആരാധികയോ അല്ല, സിമൻ ദ് ബുവ്വാ ആണ്. സ്ത്രീകൾ അവരെക്കാൾ സുന്ദരികളായ സ്ത്രീകളെ പ്രശംസിക്കാറില്ലെന്നാണു പറഞ്ഞുകേട്ടിട്ടുള്ളത്. സാരമില്ല, ഇതൊരു താത്വികമായ പ്രശംസയായി കൂട്ടിയാൽ മതി!
 
പ്രശസ്ത ഇറ്റാലിയൻ നോവലിസ്റ്റ് ആൽബെർത്തോ മൊറാവിയയുടെ ഒരു നോവലിനെ ഉപജീവിച്ച് ഗൊദാർദ് സംവിധാനം ചെയ്ത ചിത്രം ഇറ്റലിയിൽ ചിത്രീകരിക്കുമ്പോൾ ബാർദോയുടെ പടമെടുക്കാൻ പപ്പരാസികൾ വട്ടം കൂടുകയാണ്. കുന്നിൻമുകളിലും പൊന്തക്കാടുകളിലും പാത്തും പതുങ്ങിയും ടെലിസ്‌കോപ്പ് ക്യാമറയുമായി പപ്പരാസികൾ, പപ്പരാസികൾ, പപ്പരാസികൾ.
 
അവർക്ക് നേരാംവണ്ണം പടം കിട്ടുകയില്ല, അതിനുവേണ്ടി സാഹസികമായി മല്ലിടുകയും വേണം. പടം കിട്ടിയില്ലെങ്കിൽ, അന്നത്തെ കാര്യം സ്വാഹ! സിനിമയുടെ ഔദ്യോഗിക നിശ്ചലഛായാഗ്രാഹകനോടാണ് അവർക്ക് അസൂയയത്രയും. അയാൾക്ക് അവധാനതയോടെ, ഇഷ്ടംപോലെ, ചാഞ്ഞും ചരിഞ്ഞും പടമെടുക്കാം!
 
സിനിമാശാലയിൽ ഏതാണ്ടു മൂന്നുമണിക്കൂർ കഴിച്ചുകൂട്ടിയിരിക്കുന്നു. ബാർദോയുടെ മുഖം കണ്ടതിനുശേഷം മറ്റാരെയും കാണാൻ തോന്നിയില്ല. പുറത്തിറങ്ങിയപ്പോഴും ബാർദോ അദൃശ്യസാന്നിധ്യമായി കൂടെ വന്നു. ജീവിതം ഓളം വെട്ടുന്ന ബാർദോയുടെ മുഖം!
 
ഗാർബോയുടെ മുഖത്തെക്കുറിച്ചെഴുതിയ റൊളോങ്ങ്‌ ബാർത്ത് എന്തേ ബാർദോയുടെ മുഖത്തെക്കുറിച്ച് എഴുതിയില്ല? ഒരു മുഖം മാത്രമല്ലാത്തതുകൊണ്ടാകണം. നിന്നുകത്തുന്ന അഴകല്ലേ ബാർദോ!  .
 *അബ്‌സന്ത്‌ = വീര്യം കൂടിയ ഒരു വാറ്റുചാരായം. വാൻഗോഗിനും വെർലേനും പ്രിയ പാനീയം എന്ന്‌ പ്രസിദ്ധി. 


നിഴലുകളുടെ സാമ്രാജ്യം

മാക്‌സിം ഗോർക്കി  (വിവർത്തനം: മാങ്ങാട് രത്‌നാകരൻ)

 

ചാരനിറമാർന്ന ആകാശത്തിൽ സൂര്യന്റെ ചാരനിറമുള്ള രശ്മികൾ. ചാരനിറത്തിലുള്ള മുഖങ്ങളിൽ ചാരനിറത്തിലുള്ള കണ്ണുകൾ. മരങ്ങളിലെ ഇലകളും ചാരനിറത്തിലുള്ളവ. ഇതു ജീവിതമല്ല, ജീവിതത്തിന്റെ നിഴൽരൂപം. ഇതു ചലനമല്ല, നിഴലുകളുടെ നിശ്ശബ്ദമായ മായാരൂപം.

ഇന്നലെ രാത്രിയിൽ ഞാൻ നിഴലുകളുടെ സാമ്രാജ്യത്തിലായിരുന്നു.
അങ്ങനെയൊരു ഇടത്തിലായിരിക്കുക എത്രമാത്രം വിചിത്രമായ ഒരനുഭവമായിരിക്കും എന്നു നിങ്ങൾക്ക് ഊഹിക്കാനാവുമെങ്കിൽ! ശബ്ദങ്ങളില്ലാത്ത, നിറങ്ങളില്ലാത്ത ഒരു ലോകം. അവിടെയുള്ളതെല്ലാം ‐ ഭൂമി, മരങ്ങൾ, ആളുകൾ, വെള്ളം, വായു ‐ഏകതാനമായ ചാരനിറത്തിൽ മുങ്ങിയിരിക്കുകയാണ്.

 
മാക്‌സിം ഗോർക്കി

മാക്‌സിം ഗോർക്കി

ചാരനിറമാർന്ന ആകാശത്തിൽ സൂര്യന്റെ ചാരനിറമുള്ള രശ്മികൾ. ചാരനിറത്തിലുള്ള മുഖങ്ങളിൽ ചാരനിറത്തിലുള്ള കണ്ണുകൾ. മരങ്ങളിലെ ഇലകളും ചാരനിറത്തിലുള്ളവ. ഇതു ജീവിതമല്ല, ജീവിതത്തിന്റെ നിഴൽരൂപം. ഇതു ചലനമല്ല, നിഴലുകളുടെ നിശ്ശബ്ദമായ മായാരൂപം.

ഞാൻ തന്നെ വിശദീകരിക്കാൻ ശ്രമിക്കാം. അല്ലെങ്കിൽ ഞാൻ ഭ്രാന്തുപറയുകയാണെന്നോ പ്രതീകാത്മകതയിലുള്ള എന്റെ അമിതതാല്പര്യമാണെന്നോ നിങ്ങൾ സംശയിച്ചേക്കും. ആമോ കഫേയിൽ ഞാൻ ലൂമിയർ സിനിമാട്ടോഗ്രാഫ് (ചലിക്കുന്ന ഫോട്ടോഗ്രാഫുകൾ) കാണുകയായിരുന്നു. അതു സൃഷ്ടിച്ച അസാധാരണമായ അനുഭവപ്രപഞ്ചം അനന്യവും സങ്കീർണവുമായതിനാൽ അതിന്റെ എല്ലാ വൈവിധ്യങ്ങളോടെയും വിവരിക്കാൻ എനിക്കാവുമോ എന്നുതന്നെ സംശയമുണ്ട്. എന്നിരുന്നാലും അതിന്റെ അടിസ്ഥാനകാര്യങ്ങൾ പകർന്നുനൽകാൻ ഞാൻ ശ്രമിക്കാം.

ലൂമിയർമാരുടെ കണ്ടുപിടിത്തം പ്രദർശിപ്പിച്ച മുറിയിൽ വെളിച്ചം അണഞ്ഞപ്പോൾ, പൊടുന്നനെ വെള്ളിത്തിരയിൽ ചാരനിറമാർന്ന വലിയ ഒരു ചിത്രം, പാരീസിലെ ഒരു തെരുവ്, പ്രത്യക്ഷപ്പെടുകയാണ്, മോശപ്പെട്ട ഒരു ചിത്രവേലയുടെ നിഴൽ മാതിരി. അതിലേക്കു നോക്കുമ്പോൾ ശകടങ്ങളും കെട്ടിടങ്ങളും വിവിധങ്ങളായ ചേഷ്ടകളിലുള്ള മനുഷ്യരെയും കാണുന്നു, എല്ലാം നിശ്ചലതയിൽ ഉറഞ്ഞതുപോലെ. ഇതെല്ലാം ചാരനിറത്തിലാണ്, മുകളിലുള്ള ആകാശവും അതെ.
 
നിങ്ങൾ പുതുതായൊന്നും അതിൽ നിന്നു പ്രതീക്ഷിക്കുന്നില്ല, എല്ലാവരും പാരീസ് തെരുവുകളുടെ ചിത്രങ്ങൾ ഒന്നിലേറെ തവണ കണ്ടുകാണും. ചിത്രത്തിന്റെ ഒരു കോണിൽ എവിടെ നിന്നോ വാഹനങ്ങൾ പ്രത്യക്ഷപ്പെട്ട് നിങ്ങൾക്കുനേരെ വരുന്നു, നിങ്ങൾ ഇരിക്കുന്ന ഇരുട്ടിലേക്ക്; ദൂരെ നിന്ന് ആളുകൾ പ്രത്യക്ഷപ്പെടുന്നു, അടുത്തെത്തുന്തോറും വലുതായി വലുതായി വരുന്നു; മുൻവശത്ത്‌  കുട്ടികൾ ഒരു നായയുമായി കളിക്കുന്നു, സൈക്കിൾ യാത്രക്കാർ കടന്നുപോകുന്നു, കാൽനടക്കാർ വാഹനങ്ങൾക്കിടയിലൂടെ തെരുവു മുറിച്ചുകടക്കുന്നു. ഇതെല്ലാം ചലിക്കുന്നവയും ജീവൻ തുടിക്കുന്നവയുമാണ്, വെള്ളിത്തിരയുടെ അരികിലേക്കെത്തുമ്പോൾ അവ അതിനപ്പുറമെങ്ങോ മറയുന്നു.

ഇതെല്ലാം വിചിത്രമായ നിശ്ശബ്ദതയിലാണ് അരങ്ങേറുന്നത്, വാഹനങ്ങളുടെ ഇരമ്പലോ കാൽച്ചുവടുകളുടെയോ സംഭാഷണങ്ങളുടെയോ ശബ്ദമോ ഒന്നുംതന്നെ കേൾക്കാനില്ല, തീരെയില്ല. ആളുകളുടെ ചലനത്തോടൊപ്പം എപ്പോഴും ഉണ്ടാവുന്ന സങ്കീർണമായ ലയവിന്യാസത്തിന്റെ ലാഞ്ഛന പോലുമില്ല.
 
വൃക്ഷങ്ങളുടെ ചാരനിറമാർന്ന ഇലച്ചാർത്തുകൾ നിശ്ശബ്ദമായി കാറ്റിലിളകുന്നു, ആളുകളുടെ ചാരനിറത്തിലുള്ള നിഴൽരൂപങ്ങൾ നിതാന്തമായ നിശ്ശബ്ദതയിൽ നിലകൊള്ളാൻ ശപിക്കപ്പെട്ടതുപോലെ, ജീവിതത്തിന്റെ വർണപ്പകിട്ടെല്ലാം ഒഴിവാക്കാൻ ക്രൂരമായി ശിക്ഷിക്കപ്പെട്ടതുപോലെ, നിശ്ശബ്ദമായി, ചാരനിറത്തിലുള്ള പ്രതലത്തിലൂടെ നീങ്ങുന്നു.
 

അവരുടെ പുഞ്ചിരികൾ ജീവനില്ലാത്തവയാണ്, എന്നാൽ അവരുടെ ചലനങ്ങളോ ജീവൻ തുടിക്കുന്നവയും, അത്രകണ്ടു വേഗത്തിലായതിനാൽ ഏതാണ്ട് കണ്ണിൽപ്പിടിക്കാത്തതുപോലെ തോന്നും.

അവരുടെ പുഞ്ചിരികൾ ജീവനില്ലാത്തവയാണ്, എന്നാൽ അവരുടെ ചലനങ്ങളോ ജീവൻ തുടിക്കുന്നവയും, അത്രകണ്ടു വേഗത്തിലായതിനാൽ ഏതാണ്ട് കണ്ണിൽപ്പിടിക്കാത്തതുപോലെ തോന്നും. അവരുടെ ചാരനിറമാർന്ന മുഖങ്ങളിലെ പേശികൾ ഇളകുന്നുണ്ടെങ്കിലും ചിരി ശബ്ദരഹിതമാണ്. നിങ്ങൾക്കു മുന്നിൽ ജീവിതം അലയടിക്കുന്നു, വാക്കുകളില്ലാത്ത, വർണപ്പകിട്ടില്ലാത്ത ജീവിതം ചാരനിറമാർന്ന, ശബ്ദരഹിതമായ, നിരുന്മേഷമായ, നിരാശാജനകമായ ജീവിതം.

അതു കാണുക ഭയം വിതയ്ക്കുന്ന ഒരനുഭവമാണ്, പക്ഷേ അതു നിഴലുകളുടെ, നിഴലുകളുടെ മാത്രം ചലനമാണ്. നഗരത്തെ മുഴുവൻ നിത്യനിദ്രയിലാഴ്‌ത്തുന്ന പ്രേതങ്ങളും ദുർദേവതകളും മനസ്സിലേക്കു കടന്നുവരും, മെർലിനിന്റെ കുടിലവിദ്യകൾ നിങ്ങളുടെ കൺമുന്നിൽ അരങ്ങേറുന്നതുപോലെ തോന്നും. മുഴുവൻ തെരുവുകളെയും അയാൾ മയക്കിക്കിടത്തിയതുപോലെ, ബഹുനിലക്കെട്ടിടങ്ങളുടെ മട്ടുപ്പാവുമുതൽ അടിത്തറ വരെ ഒരു ചെറിയ പെട്ടകത്തിലേക്ക് അമർത്തി ഞെരുക്കിയതുപോലെ.
 
ആളുകളെയും അയാൾ കുറിയ മനുഷ്യരാക്കി മാറ്റി, അവരുടെ സംസാരശേഷി അപഹരിച്ച്, ഭൂമിയുടെയും ആകാശത്തിന്റയും ചായക്കൂട്ടുകളെല്ലാം വിരസമായ ചാരനിറത്തിലേക്കു ചുരുക്കുന്നു.
ഒരു റസ്റ്റോറന്റിന്റെ ഇരുട്ടുമുറിയിൽ അദ്ദേഹം തന്റെ വിചിത്രമായ സൃഷ്ടി പ്രദർശിപ്പിക്കുന്നു. പൊടുന്നനെ അതെല്ലാം മാറി, എല്ലാം കണ്ണിൽനിന്നു മറയുന്നു: ഒരു തീവണ്ടി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നു.
 
ലൂമിയർ: ലസ്യോത്ത സ്‌റ്റേഷനിൽ തീവണ്ടി വരുന്നു

ലൂമിയർ: ലസ്യോത്ത സ്‌റ്റേഷനിൽ തീവണ്ടി വരുന്നു

അതു നിങ്ങളുടെ നേരെ പാഞ്ഞുവരുന്നു. സൂക്ഷിച്ചോളൂ! സ്ത്രീയും വീഞ്ഞും സംഗീതവും ദുർവൃത്തികളും നിറഞ്ഞ, നിങ്ങൾ ഇരിക്കുന്ന ഇരുട്ടുമുറിയിൽ, നിങ്ങളുടെ മാംസം ഛിന്നഭിന്നമാക്കി, അസ്ഥികൾ ഞെരിച്ചുടച്ച് ഒരു കീറച്ചാക്കിൽ കുത്തിനിറച്ച്, അതിനെ ശകലിതമാക്കി, പൊടിപടലമാക്കി മാറ്റുന്നതുപോലെ തോന്നും. പക്ഷേ ഇതും നിഴലുകളുടെ ഒരു പരമ്പര മാത്രം.

യാതൊരു ശബ്ദവുമില്ലാതെ ആ തീവണ്ടി വെള്ളിത്തിരയുടെ ഒരു മൂലയിൽ നിന്ന് അപ്രത്യക്ഷമാവുന്നു. പിന്നീട്‌ പ്രത്യക്ഷപ്പെട്ട്, തീവണ്ടി കണ്മുന്നിൽ വന്നു നിൽക്കുന്നു, ചാരനിറത്തിലുള്ള മനുഷ്യരൂപങ്ങൾ നിശ്ശബ്ദമായി കംപാർട്ടുമെന്റുകളിൽ നിന്ന് ഇറങ്ങുന്നു, നിശ്ശബ്ദമായിത്തന്നെ സുഹൃത്തുക്കളെ അഭിവാദ്യം ചെയ്യുന്നു, ചിരിക്കുന്നു, നടക്കുന്നു, ഓടുന്നു, തിക്കിത്തിരക്കുന്നു, പിന്നെ.... അതു മറയുന്നു, ഇതാ മറ്റൊരു ദൃശ്യം.
 
മൂന്നു പേർ മേശയ്‌ക്ക്‌ ചുറ്റുമിരുന്നു ചീട്ടുകളിക്കുകയാണ്. അവരുടെ മുഖങ്ങൾ വലിഞ്ഞുമുറുകിയിരിക്കുന്നു, കൈകൾ അതിവേഗം ചലിക്കുന്നു. വിറകൊള്ളുന്ന കൈകളും മുഖത്തെ പേശികളുടെ വലിച്ചലും അവരുടെ അത്യാർത്തി മൂടിവയ്ക്കുന്നു. അവർ കളിക്കുന്നു... പൊടുന്നനെ അവർ പൊട്ടിച്ചിരിക്കുന്നു, അവരുടെ മേശയ്ക്കരികിൽ ബിയറുമായി വന്നുനിന്ന പരിചാരകനും ചിരിയിൽ പങ്കുചേരുന്നു. അവർ ചിരിച്ചുമറിയുന്നു, പക്ഷേ ശബ്ദം കേൾക്കാനില്ല.
 
ഈ മനുഷ്യരെല്ലാം മരിച്ചവരാണെന്നും അവരുടെ നിഴലുകൾ നിശ്ശബ്ദതയിൽ അനന്തകാലത്തോളം ചീട്ടുകളിക്കാൻ ശിക്ഷിക്കപ്പെട്ടവരാണെന്നും തോന്നിപ്പോകും. ഇതാ മറ്റൊരു ചിത്രം: ഒരു ഉദ്യാനപാലകൻ പൂക്കൾക്കു വെള്ളമൊഴിക്കുന്നു.
ഉദ്യാനപാലനം ‐ ലൂമിയർ ചിത്രം

ഉദ്യാനപാലനം ‐ ലൂമിയർ ചിത്രം

ഇളംചാരനിറത്തിലുള്ള ജലധാര ഒരു കുഴലിലൂടെ കടന്നുവന്ന് ചിതറിത്തെറിക്കുന്നു. പൂത്തടവും പുൽനാമ്പുകളും വെള്ളം പതിച്ചതിനാൽ നിലത്ത് അമരുന്നു. ഒരു ബാലൻ പ്രവേശിച്ച്, കുഴലിനുമീതെ ചവുട്ടിനിന്ന് ജലധാര നിർത്തുന്നു.
 
ഉദ്യാനപാലകൻ അപ്പോൾ കുഴലിന്റെ അറ്റത്തേക്കു നോക്കുന്നു, അപ്പോൾ ആ ബാലൻ പിന്നോട്ടുമാറുന്നു, ജലധാര ഉദ്യാനപാലകന്റെ മുഖത്തേക്കു തെറിക്കുന്നു. ആ ജലധാര നിങ്ങളുടെ മുഖത്തേക്കും തെറിക്കുമെന്ന് നിങ്ങൾക്കു തോന്നിപ്പോകും, നിങ്ങൾ തെന്നിമാറാൻ ശ്രമിക്കും. അപ്പോഴേക്ക്‌  ഉദ്യാനപാലകൻ ആ പോക്കിരി പയ്യനെ പിടിക്കാൻ പായുകയാണ്, അവനെ പിടികൂടി രണ്ടെണ്ണം പൊട്ടിക്കുകയാണ്. പക്ഷേ ആ അടി ശബ്ദരഹിതം, അതുപോലെത്തന്നെ വെള്ളം കുഴലിൽ നിന്നു തെറിച്ചു നിലത്തുവീഴുന്ന ശബ്ദവും കേൾക്കാനില്ല.
 

നിശ്ശബ്ദവും ചാരനിറമാർന്നതുമായ ഈ ജീവിതം ഒടുവിൽ നിങ്ങളെ അലട്ടാൻ തുടങ്ങും. അവ്യക്തമായ, എന്നാൽ അശുഭകരമായ സന്ദേശം പകരുന്ന ഒരു മുന്നറിയിപ്പ് അതിൽ ഉൾച്ചേർന്നിട്ടുണ്ടെന്ന തോന്നലിൽ നിങ്ങളുടെ ഹൃദയം ക്ഷീണിതമാവും.  

നിശ്ശബ്ദവും ചാരനിറമാർന്നതുമായ ഈ ജീവിതം ഒടുവിൽ നിങ്ങളെ അലട്ടാൻ തുടങ്ങും. അവ്യക്തമായ, എന്നാൽ അശുഭകരമായ സന്ദേശം പകരുന്ന ഒരു മുന്നറിയിപ്പ് അതിൽ ഉൾച്ചേർന്നിട്ടുണ്ടെന്ന തോന്നലിൽ നിങ്ങളുടെ ഹൃദയം ക്ഷീണിതമാവും. നിങ്ങൾ എവിടെയാണ് എന്നതുതന്നെ മറന്നുപോകും. വിചിത്രമായ ഭാവനകൾ നിങ്ങളുടെ മനസ്സിനെ വേട്ടയാടും, നിങ്ങളുടെ ബോധം തളരുകയും മങ്ങുകയും ചെയ്യും.

പക്ഷേ പെട്ടെന്നുതന്നെ നിങ്ങളുടെ സമീപത്തുനിന്ന് ഒരു സ്ത്രീയുടെ ഉല്ലാസഭരിതമായ വർത്തമാനവും ഉത്തേജിതമാക്കുന്ന ചിരിയും കേൾക്കും. അപ്പോഴാണു നിങ്ങൾ ആമോയിൽ, ഷാർല് ആമോയിൽ, ആണെന്ന്‌ തിരിച്ചറിയുക... ലൂമിയർമാരുടെ അസാധാരണവും മനുഷ്യമനസ്സിന്റെ ഉന്മേഷവും ജിജ്ഞാസയും അരക്കിട്ടുറപ്പിക്കുന്നതുമായ ഈ കണ്ടുപിടുത്തം എങ്ങനെയാണ് ഇവിടേയ്ക്കു തന്നെ എത്തിപ്പെട്ടത്...
 
ജീവിതത്തിന്റെ നിഗൂഢതകൾ പരിഹരിക്കാനുള്ള ശ്രമം ആമോയുടെ ഭാഗ്യമായിത്തീരുകയായിരുന്നോ? ലൂമിയർമാരുടെ കണ്ടുപിടിത്തത്തിന്റെ ശാസ്ത്രീയമായ പ്രധാന്യത്തെക്കുറിച്ച് എനിക്കിപ്പോഴും വ്യക്തതയില്ല, പക്ഷേ നിസ്സംശയമായും അത് അവിടെയുണ്ട്, ശാസ്ത്രത്തിന്റെ പരിപോഷണത്തിന് അത് ഉപയോഗിക്കാനാവും, അതിന്‌  മനുഷ്യജീവിതം മെച്ചപ്പെടുത്താനും മാനസികവികാസം സാധ്യമാക്കാനും കഴിയും.
 
ദുർവൃത്തികൾ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുകയും അതിന്‌ പ്രചാരം നൽകുകയും ചെയ്യുന്ന ആമോയിൽ പക്ഷേ അതു കാണാൻ കഴിയുന്നില്ല. ‘സാമൂഹികമായ ആവശ്യങ്ങളുടെ ഇരകൾക്കും' ചുംബനം കൊതിച്ചുവരുന്നവർക്കുമായുള്ള ആമോയിൽ എന്തിനാണ് ഇതിന്റെ ആവശ്യം? എന്തിനാണ് അവർ ഇവിടെ മാത്രം ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്? ലൂമിയർമാരുടെ കണ്ടുപിടിത്തം വേഗം തന്നെ പൂർണത തേടിയേക്കാം, പക്ഷേ അത് ആമോ തുലോദ് ആൻഡ് കമ്പനിയുടെ താളത്തിനൊത്തായിരിക്കുമെന്നുമാത്രം.

ഞാൻ ഇതിനകം തന്നെ സൂചിപ്പിച്ച ദൃശ്യങ്ങൾ കൂടാതെ, കുടുംബത്തിന്റെ പ്രാതൽ ചിത്രീകരിക്കുന്ന, മൂന്നുപേർ ഒത്തുചേരുന്ന സന്തോഷകരമായ അനുഭവവുമുണ്ട്. യുവദമ്പതിമാർ തടിച്ചുരുണ്ട സീമന്തസന്താനവുമായി പ്രഭാതഭക്ഷണമേശയ്ക്ക്‌ ചുറ്റും ഇരിക്കുകയാണ്. രണ്ടുപേരും അത്രയേറെ ഇഷ്ടത്തിലാണ്, അതുപോലെ ചുറുചുറുക്കുള്ളവരും സന്തോഷഭരിതരുമാണ്, കുട്ടിയാകട്ടെ നമ്മുടെ മനംകവരും. ഈ ദൃശ്യം ഹൃദ്യമായ അനുഭവം പകരും. ആമോ എന്ന ഇടത്തിനു ചേരുന്നതാണോ ഈ കുടുംബരംഗം?

മാക്‌സിം ഗോർക്കി: നികൊളായ്‌ ബോഗ്‌ദാനോവിന്റെ ഛായാചിത്രം

മാക്‌സിം ഗോർക്കി: നികൊളായ്‌ ബോഗ്‌ദാനോവിന്റെ ഛായാചിത്രം

ഇതാ മറ്റൊന്നു കൂടി. സ്ത്രീത്തൊഴിലാളികൾ ആഹ്ലാദഭരിതരും പൊട്ടിച്ചിരിക്കുന്നവരുമായ തിങ്ങിയ ഒരു ആൾക്കൂട്ടമായി ഫാക്ടറിയുടെ കവാടത്തിലൂടെ തെരുവിലേക്കിറങ്ങുന്നു. ഇതും ആമോയ്ക്കു ചേരുന്നതല്ല. അധ്വാനിക്കുന്നവരുടെ ജീവിതത്തെക്കുറിച്ച് ഇവിടെ ഓർമിപ്പിക്കാനുള്ള സാധ്യത എന്താണ്? ആ ഓർമപ്പെടുത്തൽ തന്നെ അപ്രസക്തമാണ്. ചുംബനങ്ങൾ വിൽക്കുന്ന സ്ത്രീകൾക്ക് ഇതൊരു കുത്തിനോവിക്കുന്ന അനുഭവമാകും.

കൺസേർട്ട് പാരീസിയന്റെ (നൃത്തഗാന പരിപാടികൾ അരങ്ങേറുന്ന പാരീസ് കഫേകൾ) സ്വഭാവത്തിനു കൂടുതൽ ഇണങ്ങുന്ന തരത്തിലുള്ള വിഭാഗമായി ഇത്തരം ദൃശ്യങ്ങൾ അനതിവിദൂര ഭാവിയിൽ മാറിത്തീരുമെന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട്. ഉദാഹരണത്തിന്, അവൾ വസ്ത്രമുരിയുമ്പോൾ അല്ലെങ്കിൽ കുളിമുറിയിലെ സ്ത്രീ അതുമല്ലെങ്കൽ സ്റ്റോക്കിംഗ് ധരിച്ച സ്ത്രീ എന്നിങ്ങനെയുള്ള ശീർഷകങ്ങളിലുള്ള ദൃശ്യങ്ങൾ അവർ പ്രദർശിപ്പിച്ചുതുടങ്ങും.
 
ഭാര്യയും ഭർത്താവും തമ്മിലുള്ള ഒരു മുട്ടൻ വഴക്ക്‌ ചിത്രീകരിച്ച് കുടുംബജീവിതത്തിന്റെ അനുഗ്രഹങ്ങൾ എന്ന പേരിൽ അവതരിപ്പിക്കാനും അവർക്കു കഴിയും.
അതെ, സംശയമില്ല, ഇങ്ങനെയാണ്‌ കാര്യങ്ങൾ പുരോഗമിക്കുക. വീര്യമുള്ളതും പകിട്ടേറിയതുമായ രംഗങ്ങൾക്കുമായി ദാഹിക്കുന്ന റഷ്യൻ വിപണിക്ക് ഗ്രാമീണവും ശാന്തിയും സമാധാനവും നിറഞ്ഞ ദൃശ്യങ്ങൾ ദഹിക്കാനിടയില്ല.
 
വിപണിയിലെ വിനോദത്തിനായും സിനിമാട്ടോഗ്രാഫിലൂടെയുള്ള പോഷണത്തിനുമായി ചില പ്രമേയങ്ങൾ കൂടി എനിക്കു മുന്നോട്ടുവയ്ക്കാനാവും. ഉദാഹരണത്തിന്: തുർക്കികളുടെ മട്ടിൽ വേലിക്കരികിൽ ഒരു അഴകിയ പരാന്നജീവിയെ ശൂലത്തിൽ കുത്തിനിർത്തുക, അതിന്റെ ഫോട്ടോഗ്രാഫ് എടുക്കുക, അതു പ്രദർശിപ്പിക്കുക.

അതത്ര എരിവുപകരുന്നതായിരിക്കില്ല, പക്ഷേ മാനസികോന്നമനത്തിന് ഉപകരിക്കും.

ജേയ് ലെയ്ഡയുടെ റഷ്യൻ, സോവിയറ്റ് സിനിമകളുടെ ഒരു ചരിത്രം (അലൻ ആൻഡ്‌ അൺവിൻ, ലണ്ടൻ, 1960).  എന്ന പുസ്തകത്തിൽ നിന്ന്. നിഷെഗോറോഡ്‌സ്‌കി ലിസ്‌തോക്ക് എന്ന ദിനപത്രത്തിൽ ഐ എം  പകാതുസ് എന്ന പേരിൽ 1896 ജൂലൈ 4 നാണ് ഈ കുറിപ്പ് ആദ്യം പ്രസിദ്ധീകൃതമായത്. ലൂമിയർ ചിത്രങ്ങൾ റഷ്യയിൽ ആദ്യം പ്രദർശിപ്പിക്കുന്നത് 1896 ജൂലൈ 7ന് സെന്റ് പീറ്റേഴ്‌സ് ബർഗിൽ അലക്‌സാണ്ട്ര ചക്രവർത്തിനിയുടെ സാന്നിധ്യത്തിലാണ്.
 
  
ദേശാഭിമാനി വാരികയിൽ നിന്ന് 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top