19 September Thursday

ഗോദാ നിയമത്തിലെ അധാർമികത - ഡോ. സോണി ജോൺ ടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

 

ഇന്ത്യൻ കായികരംഗത്തെ ഏറെ പ്രക്ഷുബ്ധമാക്കിയാണ് വിനേഷ് ഫോഗട്ടിന്റെ പാരിസ് ഒളിമ്പിക്സിലെ 50 കിലോ ഫൈനൽ പ്രവേശവും തുടർന്ന് ശരീരഭാരം അനുവദനീയമായതിലും കൂടുതലായതിനാൽ ഉണ്ടായ അയോഗ്യതയും കടന്നുപോയത്. എന്നാൽ, ആ സംഭവമുയർത്തുന്ന ചില സുപ്രധാന ചോദ്യങ്ങൾ ഇപ്പോഴും മറുപടിയില്ലാതെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.

സമൂഹത്തിൽ സ്ഥാപനവൽക്കരിക്കപ്പെട്ട കായിക മത്സരയിനങ്ങളിൽ ഏറ്റവും ആദ്യത്തേത് ഗുസ്തിയാണെന്ന് കായിക ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം കായികമത്സരങ്ങളുടെ അന്തസ്സത്ത കുടികൊള്ളുന്നത് അവയുടെ നിയമങ്ങളിലാണെന്ന കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള തർക്കത്തിനുള്ള സാധ്യതയുമില്ല. കായികമത്സരങ്ങളുടെ  സ്ഥാപനവൽക്കരണ  പ്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായിരുന്നു അവയുടെ നിയമങ്ങളുടെ പരിണാമം. കാലാകാലങ്ങളിൽ സമൂഹത്തിനു സ്വീകാര്യമായ ധാർമികതയെയും സാങ്കേതികമായ മറ്റു സാധ്യതകളെയും അടിസ്ഥാനമാക്കി, ഒരു കായികമത്സരയിനത്തിന്റെ അടിസ്ഥാനസ്വഭാവത്തിന് ഒട്ടും കോട്ടംതട്ടാത്ത രീതിയിലാണ് കായികനിയമങ്ങളുടെ പരിണാമം സാധ്യമായി പോന്നിട്ടുള്ളത്. അത്തരത്തിൽ അടുത്തകാലത്ത്‌ സംഭവിച്ച മാറ്റങ്ങളാണ് ഫുട്‌ബോളിലെ ‘വാർ', ക്രിക്കറ്റിലെ ‘ഡിആർഎസ്', ഗുസ്‌തിയിൽ തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള‘ചലഞ്ച്'എന്നിവ. അത്തരം മാറ്റമൊന്നുംതന്നെ ഒരു സുപ്രഭാതത്തിൽ തനിയെ ഉണ്ടായതല്ല. മറിച്ച്, പലപ്പോഴും മത്സരങ്ങൾ നിയന്ത്രിക്കുന്നവരുടെ ഭാഗത്തുനിന്നും തുടർച്ചയായുണ്ടാകുന്ന പിഴവുകൾ മത്സരങ്ങൾ നേരിട്ടുകാണുമ്പോഴും ടെലിവിഷനിൽ കാണുമ്പോഴും അവയുടെ പുനർദൃശ്യങ്ങളിൽ കാണുമ്പോഴും കാണികൾക്ക് അനുഭവവേദ്യമായതിന്റെ  അടിസ്ഥാനത്തിൽ സമൂഹത്തിൽ രൂപപ്പെട്ടുവന്ന ശക്തമായ അഭിപ്രായങ്ങളെത്തുടർന്ന്‌ ഉണ്ടായതാണ്.

കളിനിയമങ്ങൾ പാലിക്കാൻ ആ കളികളിൽ പങ്കെടുക്കുന്ന ഓരോരുത്തരും ബാധ്യസ്ഥരാണെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. പക്ഷേ, അത്തരം നിയമങ്ങൾ ധാർമികമായി ശരിയാണോയെന്നത് സമയാസമയങ്ങളിൽ സമൂഹം പരിശോധിച്ച് ആവശ്യമായ മാറ്റം ഉറപ്പുവരുത്തേണ്ടതുണ്ട്. ഗുസ്തിമത്സരങ്ങൾ നടക്കുന്നത് ശരീരഭാരത്തെ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിലായാണ്. അതിൽത്തന്നെ വിനേഷ് ഫോഗട്ട് പങ്കെടുത്തത് 50 കിലോക്ക്‌ താഴെയുള്ളവർക്കായുള്ള മത്സരത്തിലാണ്. ഒളിമ്പിക്‌സു പോലുള്ള വിവിധ കായികയിനങ്ങൾ ഒരുമിച്ചുനടക്കുന്ന വലിയ മേളകളിൽ ശരീര ഭാരവിഭാഗത്തിലെ മത്സരം  മിക്കവാറും രണ്ടു ദിവസമായാണ് നടത്താറ്. ഇത്തരത്തിൽ രണ്ടു ദിവസമായി മത്സരം നടത്തുന്നതിനുള്ള കാരണം ഒരുകാരണവശാലും ഒരു ഗുസ്തിതാരം മൂന്ന് മത്സരത്തിൽ കൂടുതൽ ഒരു ദിവസം ഇറങ്ങാൻ പാടില്ലെന്ന അടിസ്ഥാനപ്രമാണം നിലനിൽക്കുന്നതിനാലാണ്. ആവശ്യത്തിന് വിശ്രമമില്ലാതെ അത്‌ അയാളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാം. 15 പേരാണ് മത്സരിക്കുന്നതെങ്കിൽ ഒരാൾക്ക് ഒരു ദിവസം മൂന്നു മത്സരത്തിൽ കൂടുതൽ ഉണ്ടാകില്ല. എന്നാൽ, ഒളിമ്പിക്സിൽ യോഗ്യത നേടുന്നത് 16 പേരാണ്. നിയമപ്രകാരം മത്സരദിനത്തിന്റെയന്ന് രാവിലെ മത്സരാർഥികളുടെ ഭാരം അളന്ന് അത് നിശ്ചിത തൂക്കത്തിനുള്ളിലാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവിടെയുള്ള ധാർമികതയുടെ ഒരു പ്രശ്‌നം രാവിലെ ശരീരഭാരം തൂക്കി നിശ്ചയിച്ച് നിശ്ചിത വിഭാഗത്തിൽ പങ്കെടുക്കാൻ അനുമതി കിട്ടുന്നവർ വൈകിട്ടു നടക്കുന്ന മത്സര സമയമാകുമ്പോഴേക്കും നിശ്ചിത ഭാരപരിധിക്കുമേൽ പോകുന്നു എന്നതാണ്. ഉദാഹരണത്തിന്‌ 50 കിലോ വിഭാഗത്തിൽ പങ്കെടുക്കുന്ന ഒരാളുടെ ഭാരപരിശോധനാ സമയത്തെ ഭാരം 49.9 ആണെങ്കിൽ വൈകിട്ടത്തെ യഥാർഥ മത്സരത്തിന്റെ സമയമാകുമ്പോഴേക്കും അത് 52ഉം 54ഉം ഒക്കെയാകുന്നു. ഭാര പരിശോധനാ സമയവും മത്സരസമയവും തമ്മിലുള്ള വലിയ സമയവ്യത്യാസമാണ് ഇതിനു കാരണം. ഈ ഇടവേളയിൽ ഇഷ്ടംപോലെ ഭക്ഷണം കഴിച്ച് ഭാരം കൂട്ടുന്നതിൽ ഒരുനിയന്ത്രണവുമില്ല. ഇനി മത്സരം ഒളിമ്പിക്സിലേതുപോലെ രണ്ടു ദിവസം നീളുന്നതാണെങ്കിൽ രണ്ടാമത്തെ ദിനവും ഭാരപരിശോധനയ്‌ക്ക് മത്സരാർഥികൾ ഹാജരാകേണ്ടതുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിൽ മത്സരം തുടങ്ങിയതിനുശേഷം ഇടയ്‌ക്കുവച്ച് ഭാരപരിശോധന നടത്തി അയോഗ്യത കൽപ്പിക്കുന്നത് ഒരു മത്സരാർഥിയുടെ അടിസ്ഥാനാവകാശത്തെത്തന്നെ ഹനിക്കുന്നതാണ്.

ഒരുവർഷംമുമ്പുവരെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ രണ്ടാമത്തെ ദിനത്തിൽ രണ്ടു കിലോവരെയുള്ള ഭാരക്കൂടുതൽ അനുവദനീയമായിരുന്നു. മത്സരത്തിന്റെ ദൈർഘ്യം നോക്കുമ്പോൾ അത്തരമൊരു സമീപനമാണ് ധാർമികമായി ശരിയെന്നും കാണാൻ കഴിയും. കാരണം അടിസ്ഥാനപരമായി ഭക്ഷണം കഴിക്കുകയെന്നത് ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അത്തരമൊരു അവസ്ഥയിൽ ശരീരഭാരത്തിൽ ചെറിയ തരത്തിലുള്ള വ്യത്യാസംവരാനുള്ള സാധ്യത മുന്നിൽക്കണ്ടുകൊണ്ടാണ് അത്തരമൊരു നിയമം പ്രാബല്യത്തിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ നിയമത്തിൽ ഒരുവർഷം മുമ്പുണ്ടായിരുന്നതുപോലുള്ള രണ്ടു കിലോയുടെ ഇളവ് നിലനിർത്തേണ്ടത് മത്സരാർഥികളുടെ ആരോഗ്യത്തിന് ഒഴിവാക്കാൻ കഴിയാത്ത സംഗതിയാണ്. നിലവിലുള്ള നിയമം മത്സരാർഥികളെ അനാരോഗ്യകരമായ പല പ്രവണതയിലേക്കും നയിക്കുന്നുണ്ട്. രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് ഭാരം കുറയ്‌ക്കുന്നതിനുള്ള വ്യായാമങ്ങൾ ചെയ്യുന്നതുമുതൽ തീർത്തും അപകടകരമായ, രക്തം പകർന്നെടുത്ത് ഭാരം കുറയ്‌ക്കുന്നതുവരെ ഇതിന്റെ ഭാഗമായുള്ള തന്ത്രങ്ങളാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരുനിയമവും കളിക്കാരെ അനാരോഗ്യകരമായ പ്രവണതയിലേക്ക് നയിക്കുന്നതാകരുതെന്ന സ്പോർട്സിന്റെ അടിസ്ഥാന പ്രമാണത്തെത്തന്നെ ഹനിക്കുന്നതാണ് ഈ നിയമം. ഈ സാഹചര്യത്തിലാണ് 100 ഗ്രാമിന്റെ  ഭാര വ്യത്യാസത്തെത്തുടർന്ന് ഒരു ഗുസ്തിതാരം അയോഗ്യത കൽപ്പിക്കപ്പെടുന്നതിന്റെ ധാർമികത ചോദ്യം ചെയ്യപ്പെടുന്നത്. അത്തരമൊരു നിയമത്തിനിരയാകുന്നത് ഫോഗട്ടാണെങ്കിലും മറ്റാരാണെങ്കിലും അത് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.

മേൽപ്പറഞ്ഞ സാഹചര്യങ്ങളൊക്കെ നിലനിൽക്കുമ്പോഴും നമ്മൾ മനസ്സിലാക്കേണ്ട ഒരുകാര്യം ഫൈനലിൽ എത്തുന്നതുവരെ ഫോഗട്ട് ഒരുനിയമവും ലംഘിച്ചിട്ടില്ലായെന്നതാണ്. മാത്രമല്ല, അത്യുജ്വല പ്രകടനമാണ് അവർ കാഴ്ചവച്ചതും. എന്നാൽ, ഗോദയിലെ അവരുടെ പ്രകടനം മറ്റുപലരെയും ഞെട്ടിക്കുന്നതായിരുന്നു. പ്രത്യേകിച്ചും ഗുസ്തി ഫെഡറേഷന്റെ തലപ്പത്തിരുന്ന് അധാർമിക ഭരണം നടത്തിയിരുന്ന  ബ്രിജ്‌ഭൂഷനെപ്പോലുള്ളവരെ. തങ്ങളെ ധിക്കരിച്ച് തെരുവിൽ സമരത്തിനിറങ്ങിയ ഒരു പെൺകൊടി ഒളിമ്പിക് ജേത്രിയായി തിരിച്ചുവരുന്നത് കാണാൻ ത്രാണിയില്ലാത്തവരെ. അത്തരക്കാരുടെ കൈയാളർ ഇപ്പോഴും ഒളിമ്പിക്സ് വില്ലേജിൽ ഫോഗട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നുവെന്ന അവരുടെ പ്രസ്താവന ശരിയാണെങ്കിൽ അത് തീർത്തും അലോസരപ്പെടുത്തുന്നതാണ്. ഒരു ടീമായി പ്രവർത്തിക്കുമ്പോൾ ഒപ്പംനിൽക്കുന്നവരിൽ ആരെങ്കിലും മേൽപ്പറഞ്ഞ കൈയാളരിൽപ്പെട്ടവരാണെങ്കിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞേക്കും. പ്രത്യേകിച്ചും മത്സരശേഷം കഴിക്കേണ്ട ഭക്ഷണവും മറ്റും തീരുമാനിക്കുന്ന പോഷകാഹാര വിദഗ്ധരും ടീം ഡോക്ടറുമൊക്കെ ഇക്കാര്യത്തിൽ നിർണായക തീരുമാനങ്ങളെടുക്കാൻ കഴിയുന്നവരാകുമ്പോൾ. സ്പോർട്സുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര തർക്കപരിഹാര കോടതി വിധി എന്തുതന്നെയായാലും വിനേഷ് ഫോഗട്ട് എന്ന പെൺകുട്ടിയുടെ ഗോദയ്‌ക്കകത്തെയും പുറത്തെയും പോരാട്ടവീര്യം ഭാരതീയരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

(ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ 
കോളേജിൽ അധ്യാപകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top