08 September Sunday

മുഖംതിരിച്ച്‌ ഓഹരിവിപണി ; വൻതോതിൽ വിറ്റഴിച്ച് നിക്ഷേപകർ

വാണിജ്യകാര്യ ലേഖകന്‍Updated: Wednesday Jul 24, 2024


കൊച്ചി
കേന്ദ്ര ബജറ്റ്‌ പ്രഖ്യാപനദിനത്തിൽ വൻതോതിൽ ഓഹരി വിറ്റഴിച്ച് നിക്ഷേപകർ. ബിഎസ്ഇ സെൻസെക്സ്‌, എൻഎസ്‌ഇ നിഫ്‌റ്റി സൂചികകൾ തകർച്ച രേഖപ്പെടുത്തി. കോർപറേറ്റ് കമ്പനികളെ പ്രീതിപ്പെടുത്താൻ വിദേശസ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായി കുറച്ചതും വളർച്ച കൈവരിക്കുമെന്ന സർക്കാരിന്റെ അവകാശവാദവും വിപണി മുഖവിലയ്ക്കെടുത്തില്ലെന്ന് വ്യക്തമാക്കുന്നതാണ്‌ സൂചികകളുടെ തകർച്ച.

നേട്ടത്തോടെയാണ്‌ ചൊവ്വാഴ്ച തുടക്കമെങ്കിലും ബജറ്റ് അവതരണം തുടങ്ങിയതോടെ ക്രമേണ എല്ലാം കൈവിട്ടുപോയി. ദീർഘകാല മൂലധന നേട്ടത്തിനുള്ള (എൽടിസിജി) നികുതി 10 ശതമാനത്തിൽനിന്ന്‌ 12.5 ശതമാനമായി ഉയർത്തുമെന്ന പ്രഖ്യാപനത്തോടെ വിപണി കൂപ്പുകുത്തി. ബിഎസ്ഇ സെൻസെക്സ് 1277 പോയിന്റിലധികം നഷ്ടപ്പെട്ട് 79,224.32ലേക്കും എൻഎസ്ഇ നിഫ്റ്റി 24,074.20ലേക്കും താഴ്ന്നു. പിന്നീട് നില മെച്ചപ്പെടുത്തിയ സെൻസെക്സ് ഒടുവിൽ 73.04 പോയിന്റ് (0.09 ശതമാനം) നഷ്ടത്തിൽ  80,429.04 ലും നിഫ്റ്റി 30.20 പോയിന്റ് (0.12 ശതമാനം) താഴ്ന്ന് 24,479.05 ലും വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക്, ക്യാപിറ്റൽ ​ഗു‍ഡ്സ്, മെറ്റൽ, ഓയിൽ ആൻഡ് ​ഗ്യാസ്, റിയാൽറ്റി മേഖലകളാണ് വിപണിക്ക് ആഘാതമേൽപ്പിച്ചത്. ബാങ്ക് സൂചിക 1.08 ശതമാനം നഷ്ടത്തിലായി. കൊച്ചിൻ ഷിപ്‌-യാർഡ് ഓഹരി 2.83 ശതമാനം നഷ്ടം നേരിട്ടു.

2020 ഫെബ്രുവരി ഒന്നിനും കഴിഞ്ഞ ഇടക്കാല ബജറ്റ് ദിനത്തിലും ഒഴികെ എല്ലാ ബജറ്റ് ദിനത്തിലും ഓഹരിവിപണി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ബജറ്റ്‌ പ്രഖയാപന ദിനത്തിൽ കഴിഞ്ഞ വർഷം സെൻസെക്സ് 158.18പോയിന്റ് നേട്ടത്തോടെ 59,708.08ലേക്ക് ഉയർന്നിരുന്നു.

ആദായനികുതിയില്‍ 
അൽപ്പാശ്വാസം
ആദായ നികുതിദായകരെ നിരാശപ്പെടുത്തി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് . ശമ്പള വരുമാനക്കാർ ഏറെ പ്രതീക്ഷവച്ച സ്‌റ്റാൻഡേർഡ് ഡിഡക്‌ഷനിൽ വർഷത്തിൽ 25,000 രൂപ മാത്രമാണ് അധിക ഇളവ് അനുവദിച്ചത്. 2020ലെ ബജറ്റിൽ സ്‌റ്റാൻഡേർഡ് ഡിഡക്‌ഷൻ  50000 രൂപയായിരുന്നു. നിലവിൽ 75000 ആയി.
ജീവിത ചെലവ് വൻതോതിൽ ഉയർന്ന സാഹചര്യത്തിൽ കുറഞ്ഞത് ഒരു ലക്ഷമാക്കി ഉയർത്തുമെന്നായിരുന്നു പ്രതീക്ഷ. കുടുംബ പെൻഷനിൽ നികുതി ഇളവ് 15,000 രൂപയിൽനിന്ന് 25,000 രൂപയാക്കിയിട്ടുണ്ട്‌. 

● നികുതി ഇളവിന് അർഹമായ വരുമാനപരിധി ഏഴു  ലക്ഷം.  അടിസ്ഥാന ആദായനികുതിയിളവ് പരിധി മൂന്നു ലക്ഷം.
● 3 മുതൽ 7 ലക്ഷം രൂപവരെ –- അഞ്ച് ശതമാനം
●7മുതൽ 10 ലക്ഷം  വരെ 
– -10 ശതമാനം
●10 മുതൽ 12  ലക്ഷംവരെ 
–- 15 ശതമാനം
●12 മുതൽ 15 ലക്ഷംവരെ 
–- 20 ശതമാനം
● 15 ലക്ഷത്തിന് മുകളിൾ 
–- 30 ശതമാനം
● ഉദാഹരണം: ശമ്പളം 
ഒരു വർഷം 9,60,000 രൂപ
(മാസം–-80000)

പുതിയ സ്കീം:
സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ  75,000 രൂപ
നികുതി ബാധകമായ ശമ്പളം 8,85,000 രൂപ

● മറ്റു വരുമാനം (വാർഷികം)
സേവിങ്സ് ബാങ്ക് പലിശ 5360 രൂപ
സ്ഥിര നിക്ഷേപ പലിശ  28,000 രൂപ
ആകെ 33,360 രൂപ
80 സിസിഡി (2) പ്രകാരം പെൻഷൻ സ്കീമിലേക്ക് തൊഴിൽ ഉടമ അടയ്ക്കുന്ന വിഹിതം (ഇളവ് ലഭിക്കും)  50,000 രൂപ
ആകെ വരുമാനം 918,360 –- 50,000 - -= 868,360 രൂപ

● ആദായനികുതി
മൂന്ന് ലക്ഷംവരെ നികുതി ഇല്ല.
മൂന്ന് മുതൽ ഏഴ് ലക്ഷംവരെ (5%) 20,000 രൂപ
ഏഴ് മുതൽ 868,360 രൂപവരെ (10%) 16,836 രൂപ
ആരോ​ഗ്യ, വിദ്യാഭ്യാസ സെസ് (4%) 1473 രൂപ
ആകെ നികുതി 38,309 രൂപ
(കഴിഞ്ഞ ബജറ്റിലെ പുതിയസ്‌കീം അനുസരിച്ച്‌ ( സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ –-50000)
 നികുതി 46,109 രൂപ നൽകണമായിരുന്നു )
(ഇളവുകൾ ബാധകമായ പഴയ സ്കീം പ്രകാരമാണെങ്കിൽ
15,184 രൂപ ആദയാനികുതി നൽകിയാൽ മതിയായിരുന്നു) . ബജറ്റ്‌ പ്രസംഗത്തിൽ പഴയസ്‌കീമിനെകുറിച്ച്‌ മിണ്ടിയതേയില്ല.

പവന്  
2000 രൂപ 
കുറഞ്ഞു
സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽനിന്ന്‌ ആറ് ശതമാനമായി കുറച്ചതോടെ സ്വർണവില കുത്തനെ താഴ്ന്നു. ചൊവ്വ രാവിലെ പവന്‌ 53,960 രൂപയായിരുന്നത്‌ ഉച്ചയോടെ 2000 രൂപ കുറഞ്ഞ്‌ 51,960 രൂപയും ​​ഗ്രാമിന് 6,495 രൂപയുമായി. പുതിയ വിലപ്രകാരം ഒരുപവൻ ആഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും ഹാൾ മാർക്കിങ് നിരക്കും ഉൾപ്പെടെ 56,239 രൂപ വേണം. വെള്ളിയുടെ ഇറക്കുമതിത്തീരുവയും ആറ് ശതമാനമാക്കി കുറച്ചു.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top