അടിയന്തരാവസ്ഥയുടെ 45–-ാം വാർഷികം ആചരിക്കുന്ന വേളയാണല്ലോ ഇത്. ഇന്ദിരാ ഭരണത്തിൽ 21 മാസം നീണ്ട ജനാധിപത്യവിരുദ്ധ വാഴ്ചയുടെ കാലൊച്ച ഇന്ന് കോവിഡ് കാലത്തും കേൾക്കുന്നുണ്ട്. ഏകാധിപത്യ ഭരണകൂടരീതി മോഡിഭരണം ശക്തിപ്പെടുത്തുകയാണ്. കോവിഡ് അതിനൊരു തടസ്സമല്ല. ഭരണഘടനയിൽനിന്ന് മതേതര റിപ്പബ്ലിക് നീക്കി ഹിന്ദുരാഷ്ട്രം ആക്കാനുള്ള ഗൂഢലക്ഷ്യമാണ് അവർക്ക്. ഇതിനെതിരായ ജനാധിപത്യ സംരക്ഷണ പോരാട്ടം കൂടുതൽ വിപുലവും ശക്തവുമാക്കേണ്ടതുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന വിശ്വസ്തതയുള്ള രാഷ്ട്രീയശക്തിയല്ല കോൺഗ്രസ്. അത് ജനങ്ങൾ കൂടുതലായി തിരിച്ചറിയുകയാണ്.
1975 ജൂൺ 25ന് അർധരാത്രിയിൽ പൗരാവകാശങ്ങൾ നിഷേധിച്ച്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ദിരാ സർക്കാർ അമിതാധികാര വാഴ്ചയിലേക്ക് നീങ്ങുന്നു എന്ന് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് മൂന്നുവർഷംമുമ്പ് 1972ൽ മധുരയിൽ ചേർന്ന സിപിഐ എം ഒമ്പതാം പാർടി കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. അത് വേണ്ടത്ര ഗൗരവമായി കാണാൻ മറ്റുള്ളവർ തയ്യാറായില്ല. അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തിയുള്ളിടങ്ങളിലെല്ലാം സിപിഐ എം വലിയ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ, ആർഎസ്എസ് പ്രതിഷേധം പരിമിതമായിരുന്നു. അന്ന് സർസംഘ്ചാലക് ആയിരുന്ന ബാലാസാഹിബ് ദേവരശ് ഇന്ദിര ഗാന്ധിക്ക് നൽകിയ കത്ത്, മാപ്പപേക്ഷയായിരുന്നു എന്ന വിമർശം ചരിത്രത്തിന്റെ ഭാഗമാണ്. അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തിന്റെ അടിത്തറയായ ജനാധിപത്യമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും അതിനെ നിഗ്രഹിക്കുന്നവരും എന്ന വിധത്തിലെ വേർതിരിവ് വർത്തമാന രാഷ്ട്രീയത്തിലുണ്ട്. കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യചേരി ഒരു ഭാഗത്തും ബിജെപിയും കോൺഗ്രസും വ്യത്യസ്തമായും യോജിച്ചും ഉള്ള പക്ഷങ്ങൾ മറുഭാഗത്തും എന്നതാണ് ഈ വേർതിരിവ്.
അടിയന്തരാവസ്ഥാപ്രേതത്തിന്റെ പിടിയിലാണ് മോഡി സർക്കാർ. ആ സർക്കാരിന്റെ തണലിൽ സംഘപരിവാർ തീവ്രഹിന്ദുത്വ അജൻഡ നടപ്പാക്കുകയാണ്. ബിജെപിയെയും ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും എതിർക്കുന്നതിലല്ല, കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്തുന്നതിലാണ് കോൺഗ്രസിനും യുഡിഎഫിനും താല്പര്യം. ഇതിനായി മുസ്ലിം തീവ്രവാദ സംഘടനകളുമായി ചങ്ങാത്തം സ്ഥാപിക്കുന്നു.
ബഹുസ്വരത അമർച്ച ചെയ്യുക എന്നതാണ് അടിയന്തരാവസ്ഥാ പ്രവണത. അത് തീവ്രമായി നടപ്പാക്കുന്നതിന് ആർഎസ്എസിന് മോഡിഭരണം തുറന്ന സഹായം നൽകുകയാണ്. സൈന്യത്തിലും നീതിപീഠത്തിലുംവരെ ഈ നീരാളിപ്പിടിത്തം ഉണ്ടായി. പാർലമെന്റിനെ കാഴ്ചവസ്തുവാക്കി ഭരണഘടനാ നിയമങ്ങൾ അട്ടിമറിക്കുന്നു. ആർഎസ്എസ് പ്രഖ്യാപിക്കുന്നതാണ് ചരിത്രമെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നുമുള്ള ഹുങ്കോടെ വിവിധ മേഖലകളിൽ കൈയേറ്റം നടത്തുകയാണ് സംഘപരിവാർ. ഇതിന്റെ ദൃഷ്ടാന്തമാണ് മലബാർ കലാപത്തിലെ ധീരസേനാനിയായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രത്തിനെതിരെയുള്ള ഉറഞ്ഞുതുള്ളൽ.
വർഗീയത കുത്തിവയ്‌ക്കരുത്
കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പ്രഖ്യാപിച്ചതോടെയാണ് കാവിപ്രതിഷേധം. സമാനവിഷയത്തിൽ പി ടി കുഞ്ഞുമുഹമ്മദും നാടകകൃത്ത് ഇബ്രാഹിം വെങ്ങരയും സിനിമയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബദലായി ആർഎസ്എസ് കാഴ്ചപ്പാടിലുള്ള സിനിമയെടുക്കുമെന്ന് മറ്റൊരാളും പറഞ്ഞിട്ടുണ്ട്. പക്ഷേ, ചലച്ചിത്രം ചരിത്രത്തോട് നീതിപുലർത്തിയാലേ അത് കാലത്തെ അതിജീവിക്കൂ. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ മലബാർകലാപത്തെ കഥാതന്തുവാക്കി സിനിമ പാടില്ലെന്ന് ശഠിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. 1921 എന്ന സിനിമ മുമ്പ് വന്നിരുന്നു. അന്നില്ലാത്ത ചന്ദ്രഹാസമിളക്കലാണ് ഇപ്പോൾ. ആഷിഖ് അബുവും പൃഥ്വിരാജും ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അഭിപ്രായം. പ്രവാസി മടങ്ങിവരവ് വിഷയത്തിൽ എൽഡിഎഫ് സർക്കാർ വിഷമത്തിലായിരിക്കുകയാണെന്നും അതിൽനിന്ന് രക്ഷനേടാനുള്ള സൂത്രമാണ് സിനിമാപ്രഖ്യാപനത്തിലൂടെ സൃഷ്ടിച്ചിരിക്കുന്ന വിവാദമെന്നുള്ള നിരീക്ഷണവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ മൂന്നു കാര്യം പരിശോധിക്കേണ്ടതുണ്ട്.
ഒന്ന്. മലബാർ കലാപം സ്വാതന്ത്ര്യസമരമോ ഹിന്ദുവിരുദ്ധ വർഗീയ ലഹളയോ എന്നതാണ് ഉത്തരം തേടേണ്ട ആദ്യത്തെ വിഷയം. മലബാർ കലാപത്തിന്റെ മുഖ്യഘടകം അത് ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായ കർഷകമുന്നേറ്റമായിരുന്നു എന്നതാണ്. അവസാനഘട്ടത്തിൽ കലാപം ഹിന്ദു–-മുസ്ലിം ശത്രുതയുടെ കെണിയിൽ വീണുപോയിട്ടുണ്ട്. ഇതുകൊണ്ടാണ് ‘ആഹ്വാനവും താക്കീതും’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ ഇ എം എസ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ഇതിന്റെ പേരിൽ ബ്രിട്ടീഷ് ഭരണം ദേശാഭിമാനി കണ്ടുകെട്ടി. ബ്രിട്ടീഷ് ഭരണത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ന്യൂനപക്ഷ സമുദായങ്ങളിലടക്കം ലക്ഷോപലക്ഷം പേർ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. അത്തരം രക്തസാക്ഷി പട്ടികയിലെ തിളങ്ങുന്ന നാമമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
രണ്ട്. ചരിത്രം മറച്ചുപിടിക്കാൻ സംഘപരിവാർ നടത്തുന്ന അക്രമാസക്ത നടപടികളുടെയും ഭീഷണികളുടെയും വിപത്താണ് പരിഗണിക്കേണ്ട മറ്റൊരു വിഷയം. അമ്പലമുറ്റത്ത് അനുമതി വാങ്ങി പടുത്തുയർത്തിയ പള്ളിയുടെ സിനിമാസെറ്റ് ഹിന്ദുവർഗിയശക്തികൾ തകർത്ത സംഭവം ആലുവയിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ, പ്രകാശ് രാജ്, വിജയ്, ദീപിക പദുക്കോൺ തുടങ്ങിയവർക്കെതിരെ നേരത്തെ കാവിഭീഷണിയുടെ ഫണം വിരിച്ചിട്ടുണ്ട്. രാജ്യത്ത് അസഹിഷ്ണുത വളരുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോഴാണ് ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്നു വിളിച്ച് പാകിസ്ഥാനിൽ പോകാൻ തീട്ടൂരം പുറപ്പെടുവിച്ചത്. ഷാരൂഖ് ഖാന്റെ ചിത്രം ബഹിഷ്‌കരിക്കാൻ യോഗി ആദിത്യനാഥും ആഹ്വാനം ചെയ്തിരുന്നു. ഷാരൂഖ്– -സൽമാൻ–- ആമിർഖാൻമാരുടെ ചിത്രങ്ങൾ ഇന്ത്യക്കുവേണ്ടെന്ന ധാർഷ്ട്യവും വിവരക്കേടുമായിരുന്നു സാധ്വി പ്രാചിയിൽനിന്നുമുണ്ടായത്. ‘വാട്ടർ'മുതൽ ‘പത്മാവത്'വരെയുള്ള ചിത്രങ്ങൾക്കെതിരെ വടിവാളുയർത്തിയത് മറക്കാറായിട്ടില്ല.
ലോകത്തിലെതന്നെ ഏറ്റവും ആരാധകരുള്ള ചലച്ചിത്രതാരമാണ് ഷാരൂഖ് ഖാൻ. സ്വാതന്ത്ര്യസമരസേനാനി മീർ താജ് മുഹമ്മദിന്റെ മകനാണ്. കോവിഡ്കാലത്തും തീവ്രഹിന്ദുത്വവിഷം ചീറ്റുന്നതിന് അറുതിയില്ല എന്നാണ് സംഘപരിവാർ ഭീഷണി വിളിച്ചറിയിക്കുന്നത്. അതിനാൽ, വർഗീയവിഷനാവുകളെ കെട്ടാനായി എല്ലാ ജനാധിപത്യമനസ്സുകളും ഉണരണം.
മൂന്ന്. മലബാർ കലാപം ഹിന്ദുവിരുദ്ധ മുസ്ലിം ആക്രമണമായിരുന്നു എന്നും പ്രവാസി വിഷയത്തിൽ കേരളസർക്കാർ ഒറ്റപ്പെട്ടിരിക്കയാണെന്നുമുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അഭിപ്രായത്തിന്റെ കാമ്പില്ലായ്മ പരിശോധിക്കാം. നൂറ് വർഷംമുമ്പ് ബ്രിട്ടീഷുകാർക്കും ജന്മിമാർക്കും എതിരായി നടന്ന കർഷകമുന്നേറ്റമാണ് മലബാർകലാപം. ഇതിനെ മാപ്പിളലഹള എന്ന് ബ്രിട്ടീഷുകാരും കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഒരു വിഭാഗവും മുദ്രകുത്തി. എന്നാൽ, ഇത് കർഷകമുന്നേറ്റമാണെന്നും അവസാനം വർഗീയകലാപത്തിന്റെ സ്വഭാവത്തിലേക്ക് വഴുതിവീണെന്നുമുള്ള വിലയിരുത്തൽ ഇ എം എസ് നടത്തി. ആദ്യ കോൺഗ്രസ് നേതാവും പിന്നീട് കമ്യൂണിസ്റ്റുമായ ഇ എം എസാണ് ഈ വാദമുഖം കൂടുതൽ ശക്തിയായി അവതരിപ്പിച്ചത്. അതിനുവേണ്ടി മാപ്പിളമാർ ഹിന്ദുക്കളെ ആക്രമിച്ചതായി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും അതിന്റെ സ്വഭാവവുംവരെ അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രദ്ധാപൂർവം അപഗ്രഥിച്ചാൽ കുറ്റകൃത്യങ്ങളിൽ 80 ശതമാനവും മാപ്പിള കുടിയാന്മാർ ഹിന്ദുജന്മിമാർക്കോ അവരുടെ സേവകർക്കോ പൊലീസ് സംഘത്തിനോ എതിരായി നടത്തിയതാണ്. ജന്മിമാരിൽ ബഹുഭൂരിപക്ഷവും നമ്പൂതിരിമാരും രാജകുടുംബത്തിൽപെട്ടവരും ആയ ഹിന്ദുക്കളായിരുന്നു. കുടിയാന്മാരാകട്ടെ മാപ്പിളമാരും. വർഗീയ സംഭവങ്ങളിൽ ചെറിയൊരു ശതമാനംമാത്രമാണ് ചില മതഭ്രാന്തന്മാർ ചെയ്തുകൂട്ടിയത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവിൽ മഹത്തായ കർഷകസമരത്തെ വർഗീയലഹളയായി തരംതാഴ്ത്തരുത് എന്ന നിലപാടാണ് ഇ എം എസും കമ്യൂണിസ്റ്റ് പാർടിയും സ്വീകരിച്ചത്. ഭൂരിപക്ഷം ചരിത്രകാരന്മാർക്കും ഇതേ നിലപാടായിരുന്നു.
സംഘപരിവാർ കൂടാരത്തിലെ കോൺഗ്രസ്
സ്വാതന്ത്ര്യസമരമായി ഇന്ത്യ പൊതുവിൽ അംഗീകരിച്ചിട്ടുള്ള മലബാർകലാപത്തെ ഹിന്ദുവിരുദ്ധ വർഗീയലഹളയായി മുദ്രകുത്താനുള്ള ആർഎസ്എസിന്റെയും സുരേന്ദ്രന്റെയും ശ്രമമാണ് രാജ്യദ്രോഹം. കോവിഡ് ടെസ്റ്റിനുശേഷമാണ് പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതെന്ന് ബിജെപി നേതാവായ വിദേശസഹമന്ത്രി വി മുരളീധരൻ നേരത്തേ പറഞ്ഞിരുന്നല്ലോ. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തിൽ കൊണ്ടുവരുമ്പോഴുള്ള രോഗവ്യാപനം ഒഴിവാക്കുന്നതിനാണ് ടെസ്റ്റ് നടത്തണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവച്ചത്. ഇത്തരം ടെസ്റ്റ് ചില ഗൾഫ് രാജ്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചില രാജ്യങ്ങളിൽ പ്രായോഗിക വൈഷമ്യമുണ്ടെന്നും അത് നടത്താൻ ശ്രമം തുടരുമെന്നും കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചു. അതേത്തുടർന്നാണ് അവിടെനിന്ന് വരുന്ന യാത്രക്കാർ സുരക്ഷാവസ്ത്രങ്ങൾ (പിപിഇ കിറ്റ്) ധരിക്കണമെന്ന നിർദേശം സർക്കാർ നൽകിയത്. ഇതുവഴി പ്രശ്നത്തിന് പരിഹാരമായി. പ്രവാസികൾ തിരിച്ചുവരുന്നതിന് സംസ്ഥാന സർക്കാർ ഒരു ഘട്ടത്തിലും എതിരുനിന്നിട്ടില്ല. അവരുടെ തിരിച്ചുവരവിനുവേണ്ടി മുന്നിൽനിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരുമാണ്. പ്രവാസികൾക്ക് തിരിച്ചെത്താൻ സൗകര്യം വേണമെന്ന് പ്രധാനമന്ത്രിയോട് ആദ്യം ആവശ്യപ്പെട്ട് കത്ത് എഴുതിയ മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. ആ നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒരു വിമാനത്തെയും കേരളം വിലക്കിയിട്ടില്ല. ജൂൺ 30 വരെ 462 ചാർട്ടേഡ് വിമാനത്തിന് അനുമതി നൽകി. കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് വിമാനങ്ങൾക്കും വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഇതാണ് യാഥാർഥ്യമെന്നിരിക്കെ പ്രവാസി വിഷയത്തിൽ എൽഡിഎഫ് സർക്കാരിനെ കരിതേയ്ക്കാൻ വാരിയംകുന്നത്ത് സിനിമാവിഷയത്തെ കൂട്ടിക്കെട്ടുന്നത് അപഹാസ്യമാണ്.
സിനിമാവിഷയത്തിൽ മാത്രമല്ല, സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ക്ഷീണിപ്പിക്കാൻ സംഘപരിവാർ കൂടാരത്തിലാണ് കോൺഗ്രസ്. ഇതിനോട് വിയോജിപ്പുള്ള വ്യക്തികളും കക്ഷികളും യുഡിഎഫിലുണ്ട്. രാഷ്ട്രീയ സത്യസന്ധതയുണ്ടെങ്കിൽ അത്തരം വ്യക്തികളും കക്ഷികളും ഇതിനെതിരെ പരസ്യപ്രതിഷേധത്തിന് തയ്യാറാകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..