ലോകത്തെ ജനങ്ങളെയാകെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ–- ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍. ഒരു ഭൂപ്രദേശമാകെ തകര്‍ന്നുപോവുകയും നിരവധി ജീവനുകള്‍ നഷ്ടമാകുകയും ചെയ്ത മഹാദുരന്തം. മനഃസാക്ഷിയുള്ളവരെല്ലാം വയനാടിനെ സഹായിക്കാന്‍ രംഗത്തിറങ്ങി. എന്നാല്‍, ഈ ദുരന്തത്തില്‍ നാടിനെ സഹായിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍നിന്ന് പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ഇതിനെതിരെയുള്ള കേരള ജനതയുടെ പ്രതിഷേധം അണപൊട്ടുന്ന സമരത്തിനാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് കേരളം സാക്ഷ്യംവഹിക്കുന്നത്.
കഴിഞ്ഞ ജൂലൈ 30നാണ് ദുരന്തം ഉണ്ടായത്. അവിടത്തെ ജനതയനുഭവിച്ച യാതന വിവരണാതീതമാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍, ജീവിതത്തില്‍ നേടിയതെല്ലാം മണ്ണില്‍ ചേരുന്നത് കാണേണ്ടിവന്നവര്‍–- ദുരന്തഭൂമിയിലെ കാഴ്ചകള്‍ ആരെയും വേദനിപ്പിക്കുന്നതായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പഴുതടച്ച രക്ഷാപ്രവര്‍ത്തനമാണ് ഈ ഘട്ടത്തില്‍ ആശ്വാസമായത്.
ദുരന്തമുണ്ടായി പത്താംദിവസം കേന്ദ്ര സംഘവും 11–-ാം ദിവസം പ്രധാനമന്ത്രിയും സ്ഥലത്തെത്തി. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരിതബാധിതരുമായി പ്രധാനമന്ത്രി മോദി ചേര്‍ന്നുനില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു. നമ്മുടെ മാധ്യമങ്ങള്‍ ആ വാര്‍ത്ത ലോകം മുഴുവന്‍ എത്തിച്ചു. കല്‍പ്പറ്റയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം നല്‍കി. എന്നാല്‍, മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതുപോലുള്ള പ്രധാനമന്ത്രിയുടെ ഒരു ഇടപെടലും ഉണ്ടായില്ല. വിശദമായ നിവേദനം നല്‍കാന്‍ നിര്‍ദേശിക്കുക മാത്രമാണ് ഉണ്ടായത്.
പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1202 കോടിരൂപയുടെ പ്രാഥമിക സഹായമാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രസഹായം വൈകരുതെന്നും വയനാടിനായി അടിയന്തരമായി കാര്യങ്ങള്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍, കേന്ദ്രത്തിന് മിണ്ടാട്ടമുണ്ടായില്ല. സഹായം വൈകുന്നത് പുനരധിവാസത്തെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും കേന്ദ്രം അനങ്ങിയില്ല.
ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തികസഹായം നല്‍കണമെന്ന് ഒക്ടോബര്‍ 14ന് കേരള നിയമസഭ ഒറ്റക്കെട്ടായി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ വായ്‌പ പൂര്‍ണമായും എഴുതിത്തള്ളണമെന്ന കാര്യവും അവതരിപ്പിച്ചു. എന്നാല്‍, സഹായം നല്‍കേണ്ടന്ന് ഉറപ്പിച്ചവര്‍ അതുകൊണ്ടുതന്നെ അനങ്ങിയില്ല. കേന്ദ്ര അവഗണനയുടെ പ്രശ്നങ്ങള്‍ പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ദുരന്തമുഖത്തുപോലും അത്തരമൊരു സ്ഥിതിവിശേഷം ആരും പ്രതീക്ഷിച്ചില്ല.
കഴിഞ്ഞ പ്രളയകാലത്തും കേരളത്തിനോട് അവഗണന കാട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍പോലും വാങ്ങാന്‍ അനുവദിച്ചില്ല. അതേസമയം, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അത് വാങ്ങുന്നതിന് സമ്മതം നല്‍കി. ഇത്തരം ഇരട്ടത്താപ്പ് നയമാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. പ്രളയകാലത്ത് കേന്ദ്രസഹായം നല്‍കുന്ന കാര്യത്തില്‍ സ്വീകരിച്ച സമീപനവും തെറ്റായ ദിശയിലുള്ളതായിരുന്നു. പ്രളയബാധിതര്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്യണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചു. പക്ഷേ, കേന്ദ്രത്തിന് അലിവുണ്ടായില്ല. പണമടച്ചില്ലെങ്കില്‍ കേന്ദ്ര ഭക്ഷ്യ സബ്സിഡിയില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അന്ത്യശാസനം നല്‍കി. ഇതിനെല്ലാം പുറമെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്‌റ്ററിന്റെ വാടകയായി 33.79 കോടി രൂപയും വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചതിന് 25 കോടി രൂപയും സംസ്ഥാനം നല്‍കേണ്ടി വന്നു.
പ്രകൃതി ദുരന്തത്തില്‍ കേരളത്തോട് കാണിച്ച സമീപനമല്ല മറ്റു സംസ്ഥാനങ്ങളോട്. കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ത്രിപുരയ്ക്ക് 40 കോടി രൂപയും ആന്ധ്രപ്രദേശിനും തെലങ്കാനയ്‌ക്കുമായി 3448 കോടി രൂപയും കേന്ദ്രം നല്‍കി. ഔദ്യോഗികമായ സഹായാഭ്യര്‍ഥനയ്ക്കുപോലും കാത്തുനില്‍ക്കാതെയാണ് ഈ തുക അവര്‍ക്ക് നല്‍കിയത്. ദുരന്തം സംഭവിക്കുന്നതിനുമുമ്പുതന്നെ ബിഹാറിന് 11,500 കോടി രൂപ സഹായമായി പ്രഖ്യാപിക്കുകയും ചെയ്തു. ആന്ധ്രയ്ക്കും ബിഹാറിനും പ്രളയദുരിതത്തില്‍ മാത്രമല്ല ബജറ്റിലും വഴിവിട്ട സഹായങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നതാണ്. ചില സംസ്ഥാനങ്ങള്‍ക്ക് മെമ്മോറാണ്ടംപോലും സമര്‍പ്പിക്കാതെ പണം നല്‍കുകയും മറ്റു സംസ്ഥാനങ്ങള്‍ക്ക് എന്ത് നല്‍കിയാലും പണം നല്‍കുകയില്ലെന്ന സമീപനവും രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന നില സൃഷ്ടിക്കുമെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്.
കേരളത്തിന് 2024– -25ല്‍ ലഭിക്കേണ്ട 291 കോടിയില്‍ ആദ്യ ഗഡുവായ 145.6 കോടി രൂപ മാത്രമാണ് നല്‍കിയത്. വയനാട് ദുരന്തമുണ്ടായിട്ടും രണ്ടാം ഗഡു പിടിച്ചുവയ്‌ക്കുകയും ചെയ്തു
സംസ്ഥാനത്തിനോട് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അവഗണന തുടരുന്നതിന്റെ കണക്കും ഇതിനിടെ പുറത്തുവന്നു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണനിധിയില്‍ കേന്ദ്രവിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍നിന്നുള്ള മുന്‍കൂര്‍ തുകയായും 5858 കോടി രൂപയാണ് അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചല്‍പ്രദേശിന് 189.20 കോടി എന്നിങ്ങനെ പണം നല്‍കി. കേരളത്തിന് 2024– -25ല്‍ ലഭിക്കേണ്ട 291 കോടിയില്‍ ആദ്യ ഗഡുവായ 145.6 കോടി രൂപ മാത്രമാണ് നല്‍കിയത്. വയനാട് ദുരന്തമുണ്ടായിട്ടും രണ്ടാം ഗഡു പിടിച്ചുവയ്‌ക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം വിവേചനങ്ങള്‍ക്കിടയിലും ജനങ്ങളെ ചേര്‍ത്തുപിടിച്ചുള്ള പുനരധിവാസവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. അതിന്റെ ഭാഗമായി അടിയന്തര പുനരധിവാസവും അതോടൊപ്പം ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പദ്ധതികളും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയാണ്. സിഎംഡിആര്‍എഫില്‍നിന്നും എസ്ഡിആർഎഫില്‍ നിന്നും 5000 രൂപ വീതം 1032 കുടുംബത്തിന് നല്‍കി. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം അനുവദിച്ചു. കിടപ്പുരോഗികള്‍ക്ക് 300 രൂപവീതം ഒരുമാസം നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ എസ്ഡിആർഎഫില്‍നിന്നും സിഎംഡിആര്‍എഫില്‍നിന്ന് 1.9 ലക്ഷം രൂപയും നല്‍കി. ചികിത്സാസഹായമെന്ന നിലയില്‍ 4.16 ലക്ഷം രൂപയും നല്‍കി. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വാടകയിനത്തിലും 1.23 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കി. ഇത്തരത്തില്‍ അടിയന്തരമായ നടപടി സ്വീകരിക്കുന്നതിനൊപ്പം ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ള ദീര്‍ഘകാല പുനരധിവാസ പദ്ധതികളും നടപ്പാക്കുകയാണ്.
സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെ നട്ടെല്ലൊടിച്ചശേഷമാണ് പുതിയ ദുരന്തങ്ങള്‍ കേന്ദ്രം നല്‍കിക്കൊണ്ടിരിക്കുന്നത്. ഓരോ മേഖല പരിശോധിച്ചാലും ഇത് കാണാവുന്നതാണ്.
കേന്ദ്രത്തിന്റെ വിവേചനം സംസ്ഥാനത്തിനോട് വിവിധതരത്തില്‍ തുടരുകയാണ്. ഈ നയത്തിന്റെ ഭാഗമായി വലിയ നഷ്ടമാണ് കേരളത്തിന് ഉണ്ടാകുന്നത്. കേന്ദ്ര വിഹിതത്തിന്റെ വകയില്‍ 57,000 കോടി രൂപയാണ് കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് ലഭിക്കാതെ പോയത്. കടമെടുക്കുന്ന കാര്യത്തിലാകട്ടെ അനാവശ്യ നിയമങ്ങള്‍ കൊണ്ടുവന്ന് സംസ്ഥാനത്തെ വിഭവ സമാഹരണ സാധ്യതകളെ തകര്‍ക്കുന്നു. 1,08,000 കോടി രൂപയാണ് ഈ ഇനത്തില്‍ ലഭിക്കാതെ പോയത്. ഇത്തരത്തിലുള്ള സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെ നട്ടെല്ലൊടിച്ചശേഷമാണ് പുതിയ ദുരന്തങ്ങള്‍ കേന്ദ്രം നല്‍കിക്കൊണ്ടിരിക്കുന്നത്. ഓരോ മേഖല പരിശോധിച്ചാലും ഇത് കാണാവുന്നതാണ്.
പന്ത്രണ്ടാമത് ധനകമീഷന്റെ കാലത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 4.54 ശതമാനമായിരുന്നത് പതിനഞ്ചാം ധനകമീഷന്‍ ആകുമ്പോഴേക്കും 2.68 ശതമാനമായി കുറച്ചു. ബിജെപി ഭരണമുള്ള യുപിക്ക് രണ്ടര ശതമാനത്തിലധികം വര്‍ധിപ്പിച്ച് 16.05 ശതമാനം വിഹിതം നല്‍കുമ്പോഴാണ് കേരളത്തിന് കടുംവെട്ട്.
സാമ്പത്തിക സഹായം നല്‍കിയില്ലെന്നതു പോകട്ടെ ദുരന്തത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള തീവ്രശ്രമവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തി. എന്നാല്‍, അത് വസ്തുതാവിരുദ്ധമാണെന്ന കാര്യവും പിന്നീട് പുറത്തുവന്നു. കേരളത്തോട് കാണിക്കുന്ന ഈ അവഗണനയ്ക്കെതിരെ എൽഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തില്‍ നാടിനെ സ്നേഹിക്കുന്ന എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..