31 October Thursday

യുഡിഎഫ്‌–ബിജെപി ഡീൽ പൊളിയും

എം വി ഗോവിന്ദൻUpdated: Thursday Oct 31, 2024

കേരളത്തിൽ ഒരു ലോക്‌സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. എല്ലാ മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിന്‌ സമാനമായ ജനവിധിയാണ് ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുകയെന്നാണ്‌ വലതുപക്ഷവും അവരുടെ ഭാഗമായ ഭൂരിപക്ഷം മാധ്യമങ്ങളും  വിലയിരുത്തിയത്‌. തെരഞ്ഞെടുപ്പ് കമീഷൻ ഡൽഹിയിൽ തീയതി പ്രഖ്യാപിച്ച ദിവസംതന്നെ മൂന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് ആദ്യറൗണ്ടിൽത്തന്നെ മുന്നേറ്റം നടത്തിയെന്നും ഇവർ വ്യാഖ്യാനങ്ങൾ നിരത്തി. എന്നാൽ, അതൊക്കെ മണിക്കൂറുകൾക്കകം തകരുന്നതാണ്‌ കേരളം കണ്ടത്.

പാലക്കാട്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ്‌ സ്ഥാനാർഥിയായത് ബിജെപി–-- കോൺഗ്രസ് ഡീലിന്റെ (വടകരയിൽ ബിജെപി ഷാഫി പറമ്പിലിനെ സഹായിക്കും; പകരം പാലക്കാട് കോൺഗ്രസ് ബിജെപിയുടെ വിജയം ഉറപ്പാക്കും) ഭാഗമാണെന്ന് വ്യക്‌തമാക്കി കെപിസിസി ഡിജിറ്റൽ മാധ്യമവിഭാഗം തലവൻ ഡോ. പി സരിൻ മതനിരപേക്ഷ പക്ഷത്തേക്ക് മാറുകയും എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയാകുകയും ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിലുമാണ് ഡീലിന്റെ ആൾക്കാരെന്നും ഇരുവരും പറഞ്ഞു. പാലക്കാട് ഡിസിസിയെ മറികടന്നാണ് സ്ഥാനാർഥിനിർണയം നടന്നതെന്നുകൂടി വെളിപ്പെട്ടതോടെ കോൺഗ്രസ്–- - ബിജെപി ഡീൽ എന്ന ആരോപണത്തിന് കൂടുതൽ വിശ്വാസ്യത കൈവന്നു. എന്നാൽ, കോൺഗ്രസിൽ തമ്മിലടി മൂത്തിട്ടും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾക്ക്‌ അത്‌ വാർത്തയായില്ല.

ഏതായാലും ബിജെപിയുമായി വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ഉണ്ടാക്കിയ ഡീൽ പാലക്കാട് ജില്ലാ കോൺഗ്രസ് ഘടകത്തിൽ വൻ പൊട്ടിത്തെറി സൃഷ്ടിച്ചു. ഒരു ഘട്ടത്തിലും ഡിസിസിയുടെ പരിഗണനയിലുണ്ടായിരുന്ന സ്ഥാനാർഥിയല്ല രാഹുൽ മാങ്കൂട്ടത്തിലെന്നാണ് കോൺഗ്രസ് നേതാക്കൾതന്നെ പറയുന്നത്. പ്രാഥമികമായി നേതൃത്വത്തിന് സമർപ്പിച്ച മൂന്നുപേരുടെ ലിസ്റ്റിൽപ്പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല. കെ മുരളീധരൻ, ഡോ. പി സരിൻ, വി ടി ബൽറാം എന്നിവരുടെ പേരാണ് ഉണ്ടായിരുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡിസിസിയുടെ ലിസ്റ്റിൽ ഇല്ലാത്ത ഒരാളെ അടിച്ചേൽപ്പിക്കുകയാണ് വി ഡി സതീശനും കൂട്ടരും ചെയ്തതെന്ന് ഇത് വ്യക്തമാക്കുന്നു. പ്രാദേശികവികാരത്തെ ഒട്ടും മാനിക്കാതെയാണ് രാഹുലിന് സ്ഥാനാർഥിത്വം നൽകിയത്. ഷാഫി പറമ്പിൽ വടകര ലോക്‌സഭാ സീറ്റിലേക്ക് മത്സരിച്ചതോടെ രാഹുൽ സ്ഥാനാർഥിപ്പട്ടം കെട്ടി ഇറങ്ങിയതിനെതിരെ നേരത്തേ പാലക്കാട് ഡിസിസിതന്നെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്ന കാര്യം കഴിഞ്ഞ ആഴ്ചത്തെ ഇതേ കോളത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. എന്നാൽ, ഡിസിസിയല്ല സതീശനും ഷാഫിയുമാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതെന്ന്  പ്രഖ്യാപനം വന്നതോടെ ഡിസിസിക്ക് മനസ്സിലായി. സതീശന്റെ അടുത്ത ആളായാൽ മാത്രമേ സ്ഥാനാർഥിത്വം ലഭിക്കൂ എന്ന സ്ഥിതിയെന്നാണ് നേതാക്കളുടെ അടക്കംപറച്ചിൽ. ഈ ഘട്ടത്തിലാണ് കെ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നു കാട്ടി പാലക്കാട്ടെ എട്ട് പ്രമുഖ കോൺഗ്രസ് നേതാക്കൾ എഐസിസിയിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവിനും അയച്ച കത്ത് പുറത്തുവന്നത്. ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ, വി കെ ശ്രീകണ്ഠൻ എംപി, മുതിർന്ന നേതാവ് വി എസ് വിജയരാഘവൻ, മുൻ ഡിസിസി പ്രസിഡന്റ്‌, യുഡിഎഫ് ജില്ലാ പ്രസിഡന്റ്‌ എന്നിവരെല്ലാം ഒപ്പിട്ട കത്താണ് പുറത്തുവന്നത്. കത്ത് എങ്ങനെ പുറത്തുവന്നു എന്നതിനെക്കുറിച്ച് അന്വേഷണത്തിന് കെപിസിസി പ്രസിഡന്റ്‌ ഉത്തരവിട്ടതിൽനിന്ന്‌ കത്ത് അയച്ചെന്ന കാര്യം വസ്തുതയാണെന്ന് തെളിഞ്ഞു. കത്തയച്ചിട്ടില്ലെന്ന് പറയാൻ ആരും തയ്യാറായിട്ടുമില്ല. എന്നിട്ടും ഡിസിസിക്കൊപ്പം നിൽക്കാനല്ല നേതൃത്വം തയ്യാറായത്. സ്വാഭാവികമായും കോൺഗ്രസുകാരുടെ വികാരം കെപിസിസിക്കെതിരെ തിരിഞ്ഞു. ഈ ഘട്ടത്തിലാണ് ഷാഫിയുടെ നോമിനിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ്‌ തലയൂരാൻ ശ്രമിച്ചത്. സുധാകരന്റെ കൊലവിളി പ്രസംഗം ഉണ്ടായതും ഇതേഘട്ടത്തിലാണ്. വിമതർക്കെതിരെയാണ് "തടി വേണോ ജീവൻ വേണോ’ എന്നു ചോദിച്ചുള്ള സുധാകരന്റെ പ്രസംഗം. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ സുധാകരനെ നീക്കാൻ ശ്രമിക്കുന്ന സതീശനും കൂട്ടാളികൾക്കുംകൂടി ഈ കൊലവിളി മുന്നറിയിപ്പാണെന്ന സംസാരവും ഉയരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഒരുമിച്ച് നടത്തിയ ജാഥയ്‌ക്കിടെ സതീശനെ, സുധാകരൻ മാധ്യമങ്ങളെ സാക്ഷി നിർത്തി തെറിവിളിച്ചത് മറക്കാറായിട്ടില്ല.

കോൺഗ്രസിലെ ഒരു വലിയ വിഭാഗം, പ്രത്യേകിച്ച്‌ കെ കരുണാകരനോട് ആഭിമുഖ്യം പുലർത്തുന്നവർ കടുത്ത പ്രതിഷേധത്തിലാണ്. വടകര ലോക്‌സഭാ മണ്ഡലത്തിൽനിന്ന്‌ തൃശൂരിലേക്ക് മാറ്റി മുരളിയെ തോൽപ്പിച്ചതും ഇപ്പോൾ പാലക്കാട് ഡിസിസി ഏകകണ്ഠമായി പേര് നിർദേശിച്ചിട്ടും സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതും മുരളി വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. തൃശൂരിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടതിൽ പങ്കുള്ള കോൺഗ്രസ് നേതാക്കളായ ടി എൻ പ്രതാപനും അനിൽ അക്കരെയും കുറ്റക്കാരാണെന്ന് കോൺഗ്രസ് സമിതി കണ്ടെത്തിയിട്ടും ശിക്ഷാ നടപടിയൊന്നും സ്വീകരിക്കാത്തതിലും അവർക്ക്‌ അമർഷമുണ്ട്. ഇതിനാലാണ് പാലക്കാട്ടും ചേലക്കരയിലും പ്രചാരണത്തിനില്ലെന്ന് മുരളി പറഞ്ഞത്. നോമിനി രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് വി ഡി സതീശനെ ഉന്നമിട്ട് മുരളീധരൻ തുറന്നടിച്ചു. മുരളീധരൻ നിയമസഭയിലെത്തുന്നതിനെ സതീശൻ ഭയപ്പെടുന്നു. സുധാകരനെ പാർലമെന്റിലേക്കയച്ച് നിയമസഭയിൽ നമ്പർ വൺ താൻതന്നെയാണെന്ന് ഉറപ്പ് വരുത്തിയ ഘട്ടത്തിലാണ് മുരളിയെ പാലക്കാട്ട് സ്ഥാനാർഥിയാക്കാൻ നീക്കമുണ്ടായത്. അത് തടയാനാണ് ധൃതിപിടിച്ച് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസംതന്നെ രാഹുലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മുരളി നിയമസഭയിലെത്തിയാൽ തന്റെ അപ്രമാദിത്വം തകരുമെന്ന് മറ്റാരെക്കാളും അറിയുന്നത് സതീശനാണ്. അതുമാത്രമല്ല മുരളി വന്നാൽ ബിജെപിയുമായുള്ള ഡീൽ പാലിക്കാനാകുമെന്നതിന്‌ ഉറപ്പുമില്ല.

എൽഡിഎഫ് സ്ഥാനാർഥിയായ ഡോ. സരിൻ വിദ്യാസമ്പന്നനായ നല്ല ചെറുപ്പക്കാരനാണെന്ന് കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗമായ ശശിതരൂർതന്നെ പറഞ്ഞു. സരിന്റെ പ്രചാരണത്തിൽ ഭാഗഭാക്കാകുന്ന ആൾക്കൂട്ടവും അതിൽ യുവാക്കളുടെ വർധിച്ച പങ്കാളിത്തവും പോരാട്ടം കടുത്തതാണെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. കോൺഗ്രസിലെ പ്രതിസന്ധിയെ സമർഥമായി ഉപയോഗിക്കുകയെന്ന അടവുനയമാണ് എൽഡിഎഫ്‌ പാലക്കാട്ട് സ്വീകരിച്ചത്. അതിനെ പാർടി അണികളും ബന്ധുക്കളും ഘടകകക്ഷികളും അഭിപ്രായവ്യത്യാസമേതുമില്ലാതെ സ്വീകരിക്കുകയു ചെയ്തു. സ്വാഭാവികമായും പാലക്കാട്ട് വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ഇ ശ്രീധരന് ലഭിച്ച വോട്ടൊന്നും ബിജെപി സ്ഥാനാർഥിക്ക് ഇക്കുറി ലഭിക്കില്ലെന്ന് പാലക്കാട്‌ നിവാസികൾ പറയുന്നു. അതുകൊണ്ടുതന്നെ ബിജെപിക്ക് ഇക്കുറി വലിയ പ്രതീക്ഷയൊന്നും വേണ്ടതാനും. ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകതന്നെയാണ് ഞങ്ങളുടെയും ലക്ഷ്യം. ചേലക്കരയിലും എൽഡിഎഫ് സ്ഥാനാർഥിക്കാണ് മുൻതൂക്കം. എഐസിസി അംഗവും കെപിസിസി സെക്രട്ടറിയുമായ എൻ കെ സുധീർ കോൺഗ്രസ് വിമതനായി രംഗത്തുവന്നത് കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടാക്കും. 2009ൽ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ആളാണ് സുധീർ. തന്നെ പരിഗണിക്കാതെ  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ തോറ്റ രമ്യ ഹരിദാസിന് സ്ഥാനാർഥിത്വം നൽകിയതാണ് സുധീറിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ രണ്ടു മണ്ഡലത്തിലും യാത്ര ചെയ്ത എനിക്ക് രണ്ടിടത്തും വിജയിക്കുമെന്ന നല്ല ശുഭാപ്തി വിശ്വാസമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top