08 September Sunday

നാടകം മലയാളിയെ മനുഷ്യനാക്കി: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

"സംസ്കാരസമ്പന്നമെന്നും പ്രബുദ്ധമെന്നും അവകാശപ്പെടുന്ന കേരളത്തിന് ആ പ്രബുദ്ധതയിൽ ചോർച്ചകൾ സംഭവിക്കുന്നുണ്ട്. നാം അടിയന്തരമായി സാംസ്കാരികമായി ഇടപെട്ടില്ലെങ്കിൽ അഭിമാനകരമായി നാം ഉയർത്തിക്കാണിക്കുന്ന കേരളത്തിന്റെ സാംസ്കാരികനേട്ടങ്ങൾ പലതും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനെ നേരിടുന്നതിൽ, സാംസ്കാരികമായി ഇടപെടുന്നതിന്റെ പ്രാധാന്യം തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദി വേളയിലെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്."
സാംസ്കാരിക വകുപ്പും, കേരള സാഹിത്യ അക്കാദമിയും, വെഞ്ഞാറമൂട് സാംസ്‌കാരിക സഹകരണസംഘവും ചേർന്നു നടത്തിയ തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി
നടത്തിയ പ്രസംഗത്തിന്റെ പൂ‍‍ർണരൂപം.



തിരുവനന്തപുരം ജില്ലയിൽവച്ച് തോപ്പിൽ ഭാസിയെ അനുസ്മരിക്കുന്നത് സമുചിതമാണ്. തോപ്പിൽ ഭാസിയുടെ യൗവനകാലം പരിശോധിച്ചാൽ തിരുവനന്തപുരവുമായി അദ്ദേഹത്തിനുള്ള ബന്ധം മനസ്സിലാക്കാൻ സാധിക്കും.

തിരുവനന്തപുരത്തെ തോപ്പിൽ ഭാസിയുടെ ജീവിതകാലം അദ്ദേഹത്തിന്റെ നാടകസങ്കൽപങ്ങൾ വളർത്തിയെടുക്കുന്നതിൽ നിർണായകപങ്കുവഹിച്ചു. ഏകലവ്യന്യായേന പ്രൊഫ എൻ. കൃഷ്ണപിള്ളയുടെ രചനാശൈലിയിൽ നിന്ന് തോപ്പിൽ ഭാസി പലതും പഠിക്കാൻ മുതിർന്നു. 'ബലാബലം' എന്ന നാടകത്തിന്റെ കൈയ്യെഴുത്തുപ്രതി അദ്ദേഹമില്ലാത്ത സമയം റൂമിൽ ചെന്ന് രഹസ്യമായി വായിക്കുമായിരുന്നു തോപ്പിൽഭാസി. ഇത് നാടകത്തിന്റെ ശില്പഘടനയെക്കുറിച്ച് വ്യക്തമായ രൂപം ഉൾക്കൊള്ളാൻ അദ്ദേഹത്തിന് സഹായകമായി.

പ്രൊഫ. എൻ കൃഷ്ണപിള്ള

പ്രൊഫ. എൻ കൃഷ്ണപിള്ള

അതുമാത്രമല്ല, തോപ്പിൽ ഭാസിയുടെ ജനകീയസംഘടനാപ്രവർത്തനത്തിന്റെ സ്ഫുടപാകം ചെയ്യൽ നടന്നതും തിരുവനന്തപുരത്തു വച്ചാണ്. തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ അവകാശങ്ങൾക്കുവേണ്ടി സംഘടന രൂപീകരിക്കുകയും, സജീവമായി ഇടപെടുകയും, അവകാശസമരങ്ങൾ തന്നെ നയിക്കുകയും ചെയ്തു. ഒറ്റയ്ക്കൊറ്റയ്ക്കു നിൽക്കാതെ, മറ്റുള്ളവരുമായി കൈകോർത്തുപിടിച്ചുകൊണ്ട്, നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയുള്ള സമർപ്പിത പോരാട്ടത്തിന്റെ പരിശീലനവും തുടക്കവുമായിരുന്നു അത്.

അതായത് നാടകം എന്ന സാഹിത്യരൂപത്തെയും അതിന്റെ രംഗാവതരണപാഠത്തെയും സംബന്ധിച്ച പഠനത്തിന്റെ ഒരു ഘട്ടം അദ്ദേഹം തിരുവനന്തപുരത്തു വച്ചാണ് നടത്തിയത്. രാഷ്ട്രീയ - സാമൂഹ്യ പ്രതിബദ്ധതയുടെ സുപ്രധാനപാഠങ്ങൾ തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിനു ലഭിച്ചത്. അങ്ങനെ തിരുവനന്തപുരത്തിന് തോപ്പിൽ ഭാസിയെന്ന അതുല്യ കലാകാരന്റെ രൂപീകരണത്തിൽ അസാധാരണമായ ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ യൗവനകാലജീവിതം പരിശോധിച്ചാൽ നമുക്ക് വ്യക്തമാകും.

അങ്ങനെ അദ്ദേഹം കമ്യൂണിസ്റ്റുകാരനായി. ഇന്ന് തോപ്പിൽ ഭാസി ഓർമിക്കപ്പെടുന്നത് നാടകകൃത്ത്, നടൻ, സംവിധായകൻ തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, എംഎൽഎ എന്നീ നിലകളിലാണ്. സാംസ്കാരികജീവിതത്തിന്റെ രണ്ടാംഭാഗം എന്ന് നിർവചിക്കാവുന്ന കാലഘട്ടത്തിൽ മലയാളത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചലച്ചിത്ര തിരക്കഥകളെഴുതിയ രണ്ടുപേരിൽ ഒരാളാണ് അദ്ദേഹം. രണ്ടുപേരും നാടകവുമായി ബന്ധപ്പെട്ടവരാണ്. ഒന്ന് തോപ്പിൽ ഭാസി. മറ്റൊന്ന് എസ് എൽ പുരം സദാനന്ദൻ. തകഴിയുടെ ചെമ്മീൻ സിനിമയായപ്പോൾ തിരക്കഥ രചിച്ചത് എസ് എൽ പുരം സദാനന്ദനാണ്. ചെമ്മീനിലൂടെ രാഷ്ട്രപതിയുടെ സ്വർണമെഡൽ ആദ്യമായി മലയാളത്തിന് ലഭിച്ചു. എസ് എൽ പുരവും തോപ്പിൽ ഭാസിയും സമീപപ്രദേശത്ത് ജീവിച്ചവരാണെന്ന പ്രത്യേകത കൂടിയുണ്ട്.

എസ് എൽ പുരം സദാനന്ദൻ

എസ് എൽ പുരം സദാനന്ദൻ

പാതി തമാശയായും പാതി കാര്യമായും പറഞ്ഞാൽ, ഞാനും തോപ്പിൽ ഭാസിയും ഒരേ ജില്ലക്കാരാണ്. തോപ്പിൽ ഭാസി ആലപ്പുഴക്കാരനല്ലേ എന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിക്കാൻ സാധ്യതയുണ്ട്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എഴുതുമ്പോൾ തോപ്പിൽ ഭാസി കൊല്ലം ജില്ലക്കാരനാണ്. അന്ന് ആലപ്പുഴ ജില്ല രൂപീകരിച്ചിട്ടില്ല. ആലപ്പുഴ അന്ന് കൊല്ലം ജില്ലയുടെ ഭാഗമാണ്. 1957 ലെ ഗവൺമെന്റ് വന്നതിന് ശേഷമാണ് ജില്ലകളുടെ പുനർവിഭജനത്തിന്റെ ഭാഗമായി കൊല്ലത്തെ വിവിധ പ്രദേശങ്ങൾ കൂടികൂട്ടിച്ചേർത്ത് ആലപ്പുഴ ജില്ലയുണ്ടാക്കിയത്.

അതുമാത്രമല്ല, തോപ്പിൽ ഭാസിയെ സാംസ്കാരികലോകം എന്നുമെന്നും ഓർമിക്കുന്നതിനിടയാക്കുന്ന അദ്ദേഹത്തിന്റെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം കൊല്ലത്ത് ചവറയിലെ ഒരു കൊട്ടകയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. അത് ഉദ്ഘാടനം ചെയ്തത് യുവകഥാകൃത്ത് ഡി എം പൊറ്റക്കാടാണ്. അന്ന് ഡി എം പൊറ്റക്കാടിന് ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സ് പ്രായം! ഇവിടെ യുവതയുടെ സാന്നിധ്യം നമുക്ക് കാണാം. തോപ്പിൽ ഭാസിയും ഡി എം പൊറ്റക്കാടും യൗവനത്തിന്റെ ചോരത്തിളപ്പിൽ വിഹരിക്കുന്ന കാലമാണ് അത്.

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലെ രംഗം

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലെ രംഗം

കൊയ്ത്തു പാടത്ത് വിളഞ്ഞ നാടകം

ആദ്യകാലത്തെ നമ്മുടെ നാടാകാസ്വാദനത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് തമിഴ് നാടകങ്ങളായിരുന്നു. അവ കൊയ്ത്തുകാലത്താണ് അവതരിപ്പിച്ചിരുന്നത്. പറഞ്ഞുകേട്ട അറിവുകൾ വച്ച് വിസ്തൃതമായ സ്ഥലം മുഴുവൻ വളച്ചുകെട്ടി ടിക്കറ്റ് വച്ച് നാടകങ്ങൾ നടത്തും. അതിപ്രശസ്തരായ ഗായകരും ഗായികമാരുമാണ് പ്രധാനസ്ഥാനങ്ങൾ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് എസ് ജി കിട്ടപ്പ, സുന്ദരാംബാൾ തുടങ്ങിയവർ ഈ രംഗത്ത് വളരെ സജീവമായിരുന്നു.

എസ് ജി കിട്ടപ്പയും സുന്ദരാംബാളും

എസ് ജി കിട്ടപ്പയും സുന്ദരാംബാളും

മഹാനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ കിട്ടപ്പയുടെ ആലാപനത്തിൽ തനിക്ക് അസൂയയുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. കിട്ടപ്പയും സുന്ദരാംബാളും വേദിയിൽ വന്നു പാടുകയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ ഒരു കൗതുകമുണ്ട്. ചവിട്ടുഹാർമോണിയവുമായി ഒരു സംഘം ഗായകർ വേദിയുടെ തന്നെ ഒരു ഭാഗത്ത് സദസ്സിനെ അഭിമുഖീകരിച്ചിരിക്കുന്നു. അവരും നാടകത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. നാടകത്തിന്റെ മുഖ്യ ഉളളടക്കത്തിലേക്ക് കടക്കുന്നതിനു മുൻപ് നായകനും നായികയും (കിട്ടപ്പയും സുന്ദരാംബാളും അല്ലെങ്കിൽ മറ്റു പ്രശസ്തർ) തമ്മിലുള്ള പാട്ടുമത്സരഗുസ്തി നടക്കുന്നു. യഥാർത്ഥത്തിൽ മലയാളനാടകാവതരണങ്ങൾ പോലും  ഈ തമിഴ് നാടക സമ്പ്രദായത്തിന്റെ അതേ ചിട്ടവട്ടങ്ങളാണ് അന്ന് പിന്തുടർന്നു പോന്നിട്ടുള്ളത്. പോർച്ചുഗീസ് സ്വാധീനത്തിൽ 'ചവിട്ടുനാടകങ്ങളും' കടന്നുവന്നു.

ഇ എം എസ് നമ്പൂതിരിപ്പാട്

ഇ എം എസ് നമ്പൂതിരിപ്പാട്

ഇതിൽ നിന്ന് മാറിനടക്കാൻ സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായ ഒരു കലാപ്രവർത്തനമെന്ന നിലയിൽ ചില നാടകങ്ങൾ രൂപപ്പെടാൻ തുടങ്ങി. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരിയെ മനുഷ്യനാക്കാൻ വേണ്ടി നടന്ന ഇടപെടലിൽ യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാമത് സംസ്ഥാനസമ്മേളനം നടക്കുമ്പോളാണ് അവതരിപ്പിക്കപ്പെടുന്നത്. ഇ എം എസി നെ പോലെയുള്ളവർ ആ നാടകത്തിനു പിന്നിലുണ്ട്. നാടകസംഭാഷണം കർട്ടനുമറവിൽ നിന്ന് നടീനടന്മാർക്ക് തത്സമയം പറഞ്ഞുകൊടുക്കുന്ന ജോലിയാണ് ഇ എം എസിന് ചെയ്യേണ്ടിയിരുന്നത്. ഒരു സ്ഥലത്ത് നാടകത്തിന്റെ കർട്ടൺ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ജോലി നിർവ്വഹിച്ചത് ഇ എം എസ് ആണ്. പിന്നീട് കേരളത്തിന്റെ സാംസ്കാരിക പുരോഗതിയുടെ കർട്ടൺ ഉയർത്തിയ മുഖ്യമന്ത്രി പദം ഏറ്റെടുത്തു, അദ്ദേഹം.

കാലം കാത്തുവെച്ച പാട്ടബാക്കി

കേരള നവോത്ഥാനചരിത്രത്തിൽ സുപ്രധാനപങ്കുവഹിച്ച മറ്റൊരു നാടകമാണ് 'പാട്ടബാക്കി'. പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിനോടനുബന്ധിച്ച് അവതരിപ്പിച്ച നാടകമാണിത്. ഈ നാടകത്തിന്റെ രചനയെക്കുറിച്ച് രസകരമായ ഒരു സംഭവകഥയുണ്ട്. കർഷകസമ്മേളന നടത്തിപ്പിനെക്കുറിച്ചാലോചിക്കാൻ യോഗം ചേരുന്ന സമയം. സമ്മേളനത്തിന് ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. അപ്പോൾ കെ ദാമോദരനാണ് കർഷകസമ്മേളനത്തിന് നാടകം അവതരിപ്പിക്കുന്നത് പ്രയോജനപ്രദമാവുമെന്ന ആശയം ഉന്നയിക്കുന്നത്. 'അത് നല്ല അഭിപ്രായമാണ്' എന്നു പറഞ്ഞ  ഇ എം എസ് 'താൻ തന്നെ എഴുതിക്കോളൂ' എന്ന് ദാമോദരനോട് ആവശ്യപ്പെടുകയായിരുന്നു. കെ ദാമോദരനെ സംബന്ധിച്ച് , മിണ്ടിയവനെക്കൊണ്ട് ഇലയെടുപ്പിച്ചു എന്ന് പറയുന്ന അവസ്ഥയായി. ഈ ചർച്ച കേട്ടുകൊണ്ട് അകത്തുനിന്ന ഒരാൾ അവിടെയിരുന്ന കണക്കുപുസ്തകം എടുത്ത് 'നാടകം ഇപ്പോൾത്തന്നെ എഴുതി തുടങ്ങിക്കോളൂ' എന്ന് അഭിപ്രായപ്പെട്ടു. അതിലെ ഓരോ പേജും കീറിയെടുത്താണ് കഥാപാത്രങ്ങൾ തങ്ങളുടെ കഥാപാത്രസംഭാഷണങ്ങൾ പഠിച്ചതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.

കെ ദാമോദരൻ

കെ ദാമോദരൻ

ഇങ്ങനെ നാടകരംഗത്തുവന്ന പരിവർത്തനങ്ങളുടെ ഒരു ഘട്ടത്തിലാണ് കെപിഎസിയുടെ നാടകങ്ങൾ വരുന്നത്. തോപ്പിൽ ഭാസിയുടെ നാടകങ്ങൾ രംഗപ്രവേശം ചെയ്യുന്നത് ഇവിടെയാണ്. തോപ്പിൽ ഭാസിയും, ജി ജനാർദ്ദനക്കുറുപ്പും, പുനലൂർ രാജഗോപാലൻ നായരും, കേശവൻ പോറ്റിയും, കാമ്പിശ്ശേരി കരുണാകരനും, ജി ദേവരാജൻ മാസ്റ്ററും ഉൾപ്പെടെയുള്ളവർ ചേർന്ന് ഗായകരെയും പശ്ചാത്തല സംഗീതജ്ഞരെയും സ്റ്റേജിനുള്ളിലേക്ക് മാറ്റി ഇരുത്തി. കെപിഎസി വരുത്തിയ ഈ മാറ്റം വളരെ നിർണായകമാണ്. അതിനു മുൻപ് ആരെങ്കിലും ഇത്തരം പരീക്ഷണം നടത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് കെപിഎസിയാണ് (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) ജനകീയമായ ഇത്തരം മാറ്റങ്ങൾക്കു തുടക്കം കുറിച്ചത് എന്നാണ്. ജനങ്ങളുടെ കലാസമിതി എന്ന പേരിൽ നിന്നു തന്നെ ഇത് വ്യക്തമാണ്.

സമൂഹം രൂപപ്പെടുത്തിയ അരങ്ങ്

'മുന്നേറ്റ'ത്തിലൂടെയാണ് തോപ്പിൽ ഭാസി എന്ന നാടകകൃത്തുണ്ടാവുന്നത്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിന്റെ ആദ്യരൂപമായി 'മുന്നേറ്റ'ത്തെ കരുതുന്നവരുണ്ട്. അതിനുശേഷം 'എന്റെ മകനാണ് ശരി' എന്ന പേരിൽ മുന്നേറ്റത്തിന്റെ തന്നെ മറ്റൊരു പരിണാമം ഉണ്ടായി. ഒടുവിൽ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' പുറത്തുവരുമ്പോൾ രംഗാവതരണങ്ങളിൽ കൂടി നിരന്തരപരിണാമം വരുത്തിയ പതിപ്പാണ് നമുക്കു മുന്നിലുള്ളത്. ഓരോ അവതരണത്തിനു ശേഷവും അഭിപ്രായങ്ങൾ സ്വരൂപിച്ച് മാറ്റങ്ങൾ വരുത്തി. ജനകീയമായ സാംസ്കാരിക ഇടപെടലിലൂടെ അറ്റിക്കുറുക്കിയെടുത്തു. ഒരാൾ എഴുതിയെങ്കിലും പലരും ചേർന്ന് രൂപാന്തരപ്പെടുത്തി. പക്ഷെ, നാടകത്തിന്റെ അന്തസ്സത്ത തോപ്പിൽ ഭാസിയുടെ സംഭാവനയാണ്. ഒരുപാട് രൂപപരിണാമങ്ങളിലൂടെ കടന്നുപോയ നാടകമാണ് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'. ഈ നാടകത്തിന്റെ ഒരു ജീവചരിത്രം തന്നെ വേണമെങ്കിൽ എഴുതാവന്നതാണ്.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ഒരു രംഗം

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ഒരു രംഗം



എന്നാൽ, രംഗാവതരണങ്ങളിലൂടെ പരിണമിക്കപ്പെട്ട നാടകത്തിന്റെ ആദ്യ ഉദാഹരണം 'തൊഴിൽകേന്ദ്രത്തിലേക്ക്' ആണ്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' ഉണ്ടാവുന്നതിന് നാലു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1948 ൽ, ഷൊർണൂർ കേന്ദ്രീകരിച്ച് സ്ത്രീകളുടെ ഒരു തൊഴിൽകേന്ദ്രം യഥാർത്ഥത്തിലുണ്ടായിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന  പ്രസ്ഥാനത്തിന്റെ ഭാഗമായി നമ്പൂതിരിമാർ സ്വയം തൊഴിലെടുത്തു ജീവിക്കണമെന്ന ആശയത്തിലൂന്നിയ ഒന്നായിരുന്നു ഇത്. മറ്റു സമുദായങ്ങളിൽപ്പെട്ട മനുഷ്യരെപ്പോലെ നമ്പൂതിരിമാരും ജോലി ചെയ്ത് അദ്ധ്വാനിച്ച് അതിന്റെ ഫലം കൊണ്ടു ജീവിക്കണം എന്നായിരുന്നു ഇ എം എസിന്റെ പ്രസിദ്ധമായ ഓങ്ങല്ലൂർ പ്രസംഗത്തിന്റെ ആശയം.

നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾ തൊഴിൽ പരിശീലനകേന്ദ്രത്തിൽ പോയി തുന്നൽ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാനുള്ള പരിശീലനം നേടി. അങ്ങനെ, 'ഞങ്ങൾ തൊഴിലെടുത്തു ജീവിക്കും' എന്ന് പ്രഖ്യാപിച്ചതിന്റെ ഭാഗമായി പ്രവർത്തനക്ഷമമായതാണ് ആ തൊഴിൽകേന്ദ്രം. ആ തൊഴിൽകേന്ദ്രത്തിലേക്ക് പോയ സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ ചേർന്ന് രൂപപ്പെട്ട നാടകമാണ് 'തൊഴിൽകേന്ദ്രത്തിലേക്ക്'. അത് രചിച്ചത് ഒരാളല്ല. തൊഴിൽകേന്ദ്രത്തിൽ ജീവിച്ച സ്ത്രീകൾ ഒരുമിച്ച് ചേർന്നു രചിച്ചതാണ്. ഈ നാടകത്തിൽ സ്ത്രീകൾ തന്നെയാണ് പുരുഷവേഷങ്ങളും അവതരിപ്പിച്ചത്. അക്കാലത്ത് സ്ത്രീകൾ വേദികളിൽ വരുന്നത് അനുവദിക്കാറില്ലായിരുന്നു. അന്ന് നാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളായി പുരുഷന്മാരാണ് വേഷംകെട്ടുന്നത് എന്നോർക്കണം.

നല്ല മനുഷ്യരെ പ്രതിഷ്ഠിച്ച കാലം

ഇ കെ അയ്മുവിന്റെ 'ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്' എന്ന നാടകം ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ് വരുന്നത്. ഈ നാടകത്തിന്റെ പ്രത്യേകത നിലമ്പൂർ ആയിഷ എന്ന പതിമൂന്ന് വയസ്സുള്ള ബാലിക അതിൽ അഭിനയിച്ചതാണ്. വളരെ സാഹസികമായ, വിപ്ലവകരമായ പ്രവൃത്തിയായിരുന്നു അത്. നാടകമവതരിപ്പിക്കുന്നതിനിടയിൽ സദസ്സിൽ നിന്ന് ആയിഷയ്ക്ക് യാഥാസ്ഥിതികരുടെ കല്ലേറ് ഏററു പരിക്കുണ്ടായി. ആ ചോര തുടച്ചുകളഞ്ഞ് നാടകം തുടരുന്നതുപോലെയുള്ള ആവേശകരമായ അനുഭവം കേരളീയ നാടകപ്രസ്ഥാനത്തിന്റെ വളർച്ചയുടെ ചരിത്രത്തിലുണ്ട്.

നിലമ്പൂർ ആയിഷ

നിലമ്പൂർ ആയിഷ



ഇവിടെ നാം തിരിച്ചറിയേണ്ടത്  ജാതീയമായ ചേരിതിരിവുകൾക്കും മതപരമായ വിശ്വാസങ്ങൾക്കുമപ്പുറം നമ്മളെല്ലാം മനുഷ്യരാണ് എന്ന അടിസ്ഥാനബോധത്തിലേക്ക് മലയാളിയെ നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകത്തിലൊന്ന് നാടകസാഹിത്യമാണ്, കലയാണ് എന്ന വസ്തുതയാണ്.  'ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് ' എന്ന നാടകശീർഷകം അക്കാലത്തെ നമ്മുടെ എല്ലാ നാടകങ്ങളുടെയും ശീർഷകമായി സ്വീകരിക്കാവുന്നതാണ്. എല്ലാ നാടകങ്ങളുടെയും ആശയം വ്യത്യസ്തതകൾ ഉണ്ടെങ്കിലും അതുതന്നെയാണ്. 1888ൽ അരുവിപ്പുറത്ത് ഒരരുവിയിൽ നിന്ന് ആകൃതിരഹിതമായ ഒരു കല്ലെടുത്ത് പ്രതിഷ്ഠിച്ചപ്പോൾ ശ്രീ നാരായണ ഗുരു പഠിപ്പിച്ചതും നല്ല മനുഷ്യനാകാനാണ്.

നല്ല മനുഷ്യനാവുക എന്ന ആശയം കേരളീയസമൂഹത്തിന്റെ സാർവത്രിക അംഗീകാരമുള്ള ഒരാശയമായിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെയാണോ?  നല്ല മനുഷ്യനായിരിക്കുമ്പോൾ അപരനെക്കുറിച്ചുള്ള പരിഗണന വേണം. തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർ നല്ല മനുഷ്യരല്ല. ആപത്ഘട്ടങ്ങളിൽ മലയാളികൾ ഒന്നിച്ചിറങ്ങുന്നുണ്ട്. എന്നാൽ സാധാരണഗതിയിൽ മലയാളിക്ക് അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ജാതിമതബോധങ്ങൾക്കതീതമായ മനുഷ്യസത്തയിലൂന്നാനുള്ള സന്നദ്ധത കേരളീയ സമൂഹത്തിന് അപായകരമാം വിധം കൈമോശം വന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനകൾ അവിടിവിടങ്ങളിലായി ഉയർന്നുവരുന്നുണ്ട്.

വി സാംബശിവൻ കഥാപ്രസംഗം അവതരിപ്പിക്കുന്നു

വി സാംബശിവൻ കഥാപ്രസംഗം അവതരിപ്പിക്കുന്നു

നാടകത്തോടൊപ്പം, ഗ്രന്ഥശാലാ പ്രസ്ഥാനം, ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്നിവയോടുചേർത്തു പറയാൻ പറ്റുന്ന മറ്റൊരു കലാരൂപം കഥാപ്രസംഗമാണ്. വി സാംബശിവനും ഓച്ചിറ രാമചന്ദ്രനും കൊല്ലം ബാബുവും കെടാമംഗലം സദാനന്ദനും കെ കെ വാദ്ധ്യാരും വി ഹർഷകുമാറും ഉയർത്തിപ്പിടിച്ചത് മനുഷ്യത്വമാണ്. ജാതിക്കും മതത്തിനുമതീതമായ മനുഷ്യസത്ത മലയാളിയുടെ ഹൃദയത്തിന്റെ  ആഴങ്ങളിൽ കൊണ്ടുപോയി പതിപ്പിക്കുന്നതിൽ നമ്മുടെ സാഹിത്യം വലിയ പങ്കുവഹിച്ചു. ബഷീറിന്റെയും കേശവദേവിന്റെയും തകഴിയുടെയും പൊൻകുന്നം വർക്കിയുടെയും എസ് കെ പൊറ്റക്കാടിന്റെയും ലളിതാംബിക അന്തർജനത്തിന്റെയും മാധവിക്കുട്ടിയുടെയും സരസ്വതിയമ്മയുടെയുമെല്ലാം രചനകൾ മാനവികത മലയാളിത്തത്തിന്റെ ശക്തിയാക്കി മാറ്റി. 'ഇത് ഭൂമിയാണ്' പോലെയുള്ള കെ ടി മുഹമ്മദിന്റെ നാടകങ്ങൾ, എൻ എൻ പിള്ളയുടെ നാടകങ്ങൾ, എസ് എൽ പുരം സദാനന്ദന്റെ നാടകങ്ങൾ ഇവയെല്ലാം തോപ്പിൽ ഭാസിയുടെ നാടകജീവിതത്തിൽ നിന്ന് വളർന്നു പന്തലിച്ചുനിൽക്കുന്ന സമാന്തരമായ, സമാനമായ സംഭാവനകളാണ്. ഇവരെല്ലാം ചേർന്നു രൂപപ്പെടുത്തിയ മതാതീതമായ മനുഷ്യത്വത്തിന്റെ സത്ത അതേപടി കേരളീയസമൂഹത്തിൽ ഇപ്പോളും നിലനിൽക്കുന്നുണ്ടോ?

തോപ്പിൽ ഭാസിയും അദ്ദേഹത്തിന്റെ സമകാലികരും സാഹിത്യത്തിലൂടെയും കലാരൂപങ്ങളിലൂടെയും നാടകാവതരണങ്ങളിലൂടെയും ഒരു പുതിയ മനുഷ്യസത്ത രൂപപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾക്ക് പോറലേൽക്കുന്നുണ്ട്. 'മുന്നേറ്റം' എന്നായിരുന്നു തോപ്പിൽ ഭാസിയുടെ ആദ്യ നാടകത്തിന്റെ പേര്. ഇന്ന് നമ്മുടെ ജീവിതം ചില പിന്നേറ്റങ്ങളിലൂടെ പോകുന്നുണ്ടോയെന്ന് നാം പരിശോധിക്കണം. 'സൂക്ഷിക്കുക, ഇടതുവശം പോവുക' എന്ന തോപ്പിൽ ഭാസിയുടെ നാടകത്തിന്റെ ആമുഖമായി അദ്ദേഹം കുറിക്കുന്നു.
ഇന്നിന്റെയും ആമുഖമായ എഴുത്ത്

"എന്റെ നാടകങ്ങൾ സമൂഹത്തിൽ ശക്തമായ പ്രേരണ ചെലുത്തിയിട്ടുണ്ടെന്ന് ചിലർ എഴുതിയത് വായിക്കുകയും പറഞ്ഞത് കേൾക്കുകയും ചെയ്തിട്ടുള്ളപ്പോൽ എനിക്ക് എന്തെന്നില്ലാത്ത ആനന്ദമുണ്ടായി. ഞാനും അങ്ങനെ വിശ്വസിക്കുന്നു. അതിന്റെ നല്ല ഉദാഹരണമാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും അശ്വമേധവും.
.........................................................മതത്തിന്റെയും ജാതിയുടെയും ചങ്ങലകളിൽ കുടുങ്ങിക്കിടക്കുന്ന ഒരാളുടെയെങ്കിലും വിലങ്ങു പൊട്ടിക്കാൻ അല്പമായെങ്കിലും ഈ നാടകം പ്രേരണ ചെലുത്തുമെങ്കിൽ ഞാൻ ധന്യനാണ്. ഒരു കാൽ പട്ടടയ്ക്കു കൊടുത്ത് ഞാൻ ജീവിച്ചതിന് അർത്ഥമുണ്ട്." (ഒരു കാൽ മുറിച്ചുമാറ്റിയതിനു ശേഷമാണ് അദ്ദേഹം ഇതെഴുതുന്നത്)

ഈ നാടകത്തിലെ ഒരു രംഗം ഒരു ഡാമിന്റെ കനാൽ നിർമാണം നടക്കുന്ന സ്ഥലത്തിന്റെ നിർദേശങ്ങൾ നൽകുന്നതാണ്.  ബ്രാഹ്മണകുടുംബത്തിൽ നിന്ന് ജീവിക്കാൻ വഴിയില്ലാതെ ചുമട്ടുജോലി ചെയ്യാൻ വരുന്ന ശ്രീദേവി ഇതിലെ ഒരു കഥാപാത്രമാണ്. അവിടെ പണിയെടുക്കാൻ വരുന്ന ജോസാണ് മറ്റൊരു കഥാപാത്രം. നാടകത്തിൽ ഇരുവരും പ്രണയബദ്ധരാകുന്നു. നമുക്ക് ഒരുമിച്ച് ജീവിക്കണമെന്ന് ശ്രീദേവി പറയുന്നു. എന്നാൽ വ്യത്യസ്ത മതങ്ങളിൽപെട്ടവരായതിനാൽ സമൂഹത്തിന്റെ എതിർപ്പിനെ ഭയന്ന് ജോസ് എതിരുനിൽക്കുന്നു. അപ്പോൾ നാടകത്തിലെ മറ്റൊരു കഥാപാത്രമായ എൻജിനീയർ പറയുന്നത്  "ജോസേ, രാഷ്ട്രത്തിന്റെ പുനർനിർമാണം നടക്കുന്നത് കുറേ ഡാം കെട്ടുന്നതിലും ആശുപത്രി പണിയുന്നതിലും മാത്രമല്ല, നമ്മുടെ ജനങ്ങളുടെ ഹൃദയത്തിലാണ് പ്രധാനമായും പുനർനിർമാണം നടക്കേണ്ടത്. അതിനുള്ള തന്റേടമാണ് ഒരു വിപ്ലവകാരിക്കുണ്ടാവേണ്ടത്. ആ ബ്രാഹ്മണ പെൺകുട്ടിയുടെ തന്റേടമെങ്കിലും ജോസിനുണ്ടാവണം. മതാന്ധന്മാരുടെ ഇടയിലേക്ക് ഒരു ബോംബ് വലിച്ചെറിയാനുള്ള സന്ദർഭം പാഴാക്കരുത്" എന്നാണ്.

സാംസ്കാരികമായ ഇടർച്ചകളെ കണ്ടെത്തിയ കണ്ണ്

മതപരമായ വേർതിരിവിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു വിവാഹം നടക്കുന്നത് മതാന്ധതയുടെ മേലെറിയുന്ന ഒരു ബോംബാണെന്നാണ് ഇവിടെ പറയുന്നത്. ഇതുപോലെ ഒരു വിഷയം തന്റെ നാടകത്തിന്റെ ഇതിവൃത്തമായി സ്വീകരിക്കാൻ തോപ്പിൽഭാസിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക മഹാകവി ഇടശ്ശേരിയായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇടശ്ശേരിയുടെ 'കൂട്ടുകൃഷി ' പരിശോധിച്ചു നോക്കൂ. ഒരുമിച്ചുചേർന്ന് കൃഷി നടത്തി നല്ല വിളവു കിട്ടുന്നതാണ് കൂട്ടുകൃഷിയുടെ പ്രമേയത്തിന്റെ സാരാംശം. വ്യത്യസ്തമതത്തിൽപ്പെട്ടവർ പരസ്പരം വിവാഹബന്ധത്തിൽ ഏർപ്പെട്ടുകൊണ്ട് സമൂഹത്തിൽ ഒരു പുതിയ കൂട്ടുകൃഷി നടത്തണമെന്ന ആശയം ഇടശ്ശേരി തന്റെ രചനയിലൂടെ അവതരിപ്പിക്കുന്നു. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'ക്ക് മുന്നേയാണ് കൂട്ടുകൃഷി രചിക്കപ്പെട്ടത്.

ഇടശ്ശേരി ഗോവിന്ദൻ നായർ

ഇടശ്ശേരി ഗോവിന്ദൻ നായർ

സംസ്കാരസമ്പന്നമെന്നും പ്രബുദ്ധമെന്നും അവകാശപ്പെടുന്ന കേരളത്തിന് ആ പ്രബുദ്ധതയിൽ ചോർച്ചകൾ സംഭവിക്കുന്നുണ്ട്. നാം അടിയന്തരമായി സാംസ്കാരികമായി ഇടപെട്ടില്ലെങ്കിൽ അഭിമാനകരമായി നാം ഉയർത്തിക്കാണിക്കുന്ന കേരളത്തിന്റെ സാംസ്കാരികനേട്ടങ്ങൾ പലതും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനെ നേരിടുന്നതിൽ, സാംസ്കാരികമായി ഇടപെടുന്നതിന്റെ പ്രാധാന്യം തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദി വേളയിലെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. പുരോഗമന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കർമ്മപഥത്തിൽ സാംസ്കാരികമായ പ്രവർത്തനങ്ങളുടെ പ്രാധാന്യം അർഹിക്കുന്ന ഗൗരവത്തോടെ തിരിച്ചറിയാൻ വേണ്ടപോലെ കഴിയാതിരിക്കുന്നാണോ നമ്മുടെ സമൂഹത്തിൽ പല തലങ്ങളിൽ സംഭവിക്കുന്ന പിന്നേറ്റങ്ങൾക്ക് കാരണം എന്ന് നാം ചോദിക്കേണ്ടതുണ്ട്.

കെപിഎസിയുടെ നാടകങ്ങൾ തമിഴ് നാടകസ്വഭാവത്തിൽ നിന്നുമാറി, രംഗാവതരത്തിൽ ധീരമായ പുതിയ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് നാം കണ്ടു. അത് ചരിത്രപാഠമാണ്. സമാനമായ പുതിയ രംഗാവിഷ്കാരങ്ങൾക്കു വേണ്ടിയുള്ള ധീരമായ അന്വേഷണപരീക്ഷണങ്ങൾ നിരന്തരം നടക്കേണ്ടതുണ്ടെന്ന് നാം തിരിച്ചറിയണം.

കെപിഎസിയുടെ നാടകങ്ങൾ വലിയ വിപ്ലവമായിരുന്നു. പക്ഷെ അത് എന്നും വിപ്ലവമായി സ്വീകരിക്കപ്പെടില്ല. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യുടെ അതേ മാതൃകകൾ വീണ്ടും അവതരിപ്പിച്ചാൽ പുതിയ സമൂഹത്തിന് സ്വീകാര്യമാവുകയില്ല. നാടകത്തിൽ ഇന്ന് ഒരുപാട് പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം പരീക്ഷണങ്ങളുടെ പ്രാധാന്യം അർഹിക്കുന്ന ഗൗരവത്തോടെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. തോപ്പിൽ ഭാസി നാടകരംഗത്ത് നടത്തിയ ഇടപെടലുകളും പരീക്ഷണങ്ങളും പുതിയ തലമുറയ്ക്ക് പ്രചോദനമാവും എന്ന കാര്യത്തിൽ സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top