08 September Sunday

കേന്ദ്ര ബജറ്റ് ; ആന്ധ്ര + ബിഹാർ , മുക്കാൽ ലക്ഷം കോടി രൂപയുടെ പദ്ധതികൾ

എം പ്രശാന്ത്‌Updated: Wednesday Jul 24, 2024


ന്യൂഡൽഹി
ബജറ്റിൽ കേരളത്തെ പൂർണമായും തഴഞ്ഞ ധനമന്ത്രി ബിഹാറിനും ആന്ധ്രയ്‌ക്കും പദ്ധതികൾ വാരികോരി നൽകി. ഇരുസംസ്ഥാനങ്ങൾക്കുമായി ഏതാണ്ട്‌ മുക്കാൽ ലക്ഷം കോടി രൂപയുടെ പദ്ധതികൾ ബജറ്റിൽ ഉറപ്പാക്കി. ഇതിന്‌ പുറമെ വിഹിതം കൃത്യമായി പ്രഖ്യാപിക്കാത്ത ഒട്ടനവധി പദ്ധതികളുമുണ്ട്‌. ഈ രണ്ട്‌ സംസ്ഥാനങ്ങൾക്ക്‌ മാത്രമായി ഏതാണ്ട്‌ രണ്ടു ലക്ഷം കോടിയോളം രൂപ നടപ്പുവർഷം വിവിധ പദ്ധതികളിലൂടെ ലഭിക്കും. ഇതിന്‌ പുറമെ മൂലധന നിക്ഷേപങ്ങൾക്കായി അധിക ധനസഹായവുമുണ്ടാകും.

മുന്തിയ പരിഗണന 
എന്തിന്?
ബിജെപിക്ക്‌ കേവല ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ നിലനിർത്തുന്നിൽ ടിഡിപിയുടെയും ജെഡിയുവിന്റെ പിന്തുണ നിർണായകമാണ്‌. ഇതാണ് ബിഹാറിനും ആന്ധ്രയ്‌ക്കും പക്ഷപാതപരമായ പരിഗണന ലഭിക്കാന്‍ കാരണം. പൂർവോദയ എന്ന പേരിൽ ബിഹാർ, ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്‌, ആന്ധ്ര എന്നീ കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നുവെന്നാണ് ബജറ്റിലെ വ്യാഖ്യാനം. ഇതിനായി തെക്കൻ സംസ്ഥാനമായ ആന്ധ്രയെ കിഴക്കൻ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക്‌ വലിച്ചിഴച്ചു. ബംഗാൾ, ജാർഖണ്ഡ്‌  സംസ്ഥാനങ്ങളുടെ പേര്‌ പൂർവോദയയിൽ ഉൾപ്പെടുത്തിയെങ്കിലും ബിഹാറിനെയും ആന്ധ്രയെയും പേരിന്‌ ഒഡീഷയെയും മാത്രമാണ്‌ ബജറ്റിൽ പരിഗണിച്ചത്‌.

ബിഹാറിനുള്ള 
പദ്ധതികൾ
● അമൃത്‌സർ–- കൊൽക്കത്ത വ്യവസായ ഇടനാഴിയുടെ ഭാഗമായി ഗയയിൽ പുതിയൊരു വ്യവസായ കേന്ദ്രം ● പറ്റ്‌ന–- പൂർണിയ എക്‌സ്‌പ്രസ്‌വേ ● ബക്‌സർ–- ഭഗൽപ്പുർ എക്‌സ്‌പ്രസ്‌വേ നിർമ്മാണം ● ബോധ്‌ഗയ, രാജ്‌ഗിർ, വൈശാലി, ദർബംഗ നഗരവികസന പദ്ധതികൾക്ക്‌ (സ്‌പർ) പിന്തുണ● ബക്‌സറിൽ 26000 കോടി മുതൽമുടക്കിൽ ഗംഗയ്‌ക്ക്‌ കുറുകെ പുതിയ രണ്ടുവരി പാലം ● പിർപെയ്‌ന്റിയിൽ 2400 മെഗാവാട്ട്‌ വൈദ്യുതി നിലയമടക്കം 21400 കോടി രൂപയുടെ ഊർജ പദ്ധതി ● പുതിയ വിമാനത്താവളങ്ങളും മെഡിക്കൽ കോളേജുകളും കായിക പശ്‌ചാത്തലസൗകര്യ പദ്ധതികളും ● ബിഹാറിന്റെ വിദേശ വായ്‌പ അപേക്ഷകൾ വേഗത്തിൽ പരിഗണിക്കും ● മൂലധന നിക്ഷേപങ്ങൾക്കായി അധികസഹായം ● കോസി–- മേച്ചി ലിങ്ക്‌ പദ്ധതി ഉൾപ്പെടെ നിലവിൽ പണി പുരോഗമിക്കുന്ന 20 ജലസേചന പദ്ധതികൾക്കും മറ്റ്‌ പുതിയ പദ്ധതികൾക്കുമായി 11500 കോടി രൂപ. ● തടയണകൾ, നദികളിലെ മാലിന്യം കുറയ്‌ക്കൽ, മറ്റ്‌ ജലസേചന പദ്ധതികൾ എന്നിവയ്‌ക്ക് സഹായം. ● പ്രളയ നഷ്ടപരിഹാരയിനത്തിലും പണം ● കോസി നദി സൃഷ്ടിക്കുന്ന പ്രളയക്കെടുതികൾ തടയാനും പുതിയൊരു ജലസേചന പദ്ധതിക്കുമായി സർവ്വേയും പരിശോധനകളും  ●  കാശി വിശ്വനാഥ ക്ഷേത്രം ഇടനാഴി വികസന മാതൃകയിൽ ഗയയിലെ വിഷ്‌ണുപദ്‌ ക്ഷേത്രം ബോധ്‌ഗയയിലെ മഹാബോധി ക്ഷേത്രം ഇടനാഴികൾ വികസിപ്പിക്കും ● രാജ്‌ഗീറിനായി സമഗ്ര വികസനപദ്ധതി ●നളന്ദയെ വിനോദസഞ്ചാര കേന്ദ്രമാക്കും.

ആന്ധ്രപ്രദേശിനുള്ള 
പദ്ധതികൾ
● അമരാവതിയിൽ പുതിയ തലസ്ഥാന നിർമാണത്തിനായി നടപ്പുവർഷം മാത്രം 15000 കോടി രൂപ ● തലസ്ഥാന നിർമാണത്തിന്‌ തുടർന്നുള്ള വർഷങ്ങളിലും ധനസഹായം. ● അമ്പതിനായിരം കോടിയോളം മുതൽമുടക്ക്‌ വരുന്ന പോളാവരം ജലസേചന പദ്ധതി ● കൊപ്പാർത്തി വ്യവസായ കേന്ദ്രത്തിനും ഒർവക്കൽ വ്യവസായ കേന്ദ്രത്തിനും ഫണ്ട്‌ ● റെയിൽ, റോഡ്‌, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്ക്‌ പ്രത്യേക ധനസഹായം. ●  മൂലധന നിക്ഷേപങ്ങൾക്കായി അധിക ധനസഹായം. ● റായലസീമ, പ്രകാശം, വടക്കൻ തീരദേശ ആന്ധ്ര എന്നീ പിന്നോക്ക മേഖലകളുടെ വികസനത്തിന്‌ പ്രത്യേക ധനസഹായം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top