22 December Sunday

അനീതിയുടെ ബജറ്റ്‌ - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

 

രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദേശങ്ങൾ ഒന്നുമില്ലാത്ത ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ക്രയശേഷിക്കുറവ്, സാമ്പത്തിക അസമത്വം എന്നിവയാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സാമ്പത്തിക വിഷയങ്ങൾ. ഇവയ്‌ക്ക് അടിസ്ഥാനപരമായ പരിഹാരം കാണാൻ നിർമല സീതാരാമൻ തന്റെ തുടർച്ചയായ ഏഴാം ബജറ്റിൽ വൻ പദ്ധതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഫലം നിരാശാജനകമായിരുന്നു. രാജ്യം മൂന്ന് പതിറ്റാണ്ടായി തുടരുന്ന നിയോലിബറൽ നയത്തിൽനിന്ന്‌ വ്യതിചലിക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് ചൊവ്വാഴ്ചത്തെ ബജറ്റിലും നിഴലിച്ചത്. അതുകൊണ്ടുതന്നെ മേൽസൂചിപ്പിച്ച വിഷയങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിൽ ബജറ്റ് പൂർണമായും പരാജയപ്പെടുകയും ചെയ്തു.

സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ അതിവിപുലമാക്കുകയും ചെലവ് വർധിപ്പിക്കുകയും അതുവഴി കൂടുതൽ പണം ജനങ്ങളുടെ കൈവശം എത്തുകയും ചെയ്താൽ മാത്രമേ മേൽപ്പറഞ്ഞ വിഷയങ്ങൾ പരിഹരിക്കാൻ കഴിയൂ. റവന്യു വരുമാനം 14.5 ശതമാനം വർധിച്ച സാഹചര്യത്തിൽ അത്രയും തുകയോ അതിൽ കൂടുതലോ ചെലവാക്കി ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ചാൽ, തൊഴിലില്ലായ്മയും വരുമാനക്കുറവും അടക്കമുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമായിരുന്നു. എന്നാൽ, അതിനല്ല സർക്കാരിന് താൽപ്പര്യം. ചെലവ് 5.94 ശതമാനം വർധിപ്പിക്കാനേ സർക്കാർ തയ്യാറുള്ളൂ. ബാക്കിയുള്ള എട്ട് ശതമാനത്തിലധികം തുക ധനകമ്മി പരിഹരിക്കാനാണ് ചെലവാക്കുന്നത്. ഇതിന്റെ ഗുണം വിദേശ ധനമൂലധന ശക്തികൾക്കായിരിക്കും ലഭിക്കുക.

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷയേക്കാൾ വൻകിട ഫിനാൻസ് മൂലധനശക്തികളുടെ സുരക്ഷയാണ് മോദി സർക്കാരിന് പ്രധാനം എന്നതിനാലാണിത്.
അതോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കാൻ എന്നു പറഞ്ഞ് ബജറ്റിൽ ചില പദ്ധതികളൊക്കെ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്രസർവീസിൽ പത്തു ലക്ഷത്തിൽ അധികമുള്ള  ഒഴിവുകൾ നികത്തുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. 9.2 ശതമാനമായി ഉയർന്ന തൊഴിലില്ലായ്മയ്‌ക്ക് അൽപ്പം ആശ്വാസം നൽകുന്ന നടപടിയായിരിക്കും ഈ ഒഴിവുകൾ നികത്തലെന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർതലത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പകരം സ്വകാര്യ കോർപറേറ്റ് മൂലധനശക്തികളോട് ആവശ്യപ്പെടുകയാണ് മോദിസർക്കാർ ചെയ്യുന്നത്. അതിന്റെ പേരിലും കോർപറേറ്റുകൾക്ക് സബ്സിഡി നൽകാനാണ് തയ്യാറാകുന്നത്. ഇതിൽനിന്ന്‌ രണ്ടു കാര്യം വ്യക്തമാണ്. ഒന്ന് വൻ സാമ്പത്തികവളർച്ച നേടിയെന്ന് പറയുമ്പോഴും അത് തൊഴിൽ സൃഷ്ടിക്കുന്നില്ല എന്ന യാഥാർഥ്യം സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. രണ്ടാമതായി തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് സവിശേഷമായ ഒരു പദ്ധതിയും മുന്നോട്ടുവയ്‌ക്കാനില്ലെന്ന കാര്യവും പകൽപോലെ വ്യക്തമായിരിക്കുന്നു.


 

രാജ്യത്തെ  60 ശതമാനത്തോളം പേർ ഇന്നും ഉപജീവനം കഴിക്കുന്നത് കാർഷികമേഖലയെ ആശ്രയിച്ചാണ്. കർഷകർ വർഷങ്ങളായി മുന്നോട്ടുവയ്‌ക്കുന്ന ആവശ്യം ഉൽപ്പന്നങ്ങൾക്ക് താങ്ങുവില ലഭിക്കുമെന്നതിന് നിയമപരമായ ഉറപ്പ് ലഭിക്കണമെന്നാണ്. എന്നാൽ, ഇക്കുറിയും ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഉൽപ്പാദനക്കുറവല്ല, മറിച്ച് ന്യായവില ലഭിക്കാത്തതാണ് വിഷയം. അതിനു പരിഹാരം കാണാതെ കാർഷികമേഖലയുടെ കോർപറേറ്റുവൽക്കരണത്തിലൂടെ ഉൽപ്പാദന വർധന നേടാനുള്ള പദ്ധതികളാണ് ബജറ്റിലുള്ളത്. എന്നാൽ, രാസവള സബ്‌സിഡി കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 24,894 കോടിയാണ് കുറച്ചിട്ടുള്ളത്. 34.7 ശതമാനത്തിന്റെ ഈ വെട്ടിക്കുറവ് വരുത്തുമ്പോൾ കാർഷിക ഉൽപ്പാദനം കൂടുകയല്ല കുറയുകയാണ് ചെയ്യുകയെന്ന് ആർക്കാണ് അറിയാത്തത്. രാസവള സബ്സിഡി മാത്രമല്ല, ഭക്ഷ്യ സബ്സിഡിയിലും വെട്ടിക്കുറവ് വരുത്തി. പട്ടിണിയിലേക്ക് വഴുതിവീഴുന്ന ജനങ്ങൾക്ക് ഏറ്റവും ആശ്വാസകരമായ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. അതിനാകട്ടെ 86,000 കോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. അതിൽ പകുതിയും ഈ സാമ്പത്തിക വർഷത്തെ ആദ്യ നാലുമാസത്തിൽ ചെലവാക്കിയതിനാൽ അടുത്ത എട്ടു മാസത്തേക്ക് ചെലവാക്കാൻ തുച്ഛമായ തുകയേ ബാക്കിയുണ്ടാകൂ. പദ്ധതി അവതാളത്തിലാകുമെന്ന് ഉറപ്പായി. ആശുപത്രി ചെലവ് കാരണം അഞ്ചരക്കോടി പേർ വർഷംതോറും ദാരിദ്ര്യരേഖയ്‌ക്ക് കീഴിലാകുന്ന രാജ്യത്ത് ആരോഗ്യമേഖലയ്‌ക്ക് നീക്കിവച്ചിട്ടുള്ളത് മൊത്തം ബജറ്റിന്റെ 1.8 ശതമാനം മാത്രമാണ്. പാവങ്ങളുടെ പക്ഷത്തല്ല തങ്ങളെന്ന് മോദിസർക്കാർ ബജറ്റിലൂടെ ആവർത്തിച്ച് വ്യക്തമാക്കി. എന്നാൽ, കോർപറേറ്റുകൾക്ക് പതിവുപോലെ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതിൽ ഒരു ലോഭവും കാട്ടിയിട്ടില്ല. വിദേശ കോർപറേറ്റ് നികുതി അഞ്ചു ശതമാനമാണ് കുറച്ചിട്ടുള്ളത്. എന്നാൽ, അത്തരമൊരു നികുതി ഇളവ് സാധാരണക്കാരന് നൽകിയിട്ടുമില്ല.

ഒന്നും രണ്ടും മോദിസർക്കാരിൽനിന്ന്‌ വ്യത്യസ്തമായി  കൂട്ടുകക്ഷി സർക്കാരിന് നേതൃത്വം നൽകേണ്ട ഗതികേടിലാണിന്ന് ബിജെപി. കൂട്ടുകക്ഷി സർക്കാരിന്റെ  പരാധീനത ബജറ്റിൽ നിഴലിച്ചു കാണാം. മോദി സർക്കാരിനെ താങ്ങിനിർത്തുന്നത് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ്  കുമാറുമാണ്. അതുകൊണ്ടുതന്നെ ഇരുവരും മുഖ്യമന്ത്രിമാരായ സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയിരിക്കുകയാണ് നിർമല സീതാരാമൻ. ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനനഗരി നിർമിക്കാൻ 15,000 കോടി രൂപയുടെയും ബിഹാറിന് വിവിധ പദ്ധതികൾക്കായി 58,900 കോടിയുടെയും സഹായവാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. സർക്കാരിനെ താങ്ങിനിർത്തുന്ന സർക്കാരിനുള്ള താങ്ങുവിലയാണ് ഇതെന്ന ആരോപണം സ്വാഭാവികമായും ഉയർന്നു. കുർസി ബച്ചാവോ ബജറ്റ് (അധികാരക്കസേര സംരക്ഷിക്കാനുള്ള ബജറ്റ്), പ്രധാനമന്ത്രി ബച്ചാവോ ബജറ്റ് (പ്രധാനമന്ത്രിയെ രക്ഷിക്കാനുള്ള ബജറ്റ്) തുടങ്ങിയ ആക്ഷേപങ്ങളും  ഉയർന്നു. തനിച്ച്  ഭൂരിപക്ഷമുള്ള സർക്കാരിൽനിന്ന്‌ കൂട്ടുകക്ഷി സർക്കാരിലേക്ക് വീഴേണ്ടി വന്ന മോദി സർക്കാരിന് അധികാരത്തിൽ തുടരാൻ വേണ്ടിയുള്ള രാഷ്ട്രീയകസർത്ത് മാത്രമായി ബജറ്റവതരണം മാറി. മോദി എന്ന "ശക്തനായ നേതാവ്’ അധികാരം നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്നും ഈ ബജറ്റ് വ്യക്തമാക്കി.


 

ഫെഡറൽ സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമായ സമീപനമാണ് ബജറ്റിലുടനീളം ഉള്ളത് എന്നതിന് ഏറ്റവും നല്ല ഉദാഹരണം കേരളത്തോട് കാട്ടിയ കടുത്ത അവഗണന തന്നെയാണ്. കേരളമെന്ന പേരുപോലും പരാമർശിക്കാത്ത ബജറ്റെന്ന ഖ്യാതിയും മൂന്നാം മോദി സർക്കാരിന്റെ സാമ്പത്തിക രേഖയ്‌ക്കുണ്ടായി. ബിജെപിക്ക് കേരളത്തിൽനിന്ന്‌ ആദ്യമായി ലോക്സ്ഭാംഗത്തെ ലഭിച്ച സമയമാണിത്. അതോടൊപ്പം കേരളത്തിൽനിന്ന്‌ രണ്ട് കേന്ദ്ര സഹമന്ത്രിമാരും ഉണ്ട്. എന്നിട്ടും കേരളത്തെ അപമാനിക്കുന്നതിന് തുല്യമായ ഒരു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. മനുഷ്യവിഭവസൂചികയിലും മറ്റു പല സൂചികകളിലും കേന്ദ്രസർക്കാരിന്റെ ഏജൻസികളിൽതന്നെ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം മുന്നോട്ടുവച്ച ഒരു ആവശ്യംപോലും പരിഗണിക്കപ്പെട്ടില്ല. ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന പ്രതീക്ഷയൊന്നും എൽഡിഎഫ് സർക്കാരിനുണ്ടായിരുന്നില്ല. എന്നാൽ, മുന്നോട്ടുവച്ച ഡസൻ കണക്കിന് ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിച്ചില്ല. രാജ്യത്തെതന്നെ ആദ്യ ട്രാൻസ്ഷിപ്മെന്റ്‌ തുറമുഖമായ വിഴിഞ്ഞത്തിന്റെ വികസനത്തിന് 5000 കോടിയാണ് ചോദിച്ചത്. ഒരു ചില്ലിക്കാശുപോലും അനുവദിച്ചില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് 24,000 കോടിയുടെ പ്രത്യേക പാക്കേജിനും അംഗീകാരമില്ല. ആരോഗ്യരംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവച്ച കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചു. അതും ഉണ്ടായില്ല. ഈ പദ്ധതിക്കായി കോഴിക്കോട്ട് സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും കേരളത്തോടുമാത്രം അവഗണന കാണിക്കുകയാണ് കേന്ദ്രം. എന്തിനധികം പറയണം വിശ്വാസികളുടെ പക്ഷത്താണെന്ന് നാഴികയ്‌ക്ക് നാൽപ്പത് വട്ടം പറയുന്ന ബിജെപിക്കാരുടെ സർക്കാരായിട്ടുപോലും ശബരിമല വികസനത്തിന് ഒരു നയാ പൈസ അനുവദിച്ചില്ല.

ബിജെപിക്കാരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ ഏറെ സഹായിക്കുന്നതാണ് ഈ ബജറ്റ്. പലരും പറഞ്ഞതുപോലെ ബിജെപി അക്കൗണ്ട് തുറന്നപ്പോൾ ബജറ്റിൽ കേരളത്തിന്റെ അക്കൗണ്ട് പൂട്ടി. കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം. ബിജെപിയെ ജയിപ്പിച്ചാൽ ഇവിടെ തേനും പാലും ഒഴുക്കുമെന്ന് പറഞ്ഞവരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം. മതനിരപേക്ഷ കേരളത്തോട് ഹിന്ദുത്വവർഗീയശക്തികൾക്കുള്ള കലിപ്പിന്റെ ആഴം എത്രമാത്രമാണെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് ഈ അവഗണന. ബജറ്റിൽ പൊതുവെ പാവങ്ങളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അവഗണിച്ച് കോർപറേറ്റ് സേവ നിർബാധം തുടരുകയാണ്. അതോടൊപ്പം കേരളത്തോട് കടുത്ത അവഗണനയും. ഇതിനെതിരെ സംസ്ഥാനത്തെങ്ങും ശക്തമായ പ്രതിഷേധം ഉയരണം. സിപിഐ എം പ്രവർത്തകർ അതിനായി മുന്നിട്ടിറങ്ങണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top