22 December Sunday

എന്നും കരുത്തേകുന്ന സ്‌മരണ

എം വി ഗോവിന്ദൻUpdated: Saturday Aug 31, 2024


വിപുലമായ അറിവും അനുഭവങ്ങളും ആദർശനിഷ്ഠ ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു വി വി ദക്ഷിണാമൂർത്തി. 2016 ആഗസ്‌ത്‌ 31 നാണ്‌ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്‌. കമ്യൂണിസ്റ്റ് പാർടി സംഘാടകൻ, വിദ്യാർഥി, യുവജന, അധ്യാപക, ട്രേഡ് യൂണിയൻ നേതാവ്, പ്രഭാഷകൻ, പരിഭാഷകൻ, പ്രക്ഷോഭകാരി, പാർലമെന്റേറിയൻ, എഴുത്തുകാരൻ എന്നീ നിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഒരു പതിറ്റാണ്ടോളം ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചു.

ദേശാഭിമാനിയെ പൊതുസ്വീകാര്യതയുള്ള പത്രമാക്കി മാറ്റുന്നതിൽ അദ്ദേഹം കാര്യമായ പങ്കുവഹിച്ചു. 19 വർഷത്തോളം കോഴിക്കോട് യൂണിറ്റ് മാനേജരായി പ്രവർത്തിച്ചു. ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി മാനേജിങ് ഡയറക്ടറുമായിരുന്നു. ചീഫ് എഡിറ്ററായി ചുമതലയേറ്റതോടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി. അധ്യാപകനായാണ് സഖാവ്‌ പൊതുജീവിതം ആരംഭിക്കുന്നത്. ചെത്തുതൊഴിലാളികൾ, അധ്യാപകർ, ക്ഷേത്രജീവനക്കാർ, തോട്ടം തൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ മേഖലയിലും സജീവമായി ഇടപെട്ടു. ദീർഘകാലം കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവുമായിരുന്നു. 1950ൽ 16–-ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 1964ൽ കമ്യൂണിസ്റ്റ് പാർടിയിൽ പിളർപ്പുണ്ടായതിനെത്തുടർന്ന് സിപിഐ എമ്മിനൊപ്പം നിന്നു. 26 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച് 1982ൽ സ്വമേധയാ വിരമിച്ചു. അതേവർഷം പാർടി സംസ്ഥാന കമ്മിറ്റി അംഗമായി.

കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. മലബാർ ദേവസ്വത്തിനു കീഴിൽ ജീവനക്കാരെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മൂന്നു തവണ പേരാമ്പ്രയിൽനിന്ന് നിയമസഭാംഗമായി. 1980 –- 82ൽ സിപിഐ എം നിയമസഭാ വിപ്പായിരുന്നു. രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും അതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നേറാൻ സ. വി വി ദക്ഷിണാമൂർത്തിയുടെ സ്‌മരണ നമുക്ക് എന്നും പ്രചോദനമേകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top