22 December Sunday

ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ - ഡോ. അരുൺ ബി നായർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

 

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിമാറി. മരണസംഖ്യ ഇനിയും പൂർണമായും തിട്ടപ്പെടുത്താൻ കഴിയാത്തവിധം ഇനിയും ആളുകളെ കണ്ടെത്താനുണ്ട് എന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഇത്തരം ദുരന്തങ്ങളിൽനിന്ന് കരകയറിയ വ്യക്തികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക എന്നുള്ളത് പുനരധിവാസ പ്രവർത്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ഒറ്റരാത്രികൊണ്ട് തങ്ങളുടെ എല്ലാ സമ്പത്തും കിടപ്പാടവുമടക്കം ഒലിച്ചുപോകുന്നത് കാണേണ്ടിവന്നവർ, അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികൾ, മക്കളെ നഷ്ടപ്പെട്ട വയോജനങ്ങൾ. അങ്ങേയറ്റം വേദനയുളവാക്കുന്ന ഒട്ടേറെ ദയനീയമായ കാഴ്ചകളാണ് ഈ ദുരന്തം ബാക്കിവയ്ക്കുന്നത്.

സ്വന്തം ജീവനോ ആത്മാഭിമാനമോ നഷ്ടപ്പെടാൻ സാധ്യതയുള്ളവിധം ഭീകരമായ ദുരന്താനുഭവങ്ങളെ നേരിട്ട വ്യക്തികൾക്ക് ഉടൻതന്നെ ചില മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത നിർവികാരാവസ്ഥയിലേക്ക് അവർ പെട്ടെന്ന് കടന്നുചെല്ലും. അതുകഴിഞ്ഞ് ശക്തമായ വികാരങ്ങളുടെ കുത്തൊഴുക്കുതന്നെ ഉണ്ടാകാം. പൊടുന്നനെ പൊട്ടിക്കരയുക, പെട്ടെന്ന് കോപിക്കുക, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊട്ടിച്ചിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഇവർ പ്രദർശിപ്പിച്ചേക്കാം. രാത്രി  ഉറങ്ങാൻ കഴിയാത്ത അവസ്ഥയും ഭക്ഷണം കഴിക്കാൻ വിമുഖതയും ഇവർ കാണിച്ചേക്കാം. ഈ മാനസികാവസ്ഥയെയാണ് ‘പൊടുന്നനെയുണ്ടാകുന്ന സമ്മർദ പ്രതികരണം' (Acute stress reaction) എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, ബന്ധുക്കളുടെ വൈകാരിക പിന്തുണയും ചുറ്റുപാടുമുള്ള സമൂഹത്തിന്റെ വേണ്ട രീതിയിലുള്ള സഹായവും ലഭിച്ചാൽ ദിവസങ്ങൾക്കുള്ളിൽത്തന്നെ ഇവരിൽ ഭൂരിപക്ഷംപേരും സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങിയെത്താറുണ്ട്.

എന്നാൽ, വല്ലാത്ത ദുരന്ത അനുഭവങ്ങളെ കൺമുന്നിൽ കാണേണ്ടിവന്ന ചില വ്യക്തികളെങ്കിലും ദുരന്തത്തിന് അറുതിവന്ന്  ദീർഘനാൾ കഴിഞ്ഞിട്ടും ചില മാനസിക പ്രയാസങ്ങൾ പ്രദർശിപ്പിച്ചേക്കാം. വീട്ടിൽ വെറുതെയിരിക്കുന്ന സമയത്തുതന്നെ ദുരന്തമുഖത്ത് അകപ്പെട്ടപ്പോൾ ഉണ്ടായ അതേ മാനസികാസ്വാസ്ഥ്യം പ്രത്യേകിച്ചും പ്രകടമാകാം. അമിത നെഞ്ചിടിപ്പും  വയറുകത്തലും വിറയലും വെപ്രാളവും ശ്വാസംമുട്ടലുമൊക്കെ ഇവർക്ക് അനുഭവപ്പെടാം. രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ദുരന്താനുഭവത്തിന്റെ ദൃശ്യങ്ങൾ പേക്കിനാവുകളായി കടന്നുവരും. ആവർത്തിച്ചുള്ള ഇത്തരം പേടിസ്വപ്നങ്ങൾ ഇവരുടെ ഉറക്കം കെടുത്തും. നടന്ന ദുരന്തത്തെക്കുറിച്ച് സംസാരിക്കാനോ ചിന്തിക്കാനോ താൽപ്പര്യമില്ലാത്ത മനോനിലയിലേക്ക് ഇവർ പോകും. ദുരന്തം നടന്ന ആ പ്രദേശം സന്ദർശിക്കാനോ അതിനെക്കുറിച്ചുള്ള മാധ്യമവാർത്തകളോ ടെലിവിഷൻ ദൃശ്യങ്ങളോ കാണാനോ ഇവർ വല്ലാത്ത വിമുഖത കാട്ടും. ഈയൊരു മാനസികാവസ്ഥയെയാണ് ‘ദുരന്താനന്തര സമ്മർദരോഗം' (Post traumatic stress disorder) എന്ന് വിശേഷിപ്പിക്കുന്നത്. പലപ്പോഴും ദുരന്തം നടന്നതിന്റെ വാർഷികദിനത്തിൽ ഈ ലക്ഷണങ്ങൾ ചിലരിൽ ശക്തമായി പ്രകടമാകുന്നതും കണ്ടുവരുന്നുണ്ട്.


 

ഉറ്റവരെ നഷ്ടപ്പെട്ട പലരും വിഷാദരോഗത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതയും ശക്തമാണ്. ചിലർക്കെങ്കിലും ‘പാനിക്‌ ഡിസോഡർ' പോലെയുള്ള ഉൽക്കണ്ഠാ രോഗങ്ങൾ പിടിപെടാം. മാനസിക പിരിമുറുക്കം ഒഴിവാക്കാനായി മദ്യത്തിലും ലഹരിവസ്തുക്കളിലും അഭയംപ്രാപിക്കുന്നവരും ഉണ്ടാകാം. അച്ഛനമ്മമാരെ നഷ്ടപ്പെട്ടതിനൊപ്പം സാമ്പത്തികാടിത്തറ തകരുകയും വിദ്യാഭ്യാസം താറുമാറാകുകയും ചെയ്ത കുട്ടികളുടെ അവസ്ഥയാണ് ഏറ്റവും ദയനീയം.

ഉണ്ടായ നഷ്ടങ്ങളെ അനായാസം നികത്തുക സാധ്യമല്ല. മനസ്സിലുണ്ടായ മുറിവുകളെ പൂർണമായി ഇല്ലാതാക്കാനും കഴിഞ്ഞെന്നു വരില്ല. എന്നാൽ, ഇവരുടെ മനസ്സ് തകർന്നുപോകാതിരിക്കാനായി ചുറ്റുമുള്ള സമൂഹത്തിന് ചിലതൊക്കെ ചെയ്യാനാകും. ദുരന്തത്തിൽപ്പെട്ടവരെ ഒറ്റപ്പെട്ടുപോകാതെ ചേർത്തുനിർത്തുക എന്നുള്ളതാണ് സമൂഹം ചെയ്യേണ്ട പ്രധാന കാര്യം. ഹാർവാർഡ് സർവകലാശാല 1938ൽ ആരംഭിച്ച ഇപ്പോഴും തുടരുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യവികസനപഠനമായ ‘ഹാർവാർഡ് മനുഷ്യവികസന പഠനം’ പറയുന്നത് വ്യക്തിയുടെ ആയുർദൈർഘ്യം ഏറ്റവും വർധിപ്പിക്കുന്നത് അയാൾ കുട്ടിക്കാലത്തും കൗമാരത്തിലും വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണ് എന്നതാണ്. അനാഥരായ കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറാകുന്നെങ്കിൽ അവർക്ക് അതിനുവേണ്ട സഹായങ്ങൾ നൽകേണ്ടതുണ്ട്. എന്നാൽ, ബന്ധുക്കൾ ഇല്ലാത്ത അഥവാ അവർ ഏറ്റെടുക്കാൻ തയ്യാറല്ലാത്ത കുട്ടികളെ സംസ്ഥാനത്തിന്റെ സ്വത്തായിത്തന്നെ കരുതി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തു നിലനിൽക്കുന്ന ദത്തെടുക്കൽ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഈ കുട്ടികളെ ദത്തെടുക്കാൻ താൽപ്പര്യമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അത്തരം നടപടികൾ പൂർത്തിയാകുന്നതുവരെ സർക്കാർ നിയന്ത്രണത്തിലുള്ള സംരക്ഷണകേന്ദ്രങ്ങളിൽ ഈ കുട്ടികൾക്ക് ഒരുകുറവും വരാതെ നോക്കേണ്ടത് പ്രധാനമാണ്.

നടന്ന ദുരന്തത്തെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കുന്നത് തീർച്ചയായും ഒഴിവാക്കപ്പെടേണ്ട കാര്യമാണ്. നഷ്ടങ്ങൾ തിട്ടപ്പെടുത്താനോ വാർത്തകൾ റിപ്പോർട്ട് ചെയ്യാനോ കൗൺസലിങ്ങിന്റെ ഭാഗമായോ ഒക്കെ ഇത്തരത്തിൽ നടന്ന ദുരനുഭവത്തെക്കുറിച്ച് ഇവരോട് ചോദിക്കേണ്ടിവന്നേക്കാം. എന്നാൽ, ആവർത്തിച്ച് ഇതേക്കുറിച്ച് സംസാരിക്കുന്നത് ഇവരുടെ മാനസികാരോഗ്യം തകർക്കുമെന്ന് മനസ്സിലാക്കാനുള്ള വൈകാരികബുദ്ധി നമുക്ക് ഉണ്ടാകേണ്ടതുണ്ട്. സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് അവരെ ഓർമിപ്പിക്കുന്നതിനു പകരം ലഭ്യമായ സാഹചര്യങ്ങളിൽ സന്തോഷകരമായി മുന്നോട്ടുപോകാൻ പ്രോത്സാഹനം നൽകുകയാണ് വേണ്ടത്. ഒരു ഇടവേളയ്ക്കുശേഷം വിദ്യാലയത്തിൽ പഠിക്കാൻ മടങ്ങിയെത്തുന്ന കുട്ടികളുടെമേൽ പാഠ്യപദ്ധതിയുടെ സമ്മർദം അടിച്ചേൽപ്പിക്കാൻ അനുവദിക്കരുത്. കടന്നുപോയ ദുരന്തത്തിന്റെ വേദന ഒടുങ്ങുന്നതുവരെ ആവശ്യമായ വൈകാരിക സാമൂഹ്യപിന്തുണ വിദ്യാലയത്തിൽനിന്ന് ലഭിക്കേണ്ടതുണ്ട്. പഠന പെരുമാറ്റ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് കൗൺസലിങ്ങും ആവശ്യമുള്ള ഭക്ഷണവും മാനസികാരോഗ്യ ചികിത്സയും സൗജന്യമായി ലഭ്യമാക്കണം.

തൊഴിൽ നഷ്ടപ്പെട്ടവരെയും മറ്റു ജീവിതോപാധികൾ നഷ്ടപ്പെട്ടവരെയും പ്രത്യേകമായി പരിഗണിക്കണം. സാമ്പത്തികബാധ്യതകൾ പരിഹരിച്ചു കൊടുക്കുന്നതിനോടൊപ്പം ആവശ്യമായ തൊഴിൽ പരിശീലനം നൽകി പുനരധിവസിപ്പിക്കേണ്ടതും പ്രധാനമാണ്. ഒരുപക്ഷേ ദുരന്തം നടന്ന മേഖലയിലേക്ക് തിരിച്ചുപോയി താമസിക്കാനുള്ള മാനസിക ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ സമാനമായ അന്തരീക്ഷമുള്ള, എന്നാൽ കൂടുതൽ സുരക്ഷിതത്വമുള്ള മറ്റൊരു ഭൂപ്രദേശത്തേക്ക് ഇവരെ മാറ്റി പാർപ്പിക്കാൻ ശ്രമിക്കണം.

ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർക്ക് ഉണ്ടായ നഷ്ടങ്ങൾ നികത്തുന്ന പരിപാടികളുടെ നൂലാമാലകൾ ഒഴിവാക്കി കഴിയുന്നത്ര ആ പ്രക്രിയയെ ലഘൂകരിക്കുക. ദുരന്തത്തിന്റെ പുനരധിവാസം പൂർണമായും സർക്കാരിന്റെ ഉത്തരവാദിത്വമായിമാത്രം കരുതാൻ സാധ്യമല്ല. ഓരോ പൗരനും പറ്റുന്ന രീതിയിലൊക്കെ സഹായിക്കാൻ വേണ്ട മുൻകൈയെടുക്കണം. ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന ശക്തമായ സന്ദേശം നൽകുകവഴി ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് അധികം വൈകാതെ ഇവരെ കൈപിടിച്ചുകൊണ്ടുവരാൻ സാധിക്കും.

(തിരുവനന്തപുരം മെഡി. കോളേജ് സൈക്യാട്രി 
വിഭാഗം പ്രൊഫസറാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top