30 December Monday

അസർബൈജാനിലും 
പ്രതീക്ഷകൾ വാടുമോ

ഡോ. അബേഷ്‌ രഘുവരൻUpdated: Tuesday Nov 12, 2024

 

ആഗോളകാലാവസ്ഥാ ഉച്ചകോടിക്ക്‌ അസർബൈജാൻ എന്ന കുഞ്ഞുരാജ്യത്തിന്റെ തലസ്ഥാനമായ ബാകുവിൽ തുടക്കമായി. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ പാരിസ്ഥിതിക വിഷയങ്ങളിൽ പല അന്താരാഷ്ട്ര സമ്മേളനങ്ങളും പ്രഹസനമായി അവശേഷിക്കുന്നു എന്ന പരാമർശങ്ങൾക്കും പരാതികൾക്കും ഇടയിലാണ് ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതിസമ്മേളനം നടക്കുന്നത്. കോൺഫറൻസ് ഓഫ് പാർടീസ് (സിഒപി) എന്നപേരിൽ നടക്കുന്ന ഈ സമ്മേളനത്തിന്റെ 29 –-ാം  പതിപ്പാണ് ഈ മാസം 22 വരെ ബാകുവിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ‘സിഒപി 29' എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. 1995ൽ ബെർലിനിൽ ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടി എല്ലാ വർഷവും ഏതെങ്കിലുമൊരു രാജ്യത്തുവച്ചാണ് സംഘടിപ്പിക്കുന്നത്.

കാലാവസ്ഥാ ഉച്ചകോടി
ഫോസിൽ ഇന്ധനങ്ങളുടെ കയറ്റുമതിക്ക്‌ പേരുകേട്ട അസർബൈജാനിൽ ഇത്തവണ സമ്മേളനം നടക്കുമ്പോഴും, കാർബൺ ബഹിർഗമനത്തിൽ പിന്നിലല്ലാത്ത രാജ്യത്തുവച്ചു കാലാവസ്ഥാവ്യതിയാനത്തിനെതിരെ ആത്മാർഥമായി ചർച്ചകൾ നടക്കുമോയെന്ന സാമാന്യസംശയം ലോകത്തിനുണ്ട്. മാത്രമല്ല സമ്മേളനത്തിന്റെ പ്രസിഡന്റ് മുക്താർ ബാബയേവിന് എണ്ണക്കമ്പനികളുമായുള്ള മുൻബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന് നേതൃത്വം വഹിക്കാൻ യോഗ്യനാണോ എന്ന ചോദ്യവും ചർച്ചചെയ്യപ്പെടുകയാണ്. പുറംതോട് കണ്ടാൽ വലിയ സംഭവമെന്നു തോന്നിക്കുന്ന തീരുമാനങ്ങൾക്കപ്പുറം ക്രിയാത്മകമായ ഒരു തുടർപ്രവർത്തനങ്ങളും നടക്കാതെയിരിക്കുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനങ്ങളിൽ ഒന്നുകൂടി എന്നതിനപ്പുറം, അസർബൈജാനിൽ എന്തെങ്കിലും പ്രതീക്ഷ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഇത്തവണ ഒരുപക്ഷേ ഏറ്റവുമധികം ഗൗരവമായി ചർച്ചചെയ്യാൻ പോകുന്ന വിഷയം പരിസ്ഥിതി സാമ്പത്തിക അസന്തുലിതാവസ്ഥ തന്നെയായിരിക്കും എന്നകാര്യത്തിൽ സംശയമില്ല. പാരിസ് ഉടമ്പടിയിൽ തീരുമാനിക്കപ്പെട്ട, ദരിദ്രരാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും വികസിതരാജ്യങ്ങൾ സാമ്പത്തികസഹായം നൽകണമെന്ന ഉടമ്പടി കൃത്യമായി പാലിക്കപ്പെടാതെ പോകുന്ന അവസ്ഥ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കും. ലോകത്തെ ഹരിതഗൃഹ വാതകങ്ങളിൽ ബഹുഭൂരിപക്ഷവും ഉൽപ്പാദിപ്പിക്കുന്നത് അമേരിക്കയടക്കമുള്ള ധനിക രാജ്യങ്ങളാണ്. അവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങൾ പേറുന്നതാകട്ടെ ദരിദ്രരായ രാജ്യങ്ങളും. ഇത്തരത്തിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയെ മറികടക്കാനായാണ് കാർബൺ കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങൾ ദരിദ്രരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ആശയം മുന്നോട്ടുവച്ചതും അംഗീകരിക്കപ്പെട്ടതും. എന്നാൽ തീരുമാനങ്ങൾക്കപ്പുറം ഇത് നൽകാനോ കാർബൺ ബഹിർഗമനം കുറയ്ക്കാനോ വികസിത രാജ്യങ്ങൾ തയ്യാറാകാത്ത സാഹചര്യത്തിൽ അസർബൈജാനിൽ എങ്കിലും ഒരു ശക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോടാനുകോടി ജീവികൾ അധിവസിക്കുന്ന ഈ  ഭൂമിയെത്തന്നെ തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരേയൊരു ജീവിവർഗം മനുഷ്യൻ മാത്രമാണ് എന്നുകേൾക്കുമ്പോൾ നമ്മുടെ തല അപമാനഭാരം മൂലം താഴണം.

മുമ്പെങ്ങും ഉണ്ടാകാത്തതരത്തിൽ ഗൗരവമായി കാലാവസ്ഥാവ്യതിയാനത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത് രണ്ടുവർഷം മുമ്പ് പുറത്തിറങ്ങിയ ഐപിസിസിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് ഐക്യരാഷ്‌ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ‘മനുഷ്യരാശിക്ക്‌ ഒരു ചുവപ്പുസിഗ്‌നൽ' എന്ന് വിശേഷിപ്പിച്ചതു മുതലാണ്. ‘ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതും വനനശീകരണവും മൂലം ഹരിതഗൃഹവാതകങ്ങളുടെ ബാഹുല്യം നമ്മുടെ ഭൂലോകത്തെ അതിഗൗരവമായ ഭീഷണിയിൽ എത്തിച്ചിരിക്കുന്നു.' എന്നാണ്‌ അദ്ദേഹം റിപ്പോർട്ടിനുമേൽ അഭിപ്രായം രേഖപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമായിരുന്നില്ല. ലോകമെമ്പാടുമുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞർ വലിയ ഭയാശങ്കകളാണ് ഇതിൽ പ്രകടിപ്പിച്ചത്.കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച റിപ്പോർട്ട് ഓരോ ഏഴുവർഷം കൂടുമ്പോഴുമാണ് ഐപിസിസി തയ്യാറാക്കുന്നത്. ലോകമെമ്പാടുമുള്ള പ്രഗത്ഭരായ കാലാവസ്ഥാ ശാസ്ത്രജ്ഞർ ചേർന്നാണ് അത് തയ്യാറാക്കുന്നത്. റിപ്പോർട്ടിൽ ഉടനീളം കണ്ണോടിച്ചാൽ മനുഷ്യൻ തന്നെയാണ് പ്രതിസ്ഥാനത്തു നിൽക്കുന്നത്. കോടാനുകോടി ജീവികൾ അധിവസിക്കുന്ന ഈ  ഭൂമിയെത്തന്നെ തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരേയൊരു ജീവിവർഗം മനുഷ്യൻ മാത്രമാണ് എന്നുകേൾക്കുമ്പോൾ നമ്മുടെ തല അപമാനഭാരം മൂലം താഴണം.

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ ആയുസ്സ് വർഷങ്ങൾ കടന്ന് നൂറ്റാണ്ടുകളിലേക്ക് നീളുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. അതായത്, മനുഷ്യരാശിയുടെ മുഴുവൻ ആയുസ്സും നാമിപ്പോൾത്തന്നെ ഉൽപ്പാദിച്ചുകഴിഞ്ഞിട്ടുള്ള കാർബൺ ഡയോക്സൈഡിന്റെ ദോഷഫലങ്ങൾ അനുഭവിക്കും എന്നർഥം. ഭൂമിയിലേക്ക് കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ ചൂടിനെ തിരികെ പ്രതിഫലിപ്പിക്കാതെ അന്തരീക്ഷത്തിൽ തന്നെ അടക്കിനിർത്തുന്നു. അതുവഴി ആഗോളതലത്തിൽ താപനില ഉയരുകയും, വലിയ ഐസ് മലകൾ ഉരുകുകയും, ആ ജലം കടലുകളിലേക്ക് കൂട്ടമായി എത്തുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ചൂട് വർധിക്കുന്നതിനനുസരിച്ചു കടൽ ചൂടാകുകയും മത്സ്യസമ്പത്ത്‌ വലിയതോതിൽ നശിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പരിഹരിക്കാൻ കഴിയുന്നതിനുമപ്പുറം ഭൂലോകത്തിന്റെ കാലാവസ്ഥാവ്യതിയാനം എത്തിനിൽക്കുകയാണ്. പക്ഷേ, എന്നിട്ടും നാമിപ്പോഴും അതിനെ ഇതുവരെ ഗൗരവകരമായി സമീപിച്ചിട്ടില്ല എന്നതാണ് വാസ്‌തവം.

ഉച്ചകോടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള തീരുമാനങ്ങളെപ്പറ്റിയും ചർച്ചകൾ കൊണ്ടുപിടിച്ചുനടക്കുന്നുണ്ട്. വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്‌ക്കുക, വനനശീകരണം തടയുക, കൂടാതെ, കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന തീരദേശമേഖലകളിൽ കൂടുതൽ ധനസഹായം നൽകുക എന്നതടക്കമുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ, കാർബൺ ഓഫ്‌സെറ്റിങ് , കാർബൺ സെക്വസ്ട്രേഷൻ തുടങ്ങിയ ശാസ്ത്രീയ രീതികൾ ത്വരിതപ്പെടുത്തുന്ന വിഷയങ്ങളിലും തീരുമാനം ഉണ്ടായേക്കാം. 2030 ഓടെ ഹരിതവാതകങ്ങളുടെ പുറന്തള്ളൽ വലിയ അളവിൽ കുറയ്‌ക്കുകയും, 2050 ഓടെ അവ പൂർണമായും ഒഴിവാക്കുകയും ചെയ്യുക എന്നതാകും ഉച്ചകോടിയിൽ ഉണ്ടാകാൻ പോകുന്ന ആത്യന്തികമായ തീരുമാനങ്ങളിൽ പ്രധാനം. ക്രിയാത്മക ചർച്ചകളോടെ, കാലാവസ്ഥാ വ്യതിയാനം പൂർണമായും ഇല്ലാതാക്കാൻ കഴിയുന്ന ശക്തമായ തീരുമാനങ്ങളെടുക്കുന്ന വേദിയായി അസർബൈജാൻ ഉച്ചകോടി മാറട്ടെ എന്ന് പ്രത്യാശിക്കാം. വെറുമൊരു ഉച്ച കോടി മാത്രമാകാതിരിക്കട്ടെ.

(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top