22 December Sunday

ഇരുളുന്ന ഭാവി നോവും മനസ്സുകൾ ; ഇന്ത്യയിൽ തൊഴിൽ ഒരു സ്വപ്‌നം

മധു നീലകണ്‌ഠൻUpdated: Saturday Jul 20, 2024

 

ഇന്ത്യയുടെ ഐഐടികളിൽനിന്നും ഐഐഎമ്മുകളിൽനിന്നും പഠിച്ചിറങ്ങുന്നവർപോലും തൊഴിൽ തേടി അലയുന്ന സാഹചര്യം. 2019-–- 23ൽ ഡൽഹി ഐഐടിയിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർഥികളിൽ 22 ശതമാനം പേർക്കും ഒരു തൊഴിലും തരായില്ല.  ലഖ്‌നൗ ഐഐഎമ്മും മറ്റു സ്ഥാപനങ്ങളും തങ്ങളുടെ വിദ്യാർഥികൾക്ക് എവിടെയെങ്കിലും തൊഴിലവസരങ്ങൾ സംഘടിപ്പിക്കാൻ അലുമ്നി അസോസിയേഷനുകളോട് അഭ്യർഥിച്ചിരിക്കുന്നു.  ഇന്ത്യയിലെ തൊഴിൽ സാഹചര്യങ്ങളെ മുൻനിർത്തി അന്താരാഷ്ട്ര തൊഴിൽ സംഘടനയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റും ഇക്കൊല്ലം പ്രസിദ്ധീകരിച്ച റിപ്പോർട്ടു പ്രകാരം രാജ്യത്തെ തൊഴിൽരഹിതരിൽ 82.9 ശതമാനവും യുവജനങ്ങളാണ് (ബിസിനസ് ലൈൻ ജൂലൈ 5, 2024). അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ 2000-ൽ 54.2 ശതമാനമായിരുന്നത് 2022ൽ 65.7 ശതമാനമായി കൂടി. അത്‌ പിന്നെയും കൂടിക്കൊണ്ടിരിക്കുന്നു. അടുത്തിടെ, റെയിൽവേയിൽ ലെവൽ വൺ തസ്തികയിലെ (ട്രാക്ക് അറ്റകുറ്റപ്പണി, ഹെൽപ്പർമാർ, അറ്റൻഡർമാർ) 63,202 ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ടുകോടിപ്പേർ. ഇരുളുന്ന ഭാവിയും നോവുന്ന മനസ്സുമായി അലയുകയാണ് ഇന്ത്യൻ യുവത.
ഇത്തരം റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് രാജ്യത്തെ തൊഴിലില്ലായ്മ ഈ ജൂണിൽ എട്ടുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന കണക്കും പുറത്തുവന്നത്. 9.2 ശതമാനം. മേയിൽ ഏഴു ശതമാനമായിരുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (സിഐഎംഇ) റിപ്പോർട്ടു പ്രകാരം 2023 ജൂണിൽ 8.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ. അതിപ്പോൾ  9.2 ശതമാനമായി. ഇന്ത്യ വലിയ സാമ്പത്തിക വളർച്ചക്കണക്കുകൾ പറയുന്നുണ്ടെങ്കിലും തൊഴിലിന്റെ സ്ഥിതി പരമ ദയനീയമാണെന്ന് ആഗോള ധനസ്ഥാപനമായ സിറ്റി ഗ്രൂപ്പിന്റെ പഠനവും അടുത്തിടെ ചൂണ്ടിക്കാട്ടി. അതെ, ഇന്നത്തെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് തൊഴിലില്ലായ്മതന്നെ. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ.

തൊഴിലില്ലായ്മ കേവലം ശതമാനക്കണക്കിന്റെ കാര്യമല്ല. കോടിക്കണക്കിനു മനുഷ്യർക്ക് ജീവിക്കാൻ ഒരു വഴിയുമില്ലെന്ന യാഥാർഥ്യമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് ഇറങ്ങിച്ചെന്നാൽ ഈ യാഥാർഥ്യം തൊട്ടറിയാം. ഒരു ജനതയുടെ നിലനിൽപ്പ്‌ നിർണയിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനകാര്യം ജീവിക്കാനാവശ്യമായ സാഹചര്യമാണ്. അതിൽ പരമപ്രധാനം തൊഴിലും വരുമാനവുമാണ്.  സാധാരണ ജനങ്ങൾക്ക് തൊഴിലും വരുമാനവുമുണ്ടെങ്കിലേ സമ്പദ്‌വ്യവസ്ഥ ചലിക്കുകയുള്ളൂ എന്നതും ഇതോടൊപ്പം ചേർത്തുവയ്ക്കണം. വരുമാനമായി കിട്ടുന്ന പണം കമ്പോളത്തിലെത്തിയാൽ സാധനങ്ങൾക്ക് ഡിമാൻഡുണ്ടാകും. അതുവഴി ഉൽപ്പാദനം വർധിക്കും. പുതിയ മുതൽമുടക്കുകളുണ്ടാകും. അപ്പോൾ വീണ്ടും തൊഴിൽസാധ്യതയുണ്ടാകും.

മനുഷ്യരുടെ ദുരിതങ്ങളോട് കരുണാർദ്രമായ ഒരു സമീപനവുമില്ലാത്ത നവ ഉദാര സാമ്പത്തികനയം നടപ്പാക്കുന്ന രാജ്യങ്ങളിലെല്ലാം തൊഴിലില്ലായ്മ രൂക്ഷമാണ്.  ഇന്ത്യയിൽ ആ നയം തീവ്രമായി നടപ്പാക്കുന്നു. ജനതയ്‌ക്ക് ജീവിക്കാനുള്ള ആശയും അവകാശവും നേടിക്കൊടുക്കേണ്ട ഭരണാധികാരികൾ ജനതയെ അനാഥത്വത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിവിടുന്നതാണ് നവ ഉദാരനയം. എല്ലാ മേഖലയിൽനിന്നും സർക്കാർ പിൻവാങ്ങി സർവത്ര സ്വകാര്യവൽക്കരിക്കുന്നു. സർക്കാരിന്റെ ചെലവു ചുരുക്കൽ ഈ നയത്തിന്റെ പ്രധാന ഭാഗമാണ്. അതിനാൽ കേന്ദ്ര സർക്കാർ സർവീസുകളിലും  ഇതേനയം നടപ്പാക്കുന്ന സംസ്ഥാന സർക്കാർ സർവീസുകളിലും ഒഴിവുകൾ നികത്തുന്നില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നില്ല. നിലവിലുള്ള തസ്തികകൾ വെട്ടിച്ചുരുക്കുന്നു.  കേന്ദ്ര സർവീസിൽമാത്രം പത്തുലക്ഷത്തിലേറെ തസ്തിക ഒഴിഞ്ഞു കിടപ്പുണ്ടെന്നാണ് ഏതാനും ദിവസങ്ങൾക്കു മുന്നേ വന്ന ഒരു റിപ്പോർട്ട്. റെയിൽവേയിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ അപകടങ്ങൾ വർധിച്ചിട്ടും ഒഴിവുകൾ നികത്താൻ മതിയായ നടപടിയില്ല. പൊതുതെരഞ്ഞെടുപ്പിൽ, ജനങ്ങൾ ആകുന്നത്ര ശക്തിയിൽ ബിജെപിക്ക് പ്രഹരം നൽകിയെങ്കിലും തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാക്കുന്ന നയം തിരുത്തുമെന്ന ഒരു സൂചനയുമില്ല. ബ്രിട്ടനിലും ഫ്രാൻസിലുമെല്ലാം അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ നവഉദാര നയത്തിനെതിരായ ജനരോഷം പ്രകടമായിരുന്നു. അതെല്ലാം മോദി ഭരണത്തിന് പാഠമാകേണ്ടതാണ്.


 

ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ, ഇപ്പോൾ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ, മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രയാണം എന്നൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും തുടർച്ചയായി ഘോഷിക്കുന്നതിനിടെയാണ് തൊഴിലില്ലായ്മ ഓരോ ദിവസവും പെരുകുന്നത്. 2023–--24 ധന വർഷത്തിൽ മൊത്തം ആഭ്യന്തരോൽപ്പാദനം (ജിഡിപി) 8.2 ശതമാനം വളർച്ച നേടിയെന്നാണ് ഔദ്യോഗിക അവകാശവാദം. ഇത് യഥാർഥ വളർച്ചയെങ്കിൽ തൊഴിലും വരുമാനവും വർധിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇപ്പറയുന്ന വളർച്ച ഒരു തൊഴിലും സൃഷ്ടിക്കുന്നില്ല. രാജ്യത്തിന്റെ മൊത്തം ആസ്തിയിൽ 41 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനംമാത്രം വരുന്ന അതിസമ്പന്നരുടെ കൈയിലാണെന്ന് അറിയുമ്പോൾ സാമ്പത്തികവളർച്ചയുടെ ദിശയേതെന്ന് അറിയാൻ വിഷമമില്ല. തൊഴിലില്ലായ്മയുടെ ശരിയായ കണക്ക് പ്രസിദ്ധീകരിക്കാൻപ്പോലും സർക്കാർ തയ്യാറല്ല.  നഗരപ്രദേശങ്ങളിലെ ലേബർ ഫോഴ്സ് സർവേ നേരത്തേ എല്ലാ മാസവും സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴതില്ല. ഓരോ വർഷവും ഒരുകോടിയാളുകൾ വീതമാണ് തൊഴിൽരഹിതരുടെ സേനയിലേക്ക് എത്തുന്നതെന്ന് ഒരു പഠനം പറയുന്നു. പ്രതിവർഷം രണ്ടുകോടി പേർക്കെങ്കിലും തൊഴിൽ നൽകിയാൽ മാത്രമേ പത്തുകൊല്ലം കൊണ്ടെങ്കിലും തൊഴിലില്ലായ്മ ഒരു പരിധിവരെ പരിഹരിക്കാനാകൂ.യുവജനങ്ങളുടെ തൊഴിലില്ലായ്മപോലെതന്നെ രൂക്ഷമാണ് സ്ത്രീകളുടെ തൊഴിലില്ലായ്മയും. ഈ ജൂണിൽ അത് 18.5 ശതമാനം. കഴിഞ്ഞ വർഷം ജൂണിൽ 15.1 ശതമാനമായിരുന്നു.

വലിയൊരു ആഗോള ഗൂഢാലോചനയുടെ "എഞ്ചുവടി' യാണ് നവഉദാര നയം. അത് അക്ഷരംപ്രതി നടപ്പാക്കുകയായിരുന്നു ഇവിടെ. ആ നയം ഇന്ത്യയുടെ ഉൽപ്പാദനഘടനതന്നെ തകർത്തു. ഇവിടത്തെ മനുഷ്യർക്കും നമ്മുടെ വിഭവസഞ്ചയത്തിനും അനുയോജ്യമായ ഉൽപ്പാദന സമ്പ്രദായമാണ് നമ്മൾ രൂപപ്പെടുത്തേണ്ടത്. അങ്ങനെ നോക്കുമ്പോൾ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയ്‌ക്ക് വലിയ പരിഗണന വേണം. പക്ഷേ, കാർഷിക മേഖലയെ മോദിഭരണം തകർത്തു തരിപ്പണമാക്കി. ചെറുകിട നാമമാത്ര കൃഷിക്കാർ കർഷകത്തൊഴിലാളികളായി മാറി. കർഷകത്തൊഴിലാളികൾ തൊഴിലുറപ്പ് തൊഴിൽ തേടി അലയുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ബിരുദധാരികളും അതിനപ്പുറവും വിദ്യാഭ്യാസ യോഗ്യതയുള്ളവർ തൊഴിലുറപ്പ് തൊഴിലെങ്കിലും കിട്ടുമോയെന്ന് അറിയാൻ വരിനിൽക്കുന്നത് മറ്റൊരു ദയനീയ ചിത്രം. സമ്പദ്‌വ്യവസ്ഥയുടെ അനൗപചാരിക മേഖലകൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ എന്നിവിടങ്ങളിലൊക്കെയാണ് വലിയ തോതിൽ ആളുകൾ തൊഴിലെടുത്ത് ജീവിച്ചത്. നോട്ട് നിരോധവും ചരക്ക് സേവന നികുതിയുടെ നൂലാമാലകളും ഈ മേഖലകളെയും തകർത്തു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതുമൂലം  അവിടെയും തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നു.

ഔദ്യോഗിക കണക്കുകൾപ്രകാരംതന്നെ തൊഴിലുള്ളവർ തൊഴിൽരഹിതരായി മാറുന്ന സാഹചര്യവും വെളിപ്പെടുന്നുണ്ട്‌. ദേശീയ സാമ്പിൾ സർവേ ഓഫീസ്‌ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്‌ അസംഘടിത മേഖലയിൽ ഏഴുവർഷത്തിനിടെ 30 ലക്ഷം തൊഴിലാളികൾ തൊഴിൽരഹിതരായി.    എന്നാൽ, രാജ്യം ഭരിക്കുന്നവർക്ക് ഇതിലൊന്നും ഒരു ഉൽക്കണ്ഠയുമില്ല. കേന്ദ്ര സർക്കാർ കൂടുതൽ  മുതൽ മുടക്കി തൊഴിൽസാധ്യതകൾ വർധിപ്പിക്കുകയും പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ഒഴിവുകൾ നികത്തുകയും ചെയ്യുകയാണ് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള വഴി. അതൊക്കെ സാധ്യമാകണമെങ്കിൽ, നവഉദാര നയമെന്ന പേരിൽ 1991 മുതൽ മുന്നോട്ടുവച്ച പിഴച്ച ചുവടുകൾ പിന്നോട്ടെടുക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top