ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും തൊഴിലെടുക്കുന്നത് ചെറുകിടസൂക്ഷ്മ തൊഴിൽ സ്ഥാപനങ്ങളിലാണ്. കാർഷിക മേഖലയെ മാറ്റിനിർത്തിയാൽപ്പോലും ഈ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം 6.3 കോടി വരും. 11.1 കോടി ആളുകൾ ഇവിടെ തൊഴിലെടുക്കുന്നു. ഇവയിൽ ഏതാണ്ട് പകുതിയോളം സ്ഥാപനങ്ങളിലും ഒരാളെപ്പോലും കൂലിവേലയ്ക്ക് നിർത്തുന്നില്ല. അവയിലെ മഹാഭൂരിപക്ഷംപേരും സ്വയംതൊഴിൽ എടുക്കുന്നവരാണ്. ഒരു കുടുംബത്തിന്റെ മാസവരുമാനം ശരാശരി 8000 രൂപയാണ്.
കഴിഞ്ഞ 75 വർഷക്കാലത്തിനിടയിൽ തൊഴിൽ നൽകുന്നതിന് ഇത്തരത്തിലുള്ള ചെറുകിടസൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെമേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല. ഈ മേഖലയിൽ തൊഴിലെടുക്കുന്നവരിൽ നല്ലൊരു ഭാഗവും യഥാർത്ഥത്തിൽ തൊഴിലില്ലാത്തവരാണ്.
മറ്റു പോംവഴികളൊന്നും ഇല്ലാത്തതിനാൽ മാത്രം ഈ പരമ്പരാഗത മേഖലകളിൽ അവർ ചടഞ്ഞുകൂടുകയാണ്. ഇങ്ങനെ മറച്ചുവയ്ക്കപ്പെട്ട തൊഴിലില്ലായ്മമൂലമാണ് ഇന്ത്യയിലെ തുറന്ന തൊഴിലില്ലായ്മയുടെ കണക്കെടുക്കുമ്പോൾ നിയോലിബറൽ കാലം വരെ തൊഴിലില്ലായ്മ കേവലം 23 ശതമാനത്തിൽ ഒതുങ്ങി നിന്നിരുന്നത്.
ആദ്യം നമുക്ക് അസംഘടിത മേഖലയും സംഘടിത മേഖലയും തമ്മിലുള്ള വ്യത്യാസം നോക്കാം. ചിലപ്പോൾ ഔപചാരിക മേഖലയെന്നും (formal sector) അനൗപചാരിക മേഖലയെന്നും (informal sector) അവയെ വിശേഷിപ്പിക്കാറുണ്ട്. രണ്ടു തരത്തിലുള്ള തരംതിരിക്കലുകൾ തമ്മിലും ചില വ്യത്യാസങ്ങളുണ്ട്. അവയിലേക്ക് നമ്മൾ ഇപ്പോൾ കടക്കാൻ ഉദ്ദേശിക്കുന്നില്ല.
സംഘടിത മേഖലയും അസംഘടിത മേഖലയും
സംഘടിത മേഖലയും അസംഘടിത മേഖലയും തമ്മിലുള്ള പ്രധാന വ്യത്യാസം താഴെ പട്ടിക 1ൽ കൊടുത്തിരിക്കുന്നു.
(1) ഇന്ത്യയിൽ സംഘടിത മേഖലയിലെ സ്ഥാപനങ്ങളെ നിർവ്വചിക്കുന്നത് വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ്. 20 തൊഴിലാളികളിൽ താഴെ പണിയെടുക്കുന്ന സ്ഥാപനങ്ങളെയാണ് അസംഘടിത മേഖലയിൽ ഉൾപ്പെടുത്തുന്നത്. സ്ഥാപനത്തിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ 10 തൊഴിലാളികൾ മതിയാകും.
മാനുഫാക്ചറിംഗ് മേഖലയിൽ ഇത്തരം സ്ഥാപനങ്ങളെ ഫാക്ടറികൾ എന്നു വിളിക്കുന്നു. സംഘടിത മേഖലയിൽ കേന്ദ്രീകൃത ഉല്പാദനമാണ്. അസംഘടിത മേഖലയിൽ ഉല്പാദനം വികേന്ദ്രീകൃതമായി ചെറുകിട സ്ഥാപനങ്ങളിൽ ചിന്നിച്ചിതറി കിടക്കുന്നു.
(2) ഫാക്ടറികൾ സാധാരണഗതിയിൽ യന്ത്രവൽകൃതമാണ്. സാങ്കേതികവിദ്യ നിരന്തരമായി നവീകരിക്കപ്പെടുന്നു. കയർ, ബീഡി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായ ഫാക്ടറികളിൽ കൈവേല ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. പക്ഷേ, ആത്യന്തികമായി അവ ഒന്നുകിൽ യന്ത്രവൽക്കരിക്കപ്പെടുകയോ അല്ലെങ്കിൽ വികേന്ദ്രീകരിക്കപ്പെട്ട് ഫാക്ടറികൾ അല്ലാതാവുകയോ ചെയ്യും.
(3) കൈവേലയെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത സാങ്കേതികവിദ്യകളുടെ ഉല്പാദനക്ഷമത വളരെ താഴ്ന്നതായിരിക്കും. അതേസമയം, യന്ത്രവൽക്കരണം ഉല്പാദനക്ഷമത ഉയർത്തുന്നു. സംഘടിത മേഖലയെ അപേക്ഷിച്ച് അസംഘടിത മേഖലയുടെ ഉല്പാദനക്ഷമത വളരെ താഴ്ന്നതായിരിക്കും.
(4) തൊഴിലാളി ഉല്പാദിപ്പിക്കുന്ന വരുമാനം കൂലിയേയും ശമ്പളത്തേയും സ്വാധീനിക്കുന്നു. ഉല്പാദനവേളയിൽ കൂട്ടിച്ചേർക്കപ്പെടുന്ന മൂല്യത്തേക്കാൾ കൂടുതൽ കൂലി കൊടുക്കാനാവില്ലല്ലോ. അതുകൊണ്ട് അസംഘടിത മേഖലയിലെ കൂലിനിരക്കുകൾ സാധാരണഗതിയിൽ കഷ്ടിച്ച് ഉപജീവനത്തിനേ തികയൂ.
അതേസമയം, അസംഘടിത മേഖലയിൽ താരതമ്യേന ഉയർന്ന ശമ്പള വരുമാനം തൊഴിലെടുക്കുന്നവർക്കു ലഭിക്കുന്നു. അസംഘടിത മേഖലയും സംഘടിത മേഖലയും തമ്മിൽ വരുമാനത്തിലുള്ള ഈ അന്തരം വർദ്ധിക്കുന്ന പ്രവണത.
(5) കൂലിയിലുള്ള ഈ അന്തരത്തെ കുറയ്ക്കുന്ന ഒരു ഘടകം കൂട്ടായ വിലപേശലാണ്. അസംഘടിത മേഖലയിൽ തൊഴിലാളികൾ പ്രായേണ അസംഘടിതരാണ്. അതേസമയം, സംഘടിത മേഖലയിൽ ശക്തമായ യൂണിയനുകൾ പ്രവർത്തിക്കുന്നു.
(6) സംഘടിത പ്രസ്ഥാനങ്ങളുടെ വിലപേശലിന്റെ ഫലമായി സംഘടിത മേഖലയിൽ ഉയർന്ന ശമ്പളം മാത്രമല്ല സാമൂഹ്യസുരക്ഷയും ഉറപ്പാകുന്നുണ്ട്. അതേസമയം അസംഘടിത മേഖലയിൽ സാധാരണഗതിയിൽ തൊഴിലാളികൾക്ക് യാതൊരുവിധ സാമൂഹ്യസുരക്ഷയും ലഭ്യമല്ല.
(7) ഇന്ത്യയിൽ സംഘടിത മേഖലയിലെ സ്ഥാപനങ്ങളെ കമ്പനി നിയമത്തിന്റെ കീഴിലോ മറ്റേതെങ്കിലും നിയമത്തിന്റെ കീഴിലോ സർക്കാരിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. അവയെ ഇൻകോർപ്പറേറ്റഡ് സ്ഥാപനങ്ങൾ എന്നു വിളിക്കുന്നു. അതേസമയം, അസംഘടിത മേഖലയിലെ സ്ഥാപനങ്ങളെ അൺഇൻകോർപ്പറേറ്റഡ് സ്ഥാപനങ്ങൾ എന്നാണു വിളിക്കുക. കാർഷികേതര മേഖലകളിലെ അസംഘടിത സ്ഥാപനങ്ങളെക്കുറിച്ച് എൻഎസ്എസ്ഒ നടത്തുന്ന സർവ്വേകളെ unincorporated establishment survey എന്നാണ് വിളിക്കുക.
സംഘടിത സ്വഭാവം മേഖല തിരിച്ച്
കാർഷിക മേഖലയിൽ സംഘടിത സ്ഥാപനങ്ങളുടെ പ്രാധാന്യം തുലോം കുറവാണ്. അതേസമയം പൊതുഭരണവും പ്രതിരോധവും പൂർണ്ണമായും സംഘടിത മേഖലയിലാണ്.
പട്ടിക 2ൽ മൂന്നുതരം വിവരങ്ങൾ നൽകിയിരിക്കുന്നു. ഒന്ന്, വിവിധ തൊഴിൽ മേഖലകൾക്ക് (കോളം 2) തൊഴിൽസേനയിലും (കോളം 3) ദേശീയ വരുമാനത്തിലും (കോളം 4) ഉള്ള പ്രാധാന്യം അഥവാ അവയുടെ ശതമാന വിഹിതം നൽകിയിരിക്കുന്നു. രണ്ട്, ഓരോ മേഖലയിലും ദേശീയ വരുമാനത്തിൽ സംഘടിത മേഖല (കോളം 5), അസംഘടിത മേഖല (കോളം 6) എന്നിവയുടെ ശതമാന വിഹിതം നൽകിയിരിക്കുന്നു.
മൂന്ന്, അസംഘടിത മേഖലയിൽ എത്ര ശതമാനം സ്വയം തൊഴിലെടുക്കുന്ന യൂണിറ്റുകളാണ് (കോളം 8) എന്നു വ്യക്തമാക്കിയിരിക്കുന്നു.
കാർഷികേതര മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വ്യവസായ മേഖല അഥവാ മാനുഫാക്ചറിംഗാണ്. ദേശീയ വരുമാനത്തിൽ 16 ശതമാനവും തൊഴിൽസേനയിൽ 12 ശതമാനവും വ്യവസായ മേഖലയിൽ നിന്നാണ്.
ദേശീയ വരുമാനമെടുത്താൽ സംഘടിത മേഖലയാണ് വ്യവസായത്തിൽ മുന്നിട്ടു നിൽക്കുന്നത്. ഫാക്ടറി മേഖലയുടെ വിഹിതം 77 ശതമാനമാണ്. അതേസമയം ഫാക്ടറിയേതര അസംഘടിത മേഖലയുടെ വിഹിതം 23 ശതമാനം മാത്രമാണ്.
എന്നാൽ മറ്റൊരു പ്രധാന മേഖലയായ നിർമ്മാണ മേഖലയിൽ സ്ഥിതി നേരെ തിരിച്ചാണ്. തൊഴിൽസേനയുടെ 12 ശതമാനം ഇവിടെയാണ് ജോലി ചെയ്യുന്നത്. എന്നാൽ വരുമാന വിഹിതം 8 ശതമാനമേ വരൂ. നിർമ്മാണ മേഖലയുടെ വരുമാനത്തിൽ 74 ശതമാനവും അസംഘടിത മേഖലയിൽ നിന്നാണ്.
സേവന മേഖലകളിൽ ഏറ്റവും തൊഴിൽ പ്രധാനമായിട്ടുള്ളത് വാണിജ്യമാണ്. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ഇതിൽപ്പെടും. തൊഴിൽസേനയുടെ 14 ശതമാനവും ദേശീയ വരുമാനത്തിന്റെ 12 ശതമാനവും ഇവിടെയാണ്.
എന്നാൽ വാണിജ്യ മേഖലയിൽ മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങിയവ വളർന്നുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് വാണിജ്യ മേഖലയുടെ 87 ശതമാനവും ഇന്നും അസംഘടിത മേഖലയിലാണ്.
വാണിജ്യ മേഖലയെ മാറ്റിനിർത്തി മറ്റു സേവന മേഖലകളെടുത്താൽ തൊഴിൽസേനയുടെ 18 ശതമാനമാണ് അവിടങ്ങളിൽ ജോലി ചെയ്യുന്നത്.എന്നാൽ മൊത്തം ദേശീയ വരുമാനത്തിന്റെ 42 ശതമാനം ഈ തുറകളിൽ നിന്നാണ്.
സേവന മേഖലയിൽ പൊതുഭരണം പൂർണ്ണമായും ഫിനാൻഷ്യൽ സർവ്വീസസിൽ മുഖ്യമായും സംഘടിത മേഖലയിലാണ്.
മറ്റു സേവന മേഖലകളിൽ സംഘടിത മേഖലയും അസംഘടിത മേഖലയും ഏതാണ്ട് തുല്യ പ്രാധാന്യമുള്ളവയാണ്.
മൊത്തം സമ്പദ്ഘടന എടുത്താൽ ദേശീയ വരുമാനത്തിന്റെ 52 ശതമാനം സംഘടിത മേഖലയിൽനിന്നുള്ളതാണ്. എന്നാൽ തൊഴിൽസേനയുടെ 10 ശതമാനം മാത്രമേ സംഘടിത മേഖലയിൽ തൊഴിലെടുക്കുന്നുള്ളൂ.
ആഗോളമായി താരതമ്യപ്പെടുത്തുമ്പോൾ
ദേശീയ വരുമാനത്തിന്റെ 48 ശതമാനം സംഘടിത മേഖലയിലാണ്. 1960–61ൽ ഇത് 26 ശതമാനം ആയിരുന്നു. 1970–71ൽ ഇത് 27 ശതമാനമായി. 1981–82ൽ 34 ശതമാനവും. 1980നുശേഷം സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിച്ചപ്പോൾ സംഘടിത മേഖല കൂടുതൽ വേഗതയിൽ വളരാൻ തുടങ്ങി.
അസംഘടിത മേഖലയുടെ വിഹിതമാകട്ടെ ഈ കാലയളവിൽ 74 ശതമാനത്തിൽ നിന്ന് 52 ശതമാനമായി കുറയുകയും ചെയ്തു. പക്ഷേ, മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സംഘടിത മേഖലയിലേക്കുള്ള ഇന്ത്യൻ സമ്പദ്ഘടനയുടെ പരിവർത്തനം താരതമ്യേന വളരെ പതുക്കെയാണെന്നു കാണാം.
ചിത്രം 1 ൽ രാജ്യങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിച്ചിരിക്കുന്നു: താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ, ഇടത്തരം വരുമാന രാജ്യങ്ങൾ, ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ എന്നിങ്ങനെ ഇന്ത്യ രണ്ടാമത്തെ വിഭാഗത്തിൽപ്പെടും.
താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യമാണ് ഇന്ത്യ. 1990കളെ അപേക്ഷിച്ച് 2010കളിൽ മൂന്ന് വിഭാഗം രാജ്യങ്ങളിലും ദേശീയ വരുമാനത്തിൽ അസംഘടിത മേഖലയുടെ വിഹിതം കുറഞ്ഞുവരുന്നതായി കാണാം.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ 43 ശതമാനത്തിൽ നിന്നും 36 ശതമാനമായും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ 35 ശതമാനത്തിൽ നിന്നും 28 ശതമാനമായും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 18 ശതമാനത്തിൽ നിന്ന് 14 ശതമാനമായും അസംഘടിത മേഖലയുടെ വിഹിതം കുറഞ്ഞു.
എന്നാൽ ഇന്നും ഇന്ത്യയിൽ അസംഘടിത മേഖലയുടെ പ്രാധാന്യം താരതമ്യേന ഉയർന്നതാണ്. ദേശീയ വരുമാനത്തിന്റെ 52 ശതമാനവും 2017–18ൽ അസംഘടിത മേഖലയിലാണ് ഉല്പാദിപ്പിക്കപ്പെട്ടത്.
ചിത്രം 2ൽ ആഗോള ഭൂപടത്തിൽ ഓരോ രാജ്യത്തും അസംഘടിത മേഖലയ്ക്ക് ഇന്നുള്ള പ്രാധാന്യം വരച്ചുകാട്ടിയിരിക്കുന്നു. പച്ചനിറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ അസംഘടിത മേഖലയിലെ തൊഴിലെടുക്കുന്നവർ മൊത്തം തൊഴിൽസേനയുടെ 20 ശതമാനത്തിൽ താഴെയേ വരൂ.
അതേസമയം മദ്ധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ അസംഘടിത മേഖല, തൊഴിൽസേനയുടെ 90 ശതമാനത്തിലേറെ വരും. ഐഎൽഒയുടെ കണക്ക് പ്രകാരം ഇന്ത്യ ഇവർക്ക് തൊട്ടു താഴെയാണ്. ഇന്ത്യയിൽ 75–89 ശതമാനം പേരും അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്.
അതേസമയം ചൈന, വടക്കേ ആഫ്രിക്ക, മദ്ധ്യേഷ്യ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ 50 മുതൽ 74 ശതമാനം പേർ മാത്രമേ അസംഘടിത മേഖലയിലുള്ളൂ. ലാറ്റിനമേരിക്കയിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ഈ തോത് 20 ശതമാനത്തിനും 49 ശതമാനത്തിനും ഇടയ്ക്കാണ്.
സംഘടിത മേഖല:
വരുമാന വളർച്ചയും തൊഴിൽ മുരടിപ്പും
മേൽപ്പറഞ്ഞ പ്രതിഭാസത്തിനു മുഖ്യകാരണം സംഘടിത മേഖലയിൽ വരുമാന കുതിപ്പ് ഉണ്ടെങ്കിലും തൊഴിലവസര വർദ്ധനവ് മുരടിച്ചു നിൽക്കുന്നുവെന്നുള്ളതാണ്. അഥവാ സംഘടിത മേഖലയുടെ തൊഴിൽ ഇലാസ്തികത വളരെ
താഴ്ന്നതാണ്. അതായത് ഒരു ശതമാനം ജിഡിപി വളർച്ച, ഒരു ശതമാനത്തിൽ വളരെ താഴെ മാത്രമേ തൊഴിലവസര വർദ്ധന സൃഷ്ടിക്കുകയുള്ളൂ. മാത്രമല്ല ഈ തോത് ഇടിഞ്ഞുകൊണ്ടിരിക്കുകയുമാണ്.
റിസർവ്വ് ബാങ്ക് ഒരു ദശാബ്ദം മുമ്പുവരെ സംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം പ്രസിദ്ധീകരിക്കുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടുമ്പോൾ 1980നും 1990നും ഇടയിൽ ഒരു ശതമാനം ദേശീയ വളർച്ച രണ്ടുലക്ഷം പുതിയ ജോലികൾ സേവന മേഖലയിൽ സൃഷ്ടിച്ചിരുന്നു.
1980കളിൽ ഇന്ത്യയുടെ ദേശീയ വരുമാനം പ്രതിവർഷം 14 ശതമാനം വീതം (current price) വളർന്നിരുന്നു. എന്നുവച്ചാൽ പ്രതിവർഷം 28 ലക്ഷം തൊഴിലുകൾ സംഘടിത മേഖലയിൽ സൃഷ്ടിക്കപ്പെട്ടു എന്നർഥം. എന്നാൽ 1990–2000 കാലത്ത് ഒരു ശതമാനം ജിഡിപി വളർച്ച ഒരുലക്ഷം പുതിയ തൊഴിലവസരങ്ങൾ മാത്രമേ സംഘടിത മേഖലയിൽ സൃഷ്ടിച്ചുള്ളൂ. അതായത് പ്രതിവർഷം ഏതാണ്ട് 14 ലക്ഷം തൊഴിലുകൾ മാത്രമേ സൃഷ്ടിക്കപ്പെട്ടുള്ളൂ.
2000–2010 കാലയളവിൽ ഒരു ശതമാനം വളർച്ച 52,000 പുതിയ തൊഴിലുകൾ മാത്രമാണ് സൃഷ്ടിച്ചത്. പ്രതിവർഷം ഏതാണ്ട് 7 ലക്ഷം തൊഴിലുകൾ. റിസർവ്വ് ബാങ്ക് 2011–12 മുതൽ ഈ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു. എന്നാൽ ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ 2010–2020 കാലയളവിൽ ജിഡിപി വളർച്ച സംഘടിത മേഖലയിൽ സൃഷ്ടിച്ച പുതിയ തൊഴിലവസരങ്ങൾ നാമമാത്രമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ഈയൊരു സാഹചര്യത്തിൽ സംഘടിത മേഖലയിലേക്ക് കുടികയറുന്നതിന് അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കഴിയാതെ വരുന്നു. അസംഘടിത മേഖലയിൽ എന്തെങ്കിലും ജോലി ചെയ്ത് ചടഞ്ഞുകൂടുന്നതിന് അവർ നിർബന്ധിതരാകുന്നു. അസംഘടിത മേഖലയിലെ അനൗപചാരിക തൊഴിൽബന്ധങ്ങൾ ഇത്തരത്തിൽ തൊഴിലില്ലാത്തവരെ ഉൾക്കൊള്ളിക്കുന്നതിന് സഹായകരമാണ്.
മറച്ചുവയ്ക്കപ്പെട്ട തൊഴിലില്ലായ്മ
നമുക്കു പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഉദാഹരണം കേരളത്തിലെ കയർ വ്യവസായമാണ്. കയറിന്റെ പ്രതാപകാലത്ത് അഞ്ച് ലക്ഷത്തോളം പേർ ഈ വ്യവസായത്തിൽ പണിയെടുത്തുകൊണ്ടിരുന്നുവെന്നാണ് കണക്ക്. എന്നാൽ ആ കാലത്ത് ലഭ്യമായിരുന്ന കൈവേല സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൂർണ്ണസമയം തൊഴിൽ നൽകിയിരുന്നുവെങ്കിൽ അഞ്ചുലക്ഷം പേരുടെ ഉല്പാദനലക്ഷ്യം കൈവരിക്കുന്നതിന് ഒന്നരലക്ഷം പേർ മതിയായിരുന്നു. ഒന്നരലക്ഷം പേരുടെ തൊഴിൽ അഞ്ചുലക്ഷം പേർക്കിടയിൽ വീതം വച്ചത് ഓരോ പ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള തൊഴിൽ വിഭജനത്തിലൂടെയായിരുന്നു.
ഓരോ പ്രദേശത്തും ഉല്പാദിപ്പിച്ചിരുന്ന കയർ ഉല്പന്നങ്ങൾ വ്യത്യസ്തമായിരുന്നു. അവിടെയുള്ളവർ ആ ഇനം കയർ അല്ലാതെ മറ്റൊന്ന് ഉല്പാദിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ല. അതായിരുന്നു നാട്ടുനടപ്പ്. കയർ വ്യവസായം ഫാക്ടറികളിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യാനാവില്ല.
എന്നാൽ സ്വയംതൊഴിലിനെ അടിസ്ഥാനമാക്കിയുള്ള കുടിൽ വ്യവസായത്തിലൂന്നിയുള്ള ഉല്പാദനം ആയിരുന്നതിനാൽ മിച്ച ജനസംഖ്യയെ ഈ രീതിയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ല.
പ്രത്യക്ഷത്തിൽ തൊഴിൽ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ പൂർണ്ണ തൊഴിൽ ഇല്ല. ഇതിനെയാണ് disguised unemployment അഥവാ മൂടിവയ്ക്കപ്പെട്ട തൊഴിലില്ലായ്മ എന്നു പറയുന്നത്.
കാർഷിക മേഖല ഇത്തരത്തിൽ മിച്ചജനസംഖ്യയെ ഉൾക്കൊള്ളുന്നതിന് ഒട്ടേറെ നാട്ടുനടപ്പുകൾ നിലവിലുള്ള ഒരു മേഖലയാണ്. ഇതുപോലെ തന്നെയാണ് ചെറുകിട വാണിജ്യവും.
ഒരു പെട്ടിക്കട നടത്തുന്നതിന് ഒരാൾ മതിയാകും. പക്ഷേ, പലപ്പോഴും വീട്ടിലെ മൂന്ന് ആളുകൾ ഒരേപോലെ ബിസിനസിൽ ഉപജീവനം നടത്തുന്നവർ ആയിരിക്കും.
വർദ്ധിക്കുന്ന അസമത്വവും ദാരിദ്ര്യവും
ഒരുവശത്ത് പതുക്കെയാണെങ്കിലും ദേശീയ വരുമാനത്തിൽ അസംഘടിത മേഖലയുടെ വിഹിതം കുറഞ്ഞുവരുന്നു. 2017–18ൽ അത് 52 ശതമാനം മാത്രമായിരുന്നു.
അതേസമയം, ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. തൊഴിലെടുക്കുന്നവരിൽ 90 ശതമാനവും അസംഘടിത മേഖലയിൽ തന്നെ തുടരുന്നു.
ഇതിന്റെ ഫലം എന്തായിരിക്കും? സംഘടിത മേഖലയെ അപേക്ഷിച്ച് അസംഘടിത മേഖലയിലെ പ്രതിശീർഷ വരുമാനം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കും. താഴെ ചിത്രം 3 ൽ ഇതാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രൊഫ. നാഗരാജ് റായപ്പള്ളിയുടെ ഒരു പ്രബന്ധത്തിൽ നിന്ന് എടുത്തിട്ടുള്ള മേൽപ്പറഞ്ഞ കണക്ക് 1993–94ൽ അവസാനിക്കുന്നുവെങ്കിലും നമ്മുടെ വാദത്തെ സാധൂകരിക്കുന്നതിന് അത് മതിയാകും.
1983ൽ അസംഘടിത മേഖലയിലെ പ്രതിശീർഷ വരുമാനം സംഘടിത മേഖലയിലെ പ്രതിശീർഷ വരുമാനത്തിന്റെ 19 ശതമാനമായിരുന്നു. എന്നാൽ 1993–94 ആയപ്പോഴേക്കും അത് 15 ശതമാനമായി ചുരുങ്ങി. ഇപ്പോഴത് ഏതാണ്ട് 10 ശതമാനം ആയിരിക്കും.
10 ശതമാനം പേർ തൊഴിലെടുക്കുന്ന സംഘടിത മേഖലയിൽ രാജ്യത്തെ സാമ്പത്തിക കുതിപ്പ് മുഖ്യമായും ഒതുങ്ങി നിൽക്കുന്നു. അവരെ അപേക്ഷിച്ച് അസംഘടിത മേഖലയിലെ തൊഴിലെടുക്കുന്നവരുടെ വരുമാനം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് ഭീതിജനകമായ അസമത്വ വർദ്ധനയിലേക്ക് നയിക്കുന്നു. രാജ്യത്തെ തൊഴിലെടുക്കുന്നവരിൽ സിംഹഭാഗവും അസംഘടിത മേഖലയിലെ ഊരാക്കുടുക്കിലാണ്.
ചിന്ത വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..