ഒരു കരണത്തടിച്ചാൽ മറുകരണംകൂടി കാണിച്ചുകൊടുക്കണമെന്ന് പഠിപ്പിച്ച യേശുക്രിസ്‌തുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ക്രിസ്‌മസ് മാസത്തിൽ പ്രതിപക്ഷ നേതാവിന് അടിയോടടിയാണ്. ഓണത്തല്ലുപോലെ കണ്ട് രസിക്കാനും വിഷുപ്പടക്കംപോലെ കേട്ടാനന്ദിക്കാനും ക്രിസ്‌മസിനും വേണ്ടേ ഒരു രസമൊക്കെയെന്നാണ് കോൺഗ്രസുകാർക്കിടയിലെ ടോക്ക്. അച്ചാലും മുച്ചാലും അടിയാണെങ്കിലും തടുക്കാനാണായി പിറന്നവരൊന്നും പിസിസിയിലില്ലേ എന്നൊരു സന്ദേഹവും ഉടലെടുത്തിട്ടുണ്ട്. പുനഃസംഘടന എന്നൊരവഖ്യാതി നാട്ടിലാകെ പടർന്നതാണ് കൂട്ടയടിക്ക് കാരണമെന്നും സ്വന്തം തടിയിലാണ് എല്ലാവർക്കും നോട്ടമെന്ന് അറിയുന്നവർക്കൊന്നും സന്ദേഹത്തിനിടയില്ലെന്നും സംസാരമുണ്ട്.
കൈയിലിരുപ്പുകൊണ്ട് കിട്ടുന്ന താഡനമല്ലേ കിട്ടട്ടങ്ങനെ കിട്ടട്ടെ എന്ന് പറയുന്നവരും ഉണ്ട്. ഹൈക്കമാൻഡ് നിയമിച്ചവരെ ഹൈക്കമാൻഡ് രക്ഷിക്കുമെന്ന ചിന്ത വേണ്ടെന്ന് ഹൈക്കമാൻഡ് കാര്യക്കാരൻ അസന്ദിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. പ്രധാനസ്ഥാനം സ്വപ്നംകണ്ട് നാളെണ്ണി കഴിയുന്നതിനിടയിൽ തലങ്ങും വിലങ്ങും അടി വീഴുമെന്ന് വീഡി ഒട്ടും നിനച്ചില്ലെന്നും കൂടെനിന്നവർ അടക്കം പറയുന്നുണ്ട്. മുമ്പേ വന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻപോലും യോഗ്യനല്ലെന്ന അശരീരി നായർ സൊസൈറ്റിയിൽനിന്ന് മുഴങ്ങിയതോടെ അടി തുടങ്ങിയതാണ്. തറവാടിന്റെ തിണ്ണ നിരങ്ങിയതിന്റെ ചൂടാറുംമുമ്പ് തള്ളിപ്പറഞ്ഞ നീചനാണെന്ന് അങ്ങ് പറവൂരിൽ പോയി മുമ്പേ പറഞ്ഞിട്ടുണ്ട്. തറവാടിന്റെ പടി കയറ്റില്ലെന്ന് ഉറപ്പിച്ചിട്ടുള്ളതിനാൽ മുഖ്യ ഭാഷണത്തിന് യോഗ്യൻ മുൻ നേതാവാണെന്നും തീരുമാനിച്ചുകഴിഞ്ഞു.
കണിച്ചുക്കുളങ്ങരയിൽനിന്ന് കിട്ടിയ അടിയുടെ ആഘാതം എണ്ണത്തോണിയിൽ കിടന്നാലും മാറില്ലെന്നാണ് കൂട്ടിരുപ്പുകാരുടെ സാക്ഷ്യപ്പെടുത്തൽ. തറയാണോ അഹങ്കാരിയാണോ അല്ല ഇത് രണ്ടും ചേർന്നതാണോ എന്ന സന്ദേഹമാണ് അവിടെനിന്ന് ഉയർന്നത്. അനുഭവസ്ഥർക്കാണല്ലോ ആളുകളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുക. ഭൈമി കാമുകരഞ്ചു പേരുണ്ടെന്നും അവരിൽ തീരെ യോഗ്യനല്ലാത്തവനാണെന്നുമുള്ള കണ്ടെത്തൽ നന്നായി ഉരച്ചുനോക്കിത്തന്നെയാണെന്നാണ് ജനസംസാരം. എന്തായാലും മോഹം ഉള്ളിലൊതുക്കി കഴിയുന്ന മറ്റുള്ളവരുടെ മനസ്സിൽ ലഡുപ്പൊട്ടിയെന്നാണ് കേൾക്കുന്നത്. അതുകൊണ്ടുതന്നെ അടിയെല്ലാം ഒറ്റയ്‌ക്ക് വാങ്ങിയാൽ മതിയെന്ന് അവരെല്ലാം തീരുമാനിച്ചെന്ന് മാത്രമല്ല, ആവുംപോലെ തള്ളാനും ശ്രമിക്കുന്നുണ്ടത്രേ.
ഞാൻ ഞാനെന്ന ഭാവത്തിൽ കാര്യങ്ങൾ നീക്കുമ്പോഴാണ് സ്വന്തം പാളയത്തിലുള്ളവർ പുറത്തുള്ളവരുടെ സഹായത്തോടെ വളഞ്ഞിട്ടാക്രമിക്കുന്നത്. ഞാനല്ലാതെ മറ്റൊരു നേതാവും നിങ്ങൾക്കുണ്ടാകരുതെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ഉരിവിടുന്നതിനിടയിൽ പടം ഊരി പതുങ്ങി ഇരിക്കുന്നവർ സടകുടഞ്ഞെണീക്കുമെന്ന് പ്രതീക്ഷിച്ചില്ല. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന ചൊല്ലിനെ അന്വർഥമാക്കുന്നതാണ് സ്ഥാനം പോയ നേതാവിന്റെ പുതിയ ചെയ്തികൾ. പാർടിയിലും പാർലമെന്ററി പാർടിയിലും മാറ്റം വരുത്താതെ വിശ്രമമില്ലെന്ന് അയ്യപ്പ സന്നിധിയിലെത്തി ഉഗ്രശപഥം എടുത്തതോടെ പ്രസിഡന്റും ചില ചാഞ്ചാട്ടങ്ങൾ കാണിച്ചുതുടങ്ങി. മറ്റവനേക്കാൾ എന്തുകൊണ്ടും യോഗ്യൻ ഇവനാണെന്നാണ് വാർത്താസമ്മേളനം വിളിച്ച് പറഞ്ഞത്. ഹൈക്കമാൻഡിലെ ഉപപ്രധാനിയും മുമ്പ് പറ്റിയ അബദ്ധം തിരുത്തുന്നതാണ് നല്ലതെന്ന് ചിന്തിച്ചുതുടങ്ങി. മോഹം ഉള്ളിലൊതുക്കി, കൊക്കെത്ര കുളം കണ്ടതാ എന്ന ഭാവത്തിൽ നടക്കാത്ത സ്വപ്‌നത്തിന് എന്തിന് അടിയെന്ന് പഴേ പ്രസിഡന്റും മൊഴിഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാണെന്ന് കുഞ്ഞായിട്ടാണെങ്കിലും കുടപ്പനക്കുന്നിൽനിന്ന് കുറുക്കുന്നുണ്ട്. എന്തിനധികം പറയുന്നു അടി കൊടുക്കാത്തവരായി ആരുമില്ല ഗുരുക്കന്മാരിൽ എന്ന് പറഞ്ഞ അവസ്ഥയായി. കൂട്ടത്തിൽ 20 പേരുണ്ടായിട്ടും ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവൻ മോങ്ങാനാകാതെ മൂലയ്‌ക്കായെന്നാണ് നാട്ടിലെ ടോക്ക്. സ്വയംകൃതാനർഥം എന്നല്ലാതെ എന്ത് പറയേണ്ടൂ.
സ്വർഗത്തിലേക്കുള്ള കുറുക്കുവഴി
തനിക്കാക്കാൻ പോയി വെടക്കാക്കി വന്നതിന്റെ അഹങ്കാരമൊന്നും ഷായിക്കില്ലെങ്കിലും ഭാഗവത്തിനും കൂട്ടർക്കും അത്ര രസിച്ചിട്ടില്ലെന്നാണ് കേൾക്കുന്നത്. അംബേദ്കറെ സ്വയം സേവകനാക്കി മുന്നേറുന്ന സംഘപരിവാറിന്റെ ഉള്ളിലിരുപ്പ് ഇത്രവേഗം പൊളിച്ചതിന്റെ കെറുവ് ശാഖകളിൽ പ്രകടിപ്പിക്കുന്നുണ്ടത്രേ. പട്ടേലിനെയും വിവേകാനന്ദനെയും ഭഗത് സിങ്ങിനെയും അംബേദ്‌കറെയും സ്വയം സേവകരാക്കാനുള്ള തത്രപ്പാടിനിടയിലാണ് രാജ്യസഭയിൽ ഷായുടെ അമിട്ട് പൊട്ടിക്കൽ. ഭരണഘടനാ ചർച്ചയ്‌ക്കുള്ള മറുപടിക്കാണ് മോദി പ്രതിപുരുഷനെ സഭയിലേക്ക് അയച്ചത്. അവിടെ ചെല്ലുമ്പോൾ പ്രതിപക്ഷക്കാരെല്ലാം അംബേദ്കർ, അംബേദ്കർ എന്നു പറയുന്നത് കേട്ടപ്പോൾ ഷായുടെ ആർഷ സംസ്‌കാരം ഉണർന്നതിൽ തെറ്റ് പറയാൻ പറ്റില്ലെന്ന് വാദിക്കുന്നവരുമുണ്ട്. അല്ലെങ്കിൽത്തന്നെ ഈ ഭരണഘടനതന്നെ അനാവശ്യ വസ്തുവാണെന്ന് പണ്ടേ അറിയുന്നയാളാണ് ഷാ. പിന്നെ അതുണ്ടാക്കിയ ആളുടെ ആവശ്യമെന്തെന്നും ചിന്തിച്ചിരിക്കാം. ഭാരതത്തിന് മനുസ്മൃതി ഉള്ളപ്പോൾ എന്തിന് കൊളോണിയൽ ഭരണഘടന എന്ന് കുട്ടിക്കാലംമുതൽ ശാഖയിൽ കേൾക്കുന്നതാണ്. പൂർവികർ ഭരണഘടന കത്തിച്ച് പ്രതിഷേധിച്ചതിന്റെ ആവേശ ചരിത്രവും പഠിച്ചതാണ്.
മനുഷ്യരായി നാലു കൂട്ടരെയുള്ളൂവെന്ന് മനു വ്യക്തമാക്കിയിട്ടുമുണ്ട്. ഭഗവാന്റെ തലയിൽനിന്നും കൈയിൽനിന്നും കാലിൽനിന്നും പാദത്തിൽനിന്നും ജനിച്ചവരാണവർ. ഇതിലൊന്നും പെടാത്ത, മനുഷ്യനായിപ്പോലും കാണാനാകാത്ത അംബേദ്കറെ 75 കൊല്ലമായി പുകഴ്‌ത്തുന്നത് ആർഷഭാരതം എങ്ങനെ സഹിക്കും. അതുകൊണ്ട് അംബേദ്കർ എന്ന് ഉരുവിടുന്ന സമയത്ത് മനുഭഗവാനെ സ്‌മരിച്ചാൽ എളുപ്പത്തിൽ സ്വർഗം പൂകാം എന്ന ഉപദേശമാണ് രാജ്യസഭയിൽ ആഭ്യന്തരൻ നൽകിയത്. ഇനിയും ഭരണഘടനയ്‌ക്ക് വാദിച്ചാൽ എളുപ്പത്തിൽ സ്വർഗത്തിലേക്ക് അയക്കുമെന്ന ഭീഷണിയും അതിലില്ലേ എന്ന് സംശയിച്ചാൽ തെറ്റ് പറയാനും പറ്റില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..