03 November Sunday

മാലിന്യസംസ്‌കരണം സാമൂഹ്യ ഉത്തരവാദിത്വം - ഡോ. ടി എൻ സീമ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

 

തിരുവനന്തപുരം കോർപറേഷനിൽ തമ്പാനൂർ റെയിൽവേ ട്രാക്കിനടിയിൽക്കൂടി കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കംചെയ്യാനുള്ള ശ്രമത്തിനിടയിൽ വിലപ്പെട്ട ഒരു മനുഷ്യജീവൻ നഷ്ടപ്പെട്ട അത്യന്തം വേദനാജനകമായ സാഹചര്യത്തിലാണ് ഈ കുറിപ്പ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രൂപീകരിച്ച നാല് വികസന മിഷനുകളിൽ പരിസ്ഥിതി സംരക്ഷണത്തിനും നഷ്ടപ്പെട്ട പരിസ്ഥിതിയുടെ പുനഃസ്ഥാപനത്തിനും മുഖ്യപ്രാധാന്യം നൽകി രൂപംനൽകിയ ഹരിത കേരളം മിഷനെപ്പറ്റി പറയാതെ ഈ വിഷയത്തെ സമീപിക്കാനാകില്ല.

ഹരിത കേരളം മിഷൻ രൂപീകൃതമാകുന്നതുവരെ  99 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനോ സംസ്‌കരിക്കുന്നതിനോ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. 2016 മുതൽ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് ഇതിനായുള്ള സംവിധാനങ്ങൾ സമ്പൂർണമായിത്തന്നെ ഏർപ്പടുത്താൻ കഴിഞ്ഞിട്ടുണ്ട്. തദ്ദേശഭരണ വകുപ്പ്, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ക്ലീൻ കേരള കമ്പനി, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും ഒറ്റമനസ്സോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് ഈ ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞത്. വാതിൽപ്പടി ശേഖരണത്തിന് 36,395 ഹരിതകർമസേനാംഗങ്ങൾ സജീവമായി പ്രവർത്തനരംഗത്തുണ്ട്. ‘ഹരിതമിത്രം'എന്നപേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴി  സംസ്ഥാനതലംവരെ നിരീക്ഷിക്കാനും പൊതുജനങ്ങൾക്ക് പരാതി  രേഖപ്പെടുത്താനും സൗകര്യമൊരുക്കി.


 

ഇന്ന് കേരളത്തിലെ ഏതു പ്രദേശത്ത് പോയാലും റോഡരികിൽ മിനി എംസിഎഫുകൾ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) കാണാൻ കഴിയും. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേനകൾ ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കൾ താൽക്കാലികമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളാണ്‌ ഇവ. ആർആർഎഫു (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) കളിൽനിന്ന് പാഴ് വസ്തുക്കൾ സുരക്ഷിത സംസ്‌കരണത്തിന് കൈമാറാനായി ക്ലീൻ കേരള കമ്പനിയും വിവിധ സ്വകാര്യ ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവൻ പ്രദേശത്തും ഇത്തരത്തിലുള്ള സംവിധാനങ്ങൾ നിലവിലുള്ളത് കേരളത്തിൽമാത്രമാണ്. അജൈവ പാഴ് വസ്തുക്കളുടെ വാതിൽപ്പടി ശേഖരണത്തിനും ചരക്കുനീക്കത്തിനും സുരക്ഷിത സംസ്‌കരണത്തിനുമെല്ലാം ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിവഴി തന്നെ ഇപ്പോൾ പ്രതിവർഷം ഏകദേശം 62,000 ടൺ അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. 49 സ്വകാര്യ ഏജൻസികൾ വഴി കൈമാറുന്ന മാലിന്യത്തിന്റെ കണക്കുകൂടി പരിഗണിച്ചാൽ അത് ഇതിലുമെത്രയോ മടങ്ങുവരും.
ഇതിലൂടെ കേരളത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കപ്പെട്ടോ എന്നതാണ് സുപ്രധാനമായ ചോദ്യം. പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല എന്നുതന്നെ ഉത്തരം പറയേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. മാലിന്യത്തെക്കുറിച്ചും അവ കൈയൊഴിയുന്നതിനെക്കുറിച്ചും സുരക്ഷിതസംസ്‌കരണ രീതികളെക്കുറിച്ചും അലക്ഷ്യമായി അവ കൈകാര്യം ചെയ്യുന്നതിലൂടെ സൃഷ്ടിക്കുന്ന അതിഭീകരമായ പാരിസ്ഥിതിക, -ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങൾ പൂർണതോതിൽ ബോധവൽക്കരിക്കപ്പെട്ടിട്ടില്ല.

ഹരിതകർമസേനയ്ക്ക് മാലിന്യം കൈമാറാനും യൂസർ ഫീസ്‌ നൽകാനും വിമുഖത കാണിക്കുകയും വലിച്ചെറിയലും കത്തിക്കലുമുൾപ്പെടെയുള്ള മാർഗങ്ങളിലൂടെ മാലിന്യം ഒഴിവാക്കുകയും ചെയ്യുന്ന കുറെയധികം പേരുണ്ട്. അത് മനസ്സിലാക്കിയാണ് മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുംവിധത്തിൽ കേരള പഞ്ചായത്തീ രാജ് -മുനിസിപ്പാലിറ്റി നിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായത്. എന്നാൽ, മറ്റു പല കാര്യത്തിലുമെന്നപോലെ മാലിന്യത്തിന്റെ കാര്യത്തിലും ആരുടെയും കണ്ണിൽപ്പെടാതെ നിയമലംഘനങ്ങൾ നടത്തുന്നവർ അനേകം പേരുണ്ട്. ഇത്തരക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങളാണ്  ഓടകളെയും തോടുകളെയും പുഴകളെയും മലിനമാക്കുകയും സുഗമമായ നീരൊഴുക്ക് തടഞ്ഞ് വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്യുന്നത്. ഈ മാലിന്യങ്ങളാണ് മൈക്രോ-നാനോ പ്ലാസ്റ്റിക്കുകളായി  കുടിവെള്ളശൃംഖലയിൽ കടന്നുകയറി നമ്മുടെ ഉള്ളിലെത്തുന്നത്. ഇതേ മാലിന്യം തന്നെയാണ്  കടൽത്തീരങ്ങളെയും കടൽ ആവാസവ്യവസ്ഥകളെയും നശിപ്പിക്കുന്നതും മത്സ്യങ്ങളിലൂടെയും ഉപ്പിലൂടെയുമെല്ലാം ശരീരത്തിനുള്ളിലെത്തി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും.

തങ്ങളുടെ ഏറ്റവും അടുത്തുള്ള പരിസ്ഥിതിയിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ മാലിന്യംകൊണ്ടുള്ള ശല്യം തീർന്നുവെന്ന തെറ്റായ ധാരണ പുലർത്തുന്ന  മനുഷ്യരുടെ മനോഭാവംകൂടി മാറണം. അതിനാൽത്തന്നെ തദ്ദേശഭരണ വകുപ്പ്, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിവരുന്ന ‘മാലിന്യമുക്തം നവകേരളം' എന്ന കാമ്പയിന്റെ ഏറ്റവും പ്രധാന ഘടകമായി ഏറ്റെടുത്തിട്ടുള്ളത് മനോഭാവമാറ്റത്തിനുള്ള പ്രവർത്തനങ്ങളാണ്.

സാമൂഹ്യ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് തമ്പാനൂരിലെ ദുരന്തം വിരൽചൂണ്ടുന്നത്.  ഒരു ജീവൻ നമ്മുടെ കൺമുമ്പിൽ നഷ്ടപ്പെട്ടതുകൊണ്ട് അത് പൊതു ചർച്ചയായി. എന്നാൽ, ആയിരക്കണക്കിന് മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ജീവൻ അൽപ്പാൽപ്പമായി കവർന്നെടുത്തുകൊണ്ടിരിക്കുന്ന മാലിന്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ ഇപ്പോഴും വേണ്ടത്ര എത്തിയിട്ടില്ല എന്നത് ഗൗരവമേറിയ വിഷയമാണ്.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽത്തന്നെ അനുബന്ധമായി ഒട്ടേറെ ഉപ കാമ്പയിനുകൾ നടപ്പാക്കിവരികയാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചുള്ള ‘ഹരിത അയൽക്കൂട്ടം', സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ‘ഹരിത വിദ്യാലയം', ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ‘ഹരിത കലാലയം', ഓഫീസുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ‘ഹരിത ഓഫീസ്', തിരഞ്ഞെടുക്കപ്പെട്ട 107 ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ‘ഹരിത ടൂറിസം', തിരഞ്ഞെടുക്കപ്പെട്ട 207 തദ്ദേശഭരണ സ്ഥാപനങ്ങളെ മാലിന്യസംസ്‌കരണത്തിന്റെ മാതൃകകളാക്കി മാറ്റുന്ന ‘മാതൃകാ തദ്ദേശസ്ഥാപനം' എന്നിങ്ങനെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ ഭരണസ്ഥാപനങ്ങളെയും വിവിധ ഏജൻസികളെയും ഏകോപിപ്പിച്ചു നടപ്പാക്കുന്ന കാമ്പയിനുകളെല്ലാം മാലിന്യസംസ്‌കരണം സംബന്ധിച്ച ഒരു പുതിയ സംസ്‌കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇവയ്ക്കു പുറമേ ‘മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശഭരണ വകുപ്പിന്റെ  നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. മേൽസൂചിപ്പിച്ച പ്രവർത്തനങ്ങളെല്ലാം വിജയിപ്പിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് തമ്പാനൂരിലെ ദുരന്തം വിരൽചൂണ്ടുന്നത്.  ഒരു ജീവൻ നമ്മുടെ കൺമുമ്പിൽ നഷ്ടപ്പെട്ടതുകൊണ്ട് അത് പൊതു ചർച്ചയായി. എന്നാൽ, ആയിരക്കണക്കിന് മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ജീവൻ അൽപ്പാൽപ്പമായി കവർന്നെടുത്തുകൊണ്ടിരിക്കുന്ന മാലിന്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ ഇപ്പോഴും വേണ്ടത്ര എത്തിയിട്ടില്ല എന്നത് ഗൗരവമേറിയ വിഷയമാണ്.

കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുകയും അതിനനുസരിച്ചുള്ള പ്രവർത്തനപരിപാടികൾ ആസൂത്രണംചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സർക്കാരാണ് സംസ്‌ഥാനത്തുള്ളത്.  സർക്കാരിന്റെ ഈ ലക്ഷ്യപ്രാപ്തിയെ തടയുന്ന ഒരു മാലിന്യ മഞ്ഞുമല കുറെയേറെ മനുഷ്യരുടെ മനസ്സിന്റെ അടിയിൽ ഇപ്പോഴും മറഞ്ഞുകിടക്കുന്നുണ്ട്. തമ്പാനൂരിൽ കണ്ടത് ആ മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്ന് നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം. മലിനീകരണത്തെ ഏറ്റവും വലിയ സാമൂഹ്യദ്രോഹമായി കാണുന്ന സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. നീർച്ചാലുകളിലും തോടുകളിലും നദികളിലുമെല്ലാം തെളിനീരൊഴുകുന്ന അവസ്ഥയിലേക്ക്‌ മാറണം. വന്യമൃഗങ്ങൾ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ കഴിക്കുന്ന ദുരവസ്ഥയുണ്ടാക്കുന്ന വനപ്രദേശങ്ങളുടെ മലിനീകരണം പൂർണമായി തടയേണ്ടതുണ്ട്. കടലും കടൽത്തീരവും പ്ലാസ്റ്റിക്കുകളാൽ നിറയുന്ന ദുഃസ്ഥിതിക്ക് അറുതി വേണം. അതിനായി ഒറ്റമനസ്സോടെ കൈകോർക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ ദുരന്തം നമ്മുടെ കണ്ണ് തുറപ്പിക്കണം.

(നവകേരളം കർമപദ്ധതി സംസ്ഥാന കോ–-ഓർഡിനേറ്ററും  ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമാണ്‌ ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top