03 November Sunday
സമകാലികം - വി ബി പരമേശ്വരൻ

‘ഹിന്ദു പാനി മുസ്ലിം പാനി’ രാഷ്ട്രീയം തിരിച്ചുവരുമ്പോൾ - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Friday Aug 16, 2024

മുസഫർനഗറിൽ കാവടിയാത്ര കടന്നുപോകുന്ന വഴിയോരങ്ങളിലെ കച്ചവടകേന്ദ്രങ്ങളിൽ ഉടമകളുടെ പേരുവിവരങ്ങൾ അടങ്ങിയ ബോർഡ്‌ സ്ഥാപിച്ചപ്പോൾ

 

ഒമ്പതര പതിറ്റാണ്ട് മുൻപ് ലുധിയാൻവി തോൽപിച്ച ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം ഇന്ത്യയിൽ വീണ്ടും സജീവമായിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ അബദ്ധത്തിൽ പോലും സമരം ചെയ്യാത്ത, ബ്രിട്ടീഷ് വിരുദ്ധ സമരം നടത്തി ഊർജം പാഴാക്കരുതെന്ന് അഭ്യർഥിച്ചവരുടെ പ്രതിനിധികളായി ഇപ്പോൾ ഇന്ത്യ  ഭരിക്കുന്നവരാണ് ആ തന്ത്രം വീണ്ടും പുറത്തെടുത്തിരിക്കുന്നത്.


വി ബി പരമേശ്വരൻ

വി ബി പരമേശ്വരൻ

ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നു. 1905 ൽ ബംഗാളിനെ വിഭജിച്ചത് ഇതിന്റെ ഭാഗമായാണെന്നത് ചരിത്രം. ബ്രിട്ടീഷ് ഭരണത്തിലുടനീളം ഈ തന്ത്രം അവർ സമർഥമായി ഉപയോഗിച്ചിരുന്നു.

പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷനിൽ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും കുടിവെള്ളം നൽകുന്നതിന് പ്രത്യേക സംവിധാനം ഉയർന്നത് അതിന്റെ ഭാഗമായിരുന്നു. ഹിന്ദു പാനി (ജലം) യും മുസ്ലിം പാനിയും മാത്രമല്ല ഇതേ സ്റ്റേഷനിൽ ഹിന്ദു ചായയും മുസ്ലിം ചായയും നൽകുന്ന പ്രത്യേക ഇടങ്ങളും ഉയർന്നു.

1929ലായിരുന്നു ഇത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ നീക്കത്തിനെതിരെ പ്രക്ഷോഭം നയിച്ചത് മൗലാന ഹബീബുർ റഹ്‌മാൻ ലുധിയാൻവിയായിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ വലംകൈയായി അറിയപ്പെട്ട ലുധിയാൻവിയുടെയും ജനങ്ങളുടെയും പ്രതിഷേധത്തിനു മുമ്പിൽ ബ്രിട്ടീഷുകാർക്ക് മുട്ടുമടക്കേണ്ടി വന്നു. ഒരു പാത്രത്തിൽ നിന്ന് എല്ലാവർക്കും വെള്ളം നൽകുന്ന 'സബ് കാ പാനി എക് ഹേ’ ആയതോടെയാണ് പ്രക്ഷോഭം പിൻവലിച്ചത്.

ഒമ്പതര പതിറ്റാണ്ട് മുമ്പ് ലുധിയാൻവി തോൽപിച്ച ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം ഇന്ത്യയിൽ വീണ്ടും സജീവമായിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ അബദ്ധത്തിൽ പോലും സമരം ചെയ്യാത്ത, ബ്രിട്ടീഷ് വിരുദ്ധ സമരം നടത്തി ഊർജം പാഴാക്കരുതെന്ന് അഭ്യർഥിച്ചവരുടെ പ്രതിനിധികളായി ഇപ്പോൾ ഇന്ത്യ  ഭരിക്കുന്നവരാണ് ആ തന്ത്രം വീണ്ടും പുറത്തെടുത്തിരിക്കുന്നത്.

മൗലാന ഹബീബുർ റഹ്‌മാൻ  ലുധിയാൻവി

മൗലാന ഹബീബുർ റഹ്‌മാൻ ലുധിയാൻവി

ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ നിലനിൽക്കുന്ന ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അടിസ്ഥാനത്തിലുള്ള ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം തലപൊക്കിയിരിക്കുന്നത്.

കാവടി (കൻവാരിയാസ്) യാത്ര തുടങ്ങിയ സാഹചര്യത്തിൽ റോഡിനിരുവശവുമുള്ള കടക്കാർ ഉടമയുടെയും തൊഴിലാളികളുടെയും പേരും മൊബൈൽ നമ്പറും പ്രദർശിപ്പിക്കണമെന്നാണ് ഉത്തരവ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഭരണഘടനാ ഹത്യാ ദിവസായി ആചരിക്കാൻ മോദി സർക്കാർ ആഹ്വാനം ചെയ്തതിന് തൊട്ടുപുറകെയാണ് ഭരണഘടനാവിരുദ്ധമായ ഉത്തരവ് യോഗി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ഇതോടെ ഹോട്ടലുകളും ധാബകളും ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവരും ഉടമകളുടെ പേര് എഴുതിവെക്കാൻ നിർബന്ധിതരായി. ദശാബ്ദങ്ങളായി കാവടിയാത്ര നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു ഉത്തരവ് ഇറങ്ങുന്നത്. ഉത്തരവ് ഇറങ്ങിയതോടെ തന്നെ മാങ്ങ വിൽക്കുന്ന ഉന്തുവണ്ടിക്കച്ചവടക്കാരൻ വരെ പേര്‌ പ്രദർശിപ്പിച്ചു.

നാസിർ  ആം നാസിർ എന്ന മുസ്ലീം വിൽക്കുന്ന മാങ്ങ. റാഫി ഫൽ റാഫി എന്ന മുസ്ലിം വിൽക്കുന്ന പഴങ്ങൾ (സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങളാണിവ). ഡേ നൈറ്റ് കഫേയും ഡിലൈറ്റ് കഫേയും ഫൈവ്സ്റ്റാർ കഫേയും നടത്തുന്ന ഉടമകളുടെ പേര് ബാനറായി പ്രത്യക്ഷപ്പെട്ടു.

ആദ്യം ധരിച്ചത് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടക്കാർ മാത്രമാണ് ഉടമകളുടെ പേര് പ്രദർശിപ്പിക്കേണ്ടത് എന്നായിരുന്നു. എന്നാൽ പിന്നീട് ടയർ പഞ്ചർ കടക്കാരോടും മരച്ചുവട്ടിൽ കണ്ണാടി വെച്ച് ബാർബർ ഷാപ്പ് നടത്തുന്നവരോടുപോലും പേരും മൊബൈൽ നമ്പറും പതിക്കാൻ പൊലീസ് ആവശ്യപ്പെട്ടു, ടയറിലേക്ക് അടിക്കുന്ന കാറ്റിനു പോലും മതത്തിന്റെ  നിറം നൽകാനാണ് യോഗി സർക്കാർ ശ്രമിച്ചത്.

വർണവിവേചനത്തോട് താരതമ്യം ചെയ്യാവുന്ന നടപടിയാണിത്. മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ. മുസ്ലീം കടകൾ ഏതെന്ന് തിരിച്ചറിയാനും അവ ബഹിഷ്‌കരിക്കാനും കാവടി യാത്രക്കാരെ ജില്ലാ ഭരണകൂടം സഹായിക്കുകയാണ് ചെയ്തത്. പശുരാഷ്ട്രീയത്തിനു പിറകിലും മുസ്ലീങ്ങളുടെ സാമ്പത്തിക ജീവിതം തകർക്കുക എന്ന ലക്ഷ്യം തന്നെയാണുള്ളത്.

ഡൽഹിയിൽ നിന്നുള്ള മുൻ ബിജെപി എംപി പർവേഷ് വർമ മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാൻ നേരത്തേ തന്നെ ആഹ്വാനം ചെയ്തിരുന്നത് ഓർക്കുമല്ലോ. ഓരോ വർഗീയ കലാപത്തിനുപിന്നിലും ഈ ലക്ഷ്യം കൂടി ഉണ്ടായിരുന്നതായി പല പഠനങ്ങളും രേഖപ്പെടുത്തിയിട്ടുമുണ്ട്.

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

അതായത്, ഹിന്ദുത്വ പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമാണ് ഇതെന്നർഥം. അതുകൊണ്ടാണ് മുസഫർ നഗർ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ശ്യാംലി, സഹാരൻപൂർ ജില്ലകളിലേക്കും ഉത്തരാഖണ്ഡിലേക്കും വ്യാപിച്ചതും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിന് തിട്ടൂരം ചാർത്തിയതും.

മുസഫർ നഗറിൽ മുസ്ലീം കടകൾ ഏതെന്ന് തിരിച്ചറിയാൻ സംവിധാനം വേണമെന്ന ആവശ്യത്തിന് മൂന്നുനാലു വർഷത്തെ പഴക്കമുണ്ട്. ഹിമാലയൻ ടൂറിസം ശക്തമായതോടെയാണ് ദില്ലി‐ മീറത്ത്‐ഹരിദ്വാർ ഹൈവേയിൽ ഉൾപ്പെട്ട മുസഫർ നഗറിൽ വഴിയോര കച്ചവടം ശക്തമായത്.

ധാബകളുടെയും ഹോട്ടലുകളുടെയും ഉടമകൾ ജാട്ടുകളും ഗുജ്ജറുകളുമാണെങ്കിലും അത് നടത്തുന്നത് ഭൂരിപക്ഷവും മുസ്ലീങ്ങളാണ്. മതവിശ്വാസികളായ ടൂറിസ്റ്റുകളാണ് ഇതുവഴി യാത്ര ചെയ്യുന്നവരിൽ അധികവും എന്നതിനാൽ വെജിറ്റേറിയൻ ഭക്ഷണശാലകളാണ് കൂടുതലും ഉള്ളത്.

മുസഫർ നഗറിൽ നിന്ന് ശ്യാംലിയിലേക്കുള്ള റോഡിൽ ബാഗ്‌രയിലാണ് യശ്‌വീർ മഹാരാജ് എന്ന ഹിന്ദു സന്യാസിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത്. ഈ സന്യാസിയാണ് മുസഫർനഗറിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച് പ്രവർത്തിക്കുന്ന വെജിറ്റേറിയൻ റസ്റ്റോറന്റുകളിൽ ഭൂരിപക്ഷത്തിന്റെയും ഉടമകൾ മുസ്ലീങ്ങളാണന്ന പ്രചാരണം ആദ്യമായി അഴിച്ചുവിട്ടത്.

മൂന്നു വർഷം മുമ്പാണ് ഈ സന്യാസി അൻപതോളം കടകളുടെ ഒരു പട്ടികയുമായി പൊലീസിനെ സമീപിച്ചത്. കാവടിയാത്രാ വേളയിൽ ഈ കടകൾ അടച്ചിടുകയോ അല്ലെങ്കിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കുകയോ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

അന്നൊന്നും പൊലീസ് ഗൗരവത്തിൽ എടുക്കാത്ത വിഷയം ഈ വർഷം അധികൃതർ ഏറ്റെടുത്തത് എന്തുകൊണ്ടാണ്? ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടി തന്നെയാണ് പ്രധാന കാരണം. ഉത്തർപ്രദേശിൽ ബിജെപിയുടെ പ്രതീക്ഷ തകർക്കുന്ന ഫലമാണ് പുറത്തുവന്നത്. മുസഫർ നഗർ ഉൾപ്പെടുന്ന പശ്ചിമ യുപിയിലും ബിജെപിക്ക് കനത്ത തോൽവിയുണ്ടായി.

മുസഫർ നഗറിൽ ബിജെപിയുടെ കേന്ദ്രമന്ത്രി സഞ്ജീവ് ബാലിയാൻ പരാജയപ്പെട്ടു. 2013 ലെ മുസഫർ നഗർ കലാപത്തിനു നേതൃത്വം നൽകിയവരിൽ ഒരാളാണ് സഞ്ജീവ് ബാലിയാൻ. തൊട്ടടുത്ത മണ്ഡലങ്ങളായ സഹാരൻപൂരിലും കൈരാനയിലും ബിജെപി തോറ്റു.

ഇനി 10 നിയമസഭാ മണ്ഡലങ്ങളിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് നടക്കും. മുസഫർ നഗർ, മുറാദാബാദ് ജില്ലകളിലെ ഓരോ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിലും പരാജയപ്പെട്ടാൽ മോദിയുടെയും യോഗിയുടെയും യുഗത്തിന് അന്ത്യമാകും.

മുസഫർ നഗർ കലാപകാലത്തെ കാഴ്‌ച

മുസഫർ നഗർ കലാപകാലത്തെ കാഴ്‌ച

മുസഫർ നഗർ കലാപത്തിലൂടെ സൃഷ്ടിച്ച വർഗീയ ധ്രുവീകരണമാണ് 2014 ൽ യുപിയിൽ നിന്ന് 80 ൽ 71 ലോക്‌സഭാ സീറ്റും നേടാൻ ബിജെപിയെ സഹായിച്ചത്. എന്നാൽ ആ ധ്രുവീകരണം ഇനിയുള്ള തെരഞ്ഞെടുപ്പ് ജയിക്കാൻ പര്യാപ്തമല്ല.

അതിനാൽ പുതിയ മാർഗത്തിലൂടെ വർഗീയ ധ്രുവീകരണം സൃഷ്ടിച്ചാലേ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ജയിക്കാനാകൂ. ജനപിന്തുണ നേടാൻ മറ്റൊന്നും മുന്നോട്ടുവെക്കാനില്ല എന്ന പരിമിതിയും ബിജെപിക്കുണ്ട്. അതിനാലാണ് പുതിയ തുറുപ്പുചീട്ടുമായി അവർ ഇറങ്ങിയിട്ടുള്ളത്.

കാവടിയാത്ര നേരത്തേയുണ്ടെങ്കിലും രാമജന്മഭൂമി പ്രസ്ഥാനവുമായി ചേർന്നുനിന്നു കൊണ്ടാണ് അത് ഇന്നു കാണുന്ന രൂപത്തിൽ വളർന്നത്. കാവഡ് എന്ന മൺപാത്രത്തിൽ ഗംഗാജലമെടുത്ത് ഹരിദ്വാറിലെ ഭോലെനാഥ് ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിൽ പരശുരാമൻ തളിച്ചതിന്റെ ഓർമ പുതുക്കലായാണ് കാവടിയാത്ര നടത്തുന്നത്‌.

കാവടിയാത്ര നേരത്തേയുണ്ടെങ്കിലും രാമജന്മഭൂമി പ്രസ്ഥാനവുമായി ചേർന്നുനിന്നു കൊണ്ടാണ് അത് ഇന്നു കാണുന്ന രൂപത്തിൽ വളർന്നത്. കാവഡ് എന്ന മൺപാത്രത്തിൽ ഗംഗാജലമെടുത്ത് ഹരിദ്വാറിലെ ഭോലെനാഥ് ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിൽ പരശുരാമൻ തളിച്ചതിന്റെ  ഓർമ പുതുക്കലായാണ് കാവടിയാത്ര നടത്തുന്നത്‌.

രാജസ്ഥാൻ, ഹരിയാണ, പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നഗ്നപാദരായി ലക്ഷങ്ങളാണ് സാവൻ (ശ്രാവണ) മാസത്തിൽ ഹരിദ്വാറിലേക്കും ഗംഗോത്രിയിലേക്കും ഗോമുഖിലേക്കും പോയി ഗംഗാജലം കാവഡിൽ ശേഖരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്.

കാവടി ദണ്ഡിന്റെ  ഇരുവശത്തുള്ള കാവഡിലാണ് (ഇപ്പോൾ സ്‌റ്റീൽ, പ്ലാസ്റ്റിക് പാത്രങ്ങൾ) ഗംഗാജലം ശേഖരിക്കുക. പത്തും നൂറും ഇരുനൂറും ലിറ്റർ വരെ ഗംഗാജലം വഹിച്ചുകൊണ്ടാണ് മടക്കയാത്ര. നാട്ടിലെ ശിവമന്ദിറിലെത്തി അഭിഷേകം നടത്തുന്നതുവരെ ഈ ഗംഗാജലമുള്ള കാവഡുകൾ നിലത്തുവെക്കരുതെന്നാണ് വിശ്വാസം.

അതുപോലെ കാവടിയേന്തുന്നവർ മദ്യം, മാംസാഹാരം എന്നിവ ഉപയോഗിക്കരുതെന്നും ലൈംഗികവേഴ്‌ചയിൽ ഏർപ്പെടരുതെന്നുമുള്ള നിബന്ധനകളും ബ്രാഹ്മണവൽക്കരണത്തിന്റെ ഭാഗമായി കടന്നുകൂടിയിട്ടുണ്ട്.

എന്നാൽ ചരസും ഭാംഗും ഉപയോഗിക്കുന്നതിൽ തടസ്സമില്ലത്രെ! ഭോലെ ശങ്കർ ഭഗവാൻ കീ ജയ് എന്നു വിളിച്ച് നീങ്ങുന്ന കാവടിയാത്ര ഈ വർഷം ജൂലൈ 22 മുതൽ ആഗസ്ത് രണ്ട് വരെയാണ്. കഴിഞ്ഞ വർഷം രണ്ട് കോടിയിൽപരം ആളുകളാണ്‌ കാവടി യാത്രയിൽ പങ്കെടുത്തത്.

ചില വർഷങ്ങളിൽ മൂന്നു കോടിയോളം പേരുണ്ടാകും. ഇവരിൽ ഭൂരിപക്ഷവും യുവാക്കളാണ്. ഇരുന്നൂറും അതിലധികവും കിലോമീറ്റർ നടക്കേണ്ടതിനാൽ പ്രായമായവരും സ്ത്രീകളും ഈ യാത്രയിൽ പൊതുവെ പങ്കെടുക്കാറില്ല.

തൊഴിലില്ലായ്മയുടെ രൂക്ഷതയാണ് യുവാക്കളുടെ വർധിച്ച പങ്കാളിത്തത്തിന് കാരണമാകുന്നതെന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതോടൊപ്പം മറ്റൊരു പഠനം വിരൽചൂണ്ടുന്നത് കാവടി യാത്രയിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും സവർണഹിന്ദുക്കളല്ല മറിച്ച് ദളിതരും മറ്റു പിന്നാക്ക വിഭാഗക്കാരും ആണെന്നാണ്.

അവഗണന അനുഭവിക്കുന്ന, താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് ഹിന്ദുമതത്തിന്റെ മുഖ്യധാരയിലേക്ക് കടക്കാനുള്ള ഒരു പ്രവേശികയായി കാവടിയാത്രയെ കാണുന്നതിനാലാണ് ഈ വർധിച്ച പങ്കാളിത്തം എന്നാണ് വ്യാഖ്യാനം. ദളിതരെയും പിന്നാക്ക ജനവിഭാഗത്തെയും ഹിന്ദുത്വവൽക്കരിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായി കാവടിയാത്ര മാറിയതിനു പിന്നിൽ ഈ ഘടകവും കണ്ടെത്താം.

കാവടിയാത്ര ഒരിക്കലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രതീകമായിരുന്നില്ല. കാവടിയാത്രക്കാർക്ക് വെള്ളവും ഭക്ഷണവും നൽകാൻ മുസ്ലീം സംഘടനകളും വ്യക്തികളും ഒരു മടിയും കാണിക്കാറില്ല. കാവടി യാത്രക്കാരുടെ സേവനത്തിന് മെഡിക്കൽ ക്യാമ്പുകളും ഉഴിച്ചിൽ, തടവ് കേന്ദ്രങ്ങളും മുസ്ലീങ്ങൾ നടത്തുക പതിവായിരുന്നു. മുസഫർ നഗറിന്റെ  സമ്പന്നമായ മതനിരപേക്ഷ പാരമ്പര്യമാണ് ഈ അന്തരീക്ഷം സൃഷ്ടിച്ചത്.

പശ്ചിമ യുപിയിൽ പൊതുവെ ജാട്ടുകളാണ് ഭൂവുടമകൾ. ഗുജ്ജറുകൾ കാലിമേയ്‌ക്കുന്നവരാണ്.  കൃഷി ചെയ്യുന്നതാകട്ടെ മുസ്ലീങ്ങളും. ഈ വിഭാഗങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിന്റെയും സ്നേഹത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും അടിത്തറയിലാണ് മുസഫർ നഗറിലെ സാമ്പത്തിക സാമൂഹ്യ ജീവിതം കെട്ടിപ്പടുക്കപ്പെട്ടത്.

മുസ്ലീം വേലക്കാരില്ലാതെ കൃഷി മാത്രമല്ല ധാബകളും ഹോട്ടലുകളും ചെറുകിട ബിസിനസ്സും നടത്തുക അസാധ്യമാണ്. അതുകൊണ്ടാണ് വിഭജന വേളയിൽ മുസ്ലീങ്ങൾ പാകിസ്ഥാനിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ പശ്ചിമ യുപിയിലെ ജാട്ടുകളും ഗുജ്ജറുകളും അവരെ തടഞ്ഞത്.

കാവടിയാത്ര

കാവടിയാത്ര

പശ്ചിമ യുപിയിലെ വർധിച്ച മുസ്ലിം ജനസംഖ്യക്ക് കാരണവും ഇതാണ്. ചരൺ സിങ് ഈ മേഖലയുടെ പ്രധാന നേതാവായി വളർന്നപ്പോഴും ഹിന്ദു‐മുസ്ലിം ഐക്യം മുന്നോട്ടുപോയി. കോൺഗ്രസിന്റെ  രാഷ്ട്രീയാധിപത്യത്തെ  MAJGAR (മുസ്ലിം അഹിർ (യാദവ്), ജാട്ട്, ഗുജ്ജർ ആൻഡ്‌ ര‌ജ്‌പുത് ) സഖ്യം സൃഷ്ടിച്ചാണ് ഈ ലോക് ദൾ നേതാവ് വെല്ലുവിളിച്ചത്.

ജാട്ട് ‐ മുസ്ലിം സഖ്യമാണ് ഈ സഖ്യത്തിന്റെ  അച്ചുതണ്ട്. ഈ മേഖലയിലെ ജാട്ട് കർഷക നേതാവും ഭാരത് കിസാൻ യൂണിയൻ (ബികെയു) സ്ഥാപകനുമായ മഹേന്ദ്ര സിങ്‌ ടിക്കായത്ത്  (രാകേഷ് ടിക്കായത്തിന്റെ പിതാവ്) പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത് ഗുലാം മുഹമ്മദ് ജൂലയുടെ കൈപിടിച്ചായിരുന്നു. അവർ ഇരുവരും ചേർന്ന് 'ഹർഹർ മഹാദേവ്, അല്ലാഹു അക്‌ബർ’ എന്ന വിളികൾ ഉയർത്തുകയും ചെയ്യുമായിരുന്നു.

ഗംഗ യമുന സംസ്‌കാരം എന്നാണ് ഈ ഹിന്ദു‐മുസ്ലീം ഐക്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം. മുസഫർ നഗർ കലാപമാണ് ഈ ഐക്യത്തെ തകർത്തത്. ആ വർഗീയകലാപം സ്വാഭാവികമായും ജാട്ട് കൃഷി ഭൂമിയിലെ വിളവെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്തു. ഇപ്പോൾ ബിജെപി തോൽക്കാൻ കാരണം തേടിയാൽ ഇതും ഒരു ഘടകമാണെന്ന് കാണാം.

ഈ ഗംഗ  യമുന സംസ്‌കാരത്തിന്റെ പല അംശങ്ങളും കാവടി യാത്രയിലും കാണാം. കാവടി യാത്രക്കാർ വെള്ളം ശേഖരിക്കാൻ ഉപയോഗിക്കുന്ന കാവഡിന്റെ  80 ശതമാനവും നിർമിക്കുന്നത് മുസ്ലീങ്ങളാണ്. അതിനു ചുറ്റുന്ന വർണാഭമായ തുണികൾ നെയ്തുണ്ടാക്കുന്നതും മുസ്ലീങ്ങൾ തന്നെ.

മാത്രമല്ല ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ അത് മഹാവിഷ്ണുവായാലും ശിവനായാലും ഗണപതിയായാലും നിർമിക്കപ്പെടുന്നത് രാംഗംഗയുടെ തീരത്തുള്ള മുറാദാബാദിലെ മുസ്ലീം പണിശാലകളിലാണ്. ഈ ലേഖകൻ ഇക്കാര്യം നേരിട്ടു കണ്ടതും റിപ്പോർട്ട് ചെയ്തതുമാണ്. മുറാദാബാദിലെ മുസ്ലീം ഗലികളിൽ മുഴുവൻ ഹിന്ദു ദേവന്മാരെ സൂക്ഷ്മതയോടെ നിർമിക്കുന്ന മുസ്ലീങ്ങളെയാണ് കാണാനായത്. അത് വിൽപനക്ക് വെച്ചവരെയും.

ആ വിഗ്രഹങ്ങൾ വിലയ്‌ക്കുവാങ്ങി വീട്ടിൽ വെച്ച് പൂജിക്കുന്നവരാണ് ഇപ്പോൾ മുസ്ലിം കടകളിൽ നിന്ന് ഭക്ഷണം കഴിച്ചാൽ കാവടി യാത്രക്കാർ അശുദ്ധരാകുമെന്ന വിഡ്ഢിത്തം വിളമ്പുന്നത്. സാമൂഹ്യ ഐക്യം ശക്തമായിടത്ത് ബിജെപിക്ക് വിജയിക്കാനാവില്ല.

അതിനാലാണ് ഐക്യത്തിന്റെ  ആ ചരട് പൊട്ടിക്കാൻ അപ്പാർതീഡിനോട് സമാനമായ നയവുമായി യോഗി സർക്കാർ രംഗത്തുവന്നിരിക്കുന്നത്. ഏതായാലും സുപ്രീം കോടതി വിവാദ ഉത്തരവ് തൽക്കാലം സ്റ്റേ ചെയ്തിരിക്കുകയാണ്.

മുസഫർനഗർ എസ് എസ് പി യുടെ ഉത്തരവ് അമിതാധികാര പ്രയോഗമാണെന്നും തൊഴിലെടുക്കാനുള്ള മൗലിക അവകാശത്തിനും തുല്യതയ്ക്കും വിരുദ്ധമായ നടപടിയാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെടുകയുണ്ടായി. മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ആകാർ പട്ടേൽ, തൃണമൂൽ ലോക്‌സഭാംഗം മൊഹുവ മൊയ്‌ത്ര, ഡൽഹി സർവകലാശാല അധ്യാപകൻ അപൂർവാനന്ദ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

എല്ലാ വർഷവും സമാധാനപരമായി നടന്നു വന്നിരുന്ന കാവടിയാത്ര ഇന്ന് ക്രമസമാധാന നിലയെ ബാധിക്കും വിധമുള്ള സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നു. നേരത്തേ സൂചിപ്പിച്ച തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പമാണ് യാത്രയുടെ നിറം കാവിയാകുന്നതും ഭക്തിക്ക് പകരം ഹിംസയും ഗുണ്ടായിസവും കാവടിയാത്രയുടെ നിറം കെടുത്താൻ ആരംഭിച്ചതും. ഒരു ചെറുന്യൂനപക്ഷമാണ് കാവടി യാത്രക്ക് കളങ്കം ചാർത്തും വിധം പെരുമാറുന്നത്.

യാത്ര തുടങ്ങിയതു മുതൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പരിശോധിച്ചാൽ ഒരു ക്രിമിനൽ സംഘത്തിന്റെ  സ്വഭാവം ചില ഘട്ടങ്ങളിലെങ്കിലും കാവടി യാത്രക്ക് കൈവരികയാണെന്ന് കാണാം. യാത്ര പോകുന്ന വഴിയുലടനീളം സാധാരണ യാത്രക്കാർ  കാവടി യാത്രക്കാരുടെ മർദ്ദനത്തിനും പീഡനത്തിനും വിധേയരാവുകയാണ്.

ഇത്തരം ഗുണ്ടാ ക്രിമിനൽ സംഘങ്ങൾക്ക് യുപിയിലെയും ഉത്തരാഖണ്ഡിലേയും ബിജെപി സർക്കാരുകൾ പൂർണ പിന്തുണ നൽകുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പ്രചോദനമാകുകയും ചെയ്യുന്നുണ്ട്. ലക്ഷങ്ങൾ ചെലവിട്ടാണ് യോഗി സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ച് കാവടി യാത്രക്കാർക്കു മേൽ പുഷ്പവൃഷ്ടി നടത്തുന്നത്.

ഗാസിയാബാദിലും മുസഫർ നഗറിലും ഹരിദ്വാറിലും കാവടി യാത്രക്കാർ കാറും ബൈക്കും ഓട്ടോറിക്ഷയും തകർക്കുകയും ഡ്രൈവർമാരെ മർദിക്കുകയും ചെയ്ത റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വായിക്കാനായത്. ജൂലൈ 27നാണ് കാവടി യാത്രക്കാരെ തട്ടിയെന്ന പേരിൽ ഗാസിയാബാദിൽ ഒരു കാർ അടിച്ചു തകർക്കുകയും അതിന്റെ ഡ്രൈവറെ മർദിക്കുകയും ചെയ്തത്.

ഗാസിയാബാദിലും മുസഫർ നഗറിലും ഹരിദ്വാറിലും കാവടി യാത്രക്കാർ കാറും ബൈക്കും ഓട്ടോറിക്ഷയും തകർക്കുകയും ഡ്രൈവർമാരെ മർദിക്കുകയും ചെയ്ത റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വായിക്കാനായത്. ജൂലൈ 27നാണ് കാവടി യാത്രക്കാരെ തട്ടിയെന്ന പേരിൽ ഗാസിയാബാദിൽ ഒരു കാർ അടിച്ചു തകർക്കുകയും അതിന്റെ ഡ്രൈവറെ മർദിക്കുകയും ചെയ്തത്.

ഈ അക്രമിസംഘത്തെയല്ല പൊലീസ് അറസ്റ്റ് ചെയ്തത്‌. പകരം ഡ്രൈവർക്കെതിരെ കേസെടുത്തു. പെട്രോൾ പമ്പിനടുത്ത് സിഗരറ്റ് വലിക്കരുതെന്ന് കാവടി യാത്രക്കാരോട് പറഞ്ഞതിനാണ് മുസഫർ നഗറിലെ പെട്രോൾ പമ്പ് ജീവനക്കാരൻ മനോജ് കുമാറിനെ കാവടി സംഘം ക്രൂരമായി മർദിച്ചത്. ബേസ്‌ബോൾ ബാറ്റിനു സമാനമായ വടി കൊണ്ടാണ് കാവടിക്കാർ മനോജ് കുമാറിന്റെ തലക്കടിച്ചതെന്ന് പെട്രോൾ പമ്പ് ഉടമ അശുതോഷ് ശർമ മാധ്യമങ്ങളോട് പറഞ്ഞു.

ഓഫീസിലെ കമ്പ്യൂട്ടർ, പണം എണ്ണുന്ന മെഷീൻ, ബയോമെട്രിക് മെഷീൻ, പ്രിന്റർ എന്നിവയെല്ലാം തകർത്തുവെന്നും 15 ലക്ഷത്തിന്റെ  നഷ്ടമുണ്ടായി എന്നും പെട്രോൾ പമ്പ് ഉടമ പറയുകയുണ്ടായി. സവാളയും (ഉള്ളി), വെളുത്തുള്ളിയും

ഗാസിയാബാദിൽ കാവടിയാത്രക്കാർ തകർത്ത കാർ

ഗാസിയാബാദിൽ കാവടിയാത്രക്കാർ തകർത്ത കാർ

ചേർന്ന ഭക്ഷണം നൽകിയതിനാണ് മുസഫർ നഗനിലെ ഛപറിലുള്ള ധാബ തകർത്തത്. കസേരകളും റഫ്രിജറേറ്ററുകളും തകർക്കപ്പെട്ടു.

ഹരിദ്വാറിനടുത്ത റൂർക്കിയിൽ ഇ‐ ഓട്ടോറിക്ഷയാണ് തകർക്കപ്പെട്ടത്. ഏറ്റവും അവസാനമായി കണ്ടത് പൊലീസിനെത്തന്നെ ആക്രമിക്കുന്ന കാവടി യാത്രക്കാരെയാണ്. ഗാസിയാബാദിലെ മധുബൻ ബാപുധാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കാവടി യാത്രക്കാർ പൊലീസ് ജീപ്പ് തകർത്തത്.

നേരത്തെ ഗാസിയാബാദിൽ വിജിലൻസ് സംഘത്തിന്റെ കാർ കാവടി യാത്രക്കാർ തകർത്തിരുന്നു. ഈ അക്രമികൾക്കെതിരെ കേസെടുക്കാൻ പോലും തയ്യാറാകാതെ പൂർണ പ്രോത്സാഹനം നൽകുകയാണ് യോഗി ‐മോദി സർക്കാരുകൾ. മുസ്ലീങ്ങളെ ചൂണ്ടി നേരത്തേ പ്രധാനമന്ത്രി പറഞ്ഞത് വസ്ത്രങ്ങൾ കൊണ്ട് അവരെ തിരിച്ചറിയാമെന്നായിരുന്നു. കാവടി യാത്രയ്ക്ക് കളങ്കം ചാർത്തുന്ന ഈ ക്രമിനലുകളെയും ഇപ്പോൾ വസ്ത്രധാരണം കൊണ്ട് തിരിച്ചറിയാം.

എന്നിട്ടും നിയമം കൈയിലെടുക്കുന്ന ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. പൊതു ഇടങ്ങൾ ഒരു വിഭാഗത്തിന്റെ  ഇടങ്ങളായി ചുരുക്കപ്പെടുന്നിടത്താണ് ഫാസിസത്തിന് കടന്നുകയറാൻ പഴുത് ലഭിക്കുന്നത്. ഇപ്പോൾ കാവടി യാത്രയും ഫാസിസത്തിലേക്കുള്ള പാതയാണ് ഒരുക്കുന്നത്.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top