മലയാളികളുടെ സ്വന്തം കലാരൂപമായ തുള്ളലിന് അടുത്തകാലത്ത് പ്രിയം വർധിച്ചതായാണ് കലാനിരൂപകരുടെ നിരീക്ഷണം. കലോത്സവ വേദികളിൽമാത്രം കണ്ടുവന്നിരുന്ന തുള്ളൽ അന്യം നിന്നുപോകാതിരിക്കാനാകാം ഇപ്പോൾ നാട്ടിൽ പരക്കെ കാണുന്നുണ്ടെന്നാണ് ജനസംസാരം. തുള്ളൽ കലയുടെ ഉപജ്ഞാതാവായ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നിനത്തിനാണ് രൂപം നൽകിയതെന്നാണ് പറയാറ്. ആധുനിക തുള്ളൽക്കാർ കാലഭേദത്തിനനുസരിച്ച് അതിലും മാറ്റം വരുത്തിയിട്ടുണ്ട്. തുള്ളൽ പലവിധമാണ്. കലിതുള്ളൽ, ഉറഞ്ഞ് തുള്ളൽ പിന്നെ കരാർതുള്ളലുമുണ്ട്.
ഈ ഗണത്തിൽപ്പെട്ട തുള്ളലുകൾ യഥേഷ്ടം കാണാനുള്ള സൗഭാഗ്യം കേരളീയർക്കിപ്പോൾ കരഗതമായിട്ടുണ്ട്. തുള്ളൽ മൂക്കാൻ കാരണങ്ങളും പലവിധമാണ്. തുള്ളൽ കലയിൽ അഗ്രഗണ്യനിപ്പോൾ സുധാകരനാണത്രെ. പലവിധ തുള്ളലുകളും വശമുള്ള ആളാണിദ്ദേഹമെന്നും സംസാരമുണ്ട്. ഏതായാലും കഴിഞ്ഞ ദിവസം കോഴിക്കോട് ദേശത്ത് അദ്ദേഹത്തിന്റെ അത്യുഗ്രൻ തുള്ളലരങ്ങേറി. വെറും തുള്ളലല്ല മൂത്ത കലിതുള്ളൽ തന്നെയായിരുന്നു. ഫെയിസിലും ഇൻസ്റ്റയിലും മാത്രമല്ല എക്സിലും വൈയിലുമെല്ലാം നിറഞ്ഞാടുകയാണ്. മറ്റൊരു തനത് കലാരൂപമായ കഥകളിയിലെ പച്ച, കത്തി വേഷങ്ങളും തുള്ളലിൽ സന്നിവേശിപ്പിച്ചിട്ടുണ്ടെന്നാണ് ആരാധകമതം. ഭീഷണി, കൊലവിളി, ഭരണിപ്പാട്ട് എന്ന് തുടങ്ങി ഇല്ലാത്തതൊന്നും ഇല്ലതന്നെ. തടിയും ജീവനും വേണ്ട കോൺഗ്രസുകാരൊക്കെ കോൺഗ്രസിനൊപ്പം ചേർന്നീടേണം. ഇല്ലെന്നാകിൽ ശൂലവും കത്തിയും വാളും ബോംബും പലവഴി വന്ന് പതിച്ചീടും. കൊന്നും കൊടുത്തും ശീലിച്ചതിനാൽ പറഞ്ഞതൊക്കെ ചെയ്തിടുമെന്നും ഉര ചെയ്തിട്ടുണ്ട്. തല്ലേണ്ടിടത്ത് തല്ലണം കൊല്ലേണ്ടിടത്ത് കൊല്ലണം എന്ന ആക്രോശം കേട്ട് കേൾവിക്കാർ എഴുന്നേറ്റ് നിന്ന് കൈ അടിച്ചുപോയി. പോക്കിരി രാജയിൽ മമ്മൂട്ടി പറഞ്ഞപ്പോഴാണ് ഇതുപോലൊരു കൈയടി ഇതിനുമുമ്പ് കേട്ടത്. ന്യൂജൻ പിള്ളേർക്ക് പരിചയമില്ലാത്ത പൂർവ കഥയും ഇവിടെ അദ്ദേഹം അനാവരണം ചെയ്തിട്ടുണ്ട്. കണ്ണൂർ ദേശത്തെ ചില സഹകരണസ്ഥാപനങ്ങൾ പിടിച്ചെടുത്തത് കൊടുത്തും കൊന്നും കത്തിയും ബോംബും ഒക്കെ ഉപയോഗിച്ചായിരുന്നുവെന്ന പച്ച പരമാർഥമായിരുന്നു അത്. അപ്പോൾ മുഖത്ത് മിന്നിമറഞ്ഞ വീര, രൗദ്ര ഭാവങ്ങൾ ഒന്നു കാണേണ്ടതു തന്നെയായിരുന്നുവെന്നാണ് തുള്ളൽ കമ്പക്കാർ പറയുന്നത്. തുള്ളി തുള്ളി മുറത്തിൽക്കയറി തുള്ളുന്നുവെന്ന ടോക്കുമുണ്ട്.
സുധാകരന്റെ തുള്ളലിലെ സാഹിത്യ ഭംഗിയോ സാമൂഹ്യ വിമർശമോ അഹങ്കാര ഭാവമോ ഉറഞ്ഞു തുള്ളലിന് കേൾവികേട്ട വലതു മാധ്യമ സംഘത്തിന് മനസ്സിലായില്ലെന്ന് തോന്നുന്നു. ആധുനിക തുള്ളലിനെ ജനകീയമാക്കുന്നതിൽ മുൻപന്തിയിലുള്ള ഇക്കൂട്ടർക്ക് ഇടതുപക്ഷ വിമർശവും (വളഞ്ഞിട്ടാക്രമിക്കൽ) ചർച്ചയുമാണ് പ്രധാനം. ബ്രാഞ്ച് സെക്രട്ടറി മുതൽ പാർടി സെക്രട്ടറിവരെയും പഞ്ചായത്ത് അംഗംമുതൽ മുഖ്യമന്ത്രിവരെയും ഉള്ളവരെ ശരിയാക്കി എടുക്കാൻ കരാർ എടുത്തവരാണ്. അതിനാൽ ഇവരുടെ തുള്ളലിനെ കരാർ തുള്ളൽ എന്നും വിളിക്കാം. അല്ലേലും തുള്ളൽരംഗത്ത് തങ്ങളേക്കാൾ കേമൻമാരുണ്ടാകുന്നതിൽ ഇവർക്ക് അശേഷം താൽപ്പര്യമില്ല. കോഴിക്കോട്ടെ കലിതുള്ളലിൻ ഉരചെയ്തതെല്ലാം ശരിയാണെന്ന് തിരിച്ചറിഞ്ഞ പേടി കൊണ്ടുമാകാം. ശൂലവും ബോംബും ഏതു വഴിക്ക് വരുമെന്ന് പറയാൻ പറ്റില്ല. കണ്ണൂരിലെ തൊഴിലാളി നാണു മുനിസിപ്പൽ ആപ്പീസിന് സമീപത്തെ ഹോട്ടലിൽ ഉച്ച ഊണ് വിളമ്പുമ്പോഴല്ലേ ബോംബ് പറന്ന് വന്ന് പൊട്ടി ചിന്നിച്ചിതറിയത്. നാൽപ്പാടി വാസു വഴിയരികിലെ കടയിലിരിക്കുമ്പോഴല്ലേ വഴി മാറി വന്ന ജാഥയിൽനിന്ന് വെടിയുണ്ട ചീറിപ്പാഞ്ഞത്. പണ്ട് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഹാളിന് ചുറ്റും കത്തിയും ബോംബും പിടിച്ച് അണികൾക്ക് സംരക്ഷണം ഒരുക്കിയല്ലേ സുധാകരൻ ആദ്യമായി ഡിസിസി പ്രസിഡന്റായത്. ഇതൊക്കെ അറിയുന്ന മുതിർന്ന തുള്ളലുകാരുള്ളതുകൊണ്ടാകാം പുതിയ കലിതുള്ളൽ കണ്ടില്ലെന്ന് നടിച്ചത്. കുറ്റം പറയരുതല്ലോ പ്രതിപക്ഷ നേതാവിനെതിരെയുള്ള ഉറഞ്ഞു തുള്ളലും കണ്ട ഭാവമേയില്ല ഇവർക്ക്. മുക്കാൻ താൽപ്പര്യമില്ലാത്തവരായതുകൊണ്ട് ഉൾപേജിൽ ആരും കാണാതെ സിംഗിൾ കോളത്തിൽ കൊടുത്തിട്ടുണ്ടുതാനും.
കുറച്ചായി കേരളത്തിൽ തുള്ളിത്തിമിർക്കുന്ന മറുനാടൻ ഖാൻജിയുടെ പുതിയ തുള്ളലും അരങ്ങേറിയിട്ടുണ്ട്.‘ബ്ലഡി ക്രിമിനൽസ്' അടക്കി വാഴും സർവകലാശാലകളെ കാവിക്കരങ്ങളിൽ ഭദ്രമാക്കുകയാണ് മൂപ്പിലാന്റെ ഒരേയൊരു ലക്ഷ്യം. സർക്കാരിനെയും കോടതിയെയും അംഗീകരിക്കാത്ത ധീര വിപ്ലവകാരിയാണ് കക്ഷി. കെയർ ടേക്കറാണെങ്കിലും സർവകലാശാലകളിലൊക്കെ ഒറ്റയ്‌ക്ക് വിസിമാരെ നിയമിക്കുമെന്നും ഉളുപ്പില്ലായ്മയെ ജനകീയ വൽക്കരിക്കുമെന്നുമുള്ള വാശിയിലാണ്. അതിനായി ഉറഞ്ഞ് മാത്രമല്ല വേണ്ടിവന്നാൽ കിടന്നും തുള്ളും. ഇവിടേയും തുള്ളും അങ്ങ് ഡൽഹിയിലും തുള്ളും. ചാൻസലർപദവിയിൽനിന്ന് നീക്കാനുള്ള നിയമത്തെ പരണത്താക്കിയ ധീരനെ സ്തുതിക്കാൻ മാധ്യമ തുള്ളൽകാർ ഒട്ടും പിശുക്ക് കാണിക്കാറില്ലെന്നതാണ് ഖാൻജിയുടെ കരുത്ത്. എന്തായാലും തുള്ളലുകാരെല്ലാം ചെമ്മീൻ തുള്ളലിന്റെ കഥ ഓർമിക്കുന്നത് നല്ലതാണെന്ന ടോക്കുണ്ട്. ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടിയോളം. പഴമൊഴിയാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
പാലക്കാട് ഡിസിസിയുടെ കാര്യം ഹാ കഷ്ടം. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരാളെ മാത്രമേ വേണ്ടൂ എന്ന് ഹൈക്കമാൻഡിനും കെപിസിസിക്കും പ്രതിപക്ഷ നേതാവിനും ഐകകണ്ഠ്യേന തീരുമാനിച്ച് കത്ത് കൊടുത്തതാ. എന്നാൽ, അത് ആരും കണ്ടില്ലെന്ന് മാത്രമല്ല, അവർ (മൂവർ സംഘം) ഐകകണ്ഠ്യേന തീരുമാനിച്ച സ്ഥാനാർഥി വരികയും ചെയ്തു. തങ്കപ്പാദികളുടെ കാര്യം കഷ്‌ടമെന്നാണ് പാലക്കാട്ടെ സംസാരം. ലീഡറെയും ഭാര്യയെയും അപമാനിച്ചവരെ പാലക്കാടിന് വേണ്ടെന്നായിരുന്നു മനസ്സിൽ. തോൽക്കാൻ സാധ്യതയില്ലാത്തതിനാലായിരിക്കും തന്നെ നിർത്താത്തതെന്ന് കത്ത് കണ്ട ലീഡറുടെ മകൻ ന്യായീകരിച്ചിട്ടുണ്ട്. മാങ്കൂട്ടത്തിനെയോ തെങ്ങിൻ കൂട്ടത്തിനെയോ നിർത്തിയാലും ജയിക്കുമത്രെ. കല്യാണിക്കുട്ടി അമ്മയ്‌ക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നാണ് മാങ്കൂട്ടത്തിന്റെ ഏറ്റുപറച്ചിൽ. മുമ്പ് വാര്യർ പറഞ്ഞതുപോലെ ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവച്ചു കൊന്നു എന്ന് പറഞ്ഞതുപോലുള്ള നിസ്സാര സംഭവമാണ് അതെന്ന് സതീശന്റെയും ഷാഫിയുടെയും സാക്ഷ്യപ്പെടുത്തലും ഉണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..