22 December Sunday

തൊഴിലല്ല ; ലക്ഷ്യം കോർപറേറ്റ് ലാഭം - പീപ്പിൾസ്‌ ഡെമോക്രസി 
മുഖപ്രസംഗം

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

 

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിർണായക വഴിത്തിരിവിലൂടെ കടന്നുപോകുകയാണ്‌. രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ച ഒരുതരത്തിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ശേഷി വർധിപ്പിക്കുന്നില്ല. സൃഷ്ടിക്കപ്പെട്ട തൊഴിലുകളിൽപ്പോലും 57.3 ശതമാനവും സ്വയംതൊഴിൽ കണ്ടെത്തുന്നവരാണ്‌.18.3 ശതമാനംപേർ ശമ്പളമില്ലാത്ത വീട്ടുജോലിക്കാരും 45 ശതമാനത്തിലധികം ആളുകൾ കാർഷികമേഖലയിൽ ജോലി ചെയ്യുന്നവരുമാണ്. 2020 മാർച്ചിൽ ആരംഭിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് –-ഉൽപ്പാദനബന്ധിത പ്രോത്സാഹനം- (പിഎൽഐ) പദ്ധതി ഉൽപ്പാദനമേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടു. മാത്രമല്ല, 2022–-23ൽ ഇന്ത്യയുടെ ഉൽപ്പാദനക്ഷമത 2.38 ശതമാനമായി ഇടിയുകയുംചെയ്‌തു.

എന്നാൽ, മോദി സർക്കാരിന്റെ പ്രോത്സാഹനങ്ങളും മറ്റു പല കോർപറേറ്റ്‌ അനുകൂല നടപടികളും കാരണം ഇന്ത്യയിലെ ലിസ്റ്റുചെയ്ത കമ്പനികൾ 2023-–-24ൽ 10.1 ശതമാനമെന്ന നിരക്കിൽ വൻ ലാഭം കൊയ്തു. 2007-–-08നു ശേഷമുള്ള ഏറ്റവും ഉയർന്ന ലാഭനിരക്കാണ്‌ ഇത്‌. വർധിച്ചുവരുന്ന തൊഴിൽസേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കാർഷികേതര മേഖലയിൽ പ്രതിവർഷം ശരാശരി 78.5 ലക്ഷം തൊഴിലവസരം സൃഷ്ടിക്കേണ്ടത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെ അത്യാവശ്യമാണെന്ന് ബജറ്റിനു മുന്നോടിയായി പുറത്തിറക്കിയ സാമ്പത്തിക സർവേയും ചൂണ്ടിക്കാട്ടുന്നു.  

രൂക്ഷമായ തൊഴിലില്ലായ്‌മാ പ്രതിസന്ധിയും ലോക്‌സഭാ തെരഞ്ഞെടുപ്പുപ്രചാരണവേളയിൽ ഇക്കാര്യം ചൂടേറിയ വിഷയമായി മാറിയതും കണക്കിലെടുക്കുമ്പോൾ, മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്‌ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ, ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഔപചാരിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പൊള്ളയും വഞ്ചനാപരവുമായ നടപടികളാലാണ്‌ ശ്രദ്ധേയമായത്‌. തൊഴിലവസരം സൃഷ്ടിക്കാനായി കോർപറേറ്റുകൾക്ക് പൊതുഫണ്ട് ഉദാരമായി നൽകുകയാണ്‌ ബജറ്റിലൂടെ.

ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഒരുകൂട്ടം എംപ്ലോയ്‌മെന്റ്‌ ലിങ്ക്ഡ് ഇൻസെന്റീവ്‌ സ്‌കീം–-- തൊഴിൽ ബന്ധിത പ്രോത്സാഹന (ഇഎൽഐ) പദ്ധതികൾ കോർപറേറ്റ് വിദ്വാൻമാർക്കിടയിൽ വളരെയധികം ആവേശം സൃഷ്ടിച്ചിട്ടുണ്ട്‌. എ, ബി, സി എന്നിങ്ങനെ മൂന്നുതരം പദ്ധതികളാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. സ്കീം എ എല്ലാ തൊഴിലുടമകൾക്കും ബാധകമാണ്. അതേസമയം, ബിയും സിയും പ്രത്യേക വിഭാഗങ്ങൾക്കാണ്. സ്കീം എ പ്രകാരം, ഒരു തൊഴിലുടമ പുതിയ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുകയോ അല്ലെങ്കിൽ ലിസ്‌റ്റിൽപ്പെടാത്ത ഏതെങ്കിലും തൊഴിലാളിയെ ഇപിഎഫ്ഒയിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ തൊഴിലാളിയുടെ ഒരുമാസത്തെ ശമ്പളം പരമാവധി 15,000 രൂപ വരെ മൂന്ന് ഗഡുക്കളായി സർക്കാർ നൽകും. അതിനർഥം, തൊഴിലുടമ നൽകേണ്ട വാർഷിക വേതന വിഹിതത്തിന്റെ പന്ത്രണ്ടിലൊന്ന് സർക്കാർ നേരിട്ട് സബ്‌സിഡി നൽകാൻ പോകുന്നു എന്നാണ്. ഇപിഎഫ്‌ഒയിൽ അംഗത്വമില്ലാത്ത കുറഞ്ഞത് 50 പുതിയ തൊഴിലാളികളെ നിയമിക്കുന്ന ഉൽപ്പാദനമേഖലയിലെ തൊഴിലുടമകൾ സ്കീം ബിക്ക് യോഗ്യരായിരിക്കും. ഈ സ്കീമിൽ, ശമ്പളത്തിന്റെ 24 ശതമാനം കണക്കാക്കി ജീവനക്കാരുടെയും തൊഴിലുടമകളുടെയും ഇപിഎഫ്ഒ വിഹിതം സർക്കാർ നൽകും. പൊതുജനങ്ങളുടെ നികുതി പണമാണ്‌ ഇങ്ങനെ നേരിട്ട്‌ കോർപറേറ്റുകൾക്ക്‌ നൽകുന്നത്‌. സ്കീം സി പ്രകാരം 2-5 പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏതൊരു കമ്പനിക്കും ഇപിഎഫ്ഒയിലേക്ക്‌ തൊഴിലുടമയുടെ വിഹിതമായി നൽകേണ്ട തുകയിൽ പ്രതിമാസം 3000 രൂപ വരെ ലഭിക്കും. മൊത്തം വേതനത്തിന്റെ 32.33 ശതമാനംവരെ സർക്കാർ പൊതുഖജനാവിൽനിന്ന് സ്വകാര്യ കമ്പനികൾക്ക്‌ സബ്‌സിഡിയായി നൽകും. ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് കമ്പനികൾ എല്ലാ വർഷവും പുതിയ ജീവനക്കാരെ നിയമിക്കണമെന്നതാണ് ഏറ്റവും ദോഷകരമായ വസ്തുത. അതിനർഥം ആദ്യവർഷം നിയമിക്കുന്ന തൊഴിലാളികൾ നിശ്ചിത കാലാവധിയുള്ളവരും ഒരുവർഷം പൂർത്തിയാകുമ്പോൾ പുറത്താക്കപ്പെടുന്നവരുമല്ലാതെ മറ്റൊന്നുമല്ല. സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനായിമാത്രം നിയമിക്കുന്ന തൊഴിലാളികളുടെ പിരിച്ചുവിടലിന് പ്രാധാന്യം നൽകുന്നതാണ്‌ ഈ പദ്ധതി.


 

മറ്റൊരു പ്രഹരമാണ് ഇന്റേൺഷിപ് നയം. ഏറ്റവും ലാഭം കൊയ്യുന്ന 500 കമ്പനിക്ക് അവരുടെ മുഴുവൻ ഉൽപ്പാദനവും സേവനങ്ങളും ഇന്റേൺഷിപ് പ്രകാരവും /അപ്രന്റീസുകളിലൂടെയും നിയമിക്കപ്പെടുന്നവരിലൂടെ നടത്താൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. പ്രതിമാസ സ്റ്റൈപെൻഡായ 5000 രൂപയും ഒറ്റത്തവണ സഹായമായ 6000 രൂപയും സർക്കാർ വഹിക്കും. പരിശീലനത്തിന്റെ ബാക്കി ചെലവ്‌ കമ്പനിയുടെ കോർപറേറ്റ്‌ സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടിൽനിന്ന് എടുക്കാം. കോർപറേറ്റ്‌ അനുകൂല നയങ്ങൾ പിന്തുടരുന്ന സർക്കാർ കുപ്രസിദ്ധമായ ഈ പദ്ധതിയിലൂടെ തൊഴിൽ ബന്ധത്തെ ദുർബലമായ ദിശയിലേക്ക് നയിക്കുകയാണ്‌. ഓട്ടോമേഷന്റെയും സാങ്കേതികവിദ്യയുടെയും അത്യാധുനിക അറിവുകളും വൈദഗ്ധ്യവും വേഗത്തിൽ പഠിക്കുന്നതിനായി എത്തുന്ന പുതിയ ഇന്റേൺ ബാച്ചുകൾ ഉൽപ്പാദനപ്രക്രിയയുടെ പ്രധാന ഉത്തരവാദിത്വം ചുമക്കാൻ ബാധ്യതപ്പെട്ടവരാകുന്നു. ഉൽപ്പാദനപ്രക്രിയയിൽനിന്ന് പഴയ ബാച്ചുകളെ മാറ്റിസ്ഥാപിക്കാൻ തൊഴിലില്ലാത്തവരോ തൊഴിൽപരമായി വിദ്യാഭ്യാസം നേടിയവരോ ആയ യുവാക്കളുടെ വലിയ കരുതൽസേന എല്ലാ വർഷവും ഫാക്ടറി കവാടങ്ങളിൽ കാത്തിരിക്കും. 

സ്വകാര്യ വ്യക്തികളിലേക്ക് പൊതുഖജനാവിൽനിന്ന് ഇങ്ങനെ പണം ഒഴുക്കുന്നതിലൂടെ തൊഴിലില്ലായ്മാ പ്രശ്‌നത്തിന്റെ ചെറിയൊരു ഭാഗം പോലും പരിഹരിക്കപ്പെടില്ല. ശമ്പളമില്ലാത്ത തൊഴിൽ ഘടകം വർധിപ്പിക്കുകയെന്നത്‌ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ലാഭം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളിലൊന്നാണ്‌. കോർപറേറ്റുകൾക്ക്‌ സൗജന്യമായി തൊഴിലാളികളെ എത്തിച്ചുകൊടുത്തുകൊണ്ട്‌ അവരുടെ ലാഭം വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ ബോധപൂർവമായ ശ്രമമാണ് തൊഴിൽ ബന്ധിത പ്രോത്സാഹന (ഇഎൽഐ), ഇന്റേൺഷിപ് പദ്ധതികൾ. പക്ഷേ, ജനങ്ങളുടെ വാങ്ങൽശേഷി കുറയുന്നതുമൂലം മൊത്തത്തിലുള്ള ചോദനത്തിന്റെ തുടർച്ചയായ ഇടിവ്‌ അറ്റ​വിൽപ്പനയും ഉൽപ്പാദനവുമായി ബന്ധപ്പെട്ട ലാഭനിരക്കും കുറയാൻ കാരണമാകും. വിൽപ്പനയും ലാഭനിരക്കും ഇടിയുന്നത്‌ ഉൽപ്പാദനമേഖലയിലേക്കുള്ള സ്വകാര്യനിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. കോർപറേറ്റ് വരുമാനവളർച്ച സ്ഥിരമായി ഊഹക്കച്ചവടത്തിലേക്ക് നയിക്കപ്പെടുന്നു. ഈ പദ്ധതികളിലൂടെ സമ്പദ്‌വ്യവസ്ഥയുടെയും ജനങ്ങളുടെ സ്ഥിതി കൂടുതൽ മോശമാകുമ്പോഴും കോർപറേറ്റുകൾക്ക് സർക്കാർ സബ്‌സിഡി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top