25 September Wednesday

നട്ടും ബോൾട്ടും സ്റ്റിയറിങ്ങും ഇല്ലാത്ത ലാസ്റ്റ്‌ ബസ്‌

എമ്മോവിUpdated: Wednesday Sep 25, 2024

 

മുരളീ മുരൾച്ച കേട്ട് മൂവർണക്കൊടിയും മടക്കി മണ്ടിയാലോ എന്ന ആലോചനയിലാണ് തൃശൂരിലെ കോൺഗ്രസുകാരെന്നാണ് കേൾവി. ചെറിയലീഡർ ട്യൂബ് ലൈറ്റുപോലെയാണെന്ന് പറയുന്നവരുമുണ്ട്. ഏതായാലും നാലു മാസത്തെ പിണക്കത്തിനുശേഷം കളിചിരിയുമായി തറവാട്ടിലേക്ക് തിരിച്ചുവന്നെന്ന ആശ്വാസമാണ്‌ ചിലർക്ക്‌. അങ്ങാടിയിൽ തോറ്റതിന് വീട്ടിൽനിന്ന് കെറുവിച്ചിറങ്ങിയതാ. ഇനി ഞാനീപ്പണിക്കില്ലെന്ന് പറഞ്ഞു പോയെങ്കിലും എത്രകാലം പിടിച്ചു നിൽക്കാൻ കഴിയും. ഒടുവിൽ മനസ്സിലുള്ളതൊക്കെ വിളിച്ച് പറഞ്ഞിട്ടായാലും തിരികെയെത്താമെന്ന് വിചാരിച്ചതിൽ തെറ്റ് പറയാനാകില്ല.

വടകരയിൽനിന്ന് അച്ഛന്റെ തട്ടകത്തിലേക്ക് കൊണ്ടുവന്നത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് തുടക്കത്തിൽ വിചാരിച്ചത്. കേരളത്തിൽ എവിടെ നിന്നാലും ജയിക്കാൻ കഴിയുന്ന ഏക നേതാവേയുള്ളൂ. അത് മുൻ പ്രസിഡന്റായ താനാണെന്നും തൃശൂരിൽ ഈസി വാക്കോവറാണെന്നുമായിരുന്നു വീരസ്യം. പിന്നെയാണ് മനസ്സിലായത് നട്ടും ബോൾട്ടും ഗിയറും സ്റ്റിയറിങ്ങുമില്ലാത്ത വണ്ടിയിലാണ് തന്നെ കയറ്റിയതെന്ന്. അറക്കാൻ കൊണ്ടുവന്ന കാളയെപ്പോലെ സ്നേഹത്തോടെ പുല്ലും വെള്ളവും തന്ന് അറവുശാലയിലേക്ക് കയറ്റി കൈയും കാലും ബന്ധിക്കുകയായിരുന്നുവെന്ന്. ഒടുവിൽ എങ്ങനെയോ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടതിന്റെ അണപ്പ് മാറി വായ തുറക്കാൻ നാലുമാസം എടുത്തു.

എന്തായാലും ഇപ്പോൾ കാര്യങ്ങളൊക്കെ ബോധ്യമായി. നേരെ ചൊവ്വേ നാലു വാചകം ഉച്ചരിക്കാനറിയുന്ന ഒറ്റ ആളുപോലും കേരള പ്രദേശ് കോൺഗ്രസിലില്ലെന്ന്. പൊതുയോഗത്തിൽ അവതരിപ്പിക്കാൻ പറ്റാത്ത നേതാക്കന്മാരെക്കൊണ്ട് തെരഞ്ഞെടുപ്പിൽ ജയിക്കാമെന്ന് ആരും വിചാരിക്കേണ്ട. പിണറായി വിരുദ്ധത പറഞ്ഞ് ഭരണം കിട്ടുമെന്ന് സ്വപ്നം കണ്ട് നടക്കേണ്ടതില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ലാസ്റ്റ് ബസാണെന്നും സാദാ കോൺഗ്രസുകാർക്കുള്ള ഉപദേശവും ഉണ്ട്. അനിയത്തി മുൻകൂട്ടി ബസ് മാറി കയറിയത് ഓർത്തിട്ടാണ് ഈ ഉപദേശമെന്ന ടോക്ക്‌ ചുമ്മാതങ്ങ്‌ തള്ളാനാകില്ല.

തൃശൂരിൽ പോസ്റ്റർ ഒട്ടിക്കാൻപോലും ആരും ഉണ്ടായില്ലത്രേ. സ്വന്തം പോസ്റ്റർ കീറി കൊച്ചു ലീഡറുടേത്‌ ഒട്ടിച്ച്‌ മുങ്ങിയതാണ് വർക്കിങ് പ്രസിഡന്റ്‌. പിന്നെ മഷിയിട്ട് നോക്കിയിട്ടും കണ്ടിട്ടില്ല. ഭജപ ഭക്തൻമാരാണത്രേ മുഴുവൻ. അരലക്ഷത്തിലധികം കോൺഗ്രസ് വോട്ട് ഭജപയ്‌ക്കായി ചേർത്തു കൊടുത്തത് ആസ്ഥാന വിദ്വാന്മാരൊന്നും അറിഞ്ഞില്ലെന്ന് വിശ്വസിക്കാനും സാക്ഷാൽ ലീഡറുടെ മകനാകുന്നില്ല.

എന്തായാലും മുരളീധരന്റെ ഉള്ളിൽ ഭാവനാ സമ്പന്നമായ കവി ഹൃദയം ഒളിച്ചിരിപ്പുണ്ടായിരുന്നെന്ന് സാംസ്കാരിക ലോകത്തിന് മനസ്സിലായി. അത്യന്താധുനിക കവികളെപ്പോലെ ദുർഗ്രാഹ്യമായി പറഞ്ഞതുകൊണ്ടാകാം ചാനൽ മുറികളിൽ ചർച്ചാംദേഹികളുടെ അലർച്ചയൊന്നും കേട്ടില്ല. അതല്ലാ മുരളി ശ്ലോകങ്ങളൊന്നും നിർധാരണം ചെയ്യാൻ പാടവമുള്ളവരൊന്നും മലയാളരാജ്യത്തെ വാർത്താ അവതാരകരിലില്ലാത്തതുകൊണ്ടുമായിരിക്കും.

ട്യൂബ് ലൈറ്റ് പോലെയാണെന്ന് പറയുന്നത് വെറുതെയല്ലെന്നാണ് കോഴിക്കോട്ടെ പ്രസംഗം കേട്ടവരുടെ നിരീക്ഷണം. കോൺഗ്രസ്–- ഭജപ ധാരണ ഇപ്പോൾ ഉണ്ടായതല്ലെന്ന് ചിന്തിക്കണമായിരുന്നു. അച്ഛന്റെ കാലത്തേ തുടങ്ങിയതാണെന്ന് ഓർക്കണമായിരുന്നു. വടകര, ബേപ്പൂർ മോഡലോ നേമത്തെ കാര്യമോ ചെറുതായെങ്കിലും ഓർക്കണ്ടേ. തൃശൂരിൽ തോൽക്കാൻ യോഗ്യതയുള്ള ആരുണ്ടെന്ന അന്വേഷണത്തിൽ മുരളിയേക്കാൾ നല്ലപേര് എവിടെ കിട്ടാൻ. മന്ത്രിയായി വടക്കാഞ്ചേരിയിൽ മത്സരിച്ച് തോറ്റ പാരമ്പര്യമുള്ളയാളെയല്ലാതെ ആരെ നിർത്താൻ. ഇപ്പോൾ ചിന്തിച്ചതുപോലെ മുമ്പേ ചിന്തിച്ചിരുന്നെങ്കിൽ ഈ കരച്ചിലിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നാണ് ചോദ്യം. പറ്റിച്ചവരെയെല്ലാം ഇരുട്ടത്ത് കിടത്തി വെളിച്ചത്ത് ചോറുകൊടുക്കുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചതാണ് കെപിസിസി. അന്വേഷണ കമീഷനെയും നിയോഗിച്ചു. റിപ്പോർട്ട് കിട്ടി മാസം ഒന്നു കഴിഞ്ഞിട്ടും ആരെയും ഇരുട്ടത്തും വെളിച്ചത്തും കിടത്തുന്നില്ലെന്ന് മനസ്സിലായപ്പോഴാണ് ചെറിയ മുരൾച്ചയൊക്കെ തുടങ്ങിയത്. വി കെ എന്നിന്റെ വാക്കുകൾ കടമെടുത്ത് ‘അധികമായാൽ മുരളിയും വിഷമാണെന്ന്’ ചിന്തിക്കുന്ന പ്രബലരും ഉണ്ടെന്ന ടോക്കുണ്ട്.

ഇളിഭ്യരാകാൻ വിധിക്കപ്പെട്ടവർ
സർവജ്ഞപീഠം കയറിയവരാണ് മാധ്യമപ്രവർത്തകർ (മാപ്ര ) എന്നാണ് മാധ്യമ നിഘണ്ടുവിലെ വിവരണം. അണ്ഡകടാഹത്തിലെ സർവ ചരാചരങ്ങളെക്കുറിച്ചുമുള്ള അപാരമായ പാണ്ഡിത്യം വെളിപ്പെടുത്താനുള്ള മത്സരത്തിലാണ് ഓരോ സ്ഥാപനത്തിലെയും മാപ്രകൾ. എവിടെയും ക്ഷീണമോ കുറച്ചിലോ ഉണ്ടാകരുതെന്ന നിഷ്കർഷ ജീവിതചര്യയാക്കിയവരാണ് ഭൂരിപക്ഷവും. യജമാനന്മാരുടെ നിർലോഭമായ പിന്തുണയും ഇവർക്കുണ്ട്. കേരളത്തെ മാത്രമല്ല, ലോകത്തെതന്നെ ഞെട്ടിക്കുന്ന എസ്‌ക്ലൂസീവുകളാണ് ഈ കൊച്ചു കേരളത്തിൽനിന്നുയരുന്നത്. പ്രതീക്ഷിത ചെലവുകളുടെ നിവേദനത്തെ സർക്കാർ ചെലവാക്കി മാറ്റിയ വിസ്ഫോടനമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ ദർശിച്ചത്. മുമ്പേ നടക്കുന്ന ഗോവു തന്റെ പിമ്പേ നടക്കും ബഹുഗോക്കളെല്ലാം എന്ന് പറഞ്ഞതുപോലെ ഒരാളുടെ വിസ്ഫോടനം ഏറ്റുപിടിച്ച് തുടരെത്തുടരെ സ്ഫോടനം നടത്താനുള്ള മറ്റുള്ളവരുടെ കഴിവും സമ്മതിക്കണം. സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റുമെന്ന പഴമൊഴിയിൽ പതിരില്ലെന്ന് ആവർത്തിച്ച് തെളിയിച്ചിട്ടുള്ള വീരരാണിവർ. ജനാധിപത്യത്തെ താങ്ങിനിർത്തുന്ന നാലാം തൂണ് (പല്ലി ഉത്തരം താങ്ങുന്നതുപോലെയെന്ന് ജനം പറയാൻ തുടങ്ങിയിട്ട് കുറച്ചായി) പറയുന്നതു മാത്രമാണ് സത്യം. അന്വേഷണം, വിചാരണ, വിധി എല്ലാം നടത്താൻ അധികാരമുള്ള ഏക സ്ഥാപനമാണിത്. തങ്ങൾ കുറ്റം ചുമത്തുന്നവരെ ഉടൻ തുറുങ്കിലിടുകയോ തൂക്കി കൊല്ലുകയോ ചെയ്തില്ലെങ്കിൽ അത് മാധ്യമ അലക്ഷ്യമായും ഭരണാധികാരികളെ കഴിവുകെട്ടവരായും പ്രഖ്യാപിക്കും. സർക്കാരിന്റെ അന്വേഷണമോ റിപ്പോർട്ടോ ലവലേശം വിശ്വാസയോഗ്യമല്ലെന്ന സത്യം ഇവർക്ക് മാത്രമേ അറിയൂ. ആദ്യം ശിക്ഷ പിന്നീട് അന്വേഷണമെന്ന ന്യൂജൻ രീതിയുടെ വക്താക്കളാണിവർ. നട്ടുച്ചയ്‌ക്ക് കണ്ണടച്ചിട്ട് ഇപ്പോൾ രാത്രിയാണെന്ന് പറഞ്ഞാൽ അതിൽ മാറ്റമുണ്ടാകില്ല. കഥകൾ (പച്ച നുണ) പൊളിച്ചടുക്കുന്നവരുടെ മുന്നിൽ  ഇരുന്നു കൊടുക്കാനുള്ള തൊലിക്കട്ടിയും പ്രത്യേകം നേടിയിട്ടുണ്ട്. എന്നാലും തങ്ങൾ പിടിച്ച മുയലിന്റെ കൊമ്പിൽ ഊഞ്ഞാലാടുന്ന ജാലവിദ്യയും ഇവർ വശമാക്കിയിട്ടുണ്ടെന്നാണ് ജനസംസാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top