22 December Sunday

ദുരന്തമുഖത്തും നിർദയവിവേചനം

ഗോപകുമാര്‍ മുകുന്ദന്‍Updated: Monday Nov 18, 2024

സമാനതകളില്ലാത്ത ദുരിതം വിതച്ച വയനാട് ഉരുൾപൊട്ടൽ  കേരളം കണ്ട ഏറ്റവും ഭീതിതമായ പ്രകൃതി ദുരന്തമാണ്. ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് 60 ലക്ഷം ക്യുബിക് മീറ്റർവരും (debris flow)  എന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഇതിനു മുമ്പ്‌ രേഖപ്പെടുത്തിയ ഏറ്റവും വലിയ മണ്ണിടിച്ചിൽ 30 ലക്ഷം ക്യുബിക് മീറ്ററായിരുന്നു. വയനാട്ടിലുണ്ടായ ഈ  പേപ്പാച്ചിലിൽ  254 മനുഷ്യരുടെ ജീവനും രണ്ടു ഗ്രാമങ്ങൾ ഏതാണ്ട് അപ്പാടെയും ഒലിച്ചു പോയി. നാൽപ്പത്തിയേഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. 378 പേർക്ക് ഗുരുതരപരിക്കുകൾ പറ്റി. ഏതാണ്ട്  2000 വീടുകൾ പൂർണമായോ  ഭാഗികമായോ തകർന്നടിഞ്ഞു. സ്‌കൂളുകളും കമ്പോളവും ആരാധനാലയങ്ങളും തുടങ്ങി  സകലതും ഈ കുത്തൊഴുക്കിൽ ഇല്ലാതെയായി. സ്റ്റേറ്റ് ഹൈവേ അടക്കം 15 കിലോമീറ്ററിൽ അധികം റോഡും മൂന്നുപാലങ്ങളും ഒലിച്ചു പോയി.  ഈ മഹാദുരിതത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം  എന്ന പൊതുആവശ്യത്തെ  അത്തരം ഒരു വകുപ്പില്ല  എന്നുപറഞ്ഞ്  നിരാകരിക്കുകയാണ് കേന്ദ്രസർക്കാർ  ചെയ്യുന്നത്. അതേ സമയം മാരകമായ ദുരന്തം എന്ന ഒരു വകുപ്പുണ്ടല്ലോ എന്ന  വസ്തുത വിസ്മരിക്കുകയും ചെയ്യുന്നു. ഇത്തരം ഒരു  പ്രകൃതിദുരന്തത്തെ മാരകമായ ഒന്നായി (Disaster of  a severe nature) കണ്ട്  പ്രത്യേക ധനസഹായം ലഭ്യമാക്കാൻ തയ്യാറാകാത്തവിധം കേരളത്തോട് വിദ്വേഷം കാണിക്കുന്നത് എന്തുകൊണ്ടാണ്. കേവലം വാക്കുകളുടെ പൊള്ളത്തരങ്ങളിൽ  കുടുക്കി  നിഷേധിക്കേണ്ടതാണോ കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ.

കേരളം ആവശ്യപ്പെടുന്നത്  

മൂന്നു പ്രധാന കാര്യങ്ങളാണ്  ആദ്യ മെമ്മോറാണ്ടം  മുതൽ  കേരളം ആവശ്യപ്പെടുന്നത്.
1. മേപ്പാടി -ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണം. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് ‘ Disaster of Severe Nature' ആയി പ്രഖ്യാപിക്കണം.

2. ദുരന്ത നിവാരണ നിയമത്തിന്റെ വകുപ്പ്  13 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ദുരന്ത ബാധിതരുടെ എല്ലാ വായ്‌പകളും എഴുതിത്തള്ളണം.
3. മേപ്പാടി- ചൂരൽമല ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്കായി ദുരന്ത പ്രതികരണ നിധിയിൽനിന്നും അടിയന്തര അധികസഹായം അനുവദിക്കണം.
ഈ കാതലായ ആവശ്യങ്ങളോടു  പ്രതികരിക്കാതെ  ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ല എന്ന സാങ്കേതികത്വത്തിൽ പിടിച്ച് കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി കഴിഞ്ഞ പത്തിന് അയച്ച കത്തിൽ സ്വീകരിച്ചിരിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് ലെവൽ 3 ( L3 - ‘Disaster of Severe Nature') ആയി വിജ്ഞാപനം ചെയ്യപ്പെട്ടാൽ പുനരധിവാസത്തിന് കൂടുതൽ തുക വിവിധ അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നും കണ്ടെത്തുവാൻ സംസ്ഥാന സർക്കാരിനു  ശ്രമിക്കാം. മാത്രമല്ല ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്നും പ്രത്യേക സഹായം കേരളത്തിനു  നൽകാൻ കേന്ദ്ര സർക്കാർ നിർബന്ധിതമാകുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്  എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിത്യാനന്ദറായിയുടെ കത്തിൽ തന്നെ ഇതിന്റെ സൂചനകൾ ഉണ്ട്.  

ദുരന്ത പ്രതികരണം 
ആരുടെ ഉത്തരവാദിത്വം

ദുരന്ത പ്രതികരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്  എന്നു പറഞ്ഞാണ്‌ ആഭ്യന്തര സഹമന്ത്രി കത്ത്  തുടങ്ങുന്നത്. ഇക്കാര്യത്തിൽ  ആർക്കും തർക്കമുണ്ടാകുമെന്നു   തോന്നുന്നില്ല.  സമീപകാല ദുരന്ത സംഭവങ്ങളിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ ആഗോളമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം   ഡിസാസ്റ്റർ മാനേജ്മെന്റിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം എന്താണ്. ഇക്കാര്യത്തിൽ അവലംബിക്കാവുന്ന ഒരു രേഖ കേന്ദ്ര ധന കമീഷൻ റിപ്പോർട്ടാണ്. ധന കമീഷനുകളാണ്  ദുരന്ത പ്രതികരണ നിധിയുടെ വിഹിതം തീരുമാനിക്കുന്നത്. ദുരന്ത പ്രതികരണ നിധി സംബന്ധിച്ച നിർദേശങ്ങൾ രൂപീകരിക്കുന്നതിൽ സ്വീകരിച്ച തത്വങ്ങൾ പതിനഞ്ചാം  ധന കമീഷൻ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ദുരന്ത മാനേജ്മെന്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ് എന്നതുപോലെ ദുരന്ത പ്രതികരണ നിധി ലഭ്യമാക്കേണ്ടത് കേന്ദ്ര സർക്കാരുകൾ/ഫെഡറൽ സർക്കാരുകളാണ് എന്നു കമീഷൻ വ്യക്തമാക്കുന്നു. ഇതാണ് അന്തർദേശീയമായി  സ്വീകരിക്കപ്പെടുന്ന രീതി. (… in all countries with a federal system, while it is the union or federal government which provides disaster assistance, the primary responsibility for disaster management rests with states )
എന്തിനൊക്കെയാണ് ദുരന്ത 
പ്രതികരണ നിധി ലഭ്യമാക്കേണ്ടത്

ദുരന്ത പ്രതികരണ നിധിയിൽനിന്നും സഹായമാണ് നൽകുന്നത് അല്ലാതെ നഷ്ടപരിഹാരമല്ല (only  relief ,not compensation)  എന്നതാണ് നിത്യാനന്ദറായിയുടെ കത്തിൽ പറയുന്ന ഒരു കാര്യം. ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള റിലീഫിനു മുകളിൽ നഷ്ടം പരിഹരിക്കാൻ ബാധ്യതയില്ല  എന്നതാണ് ഈ കത്തിലെ വ്യംഗ്യം  എന്നു വ്യക്തം. ധന കമീഷൻ സ്വീകരിച്ച സമീപനത്തെ അപ്പാടെ തള്ളുന്ന നിലപാടാണിത്. ദുരന്ത നിവാരണ നിയമത്തിന്റെ ആവിർഭാവത്തോടെ  ദുരന്ത പ്രതികരണം സംബന്ധിച്ച സമീപനത്തിൽ വന്ന സമൂല മാറ്റത്തെ നിരാകരിക്കുകയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ചെയ്യുന്നത്.  നേരത്തെ  നിലവിലുണ്ടായിരുന്ന  ദുരന്ത സഹായനിധി ( Calamity Relief Fund ) ദുരന്ത പ്രതികരണ നിധിയായി (Disaster Response Fund) മാറിയത് ഈ സമീപന മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ്. പതിനഞ്ചാം ധന കമീഷൻ ശുപാർശ ചെയ്ത ദുരന്ത പ്രതികരണ നിധിയുടെ വിഭജനം ഈ മാറ്റം കൂടുതൽ വ്യക്തമാക്കും. സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്ക് കമീഷൻ ശുപാർശ ചെയ്തത് 128122 കോടി രൂപയാണ്. അതിൽ റിലീഫിനായി ( Response and Relief)  64061 കോടി രൂപയും  വീണ്ടെടുപ്പിനും പുനർനിർമാണത്തിനുമായി (Recovery and Reconstruction) 48046 കോടി രൂപയും  തയ്യാറെടുപ്പ്  ചെലവുകൾക്കായി ( Preparedness and Capacity building) 16015 കോടി രൂപയുമാണ് ധനക്കമീഷൻ ശുപാർശ ചെയ്തത്. ഇതേ പോലെ  കേന്ദ്രസർക്കാർ അധീനതയിലുള്ള  ദേശീയ ദുരന്ത പ്രതികരണ നിധിയിലെ  54770 കോടി രൂപയിൽ റിലീഫിനായി 27385  കോടിയും  വീണ്ടെടുപ്പിനും പുനർനിർമാണത്തിനുമായി 20539 കോടി രൂപയും  തയ്യാറെടുപ്പ്  ചെലവുകൾക്കായി 6846 കോടിയുമാണ് ധനക്കമീഷൻ ശുപാർശ ചെയ്തത്. പിന്നെ റിലീഫിന് മാത്രമാണ് സഹായം ലഭിക്കുക എന്ന ഇപ്പോഴത്തെ നിലപാട് എന്തുകൊണ്ടാണ്. സാധാരണ മാനദണ്ഡങ്ങൾക്കുള്ളിൽനിന്ന്‌ പരിഹരിക്കാവുന്ന നാശമല്ല വയനാടിന് സംഭവിച്ചത്. വയനാട്ടിലെ മനുഷ്യരുടെയും  ആ നാടിന്റെയും ജീവിതം തിരിച്ചു പിടിക്കാൻ 2000 കോടി രൂപയെങ്കിലും വേണ്ടതുണ്ട് എന്ന കണക്കുപറഞ്ഞ കേരളത്തോട് അതുനടപ്പില്ല എന്നു പറയുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.      

അധിക സഹായം

വയനാടിന് എന്തുകൊണ്ട് കേന്ദ്ര സർക്കാർ സഹായം നൽകുന്നില്ല  എന്ന ചോദ്യത്തെ നേരിടുന്ന രീതി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന  ദുരന്ത പ്രതികരണ നിധിയിൽ പണം  നൽകിയിട്ടുണ്ട് എന്ന വാദമാണ് പറയുന്നത്. ദുരന്ത നിവാരണ നിയമം അനുസരിച്ച് രൂപീകരിക്കപ്പെട്ട കരുതൽ നിധിയാണ്  സംസ്ഥാന  ദുരന്ത പ്രതികരണ നിധിയും ദേശീയ ദുരന്ത പ്രതികരണ നിധിയും. ഓരോ  സംസ്ഥാനത്തിന്റെയും ദുരന്ത പ്രതികരണ നിധിയിൽ കേന്ദ്രസർക്കാർ നൽകേണ്ട സാധാരണവിഹിതം ധന കമീഷൻ നിശ്ചയിച്ച് ശുപാർശ ചെയ്തിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം സാധാരണ സംഭവിക്കുന്ന നാശങ്ങൾക്ക് സഹായം നൽകുന്നത് ഈ നിധിയിൽ നിന്നാണ്. അസാധാരണമായ സാഹചര്യങ്ങളിൽ ഇതിനു മുകളിൽ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്ന ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്നും അധിക സഹായം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ആഭ്യന്തര സഹമന്ത്രിയുടെ കത്തും ഇതു  നിഷേധിക്കുന്നില്ല. മാരകമായ  ദുരന്തങ്ങളിൽ ദേശീയനിധിയിൽനിന്നും അധിക സഹായം അനുവദിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. പിന്നെന്താണ് ഇവിടെ തടസ്സം.


ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ല എന്ന തൊടുന്യായം പറയുകയാണ് ചെയ്യുന്നത്. ദേശീയദുരന്തം ( National Disaster ) എന്ന പദം  കേരളം കണ്ടു പിടിച്ചതാണോ. പത്താം ധന കമീഷൻ ശുപാർശ ചെയ്ത കാര്യം ഇവിടെ പ്രസക്തമാണ്.“Once a calamity is deemed to be of rare severity it really ought to be dealt with as a national calamity requiring assistance and support beyond what is envisaged in the CRF Scheme...”  അസാധാരണ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി അധികസഹായം ലഭ്യമാക്കണം എന്നതായിരുന്നു ശുപാർശ. കേന്ദ്രസർക്കാർ അംഗീകരിച്ച റിപ്പോർട്ടാണിത് എന്നോർക്കണം.  വയനാട് സംഭവിച്ചത് ‘Disaster of Severe Nature' ആണ് എന്നതിൽ തർക്കമുണ്ടായിട്ടല്ലല്ലോ  ഈ നീതി നിഷേധം.  ദുരന്തമുഖത്തും കേരളത്തോട് പുലർത്തുന്ന വിവേചനമാണ്  ഈ സ്ഥിതിക്ക്‌ കാരണം.
(കൊച്ചിയിലെ  സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്‌ ആൻഡ്‌ എൻവയോൺമെന്റൽ സ്‌റ്റഡീസിൽ സ്വതന്ത്ര ഗവേഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top