കഴിഞ്ഞ ഒരാഴ്ചയായി ഗോഹത്യയുമായിബന്ധപ്പെട്ട് നിരവധികുറ്റകൃത്യങ്ങളാണ് ഇന്ത്യയൽ നടന്നത്. പശുവിന്റെ ഇറച്ചി കഴിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ ഹരിയാനയിൽ പശു സംരക്ഷക സംഘത്തിലെ അംഗങ്ങൾ തല്ലിക്കൊന്നതും 72 കാരനായ അഷ്‌റഫ് അലി സയ്യിദ് ഹുസൈൻ എന്ന യാത്രികന്റെ പക്കൽ 'പശുമാംസം' ഉണ്ടെന്ന് ആരോപിച്ച് മർദ്ദിച്ചതും ഹരിയാനയിലെ ഫരിദാബാദിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ആര്യൻ മിശ്ര (19)യെ പശുക്കടത്തുകാരനെന്ന് 'തെറ്റിദ്ധരിച്ച്' ഗോരക്ഷാ ഗുണ്ടകൾ വെടിവച്ചുകൊന്നതും ജനാധിപത്യ ഇന്ത്യയിലാണ്.
നമ്മൾ ഇവിടെ അഭിമുഖീകരിക്കുന്ന പ്രശ്നം നിലവിലുള്ള നിയമസംവിധാനത്തിന്റെ തകർച്ചമാത്രമല്ല, മറിച്ച് നിയമത്തെ വിവേചനപരമായി ഉപയോഗിച്ച് മുതലെടുപ്പ് നടത്താൻ വേണ്ടി ഒരുവിഭാഗം നിയമത്തെ തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് മാറ്റുന്നതാണ്. ഇതിനുവേണ്ടി ഭരിക്കുന്നവരും നിയമം കയ്യാളുന്നവരും നൽകുന്ന നിശബ്ദപിന്തുണകളുമാണ് ആൾക്കൂട്ട ആക്രമണങ്ങൾക്ക് പിന്നിലെ പ്രോത്സാഹനം. അതുകൊണ്ടാണ് ആര്യനെകൊന്ന പ്രതി നല്ല മനുഷ്യനാണെന്നും തെറ്റുപറ്റിയതാണെന്നും പൊലീസ് പറഞ്ഞത്.
ഇന്ത്യയിൽ ഈ ആഴ്ച് പശുക്കടത്ത് ആരോപിച്ച് ഉണ്ടായ അക്രമങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ മനസിലാകും പ്രശ്‌നം പശുക്കടത്താണോ അതോ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യംവെച്ച് ആക്രമിക്കുന്നതിലും നിയമം കയ്യിലെടുക്കുന്നതിലും ആൾക്കൂട്ടം കണ്ടെത്തുന്ന ആഹ്ലാദമാണോയെന്ന്.
ഇവിടെ ഉണ്ടായ ആൾക്കൂട്ട ആക്രമങ്ങൾ പരിശോധിച്ചാൽ ഇന്ത്യയിൽ ആൾക്കൂട്ട ആക്രമങ്ങൾ ദൈന്യംദിനപ്രവർത്തിപോലെ മാറിയിരിക്കുകുയാണ്. ആയുധവുമായി ഒരു കുറച്ചുപേർ പെട്ടന്ന് സംഘടിക്കുകയും ഒരു വ്യക്തിയെ കൊല്ലുന്ന വിധത്തിലേക്ക് ആ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മാറുകയും ചെയ്യുന്നു. ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ടകൊലപാതകങ്ങളും ആക്രമണങ്ങളും പരിശോധിച്ചാൽ കാണാം അത് ഏതെങ്കിലും ഒരുസമുദായത്തെ ലക്ഷ്യംവെച്ചുള്ളതാണ്.
ലൗജിഹാദ്, ദുരഭിമാനക്കൊല, പശു ഇറച്ചികഴിച്ചു, സൂക്ഷിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾ ആരോപിച്ച് ആൾക്കൂട്ടങ്ങൾ ആയുധങ്ങളേന്തിയ ഗ്രൂപ്പുകളായിമാറുകയും നിമിഷങ്ങൾക്കൊണ്ട് നിയമം അവരുടെകൈകളിലാവുകയും ഒരു മനുഷ്യനെകൊല്ലാൻ വരെ അത് അവരെ പ്രാപ്‌തനാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് കാണാൻ സാധിക്കുന്നത്. 2014 നുശേഷം ഇന്ത്യയിൽ ഇത്തരത്തിൽ "ഹിന്ദു വിജിലന്റ്' ഗ്രൂപ്പുകൾ ധാരാളമായി ഉദയം ചെയ്തിട്ടുണ്ട്. എന്ത് കഴിക്കണമെന്നും ആരുടെ ഒപ്പം ജീവിക്കണമെന്നും ഇവർ തീരുമാനിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ ഗ്രൂപ്പുകളിലെ അംഗങ്ങൾ പ്രവർത്തിക്കുന്നത് രാജ്യത്തെ നിയമം നടപ്പിലാക്കാൻ തങ്ങൾ പൊലീസിനെ സഹായിക്കുകയാണെന്ന നിലക്കാണ്. പല സംസ്ഥാനങ്ങളിലും പൊലീസിന്റെ മൗനസമ്മതം ഇതിൽകാണാൻ സാധിക്കും.
ഹരിയാനയിലെ ഫരിദാബാദിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ആര്യൻ മിശ്രയെ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ഗോരക്ഷാ ഗുണ്ടകൾ വെടിവച്ചുകൊന്നത് ഇത്തരത്തിലുള്ള വിജിലന്റ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ നമ്മുടെ നിയമസംവിധാനങ്ങളോ മാധ്യമങ്ങളോ ഈവാർത്ത റിപ്പോർട്ട് ചെയ്‌തപ്പോൾ മറന്നുപോയ ഒരുകാര്യമുണ്ട്. ആര്യൻ മരിച്ച സംഭവത്തിൽ മുസ്ലീമാണെന്ന് തെറ്റുദ്ധരിച്ച് കൊന്നു, ബീഫ് കടത്താൻ ശ്രമിച്ചു എന്നീകാര്യങ്ങളിലാണ് സമൂഹത്തിന്റെ ശ്രദ്ധ മുഴുവനായും തിരിഞ്ഞിരിക്കുന്നത്. എന്നാൽ ഇന്നും ജനാധിപത്യസംവിധാനങ്ങളിലൂടെ കടന്നുപോകുന്ന ഒരു രാജ്യത്തിനകത്ത് എങ്ങനെ ഒരു ഗ്രൂപ്പിന് ഒരു വ്യക്തിയുടെ ജീവനെടുക്കാനുള്ള അധികാരം ലഭിച്ചുവെന്നത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ ന്യൂനപക്ഷം വരുന്ന ജനവിഭാഗങ്ങളെ കൊന്നൊടുക്കാൻ ഇത്തരം ഗ്രൂപ്പുകൾക്ക് എന്തധികാരമാണുള്ളത്?
2015ൽ യുപിയിൽ ബിജെപിക്കാർ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ വീട് കയറി ആക്രമിച്ച് കൊന്നതും മകനെ ഗുരുതരമായി പരിക്കേൽപ്പിച്ചതും വീട്ടിൽ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു. അന്വേഷണത്തിൽ പശുയിറച്ചിയല്ലെന്നും ആട്ടിറച്ചിയായിരുന്നുവെന്നും ബോധ്യമായി. പക്ഷേ, കുടുംബത്തിന് നാടുവിടേണ്ടി വന്നു. 2017ൽ രാജസ്ഥാനിൽ കാലിക്കടത്ത് ആരോപിച്ച് പെഹ്‌ലു ഖാനെ അടിച്ച് കൊന്ന സംഭവവും ഇന്ത്യകണ്ടതാണ്.
2014 മുതൽ 2024 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാണ് ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നടന്ന ആൾക്കൂട്ട ആക്രമണവും ഹിന്ദു വിജിലന്റ്‌ഗ്രൂപ്പുകളുടെ ഉദയവും. അതിനാൽ നാം ഇന്ന് കാണുന്ന ഇത്തരം ആക്രമങ്ങളുടെ കാതൽ ഭൂരിപക്ഷ മതവികാരം സംരക്ഷിക്കാനെന്ന പേരിൽ ഹിന്ദു വിജിലന്റ്‌ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളും അതിനെ നിസാരവൽക്കരിക്കുന്ന സർക്കാരിന്റെ സമീപനങ്ങളുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..