19 September Thursday

ഷിക്കാഗോയുടെ അലയൊലി

വിഷ്‌ണു എUpdated: Wednesday Sep 11, 2024

ഇന്ന്‌ സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ 
പ്രസംഗത്തിന്റെ 131–-ാം വാർഷികം

 

"അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ’എന്ന അഭിസംബോധനയോടെ തുടങ്ങിയ സ്വാമി വിവേകാനന്ദന്റെ പ്രസംഗം വിശ്വസാഹോദര്യത്തിന്റെ മഹാസന്ദേശം ലോകത്തിനു പകർന്നുനൽകിയിട്ട്‌ 131 വർഷം. 1893 സെപ്തംബർ 11ന് ഷിക്കാഗോയിലെ സർവമത സമ്മേളനത്തിലാണ്‌ വിവേകാനന്ദൻ തന്റെ ഏറ്റവും പ്രശസ്‌തമായ പ്രസംഗം നടത്തിയത്. സർവമത സമ്മേളനത്തിൽ മുഴങ്ങിയ യുവ സന്യാസിയുടെ വാക്കുകൾ കേട്ട്‌ പാശ്ചാത്യലോകം അമ്പരന്നു. 

സെപ്തംബർ 11 മുതൽ 27 വരെ ആറുദിവസങ്ങളിൽ വിവേകാനന്ദൻ ലോകത്തോട് സംസാരിച്ചു. 11, 15, 19, 20, 26, 27 ദിവസങ്ങളിലായി ആകെ ആറു പ്രസംഗമാണ് അദ്ദേഹം സർവമത സമ്മേളനത്തിൽ നടത്തിയത്. സമ്മേളനത്തിൽ പങ്കെടുത്ത മറ്റ് പ്രതിനിധികൾ ദൈവങ്ങളുടെ പേരിലാണ് ലോകത്തെ അഭിസംബോധന ചെയ്തത്‌. എന്നാൽ, ദരിദ്രരായ ഇന്ത്യക്കാരുടെ പേരിലായിരുന്നു വിവേകാനന്ദൻ സംസാരിച്ചത്‌.

കൂപമണ്ഡൂകം വീമ്പിളക്കുന്നതുപോലെയാണ്‌ ചിലരുടെ അവകാശവാദങ്ങളെന്ന് വിവേകാനന്ദൻ പറഞ്ഞു. പല മതവിശ്വാസികളും കൂപമണ്ഡൂകങ്ങളെപ്പോലെയാണ്. കിണറ്റിനപ്പുറം ഒരു ലോകമുണ്ടെന്ന് അവർക്ക് അറിയില്ല. ഇന്ത്യക്കാരന് ഏറ്റവും പ്രധാനം മതമല്ലെന്നും ദാരിദ്ര്യത്തിൽനിന്നുള്ള മോചനമാണ് ലക്ഷ്യമെന്നും അദ്ദേഹം വിവിധ ദിവസങ്ങളിലായി സംസാരിച്ചു. ദരിദ്ര ഇന്ത്യക്കാർ കരയുന്നത് വിശപ്പടക്കാൻ വേണ്ടിയാണ്‌.  വിശക്കുന്നവനു വേണ്ടത് സുവിശേഷ പ്രസംഗങ്ങളല്ല. വിശക്കുന്നവന്റെ ദൈവം ഭക്ഷണമാണ്‌.  കഴിഞ്ഞുപോയത് ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും ഭരണമാണെന്നും ഇപ്പോൾ നടക്കുന്നത് വൈശ്യരുടെ ഭരണമാണെന്നും ഇനി വരാനിരിക്കുന്നത് ശൂദ്രരുടെ ഭരണമാണെന്നും അദ്ദേഹം ആ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ചട്ടമ്പി സ്വാമികളെയും ശ്രീനാരായണ ഗുരുവിനെയും സന്യാസിമാരാക്കി പ്രതിമകളാക്കി മാറ്റിയവർ സ്വാമി വിവേകാനന്ദനെയും ഹിന്ദു സന്യാസി മാത്രമാക്കാനുള്ള തീവ്രശ്രമത്തിലാണ്‌. അത്തരമൊരു വർത്തമാനകാല സാഹചര്യത്തിലാണ്‌ സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 131–-ാം വാർഷികം വന്നുചേരുന്നത്‌ എന്നത്‌ അതിന്റെ പ്രസക്തി വർധിപ്പിക്കുന്നു. മതത്തിന്റെ പേരിൽ ജനതയെ ഭിന്നിപ്പിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്‌ സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ അലയൊലികൾ കരുത്തുപകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top