23 December Monday

പിന്നോട്ടില്ലെന്നു പലസ്തീൻ ജനത

ടിനു ജോർജ്‌Updated: Saturday Aug 3, 2024

2023 ഒക്ടോബറിലാണ് പലസ്തീനിലെ ഗാസ മുനമ്പിൽ ഇസ്രയേൽ സ്ഫോടനാത്മകമായ രീതിയിൽ കടന്നാക്രമണം നടത്തിക്കൊണ്ട് നിഷ്ഠുരമായ വംശഹത്യക്ക് തുടക്കമിട്ടത്. 10 മാസം പിന്നിടവേ, ഇപ്പോഴും ഇസ്രായേൽ ഈ വംശഹത്യ തുടർന്നുകൊണ്ടിരിക്കുകയാണ്. അതിക്രൂരമായ കൂട്ടക്കൊലകൾക്കിരയാകുന്ന പലസ്തീൻ ജനത ഒടുവിൽ സംഘടിതമായ ചെറുത്തുനിൽപ്പിന്റെ സ്വരമുയർത്താൻ തുടങ്ങിയിരിക്കുന്നു.

ഇക്കഴിഞ്ഞ ജൂൺ 15ന്, ഘാനയിലെ ആക്രയിൽ സോഷ്യലിസ്റ്റ് മൂവ്മെൻറ് ഓഫ് ഘാനയും പലസ്തീൻ സോളിഡാരിറ്റി ക്യാമ്പയിനും ചേർന്ന് ജനങ്ങളെ അണിനിരത്തിക്കൊണ്ട് വമ്പിച്ച കാർ പരേഡ്‌ നടത്തുകയുണ്ടായി. ഐക്യദാർഢ്യത്തിന്റെ ശക്തമായ സ്വരമുയർത്തിയ ഈ ജനകീയ ഒത്തുചേരലിൽ ആയിരക്കണക്കിന് പലസ്തീൻ പതാകകൾ വാനിലുയർന്നു.

ഈ പ്രക്ഷോഭത്തിൽ പലസ്തീൻ സമൂഹത്തിന്റെയും ഘാനയിലെ തന്നെ സ്വദേശികളുടെയും മൊറോക്കോയിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളുടെയും ഇറാനിൽനിന്നും അറബ് സമൂഹത്തിൽ നിന്നുമുള്ള പ്രതിനിധികളുടെയും പ്രാധിനിത്യം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. അമേരിക്കൻപിന്തുണയോടെ ഇസ്രയേൽ പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെ അപലപിച്ചുകൊണ്ട്, അതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തുമെന്ന് പറഞ്ഞുകൊണ്ട്, സ്വന്തം മണ്ണിൽ അതിജീവിക്കാൻ ഉറച്ചുനിന്നു പോരാടുമെന്ന് ആവർത്തിച്ചുകൊണ്ട് ലോക ജനതയുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു ഈ ഈ കാർ പരേഡിലൂടെ പലസ്തീൻ ജനത.

കഴിഞ്ഞ പത്തുമാസമായി ഇസ്രായേൽ പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ ഭാഗമായി സ്ത്രീകളും കുട്ടികളുമടക്കം 38000 പേർ കൊല്ലപ്പെടുകയുണ്ടായി. 75 വർഷത്തോളമായി നിലകൊള്ളുന്ന പലസ്തീൻ എന്ന രാജ്യത്തിന് അവരുടേതായ അന്തസ്സിലും സ്വാഭിമാനത്തിലും ഉയർന്നുനിൽക്കുന്നതിന്, ഒരു ജനതയെ അതിജീവിക്കാൻ അനുവദിക്കുന്നതിന് ഇടപെടേണ്ട കടമ ലോകത്തിനാകെ ഉണ്ട് എന്ന് പലസ്തീൻ ജനത ഓർമ്മപ്പിക്കുകയായിരുന്നു.

ഗാസയിലെയും റാഫയിയും ദുരിതങ്ങളിലേക്ക്‌ ലോകത്തിന്റെയാകെ ശ്രദ്ധ ക്ഷണിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു എന്നുതന്നെവേണം പറയാൻ. സമാനമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും പലസ്തീൻ പ്രശ്നം ഉയർത്തിക്കൊണ്ട് ലോകത്താകമാനം നടക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും വിവിധ രാജ്യങ്ങളിൽ വിവിധ സാഹചര്യങ്ങളിൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ നിർണയിക്കുന്ന ഘടകങ്ങളിലൊന്നായിപ്പോലും അത് മാറുകയുണ്ടായി. അമേരിക്കയിലടക്കം പ്രധാനമന്ത്രിയായ നെതന്യാഹുന്റെ സന്ദർശന വേളയിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രക്ഷോഭം തന്നെയാണ് കോൺഗ്രസിന് മുമ്പാകെ അരങ്ങേറിയത്.

ഇപ്പോൾ അടിച്ചമർത്തലും കടന്നാക്രമണവും നേരിടുന്ന ഒരു ജനത ഏറ്റവും ഒടുവിൽ സമാധാനത്തിനും നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ഒന്നിച്ചു മുന്നോട്ടുവരുന്ന കാഴ്ചയാണ് സോഷ്യലിസ്റ്റ് മൂവ്മെന്റ് ഓഫ് ഘാനയും പലസ്തീൻ സോളിഡാരിറ്റി ക്യാമ്പയിനും ചേർന്ന് സംഘടിപ്പിച്ച ഈ പ്രക്ഷോഭ പരിപാടിയിൽ കാണുന്നത്. ഇത് ലോകത്തകെയുള്ള പലസ്തീൻ ഐക്യദാർഢ്യ പോരാട്ടങ്ങൾക്ക്‌, അതിജീവനത്തിനായുള്ള അവകാശം പലസ്തീൻ ജനതയ്ക്ക് നേടിയെടുക്കുന്നതിന്, സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ഈ വംശഹത്യക്ക് അന്ത്യം കുറിക്കുന്നതിനുള്ള പോരാട്ടത്തിൽ ലോകത്തിനാകെ ആവേശം പകരുന്നതാണ്.

ചിന്ത വാരികയിൽ നിന്ന്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top