17 September Tuesday

വഖഫ് നിയമഭേദഗതി ഏകപക്ഷീയം - വഖഫ് മന്ത്രി വി അബ്ദുറഹിമാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


 

ലോകമെങ്ങും വഖഫ് സംവിധാനം അംഗീകരിച്ചതിന്റെ ഭാഗമായാണ് നൂറ്റാണ്ടുകളായി മുസ്ലിംവിഭാഗത്തിനു മാത്രമായി ഖബർസ്ഥാൻ, വഖഫ് സ്ഥാപനങ്ങളുടെ ഭരണഘടന തുടങ്ങിയ വിഷയങ്ങൾ അംഗീകരിച്ച് 1913ൽ വഖഫ് സാധൂകരണ നിയമം പാസാക്കിയത്. 1954ലെ നിയമ പ്രകാരം വഖഫിന് കൂടുതൽ സംരക്ഷണം നൽകുകയും ചെയ്തു. പിന്നീട്, വഖഫ് ബോർഡിനെയും വഖഫ് സ്ഥാപനങ്ങളെയും കൂടുതൽ ശക്തിപ്പെടുത്താനും സുരക്ഷിതമാക്കാനും 1995ൽ വഖഫ് നിയമവും നിലവിൽ വന്നു. മുസ്ലിം നിയമം അനുശാസിക്കുന്ന പ്രകാരം, മതപരമോ ജീവകാരുണ്യപരമോ ആയി അംഗീകരിക്കുന്ന ഏതൊരു ആവശ്യത്തിനും വേണ്ടിയുള്ള ഒരു വ്യക്തിയുടെ സ്ഥിരമായ സമർപ്പണമാണ്‌ വഖഫ്‌. അത്‌ ഭൂമിയോ, കെട്ടിടമോ, മറ്റ്‌ ആസ്‌തികളോ ആകാം.

മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന നമ്മുടെ ഭരണഘടനയുടെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുന്നതാണ് വഖഫ്. അതുപ്രകാരമുള്ള അവകാശങ്ങളിൽപെടുന്ന വഖഫ് എൻഡോവ്‌മെന്റുകളെയും വഖഫ് സ്ഥാപനങ്ങളെയും സംരക്ഷിക്കാനും അതിന്റെ സ്വാതന്ത്ര്യം അതതു മതവിഭാഗങ്ങൾക്ക് ഉറപ്പുവരുത്താനുംവേണ്ടിയാണ് വഖഫ് നിയമം. ഈ അവകാശങ്ങൾക്കുമേലുള്ള അന്യായമായ ഇടപെടലാണ് കേന്ദ്രം നടത്തുന്നത്.

2013ൽ വഖഫ് നിയമ ഭേദഗതിക്കുമുമ്പ്, റഹ്‌മാൻ ഖാൻ അധ്യക്ഷനായ പാർലമെന്ററി സമിതി സംസ്ഥാന സർക്കാരുകളുടെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും അഭിപ്രായം പരിഗണിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ട നടപടി പ്രഹസനമായി മാത്രമേ കാണാൻ കഴിയൂ. വഖഫ് ബോർഡ് അംഗങ്ങളിൽ ഒരു പാർലമെന്റ് അംഗം, രണ്ടു നിയമസഭാ അംഗങ്ങൾ, ഒരു ബാർ കൗൺസിൽ അംഗം, വഖഫുകളിൽനിന്നുള്ള മുത്തവല്ലിമാരുടെ രണ്ടു പ്രതിനിധികൾ, മുസ്ലിം സമുദായ പ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ എന്നിവരാണ് ഉൾപ്പെടേണ്ടതെന്ന്  1995ലെ  നിയമത്തിൽ കൃത്യമായി നിഷ്‌കർഷിച്ചിട്ടുണ്ട്. ഈ അടിസ്ഥാനതത്വം പാടെ അട്ടിമറിക്കുന്ന വിധത്തിലാണ് ഭേദഗതി ബില്ലിലെ വകുപ്പുകൾ ഉൾപ്പെടുത്തിയത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നോമിനേറ്റഡ് അംഗങ്ങൾ മാത്രമുള്ള ബോർഡ് ജനാധിപത്യ വ്യവസ്ഥയ്‌ക്ക് പൂർണമായും എതിരാകും. ഈ ബോർഡിന് നിഷ്പക്ഷമായി തീരുമാനമെടുക്കാനാകില്ല. ബോർഡംഗങ്ങളും ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മുസ്ലിം ആകണമെന്ന വ്യവസ്ഥ മാറ്റുകയും രണ്ട്‌ അമുസ്ലിങ്ങൾ അംഗങ്ങളിൽ ഉണ്ടാകണമെന്നു പറയുകയും ചെയ്യുന്നതോടെ മുസ്ലിം വഖഫ് സംരക്ഷണം ഇല്ലാതാകുന്നതിനും വഖഫ് വസ്തുക്കൾ അന്യാധീനപ്പെടുന്നതിനുമുള്ള സാധ്യത ഉണ്ടാകും.


 

1995 ലെ വഖഫ് നിയമത്തിലെ സെക്‌ഷൻ 40 പ്രകാരം ഒരു പ്രത്യേക സ്വത്ത് വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിൽ നിക്ഷിപ്തമാണ്. എന്നാൽ, നിർദിഷ്ട ഭേദഗതിയിൽ ഈ വകുപ്പും ഒഴിവാക്കി. 36–--ാം വകുപ്പിലെ നിർദിഷ്ട ഭേദഗതി പ്രകാരം വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം ജില്ലാ കലക്ടർക്കാണ് നൽകിയിരിക്കുന്നത്. ഇസ്ലാമിക നിയമമനുസരിച്ച് ഒരു വഖഫ് രേഖാമൂലമോ വാമൊഴിയായോ സൃഷ്ടിക്കാവുന്നതാണ്. എന്നാൽ, ഭേദഗതി പ്രകാരം ഒരു വഖഫ് ഡീഡ് നടപ്പാക്കാതെ വഖഫ് സൃഷ്ടിക്കാൻ കഴിയില്ല. ഇതിനെല്ലാം പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്ന് വ്യക്തമാണ്.

‘അവിശ്വാസ വോട്ടിലൂടെ ചെയർപേഴ്‌സണെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രിൻസിപ്പൽ ആക്ടിലെ സെക്‌ഷൻ 20എ ഇല്ലാതാക്കുകയാണ്. ഒരു ചെയർമാനെ സർക്കാർ നോമിനേറ്റ് ചെയ്തുകഴിഞ്ഞാൽ ബോർഡിലെ ഭൂരിപക്ഷം തീരുമാനിച്ചാലും അദ്ദേഹത്തെ നീക്കം ചെയ്യാൻ കഴിയില്ല. ഇത്‌ ജനാധിപത്യവിരുദ്ധമാണ്.'- ഇപ്പോൾ സംസ്ഥാന സർക്കാർ അംഗീകരിച്ച ചട്ടപ്രകാരമാണ് വഖഫ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നത്. നിർദിഷ്ട ഭേദഗതി ബില്ലിൽ, വഖഫ് വസ്തുക്കൾ രജിസ്റ്ററിൽ ചേർക്കുന്നതിനുള്ള ബോർഡിന്റെ അധികാരം കലക്ടറുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ നടപ്പിൽ വരുത്താനാകൂ. ഭേദഗതിയിൽ അക്കൗണ്ടുകളുടെയും ഓഡിറ്റിന്റെയും മുഴുവൻ നിയന്ത്രണവും കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നു. ഓഡിറ്ററെ നിയമിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം എടുത്തുകളഞ്ഞത് ശരിയായ നടപടിയല്ല. ഭേദഗതിയിൽ വഖഫ് നിയമത്തിന്റെ 104–--ാം വകുപ്പ് ഒഴിവാക്കിയതായി കാണുന്നു. ഈ വകുപ്പ് പ്രകാരം ഏതു മതത്തിൽപ്പെട്ട ആൾക്കും ഒരു വസ്തു വഖഫാക്കുന്നതിനോ വഖഫിന് നൽകുന്നതിനോ സാധിച്ചിരുന്നു. എന്നാൽ, അഞ്ചു വർഷമെങ്കിലും ഇസ്ലാമിക ആചാരപ്രകാരം ജീവിച്ച വ്യക്തിക്കു മാത്രമേ വഖഫ് രൂപീകരിക്കാൻ സാധിക്കൂ എന്ന ഭേദഗതി മതനിരപേക്ഷ കാഴ്ചപ്പാടിനെതിരാണ്.

ഇത്തരത്തിൽ കേന്ദ്ര വഖഫ് നിയമ ഭേദഗതിക്കുള്ള നീക്കങ്ങൾ ഏറെ ആശങ്കാജനകമാണ്. ഏകപക്ഷീയമായ നിയമഭേദഗതി നീക്കം തികച്ചും പ്രതിഷേധാർഹവുമാണ്. -മതനിരപേക്ഷതയ്ക്കു നേരെയുള്ള കടന്നാക്രമണമാണ് വഖഫ് നിയമ ഭേദഗതിയിലൂടെ നടത്തുന്നത്. സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങളെ നിഷേധിക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ജനാധിപത്യ വിരുദ്ധമായ ഈ നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top