22 December Sunday

കേരളത്തിന് കൂരമ്പ്

ദിനേശ്‌ വർമUpdated: Wednesday Jul 24, 2024


തിരുവനന്തപുരം
കേരളവിരുദ്ധ സമീപനത്തിൽനിന്ന്‌ ഒരിഞ്ചുപോലും പിന്നോട്ട്‌ പോയിട്ടില്ല മുന്നണി ഭരണത്തിലും ബിജെപിയെന്ന്‌ തെളിയിച്ച്‌ കേന്ദ്ര ബജറ്റ്‌. മൂന്നരക്കോടി ജനങ്ങളോട്‌ കുറച്ചെങ്കിലും വിട്ടുവീഴ്‌ച കാണിക്കുമെന്ന്‌ പ്രതീക്ഷിച്ചവർക്ക്‌ തെറ്റി. അവശ്യം വേണ്ട പദ്ധതിപോലും കണക്കിലെടുത്തില്ല. ബിജെപിക്ക്‌ ലോക്‌സഭാംഗവും രണ്ടു സഹമന്ത്രിമാരുമുള്ളത്‌ ഗുണമാകുമെന്ന പലരുടെയും ധാരണയുമാണ്‌ ഇവിടെ തകർന്നുവീണത്‌.

24000 കോടിയുടെ പ്രത്യേക പാക്കേജ്‌, കടമെടുപ്പ്‌ പരിധിയിലെ കൈകടത്തൽ അവസാനിപ്പിക്കുക, വിഴിഞ്ഞത്തിന്‌ 5000 കോടിയുടെ പാക്കേജ്‌, എയിംസ്‌ തുടങ്ങി സർക്കാർ നേരിട്ട്‌ ആവശ്യപ്പെട്ടതും ലോക്‌സഭയിലും രാജ്യസഭയിലും കേരളത്തിൽനിന്നുള്ള എംപിമാർ പറഞ്ഞതുമായ ഒരു കാര്യവും അംഗീകരിച്ചില്ല.

ഭക്ഷ്യസുരക്ഷ, ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലേക്ക്‌ പണം അനുവദിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന സാമ്പത്തിക സർവേയിലെ സൂചന ബജറ്റിലും കാണാം. ഗതാഗത, വിനോദസഞ്ചാര മേഖലയിൽ ഏറെ സാധ്യതയുള്ള പദ്ധതികളോടും മുഖംതിരിച്ചു. മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത നിബന്ധനയായ പകുതി ചെലവ്‌ വഹിക്കുകയെന്ന ഭാരം ഏൽക്കാമെന്ന്‌ സമ്മതിച്ചിട്ടും ശബരിപാത പൂർത്തിയാക്കാനാവശ്യമായ നടപടികളില്ല.എയിംസ്‌ കൊണ്ടുവന്നിരിക്കുമെന്ന്‌ തട്ടിവിട്ട സുരേഷ്‌ ഗോപി ഇപ്പോൾ സ്ഥലം പോരെന്ന വിചിത്രവാദം ഉന്നയിക്കുന്നു. 150 ഏക്കർ ഭൂമി സർക്കാർ കൈമാറിയതും 90 ഏക്കറോളം സ്വകാര്യഭൂമി ഏറ്റെടുക്കാൻ കഴിയുന്നതുമാണ്‌. കേന്ദ്ര സർക്കാർ മാനദണ്ഡം തന്നെ 200 ഏക്കറാണ്‌. ഇദ്ദേഹത്തിന്റെ ഇരിങ്ങാലക്കുട–-തിരുനാവായ ലൈനോ വേളാങ്കണ്ണി–- കൊടുങ്ങല്ലൂർ തീർഥാടന സർക്യൂട്ടോ വന്നില്ല.

മൂന്നാംപാത അവശ്യമാണെന്ന കാര്യത്തിൽ കേരളത്തിലെ എല്ലാ പാർടികൾക്കും മുന്നണികൾക്കും ഒരേ അഭിപ്രായമാണ്‌. എന്നാൽ അതും വകവയ്‌ക്കാൻ കേന്ദ്രം തയ്യാറായില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top