19 December Thursday

വയനാട് ദുരന്തം ; കേന്ദ്രനിലപാട് വെല്ലുവിളി - റവന്യുമന്ത്രി കെ രാജൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

 

വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് 109 ദിവസം പിന്നിടുകയാണ്.  254 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തം. 47 പേരെ മരിച്ചവരുടെ കൂട്ടത്തിലോ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയം. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. എന്നാൽ 109 ദിവസം കഴിഞ്ഞിട്ടും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനോ അവരുടെ നഷ്ടം നികത്താനോ കഴിയുന്ന വിധത്തിലുള്ള ഒരു നടപടിക്കും കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന വസ്തുത, ഏറ്റവും ദുഃഖകരവും പ്രതിഷേധാർഹവുമാണ്.

ദുരന്തമുണ്ടായ ഉടൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ എല്ലാ സഹായവും അഭ്യർഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ നേരിട്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയൻമുതൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. കേരളത്തിന് കൂടുതൽ സഹായങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉണ്ടായത്. കേരളത്തിന്‌ എല്ലാ സഹായങ്ങളും ലഭ്യമാക്കും എന്നുകൂടി പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. ദുരന്തത്തെക്കുറിച്ച് പഠിക്കാൻ ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐഎംസിടി) എത്തി. നഷ്ടത്തിന്റെ പ്രാഥമിക കണക്കെടുത്തു. വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് സമർപ്പിക്കാൻ നിർദേശിച്ചു. അതനുസരിച്ച് 1202 കോടി രൂപയുടെ നഷ്ടം സംബന്ധിച്ച വിശദമായ നിവേദനം സമർപ്പിച്ചു. അനുകൂലനടപടി വൈകിയതോടെ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ സന്ദർശിച്ച് വീണ്ടും സഹായം അഭ്യർഥിച്ചു.

കേരളം മൂന്ന് പ്രധാന കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിൽ ആദ്യത്തേത്, ഉരുൾപൊട്ടൽ ദേശീയ ദുരന്ത പ്രതികരണ നിധി (എൻഡിആർഎഫ്)യുടെ മാനദണ്ഡം അനുസരിച്ച് ഡിസാസ്റ്റർ ഓഫ് സീവിയർ നേച്വർ ആയി പ്രഖ്യാപിക്കണം എന്നതാണ്. എൻഡിആർഎഫ് മാനദണ്ഡം അനുസരിച്ച് നാല് വിധത്തിലാണ് ദുരന്തങ്ങളെ പ്രഖ്യാപിക്കുക. സാധാരണ ദുരന്തങ്ങളെ എൽസീറോയിൽ പെടുത്തും. ജില്ലയിൽത്തന്നെ പരിഹരിക്കപ്പെടാവുന്നവയെ എൽവൺ വിഭാഗത്തിൽ പ്രഖ്യാപിക്കും. സംസ്ഥാനങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്നവ എൽ2 യിൽ പെടുത്തും. എൽ3 എന്നാൽ ഡിസാസ്റ്റർ ഓഫ് സീവിയർ നേച്വറാണ്. അത് സംസ്ഥാനത്തിനുമാത്രം നിയന്ത്രിക്കാൻ പറ്റുന്നതല്ല. നിർബന്ധമായും കേന്ദ്ര സഹായത്താലുംകൂടി പരിഹരിക്കേണ്ട വിധത്തിലുള്ളവയാകും. ഈ വിഭാഗത്തിൽപ്പെടുത്തിയാൽ പുനരധിവാസത്തിന് കൂടുതൽ തുക വിവിധ അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന്‌ കണ്ടെത്താൻ സംസ്ഥാന സർക്കാരിന് സാധിക്കും. ഇതിനുപുറമെ, ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് കൂടുതൽ സഹായം ലഭിക്കും.രണ്ടാമത്തെ ആവശ്യം, ദുരന്ത നിവാരണ നിയമത്തിന്റെ സെക്‌ഷൻ 13 പ്രകാരം ദുരന്തബാധിതരുടെ എല്ലാ വായ്‌പകളും എഴുതിത്തള്ളണം എന്നതായിരുന്നു. ദുരന്ത പ്രതികരണ നിധിയിൽനിന്ന്‌ അടിയന്തര അധികസഹായം അനുവദിക്കണമെന്നായിരുന്നു മൂന്നാമത്തെ ആവശ്യം.

കേന്ദ്ര സഹമന്ത്രിയുടെ നിലപാട്
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന് നൽകിയ മറുപടിയിൽ ഈ മൂന്ന് കാര്യത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. അദ്ദേഹം കത്തിൽ വിവരിക്കുന്നത് നിലവിലെ മാനദണ്ഡപ്രകാരം ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്നാണ്. ഈ നിയമം കേരളത്തിനും കേരള ദുരന്ത നിവാരണ അതോറിറ്റിക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ് വയനാട്‌ ദുരന്തം ഡിസാസ്റ്റർ ഓഫ് സീവിയർ നേച്വർ വിഭാഗത്തിൽ പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടത്. തെറ്റായ കണക്കുകളാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി പറയുന്നത്. കേരളത്തിനുള്ള എസ്ഡിആർഎഫിന്റെ ഈ വർഷത്തേക്കുള്ള വിഹിതം കേന്ദ്രം നൽകിയിട്ടുണ്ട് എന്നാണ് പറയുന്നത്. അത് യാഥാർഥ്യമാണ്. 2024–-25ൽ കേരളവിഹിതം പതിനഞ്ചാം ധന കമീഷന്റെ നിർദേശപ്രകാരം 291.20 കോടി രൂപ രണ്ട് ഘട്ടങ്ങളിലായി നൽകി. പക്ഷേ, ആ പണം വയനാട്‌ ദുരന്തബാധിതർക്ക് ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കാൻ കഴിയുന്നതല്ല. സാധാരണ നിലയിൽ നൽകുന്നതാണ്. കേരളത്തിൽ 394 കോടി രൂപ ബാക്കിയുണ്ടെന്ന് കേന്ദ്ര മന്ത്രി പറയുന്നു. ആ തുക ഒരിക്കലും ലാപ്സാകില്ല. അത് ഉപയോഗിച്ചാണ് ദുരന്തനിവാരണ നിയമപ്രകാരം സഹായം ലഭ്യമാക്കുന്നത്. അതുകൊണ്ട്‌ നികത്താനാകുന്ന  ദുരന്തമേയല്ല വയനാട്‌ ഉരുൾപൊട്ടൽ. എസ്ഡിആർഎഫിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിതന്നെ നിരവധി തവണ കേന്ദ്രത്തിന് കത്തെഴുതി. റവന്യു മന്ത്രി എന്ന നിലയിൽ ഞാൻ നേരിട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ പലതവണ കണ്ട് അഭ്യർഥന നടത്തി.


 

കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽത്തന്നെ കേരളം ആവശ്യപ്പെട്ട പ്രശ്നങ്ങളോട് കൃത്യമായ മറുപടി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെക്‌ഷൻ 13 പ്രകാരം കടങ്ങൾ എഴുതിത്തള്ളണമെന്നും സിക്കിം, ഹിമാചൽപ്രദേശ്, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് അനുവദിച്ചതുപോലെ ആവശ്യമായ സഹായം അടിയന്തരമായി കേരളത്തിന് നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. ഐഎംസിടിയുടെ സന്ദർശനംതന്നെ വയനാട്ടിലേത്‌ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാവുന്ന എൽ3 വിഭാഗത്തിലുള്ളതാണ് എന്നതിന്റെ  തെളിവാണ്. ഐഎംസിടിയുടെ മുന്നിൽ രണ്ട് കാര്യങ്ങൾ മാത്രമേ തിട്ടപ്പെടുത്താനുള്ളൂ. ഒന്ന് ഇതിനെ ഡിസാസ്റ്റർ ഓഫ് സിവിയർ നേച്വർ വിഭാഗത്തിൽ പെടുത്താമോയെന്ന കാര്യം. രണ്ട് അങ്ങനെയാണെങ്കിൽ എന്താണ് കേരളത്തിന് അധിക സഹായമെന്ന് നിശ്ചയിക്കൽ. ഈ രണ്ട് കാര്യവും 109 ദിവസം കഴിഞ്ഞിട്ടും പരിഗണിച്ചിട്ടില്ല എന്നത് ഏറ്റവും സങ്കടകരവും ആശങ്കാജനകവുമാണ്. നിത്യാനന്ദ റായിയുടെ കത്ത് വെളിപ്പെടുത്തുന്നത്, കേന്ദ്ര മന്ത്രിയും ബിജെപിയും പറയുന്നതുപോലെ കേന്ദ്രത്തിന് നൽകിയ നിവേദനത്തിൽ ഏതെങ്കിലും വിധത്തിലുള്ള കുറവുകൾ ഉണ്ടായതുകൊണ്ടോ രേഖകൾ കൊടുക്കാഞ്ഞിട്ടോ അല്ല എന്ന വസ്തുതയാണ്. കേന്ദ്ര സർക്കാരിന്റെ സമീപനം കേരളത്തോടുള്ള നിഷേധ നിലപാടിന്റെ ഭാഗമാണ്‌.

ഓഖിയും 2018ലെ പ്രളയവും എൽ3 പട്ടികയിൽപ്പെടുന്ന ദുരന്തമായാണ് പ്രഖ്യാപിച്ചത്. വയനാട്‌ ദുരന്തത്തെ അങ്ങനെ കാണുന്നില്ലെന്ന കേന്ദ്ര നിലപാട് വളരെ ഖേദകരമാണ്. എതിർ രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങളെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ്, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദുരന്ത നിവാരണ സഹായം ലഭ്യമാക്കുന്നതിന് കേന്ദ്രത്തിനെതിരെ തമിഴ്നാട്, കർണാടക സർക്കാരുകൾക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നത്.

എസ്ഡിആർഎഫിനു പുറമെ ധാരാളം സഹായങ്ങൾ നൽകി. ഇവിടേക്ക്‌ വിമാനങ്ങളും കേന്ദ്രസേനയുടെ സൗകര്യങ്ങളും അയച്ചതിനെക്കുറിച്ച് കേന്ദ്ര സഹമന്ത്രി കത്തിൽ വിവരിക്കുന്നുണ്ട്. കേരളം ആവശ്യപ്പെടാതെ ചിലത് ചെയ്തു എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്

കേരളത്തിന് ആവശ്യം എസ്ഡിആർഎഫ് മാത്രമല്ല. അതിലെ തുകകൊണ്ട് മറികടക്കാവുന്ന ഒരു ദുരന്തമല്ല ചൂരൽമലയിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയിൽ എടുത്ത് ഓമനിച്ചുകൊണ്ട് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട രണ്ടര വയസ്സുകാരി നൈസ ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നതെന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അറിയണം. നൈസയെപ്പോലെ നൂറുകണക്കിന് കുട്ടികളും നിരാലംബരായ മനുഷ്യരും ഇപ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നു.  ആ ജനങ്ങളെ സംസ്ഥാന സർക്കാർ ഒറ്റപ്പെടുത്തില്ല. എസ്ഡിആർഎഫിനു പുറമെ ധാരാളം സഹായങ്ങൾ നൽകി. ഇവിടേക്ക്‌ വിമാനങ്ങളും കേന്ദ്രസേനയുടെ സൗകര്യങ്ങളും അയച്ചതിനെക്കുറിച്ച് കേന്ദ്ര സഹമന്ത്രി കത്തിൽ വിവരിക്കുന്നുണ്ട്. കേരളം ആവശ്യപ്പെടാതെ ചിലത് ചെയ്തു എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ നൽകിയ സേനയുടെ സേവനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനവും മന്ത്രിസഭയുമെല്ലാം ഏറ്റവും നന്ദിയോടെയാണ് സ്മരിച്ചത്.

ഇപ്പോഴും കേരളം പ്രതീക്ഷയിലാണ്. കോടതി ഇടപെടലുകൾ നടക്കുന്നു. ഐഎംസിടിയുടെ പരിശോധനകൾക്കുശേഷം സഹായം ചെയ്യാമെന്ന സൂചനകളുണ്ട്. പക്ഷേ, ഇത്രയേറെ കാലതാമസം ഉണ്ടാകുന്നതിന് ഒരു ന്യായീകരണവുമില്ല. കേന്ദ്രസഹായം ലഭ്യമാകുന്നില്ലെന്ന ഓരോ വാർത്തയും നിരാശരും നിരാലംബരുമായ ദുരന്തബാധിതരുടെ  മനസ്സിൽ തീകോരിയിടുന്നു. ഏതെല്ലാം വിധത്തിൽ സഹായങ്ങൾ ഇല്ലായ്മ ചെയ്യാൻ മുതിർന്നാലും കേരളം ലോകത്തുള്ള മുഴുവൻ മലയാളികളെയും കൂട്ടി അവസാനത്തെ ദുരന്തബാധിതനെയും പുനരധിവസിപ്പിക്കും. അതിനുള്ള ആർജവം കേരളത്തിനുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top