പശ്ചിമ യൂറോപ്പിൽനിന്ന് ആഫ്രിക്കയുടെ തെക്കൻ തീരത്തുള്ള ശുഭപ്രതീക്ഷ മുനമ്പുചുറ്റി ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ നാവികനാണ് വാസ്‌കോ ഡ ഗാമ (1460–- 1524). ഏഷ്യൻ ഭൂഖണ്ഡത്തിൽ യൂറോപ്യൻ കോളനീകരണത്തിന് തുടക്കം കുറിച്ചത് ഗാമയാണ്. കോളനി വാഴ്‌ചയുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ അധീശയുക്തി ഇപ്പോഴും ഏഷ്യൻ ജനതയുടെ ജീവിതങ്ങളെ നിർണയിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്ന പരിതോവസ്ഥയിലാണ് ഗാമയുടെ മരണത്തിന്റെ 500–-ാം വാർഷികം കടന്നുവരുന്നത്.
ഇന്ത്യയിലെത്തിയ ആദ്യ കോളനിശക്തി പോർച്ചുഗീസുകാരാണ്. ഇന്ത്യയിൽനിന്ന് അവസാനം പോയതും അവർതന്നെ. 1498 മുതൽ 1961 വരെ ദീർഘമായ 463 വർഷം പോർച്ചുഗീസുകാർ ഇന്ത്യയിലുണ്ടായിരുന്നു. ഏഷ്യയുടെ കോളനീകരണത്തിന് തുടക്കംകുറിച്ച പോർച്ചുഗീസുകാർക്കെതിരെയാണ് ആദ്യത്തെ സംഘടിതവും ദീർഘവുമായ കോളനി വിരുദ്ധ സമരവും അരങ്ങേറുന്നത്. കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിലുള്ള സാമൂതിരിയുടെ നാവികപ്പട ഒരു നൂറ്റാണ്ടുകാലം കടലിൽ പോർച്ചുഗീസ് അധിനിവേശത്തെ ചെറുത്തുനിന്നു. 1599ൽ കുഞ്ഞാലി നാലാമനെ ഗോവയിലേക്ക് കടത്തിക്കൊണ്ടുപോയി തലവെട്ടി കൊലപ്പെടുത്തുന്നതുവരെ നീണ്ട മലബാറിന്റെ സായുധ പ്രതിരോധം കോളനി വിരുദ്ധ സമരത്തിന്റെ പ്രോജ്വലമായ അധ്യായമാണ്.
ഗാമയുടെ വരവ്
സമുദ്രമാർഗം ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് ഗാമ തുടക്കം കുറിക്കുന്നത് 1497 മെയ് എട്ടിന് പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ നിന്നാണ്. 1498 മെയ് 17ന് അദ്ദേഹം കാപ്പാട്ട് നങ്കൂരമിട്ടു. മെയ് 12 മുതൽ 20 വരെയുള്ള ദിവസങ്ങൾ ഗാമയുടെ വരവുമായി ബന്ധപ്പെട്ട് എഴുതി കാണിക്കുന്നുണ്ട്. ചരിത്രകാരന്മാർക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ല. ലിസ്‌ബണിൽനിന്ന് ആഫ്രിക്കയുടെ തെക്കേ തീരത്ത് എത്തി ശുഭപ്രതീക്ഷ മുനമ്പുചുറ്റി മൊസാംബിക്കിലും മൊംബാസയിലും മെലിന്ദയിലും നിർത്തി, കാപ്പാടും പിന്നീട് പന്തലായനി കൊല്ലത്തും നങ്കൂരമിട്ട് സാമൂതിരിയുടെ കൊട്ടാരത്തിലെത്തിയപ്പോൾ ഗാമയുടെ യാത്ര ഏഷ്യ–- യൂറോപ്പ് ബന്ധങ്ങളിൽ പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ചു.
ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള ദുഷ്‌കരമായ ദൗത്യം മാനുവൽ രാജാവ് ആദ്യം ഏൽപ്പിച്ചത് ഗാമയുടെ അച്ഛൻ എസ്‌തവാപോ ഡ ഗാമയെ ആയിരുന്നു. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ വാസ്‌കോ ഡ ഗാമ ദൗത്യം ഏറ്റെടുത്തു. 1498 മേയിൽ അറബിക്കടലലകളെ തഴുകി ഗാമയുടെ സാവോ ഗബ്രിയേൽ, സാവോ റഫായേൽ, ബെറിയോ എന്നീ കപ്പലുകൾ കോഴിക്കോടിന്റെ തീരമണഞ്ഞപ്പോൾ ചരിത്രം തിരുത്തിയ ഐതിഹാസിക സംഭവ പരമ്പരകൾക്ക് തുടക്കമായി. പോർച്ചുഗലിന്റെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന സമുദ്രാധിപത്യത്തിലും ഇന്ത്യയുടെ കോളനീകരണത്തിനും ഗാമയുടെ വരവ് കാരണമായി.
മറ്റ് യൂറോപ്യൻ ശക്തികളിൽനിന്ന് വ്യത്യസ്‌തമായി കുരിശുയുദ്ധത്തിന്റെ മനോഭാവം പേറുന്നവരായിരുന്നു പോർച്ചുഗീസുകാർ. ‘ക്രിസ്‌ത്യാനികളെയും സുഗന്ധദ്രവ്യങ്ങളെയും’ അന്വേഷിച്ചായിരുന്നു അവരുടെ വരവ്. 11–-ാം നൂറ്റാണ്ടിൽ യൂറോപ്പിൽനിന്ന് കുരിശു യുദ്ധത്തിനായി വിശുദ്ധ ഭൂമിയിലേക്ക് (പലസ്‌തീൻ) പുറപ്പെട്ട ഒരു സംഘം യോദ്ധാക്കൾ അവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ച് പൂർവ ദേശത്ത് ഇന്ത്യയിൽ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിച്ചെന്നും അവരുടെ പിൻഗാമിയായ പ്രസ്‌ലർ ജോൺ എന്ന അതിശക്തനായ രാജാവാണ് ഇപ്പോൾ ആ രാജ്യം ഭരിക്കുന്നതെന്നുമുള്ള കഥകൾ ഗാമയുടെ കാലത്ത് യൂറോപ്പിലുടനീളം പ്രചരിച്ചിരുന്നു. പ്രസ്‌ലർ ജോണിനെ കണ്ടെത്തി അദ്ദേഹവുമായി സഖ്യം സ്ഥാപിച്ച് ഓട്ടോമൻ തുർക്കികളെ പരാജയപ്പെടുത്തുകയെന്ന ആശയം യൂറോപ്യൻ നാവികരെയും സഞ്ചാരികളെയും പ്രചോദിപ്പിച്ചിരുന്നു. ഒരുവേള സാമൂതിരി ഒരു ക്രിസ്‌ത്യൻ രാജാവാണെന്ന് ഗാമ തെറ്റിദ്ധരിക്കുക പോലുമുണ്ടായി. കഠിനമായ മുസ്ലിം വിദ്വേഷം ഗാമയുടെ നയമായിരുന്നു. കോഴിക്കോടുമായി നൂറ്റാണ്ടുകളായി കച്ചവട ബന്ധമുണ്ടായിരുന്ന മൂറുകളെ (അറബി വ്യാപാരികൾ) കോഴിക്കോട് തുറമുഖത്തുനിന്ന് പുറത്താക്കണമെന്ന് ധിക്കാരപൂർവം ഗാമ സാമൂതിരിയോട് ആവശ്യപ്പെട്ടു. നികുതിയടച്ച് വ്യാപാരം ചെയ്യാൻ സാമൂതിരി അനുമതി നൽകി. ഒപ്പം മൂറുകളെ പുറത്താക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തു. സാമൂതിരിയും പോർച്ചുഗീസുകാരുമായുള്ള സുദീർഘ സംഘർഷത്തിന്റെ തുടക്കം ഇവിടെ വച്ചായിരുന്നു.
കോഴിക്കോട്ടുണ്ടായിരുന്ന ഈജിപ്തുകാരും (മൂറുകൾ) പേർഷ്യക്കാരുമായ വ്യാപാരികളെ ചൊല്ലിയുണ്ടായ തർക്കം മൂലം ഗാമ–- സാമൂതിരി കൂടിക്കാഴ്ച വേണ്ടത്ര വിജയമായില്ല. സാമൂതിരിയുടെ ശത്രുവായ കോലത്തിരിയെ കാണാൻ ഗാമ കണ്ണൂരിലേക്ക് പുറപ്പെട്ടു. കോലത്തിരി എല്ലാ വ്യാപാരസൗകര്യങ്ങളും അനുവദിച്ചു. 1498 ഒക്‌ടോബറിൽ സ്വദേശത്തേക്ക് മടങ്ങിയ ഗാമയ്ക്ക് സ്വന്തം നാട്ടിൽ വീരോചിതമായ സ്വീകരണം ലഭിച്ചു. യാത്രയ്ക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളുമായാണ് അദ്ദേഹം തിരിച്ചെത്തിയത്.
1502 ജനുവരി 10ന് രണ്ടാം ദൗത്യവുമായി ഗാമ ഇന്ത്യയിലേക്ക് തിരിച്ചു. പേർഷ്യൻ കടൽ, അറബിക്കടൽ, ഇന്ത്യാസമുദ്രം എന്നിവയുടെ അഡ്മിറലായി മാനുവൽ രാജാവ് ഗാമയെ നിയമിച്ചു. പുതിയ അധികാരവും 15 കപ്പലുകളും എണ്ണൂറിലധികം സൈനികരടങ്ങിയ ശക്തമായ നാവികവ്യൂഹവും ഗാമയെ ക്രൂരനും അധികാരപ്രമത്തനുമാക്കി. ആദ്യവരവിൽ ഗാമയെ എതിർത്ത അറബികളെയും മുസ്ലിം കച്ചവടക്കാരെയും അദ്ദേഹം നിഷ്‌കരുണം കൊന്നൊടുക്കി. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട നിരവധി കപ്പലുകൾ കൊള്ളയടിച്ചശേഷം അഗ്നിക്കിരയാക്കി. മക്കയിലേക്ക് തീർഥാടനത്തിനു പോയവരെയും ഗാമ ക്രൂരമായി ആക്രമിച്ചു. കേരളതീരത്ത് ക്രൂരതയുടെയും അധികാര ഗർവിന്റെയും പ്രതീകമായി ഗാമ മാറി.
മൂന്നാം വരവ്
1524 സെപ്തംബർ 15ന് ഗാമ മൂന്നാം തവണ ഇന്ത്യയിലെത്തി. ഇവിടത്തെ പോർച്ചുഗീസ് വൈസ്രോയിയായി ചുമതലയേറ്റ ഗാമയ്ക്ക് കണ്ണൂർ (എയ്‌ഞ്ചലോ കോട്ട) കോട്ടയിൽ ഗംഭീര സ്വീകരണം ലഭിച്ചു. 1524 ഡിസംബറിൽ അസുഖബാധിതനായി അദ്ദേഹം കിടപ്പിലായി. 1524 ഡിസംബർ 24ന് പുലർച്ചെ ഗാമ മരണപ്പെട്ടു. കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ അദ്ദേഹത്തെ അടക്കം ചെയ്തു. 1539ൽ ഗാമയുടെ ശരീരാവശിഷ്‌ടങ്ങൾ പോർച്ചുഗലിലേക്ക് കൊണ്ടുപോയി. ജന്മനാട്ടിലും യൂറോപ്പിലും ഗാമയ്ക്ക് വീര പരിവേഷം ചാർത്തിക്കിട്ടി. ‘മുസ്ലിങ്ങളുടെ സമുദ്രാധിപത്യം തകർത്ത ധീരൻ’ എന്ന നിലയിൽ യൂറോപ്പ് പൊതുവിലും കത്തോലിക്കർ വിശേഷിച്ചും ഗാമയുടെ നേട്ടങ്ങളെ പുകഴ്‌ത്തി. പോർച്ചുഗലിന്റെ ദേശീയ ഇതിഹാസമായ ലൂസിയദസ്, ഗാമയുടെ സമുദ്ര യാത്രകളുടെ ഉജ്വലമായ വിവരങ്ങളാൽ സമ്പന്നമാണ്. ഭാരതീയർക്ക് പക്ഷേ, ഗാമ ക്രൂരതയുടെയും കോളനിവാഴ്ചയുടെയും പര്യായമാണ്. അദ്ദേഹത്തിന്റെ പരമതവിദ്വേഷവും അസഹിഷ്‌ണുതയും തദ്ദേശീയരിൽ കഠിനമായ ഭീതിയും രോഷവും വളർത്തി. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് വിരുദ്ധ സമരം ഇതിന്റെ ഫലമായിരുന്നു.
സാംസ്‌കാരിക രംഗത്ത് പോർച്ചുഗീസ് വാഴ്‌ച വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവന്നു. യൂറോപ്യൻ ആധുനികതയും ക്രിസ്തുമതവും (കത്തോലിക്ക മതം) കേരളത്തിൽ വ്യാപിക്കാൻ ഗാമയുടെ വരവ് കാരണമായി. മധ്യകേരളം, തെക്കൻ കേരളം എന്നീ തീര മേഖലകളിൽ ക്രിസ്‌തുമതം പ്രചരിച്ചു. പരമ്പരാഗത ക്രിസ്‌തു വിശ്വാസികളിൽ വലിയ ഒരു വിഭാഗത്തെ 1959ലെ ഉദയംപേരൂർ സുന്നഹദോസ് വഴി കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തു. അലമാര, ഇസ്‌തിരി, മേസ്‌തിരി, മേശ, ജനാല, ബെഞ്ച്, ഡെസ്‌ക്, കുരിശ്, കോപ്പ, വീഞ്ഞ്, കടലാസ്, വസ്ത്രം, കശുമാവ്, കശുവണ്ടി, ചാവി, കുമ്പസാരം തുടങ്ങി നൂറുകണക്കിന് പോർച്ചുഗീസ് പദങ്ങൾ മലയാളത്തിലുണ്ട്. പറങ്കിമാങ്ങ, പൈനാപ്പിളടക്കം നിരവധി വിളകൾ പോർച്ചുഗീസുകാർ കേരളത്തിൽ പ്രചരിപ്പിച്ചു. ഇന്ത്യക്കാരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു. ഇൻഡോ–- പോർച്ചുഗീസ് പരമ്പരകൾ ‘ലൂസാദോസ്’ എന്നാണ് അറിയപ്പെടുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിൽ അതീവ പ്രാധാന്യമുള്ള നിരവധി പരിവർത്തനങ്ങൾക്ക് പോർച്ചുഗീസുകാർ കാരണമായി. ഗാമയുടെ മതവിദ്വേഷത്തെയും അധിനിവേശ യുക്തിയെയും നഖശിഖാന്തം എതിർക്കുമ്പോഴും പോർച്ചുഗീസുകാരുടെ സാമൂഹ്യ, സാംസ്‌കാരിക വിനിമയം സൃഷ്ടിച്ച സദ്ഫലങ്ങൾ വിമർശ ബുദ്ധ്യാ വിലയിരുത്താതെ വാസ്‌കോ ഡ ഗാമയുടെ മരണത്തിന്റെ 500–-ാം വാർഷികം കടന്നുപോകരുത്.
(കോഴിക്കോട് മീഞ്ചന്ത ഗവ. കോളേജിൽ ചരിത്ര
വിഭാഗം മേധാവിയാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..