30 September Monday

കൂത്തുപറമ്പിന്റെ
 കനൽമുദ്ര

വി കെ സനോജ്Updated: Monday Sep 30, 2024

ഖാവ് ലെനിൻ മരിച്ച സന്ദർഭത്തിൽ സ്റ്റാലിൻ സഖാക്കളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ തുടക്കത്തിൽ " സഖാവ് ലെനിൻ നേതാവായിരുന്ന പാർടിയുടെ അംഗമാണ് എന്ന ബഹുമതിയെക്കാൾ ഉയർന്നതായി ഒന്നുമില്ല’. എന്ന് പറയുന്നുണ്ട്. സമരഭരിതമായ തന്റെ ജീവിതത്തിനു തിരശ്ശീലയിട്ട് സഖാവ് പുഷ്പൻ വിടവാങ്ങുമ്പോൾ ഡിവൈഎഫ്ഐയുടെ ഓരോ പ്രവർത്തകനും അഭിമാനപൂർവം പറയുന്നതും അതുതന്നെ, സഖാവ് പുഷ്പൻ നേതാവായിരുന്ന സംഘടനയുടെ അംഗമാണെന്ന ബഹുമതിയെക്കാൾ ഉയർന്നതായി വേറൊന്നുമില്ല എന്ന്.

മനുഷ്യവിമോചനത്തിനായി ലോകമെമ്പാടുമുള്ള സമരങ്ങൾക്ക് ആവേശം പകരുവാൻ പാകത്തിൽ അപൂർവമായൊരു ജീവിതകഥ ബാക്കിവച്ചാണ് പുഷ്പൻ യാത്രയാകുന്നത്. ഒരു മനുഷ്യന് താൻ വിശ്വസിക്കുന്ന ആശയങ്ങൾക്കുവേണ്ടി നൽകാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവന അയാളുടെ ജീവനും ജീവിതവുമാണ്. 1994 ലെ ആ നവംബറിൽ കൂത്തുപറമ്പിന്റെ തെരുവിൽ വെടിയേറ്റ് വീണിട്ടും പുഷ്‌പൻ  ജീവിതംകൊണ്ട് തന്റെ പ്രത്യയശാസ്ത്രത്തിനു സംഭാവന നൽകിക്കൊണ്ടിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലൂടെ വന്ന തലമുറകളെയെല്ലാം സ്വജീവിതംകൊണ്ട് പുഷ്പൻ ആവേശം കൊള്ളിച്ചു.

ജനകീയസമരങ്ങളെ തോക്ക് കൊണ്ട് നേരിട്ട പൊലീസ് നയം കോൺഗ്രസ്‌ ഭരണത്തിലുണ്ടായിരുന്നുവെന്ന, മറന്നുപോകാൻ പാടില്ലാത്ത ചരിത്രം വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു എന്നതാണ് സഖാവ് പുഷ്‌പന്റെ രക്തസാക്ഷിത്വത്തിന്റെ സമകാലിക പ്രസക്തി. വർഗീയതയുടെ മറപിടിച്ച്‌ നവ ഉദാരവാദ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ ഭരണകൂടം അടിച്ചേൽപ്പിക്കാൻ തുടങ്ങുന്ന കാലത്താണ് കൂത്തുപറമ്പ് വെടിവയ്‌പ്‌. ഇന്നും തുടരുന്ന കോർപറേറ്റ്-വർഗീയ കൂട്ടുകെട്ടുകൾക്ക് എതിരെയുള്ള സമരങ്ങൾക്ക് ഊർജം നൽകുന്നതാണ് ആ സമരചരിത്രം. ആ ഊർജം  തലമുറകളിൽനിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്.

കൂത്തുപറമ്പ് സമരത്തെ വളച്ചൊടിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ പലവട്ടം ശ്രമിച്ചിട്ടും താൻ വിശ്വസിച്ച പ്രസ്ഥാനത്തിനെതിരെ ഒരു വാക്കുപോലും സഖാവിൽ നിന്നുണ്ടായില്ല. മുനവച്ച ചോദ്യങ്ങളുമായി അദ്ദേഹത്തിനരികിലേക്ക് കടന്നുവന്ന മാധ്യമ പ്രതിനിധികൾക്കെല്ലാം നിരാശരായി മടങ്ങേണ്ടിവന്നു. സമരം ശരിയായിരുന്നുവെന്ന് അടിവരയിട്ട് സഖാവ് പറഞ്ഞുകൊണ്ടിരുന്നു. സ്വന്തം ജീവിതംകൊണ്ട് കെട്ടിപ്പടുത്ത ആ ശരിയെ ചോദ്യം ചെയ്യാൻ ആർക്കും കഴിയുമായിരുന്നില്ല.
കൂത്തുപറമ്പ് ഏരിയ കേന്ദ്രീകരിച്ച് ബാലസംഘത്തിന്റെ പ്രവർത്തനകാലത്താണ്  സഖാവ്‌  പുഷ്‌പനെ ആദ്യമായി കാണുന്നത്. എസ്എഫ്ഐ ഭാരവാഹിയായപ്പോൾ സഖാവുമായുള്ള പരിചയം അടുത്ത സൗഹൃദമായി മാറി. സ്നേഹം മാത്രമായിരുന്നില്ല പുഷ്‌പേട്ടൻ. ശയ്യാവലംബിയാണെങ്കിലും ഏറെ അടുപ്പമുള്ളവരുടെ ജീവിതത്തിനുമേൽ വലിയ കരുതലും സഖാവിൽനിന്നുണ്ടായി.  ജീവിതപ്രതിസന്ധികളിലും പ്രയാസങ്ങളിലും പരിചയമുള്ള ഓരോരുത്തരും ഓർമിച്ചുപോകുന്ന മുഖമായിരുന്നു അത്. വെടിയേറ്റ് കഴുത്തിന് താഴെ തളർന്ന ശരീരവുമായി മുപ്പതുവർഷം സഖാവ് നയിച്ച ജീവിതം മറ്റൊരു പോരാളിയുടെ കാര്യത്തിലും നമുക്ക് കാണാൻ കഴിയില്ല. അതിനപ്പുറം വൈദ്യശാസ്‌ത്രത്തിനുപോലും അത്ഭുതമായി ആ അതിജീവനം.

എഴുന്നേറ്റ് നടക്കാൻ കഴിയുന്ന ഒരു കാലമുണ്ടായാൽ കൂത്തുപറമ്പിന്റെ മണ്ണിൽ പിടഞ്ഞുമരിച്ച സഖാക്കൾ കെ കെ രാജീവന്റെയും റോഷന്റെയും ബാബുവിന്റെയും മധുവിന്റെയും ഷിബുലാലിന്റെയും വീടുകളിൽ പോകണമെന്നും അവരുടെ സ്മൃതിമണ്ഡപത്തിനരികിൽ കുറച്ചുനേരം ഇരിക്കണമെന്നുമാണ്‌ സഖാവ്‌ ആഗ്രഹിച്ചത്‌. മേനപ്രത്തെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാല രൂപംകൊണ്ടതും പുഷ്‌പേട്ടന്റെ നിർദേശപ്രകാരമാണ്‌. ആ രോഗാവസ്ഥകളോട്‌ നിരന്തരം പൊരുതുമ്പോഴും  പ്രസ്ഥാനത്തോടും സഖാക്കളോടും അദ്ദേഹം കാത്തുസൂക്ഷിച്ചത്‌ അതിതീവ്രമായ ആത്മബന്ധം‌. പുഷ്‌പേട്ടനുമൊത്തുള്ള സൗഹൃദ സംഭാഷണങ്ങൾ ഒരിക്കലും മറക്കാനാകില്ല. പൊള്ളുന്ന അനുഭവങ്ങളിൽ നിന്നുകൊണ്ട് ഇങ്ങനെ ചിരിക്കാനും ചിരിപ്പിക്കാനും കഴിയുന്ന മനുഷ്യർ അധികമില്ല.

ഒടുവിൽ കാണുമ്പോൾ സഖാവ്‌ വെന്റിലേറ്ററിലായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ഐസിയുവിൽ സംസാരിക്കാനാകാതെ, ഒന്നും തിരിച്ചറിയാനാകാതെയുള്ള കിടപ്പ്. അങ്ങനെയൊരവസ്ഥയിൽ മുൻപൊരിക്കലും സഖാവിനെ കണ്ടിട്ടില്ല. എല്ലാവരെയും ഭയപ്പെടുത്തിയുള്ള ആശുപത്രിവാസങ്ങളും വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള തിരിച്ചുവരവും സഖാവിന്റെ ജീവിതത്തിൽ പലപ്പോഴുമുണ്ടായിട്ടുണ്ട്. ഒരുപക്ഷേ മുപ്പതുവർഷമായി തുടർന്ന ആ അതിജീവനം സഖാവ് പുഷ്പൻ എന്ന പോരാളിയുടെ ആത്മധൈര്യം കൊണ്ടുമാത്രം സംഭവിച്ചതാകണം.

സഖാവ്‌ പുഷ്‌പന്റെ ജീവിതം വലിയൊരു പാഠമാണ് കാലത്തിനു മുന്നിൽ തുറന്നുവയ്‌ക്കുന്നത്. പുതിയ തലമുറ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പാഠപുസ്തകംകൂടിയാണ് സഖാവ് ആ സമരജീവിതം. അക്ഷരാർഥത്തിൽ ഇതിഹാസതുല്യമായ ജീവിതം. പോരാളികൾക്ക് എന്നും പ്രചോദനമാകുന്ന, വാക്കുകൾകൊണ്ട് രേഖപ്പെടുത്താൻ കഴിയാത്ത നിശ്ചയദാർഢ്യത്തിന്റെയും ധീരതയുടെയും ആൾരൂപം.

പ്രിയ സഖാവേ..
നിങ്ങൾക്ക് മരണമില്ല.
ഇനി വരുന്ന ഓരോ പോരാളിയിലും
നിങ്ങൾ ജീവിക്കും.
രക്തസാക്ഷിയുടെ അമരജീവിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top