22 December Sunday

ഉരുൾപൊട്ടലുണ്ടായ ദിനങ്ങളിൽ വയനാട്ടിൽ പെയ്ത മഴവെള്ളം ശേഖരിച്ചാൽ എത്ര വരും?... വൈശാഖൻ തമ്പി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

വയനാട് ജില്ലയിൽ കഴിഞ്ഞ ജൂലൈ 30, 31 തീയതികളിൽ പെയ്ത മഴവെള്ളം ശേഖരിച്ച് ഒരു ടാങ്കിൽ നിർത്തി, പെരിയാർ നദിയുടെ വലിപ്പത്തിലുള്ള ഒരു ചാലിലൂടെ  ഒഴുക്കിയാൽ, 21 ദിവസം വേണ്ടിവരും ടാങ്കിലെ വെള്ളം തീരാൻ. ഉരുൾപൊട്ടൽ ചർച്ച ചെയ്യുമ്പോൾ മഴയെ മാറ്റിനിർത്തി ബാക്കിയെല്ലാം തലങ്ങും വിലങ്ങും കീറിമുറിക്കുന്ന വിദഗ്ദ്ധ വാദങ്ങളെയാണ് കാര്യമായി എടുക്കുന്നത്. അതൊരു ഭാവനയല്ല, കണക്കുകൂട്ടലാണ്. വയനാട്ടിൽ ഇതുവരെ കണ്ടിട്ടുള്ള മഴലഭ്യതയുടെ ചരിത്രം വച്ച് സാധാരണ വർഷപാതം 6.2 mm ആണ്. ആ സ്ഥാനത്താണ് 2024ൽ 215.3 mm മഴ നേരിടേണ്ടിവന്നത്. ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പോകുന്ന ഒരാളുടെ വായിലേയ്ക്ക് ഏഴ് ലിറ്റർ വെള്ളം എടുത്ത് കമിഴ്ത്തുന്നതുപോലെയാണ് ഈ വ്യത്യാസം. ഈ അളവ് മനസിൽക്കാണാതെ ഉരുൾപൊട്ടൽ ചർച്ച ചെയ്യുന്നത് സെക്സിനെ പരിഗണിക്കാതെ ഗർഭകാരണം ചർച്ച ചെയ്യുന്നതുപോലെയാണ്- വൈശാഖൻ തമ്പി എഴുതുന്നു.

വയനാട് ജില്ലയിൽ കഴിഞ്ഞ ജൂലൈ 30, 31 തീയതികളിൽ പെയ്ത മഴവെള്ളം ശേഖരിച്ച് ഒരു ടാങ്കിൽ നിർത്തി, പെരിയാർ നദിയുടെ വലിപ്പത്തിലുള്ള ഒരു ചാലിലൂടെ  ഒഴുക്കിയാൽ, 21 ദിവസം വേണ്ടിവരും ടാങ്കിലെ വെള്ളം തീരാൻ! ഇത് അവിശ്വസനീയമായി തോന്നുന്നുണ്ടോ? തോന്നുന്നെങ്കിലാണ്, ഉരുൾപൊട്ടൽ ചർച്ച ചെയ്യുമ്പോൾ മഴയെ മാറ്റിനിർത്തി ബാക്കിയെല്ലാം തലങ്ങും വിലങ്ങും കീറിമുറിക്കുന്ന വിദഗ്ദ്ധവാദങ്ങളെ നിങ്ങൾ സീരിയസ്സായിട്ട് എടുക്കാൻ സാധ്യത. അതൊരു ഭാവനയല്ല, കണക്കുകൂട്ടലാണ്.

ഒരിടത്ത് ഇത്ര സെന്റിമീറ്റർ മഴ പെയ്തു എന്ന വാർത്ത കേൾക്കുമ്പോൾ, ശരിയ്ക്കും അതെത്ര വരും എന്ന് എത്രപേർ മനസ്സിലാക്കുന്നുണ്ട് എന്നത് സംശയമാണ്. ഇത് വായിക്കുന്ന നിങ്ങൾ സ്വയം ഒന്ന് ആലോചിച്ചുനോക്കൂ. അഞ്ച് കിലോ അരി എത്ര വരും എന്ന് മനസ്സിലാക്കുന്നതുപോലെ ആ അളവ് മനസ്സിൽ കാണാൻ കഴിയുന്നുണ്ടോ? ഇല്ലെങ്കിൽ അത് വേണ്ടിവരും.

ആദ്യം മഴയുടെ അളവ് എങ്ങനെയാണ് സെന്റിമീറ്റർ, മില്ലിമീറ്റർ, എന്നിങ്ങനെ നീളത്തിൽ പറയുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി അവിടെ നമ്മൾ പറയുന്നത് ആ പെയ്ത മഴയിൽ ആകാശത്തുനിന്ന് ഭൂമിയിൽ എത്തിയ വെള്ളത്തിന്റെ അളവാണ്. രണ്ട് കാര്യങ്ങൾ അവിടെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്, എവിടെ എത്രനേരം കൊണ്ട് പെയ്ത മഴയാണ് എന്ന് പറഞ്ഞാലേ ആ സംഖ്യയ്ക്ക് അർത്ഥമുള്ളു. 'തിരുവനന്തപുരത്ത് 10 mm മഴ പെയ്തു' എന്ന് മാത്രം പറഞ്ഞാൽ അത് അർത്ഥശൂന്യമാണ്. തിരുവനന്തപുരത്ത് ഇന്ന തീയതിയിൽ എന്നോ, ഇത്ര മണി മുതൽ ഇത്ര മണി വരെ എന്നോ ഒരു ഇടവേള കൂടി പറഞ്ഞാലേ അത് പൂർണമാകൂ.

തിരുവനന്തപുരത്ത് ആഗസ്റ്റ് 15 ന് 10 cm മഴ പെയ്തു എന്നുപറഞ്ഞാൽ അതിന്റെ അർത്ഥം ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് പെയ്ത മൊത്തം മഴവെള്ളത്തെ തിരുവനന്തപുരത്തിന്റെ അത്രയും വിസ്താരമുള്ള ഒരു പരന്ന ടാങ്കിൽ കെട്ടിനിർത്തിയാൽ ആ വെള്ളത്തിന് 10 സെന്റിമീറ്റർ ആഴമുണ്ടാകും എന്നാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു മില്ലിമീറ്റർ മഴ എന്നത് ഓരോ ചതുരശ്രമീറ്ററിലും ഒരു ലിറ്റർ വെള്ളം പെയ്തിറങ്ങുന്നതിന് തുല്യമാണ്.

ഈ കണക്ക് മനസ്സിൽ വെച്ചുകൊണ്ട് നമുക്ക് വയനാട് ജില്ലയിലേക്ക് ഒന്ന് പോകാം. കഴിഞ്ഞ ജൂലൈ 30, 31 തീയതികളിൽ അവിടെ പെയ്ത മഴ 215.3 mm ആണ്. ഇത് ശരാശരി ആണെന്നും, വയനാട് ജില്ലയിൽ തന്നെ പല സ്ഥലങ്ങളിൽ പല അളവിലാണ് പെയ്തത് എന്നതും തത്കാലം നമുക്ക് മറക്കാം. (കൽപ്പറ്റ ബ്ലോക്കിൽ അത് 273.4 mm ആണ്).

വയനാട് ജില്ലയുടെ വിസ്താരം 2,131 ചതുരശ്ര കിലോമീറ്ററാണ് (ച.കി.മീ.). അത്രയും സ്ഥലത്ത് 215.3 mm മഴ പെയ്തു എന്നുപറയുമ്പോൾ, ആ വെള്ളം എത്രവരും എന്ന് കണക്കാക്കി നോക്കാം. 2131 ചകിമീ എന്നുവച്ചാൽ 213,10,00,000 ച.മീറ്ററാണ്. അപ്പോ അതിനെ 215.3 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന അത്രയും ലിറ്റർ വെള്ളം പെയ്തിറങ്ങിയിട്ടുണ്ടാകും. അത്,  213,10,00,000 x 215.3 = 458,274,300,000 അഥവാ 458.27 ശതകോടി (billion) ലിറ്റർ വരും. ഇതിനെ കെട്ടിനിർത്താൻ എത്ര വലിയ ടാങ്ക് വേണ്ടിവരും എന്നത് നമുക്ക് വിടാം. ആ വെള്ളത്തിന്റെ അളവ് എത്രവരും എന്നറിയാൻ പെരിയാറ് പോലെ അതിനെ ഒഴുക്കിവിടുന്നതായി ഒന്ന് സങ്കല്പിച്ചുനോക്കാം.

കേരളത്തിൽ ഏറ്റവും കൂടുതൽ ജലവാഹകശേഷിയുള്ള (discharge) നദിയാണ് പെരിയാർ. അത് ശരാശരി ഓരോ സെക്കൻഡിലും ഏതാണ്ട് രണ്ടരലക്ഷം ലിറ്റർ (2,50,000) വെള്ളത്തെ ഒഴുക്കിക്കൊണ്ട് പോകുന്നുണ്ട്. നമ്മൾ വയനാട്ടിലെ മഴവെള്ളം കെട്ടിനിർത്തിയിരിക്കുന്ന ആ കൂറ്റൻ ടാങ്കിൽ നിന്നും ഇത്രേം ഡിസ്ചാർജുള്ള ഒരു ചാല് പുറത്തേയ്ക്ക് തുറക്കുന്നു എന്നിരിക്കട്ടെ. ആ വെള്ളം ഒഴുകിത്തീരാൻ എത്ര സമയമെടുക്കും എന്നത് പിന്നെ ലളിതമായ കണക്കുകൂട്ടലാണ്. 458.27 billion/2,50,000 = 18,33,080 സെക്കൻഡ്.

ഒരു മണിക്കൂറിൽ 3600 സെക്കൻഡുണ്ട് എന്നത് പരിഗണിച്ചാൽ ആ സമയം 510 മണിക്കൂർ അല്ലെങ്കിൽ 21 ദിവസമാണ്! വയനാട്ടിൽ ഇതുവരെ കണ്ടിട്ടുള്ള മഴലഭ്യതയുടെ ചരിത്രം വച്ച് ഇപ്പറഞ്ഞ കാലയളവിൽ നമ്മൾ പ്രതീക്ഷിക്കുന്ന സാധാരണ വർഷപാതം 6.2 mm ആണ്. ആ സ്ഥാനത്താണ് 2024-ൽ നമുക്ക് 215.3 mm മഴ നേരിടേണ്ടിവന്നത് എന്നുകൂടി ഇവിടെ ശ്രദ്ധിക്കണം. ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പോകുന്ന ഒരാളുടെ വായിലേയ്ക്ക് ഏഴ് ലിറ്റർ വെള്ളം എടുത്ത് കമിഴ്ത്തുന്നതുപോലെയാണ് ഈ വ്യത്യാസം. ഈ അളവ് മനസ്സിൽക്കാണാതെ ഉരുൾപൊട്ടൽ ചർച്ച ചെയ്യുന്നത്, സെക്സിനെ പരിഗണിക്കാതെ ഗർഭകാരണം ചർച്ച ചെയ്യുന്നതുപോലെയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top